സീതാപൂരിലെ ആശുപത്രിക്കിടക്കയിൽ ഓക്സിജൻ നൽകപ്പെട്ട്, ജീവനു വേണ്ടി പോരാടിക്കൊണ്ട് കിടക്കുമ്പോഴും ഋതേഷ് മിശ്രയുടെ സെൽ ഫോൺ ശബ്ദിച്ചുകൊണ്ടിരുന്നു. മരണത്തോടടുത്തു കൊണ്ടിരുന്ന ആ സ്ക്കൂൾ അദ്ധ്യാപകൻ മെയ് 2-ന് ഡ്യൂട്ടിക്കു ഹാജരാകുന്ന കാര്യം സ്ഥിരീകരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷനിൽ നിന്നും സർക്കാർ അധികാര കേന്ദ്രങ്ങളിൽ നിന്നുമായിരുന്നു ആ വിളികൾ വന്നത്.
"ഫോൺ നിര്‍ത്താതെ ബെൽ അടിക്കുകയായിരുന്നു”, അദ്ദേഹത്തിന്‍റെ ഭാര്യ അപർണ പറഞ്ഞു. "ഋതേഷ് ആശുപത്രിയിൽ ആണെന്നും ഡ്യൂട്ടിക്ക് ഹാജരാകാൻ സാധിക്കില്ലെന്നും ഫോൺ എടുത്തുകൊണ്ട് ഞാൻ പറഞ്ഞപ്പോൾ തെളിവായി അദ്ദേഹം ആശുപത്രിക്കിടക്കയിൽ ആയിരിക്കുന്നതിന്‍റെ ഒരു ഫോട്ടോഗ്രാഫ് അയച്ചു കൊടുക്കണം എന്ന് അവർ ആവശ്യപ്പെട്ടു. ഞാൻ അത് അയയ്ക്കുകയും ചെയ്തു. ആ ഫോട്ടോഗ്രാഫ് ഞാൻ നിങ്ങൾക്ക് അയച്ചു തരാം”, അവർ പാരിയോടു പറഞ്ഞു. പറഞ്ഞതുപോലെ അയയ്ക്കുകയും ചെയ്തു.
മുപ്പത്തിനാലുകാരിയായ അപർണ മിശ്ര പ്രധാനമായും സംസാരിച്ചത് ഭർത്താവിനോട് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകരുതെന്ന് താന്‍ വളരെ ശക്തമായി ആവശ്യപ്പെട്ടതിനെക്കുറിച്ചാണ്. "അദ്ദേഹത്തിന്‍റെ ഡ്യൂട്ടി സമയപ്പട്ടിക എത്തിയതു മുതൽ അദ്ദേഹത്തോട് ഞാനത് പറയുകയായിരുന്നു”, അവർ പറഞ്ഞു. "പക്ഷെ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലി റദ്ദാക്കാൻ പറ്റുകയില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞു. ഡ്യൂട്ടിക്ക് ഹാജരായില്ലെങ്കിൽ അധികാരികൾ അദ്ദേഹത്തിനെതിരെ എഫ്.ഐ.ആർ. എടുക്കുക പോലും ചെയ്യുമായിരുന്നു.
കോവിഡ്-19 മൂലം ഏപ്രിൽ 29-ന് ഋതേഷ് മരിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ശേഷം അതേ രീതിയിൽ മരിച്ച 700-ലധികം ഉത്തർ പ്രദേശ് സ്ക്കൂൾ അദ്ധ്യാപകരിൽ ഒരാളാണ് അദ്ദേഹം. പാരിയുടെ പക്കൽ മുഴുവൻ പട്ടികയും ഉണ്ട്. നിലവിൽ അത് 713 പേരാണ് – 540 പുരുഷന്മാരും 173 സ്ത്രീകളും. ഈ സംസ്ഥാനത്ത് 8 ലക്ഷത്തിനടുത്ത് അദ്ധ്യാപകർ സർക്കാർ വക പ്രാഥമിക വിദ്യാലയങ്ങളിൽ ജോലി ചെയ്യുന്നു - അവരിൽ നിന്നും പതിനായിരക്കണക്കിന് അദ്ധ്യാപകരെയാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് അയച്ചത്.
സഹാദ്ധ്യാപകനായ (assistant teacher) ഋതേഷ് കുടുംബത്തോടൊപ്പം സീതാപ്പൂർ ജില്ലാ ഹെഡ്ക്വാർട്ടേഴ്സിലാണ് ജീവിച്ചിരുന്നത്. പക്ഷെ, പഠിപ്പിച്ചു കൊണ്ടിരുന്നത് ലഖ്നൗവിലെ ഗോസായിഗഞ്ച് ബ്ലോക്കിലെ ഒരു പ്രാഥമിക വിദ്യാലയത്തിലും. ഏപ്രിൽ 15, 19, 26, 29 എന്നീ തീയതികളിൽ 4 ഘട്ടങ്ങളായി നടന്ന പഞ്ചായത്തു തിരഞ്ഞെടുപ്പിൽ അദ്ദേഹത്തെ ഉദ്യോഗസ്ഥനായി നിയമിച്ചത് തൊട്ടടുത്ത ഗ്രാമത്തിലെ ഒരു സ്ക്കൂളിലാണ്.












