“അമ്മയെ കൊണ്ടുവരാന്‍ പറഞ്ഞ് അവള്‍ മണിക്കൂറുകളായി കരയുന്നു”, തന്‍റെ എഴുവയസ്സുകാരിയായ മകള്‍ നവ്യയെക്കുറിച്ച് ശിശുപാല്‍ നിഷാദ് പറഞ്ഞു. “പക്ഷെ ഞാന്‍ എവിടുന്ന് അവളെ കൊണ്ടുവരും? എനിക്കുപോലും വിവേകം നഷ്ടപ്പെടുന്നതായി തോന്നുന്നു. ആഴ്ചകളായി ഞാന്‍ ഉറങ്ങിയിട്ടില്ല”, ഉത്തര്‍പ്രദേശിലെ സിംഗ്ടോളി ഗ്രാമത്തില്‍ നിന്നുള്ള തൊഴിലാളിയായ 38-കാരന്‍ പറഞ്ഞു.
ശിശുപാലിന്‍റെ ഭാര്യയായ മഞ്ജു - നവ്യയുടെ അമ്മ - ജാലോന്‍ ജില്ലയിലെ കുഠോന്ദ് ബ്ലോക്കിലെ സിംഗ്ടോളിയിലുള്ള പ്രാഥമിക വിദ്യാലയത്തില്‍‘ശിക്ഷ മിത്രം’ അഥവാ പാരാ-ടീച്ചര്‍ (para-teacher) ആയിരുന്നു. യു.പി.യിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട ചുമതലകള്‍ നിര്‍വ്വഹിക്കാന്‍ നിര്‍ബ്ബന്ധിതമായി നിയമിച്ചതിനെത്തുടര്‍ന്ന് കോവിഡ്-19 ബാധിച്ചു മരിച്ച സ്ക്കൂള്‍ അദ്ധ്യാപകരുടെ പട്ടികയില്‍ 1,282-ാമത്തെ പേരാണ് അവരുടേത്. അഞ്ചംഗങ്ങള്‍ ഉണ്ടായിരുന്ന കുടുംബത്തില്‍ മഞ്ജു നിഷാദിന്‍റെ വില വെറുമൊരു സംഖ്യയ്ക്ക് അപ്പുറമായിരുന്നു.
അവര്‍ മൂന്നു കുട്ടികളുടെ മാതാവും കുടുംബത്തില്‍ വരുമാനമുണ്ടായിരുന്ന ഏക വ്യക്തിയും ആയിരുന്നു. പതിനായിരം രൂപയായിരുന്നു അവരുടെ പ്രതിമാസ വരുമാനം. ജോലി സ്ഥിരത ഇല്ലാതെ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ശിക്ഷാ മിത്രങ്ങളുടെ അവസ്ഥ പരിതാപകരമാണ്. 19 വര്‍ഷങ്ങളായി അതേ ജോലി ചെയ്ത മഞ്ജുവിനെ പോലുള്ള ഒരാളുടെ കാര്യം പോലും മറിച്ചല്ല. ഒരു ശിക്ഷ മിത്രത്തിന് പഠിപ്പിക്കേണ്ട ഉത്തരവാദിത്തമില്ല. മറിച്ച് അദ്ധ്യാപക അസിസ്റ്റന്‍റ് (അല്ലെങ്കില്‍ അദ്ധ്യാപക സഹായി) എന്ന ഗണത്തിലാണ് അവരെ പെടുത്തിയിരിക്കുന്നത്.
ബുന്ദേല്‍ഖണ്ഡ് എക്സ്പ്രസ്സ്‌വേയുടെ നിര്‍മ്മാണത്തില്‍ പ്രതിദിനം 300 രൂപ ലഭിക്കുന്ന ഒരു തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു ശിശുപാല്‍. “ഞാന്‍ ജോലി ചെയ്തുകൊണ്ടിരുന്ന ഘട്ടം രണ്ടു മാസം മുന്‍പ് പൂര്‍ത്തിയാകുന്നതുവരെ എക്സ്പ്രസ്സ്‌വേയുമായി ബന്ധപ്പെട്ട എന്‍റെ ജോലി തുടര്‍ന്നു. അടുത്തെങ്ങും മറ്റൊരു നിര്‍മ്മാണ പ്രവര്‍ത്തനവും നടക്കുന്നുണ്ടായിരുന്നില്ല. കഴിഞ്ഞ മാസങ്ങളില്‍ ഭാര്യയുടെ ശമ്പളത്തിലാണ് ഞങ്ങള്‍ വീട്ടിലെ കാര്യങ്ങള്‍ നീക്കിയിരുന്നത്”
നാലു ഘട്ടങ്ങളായി ഏപ്രില്‍ 15, 19, 26, 29 എന്നീ തീയതികളില്‍ യു.പി.യിലെ പഞ്ചായത്തുകളിലേക്കു നടത്തിയ വന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകള്‍ നിര്‍വ്വഹിക്കുന്നതിനായി ആയിരക്കണക്കിന് അദ്ധ്യാപകരെ നിയമിച്ചിരുന്നു. അദ്ധ്യാപകർ ആദ്യം ഏകദിന പരിശീലനത്തിനാണ് പോയത്, പിന്നീട് രണ്ടു ദിവസത്തെ വോട്ടെടുപ്പ് ചുമതലയ്ക്കും. ആദ്യത്തെ ദിവസം തയ്യാറെടുപ്പുകൾ നടത്തുന്നതിനു വേണ്ടിയും രണ്ടാമത്തെ ദിവസം യഥാര്‍ത്ഥ വോട്ടെടുപ്പിനു വേണ്ടിയുമായിരുന്നു. പിന്നീട്, ആയിരക്കണക്കിന് അദ്ധ്യാപകരോട് മെയ് 2-നുള്ള വോട്ടെണ്ണലിനു ഹാജരാകാൻ വീണ്ടും ആവശ്യപ്പെട്ടു. ഈ ജോലികൾ ചെയ്യുന്നത് നിര്‍ബ്ബന്ധമാക്കുകയും വോട്ടെടുപ്പു നീട്ടി വയ്ക്കണമെന്ന അദ്ധ്യാപക യൂണിയനുകളുടെ അഭ്യര്‍ത്ഥന തള്ളിക്കളയുകയും ചെയ്തു.
യു.പി. ശിക്ഷക് മഹാസംഘ് (അദ്ധ്യാപക ഫെഡറേഷന്‍) തയ്യാറാക്കിയ മരിച്ച 1,621 പേരുടെ പട്ടികയില്‍ 193 ശിക്ഷാ മിത്രങ്ങളുടെ പേരുകളാണുള്ളത്. ഇവരില്‍ മഞ്ജു ഉള്‍പ്പെടെ 72 പേര്‍ സ്ത്രീകളാണ്. എന്നിരിക്കിലും മെയ് 18-ന് യു.പി. അടിസ്ഥാന വിദ്യാഭ്യാസ വകുപ്പ് തിരഞ്ഞെടുപ്പു കമ്മീഷന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പുറത്തുവിട്ട ഒരു പത്രക്കുറിപ്പു പ്രകാരം ജോലിക്കിടയില്‍ മരിച്ചവര്‍ക്കു മാത്രമാണ് നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളത്. ഇതിനര്‍ത്ഥം അദ്ധ്യാപകരുടെ കാര്യത്തില്‍ ചുമതല നിര്‍വ്വഹിച്ച സ്ഥലത്തു തന്നെയോ അല്ലെങ്കില്‍ വീട്ടിലേക്കു തിരിച്ചു പോകുന്ന വഴിയോ മരണപ്പെട്ടവര്‍ക്കു മാത്രമേ ഇത് ബാധകമാവൂ എന്നാണ്. പത്രക്കുറിപ്പ് ഇങ്ങനെയാണ് പറയുന്നത്: “എന്തുകാരണം കൊണ്ടായാലും ഈയൊരു സമയത്ത് ഒരു വ്യക്തി മരിക്കുകയാണെങ്കില്‍ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്‍ നല്‍കുന്ന നഷ്ടപരിഹാരത്തിന് അര്‍ഹമാണ്.”








