അവർ കർഷകർ കൂടിയാണ്. അഭിമാനത്തോടെ നെഞ്ചിലണിയുന്ന മെഡലുകളുടെ നിരകള്‍ ഇല്ലായിരുന്നെങ്കില്‍ ഡെൽഹിയുടെ കവാടങ്ങളിലെ കർഷക സാഗരങ്ങൾക്കിടയിൽ അവര്‍ നഷ്ടപ്പെടുമായിരുന്നു. അവർ വലിയ അനുഭവ സമ്പത്തുള്ളവരാണ്, പാക്കിസ്ഥാനുമായി 1965-ലും 1971-ലും നടന്ന യുദ്ധത്തിൽ നിര്‍ഭയമായി പങ്കെടുത്ത് ധീരതയ്ക്കുള്ള ബഹുമതി നേടിയവരാണവർ. അവരിൽ കുറച്ചുപേർ 1980 കളിൽ ശ്രീലങ്കയിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. അവർ ഇപ്പോള്‍ ദേഷ്യത്തിലാണ്. പ്രക്ഷോഭകരെ ദേശവിരുദ്ധർ, തീവ്രവാദികൾ, ഖാലിസ്ഥാനികൾ എന്നൊക്കെ സർക്കാരും മാദ്ധ്യമങ്ങളിലെ ശക്തരായ ചില വിഭാഗങ്ങളും വിളിച്ച് അപഹസിയ്ക്കുന്നതിനേക്കാൾ കൂടുതലായി മറ്റൊന്നിനും അവരെ കുപിതരാക്കാനാവില്ല.

“സമാധാനപരായി സമരം ചെയ്യുന്ന കർഷകർക്കെതിരെ സർക്കാർ ബലപ്രയോഗം നടത്തിയത് കഷ്ടമാണ്. അവർക്ക് ഡെൽഹിയിൽ എത്തണമായിരുന്നു, പക്ഷേ സർക്കാർ അവരെ തടഞ്ഞു. അത് ധിക്കാരപരവും തെറ്റുമാണ്. അവർ ബാരിക്കേഡുകൾ ഉയർത്തി, റോഡുകൾ കുഴിച്ചു, കർഷകരെ ലാത്തിചാർജ്ജ് ചെയ്തു, അവർക്കു മേൽ ജലപീരങ്കിയും പ്രയോഗിച്ചു. എന്തിനു വേണ്ടി? എന്തുകൊണ്ട്? എന്തായിരുന്നു അതിനുള്ള കാരണം? കർഷകരുടെ നിശ്ചയദാർഢ്യം കാരണമാണ് അവർ ഈ തടസ്സങ്ങളെല്ലാം മറികടന്നത്”, പഞ്ചാബിലെ ലുധിയാനാ ജില്ലയിൽ നിന്നുള്ള ബ്രിഗേഡിയർ എസ്. എസ്. ഗിൽ (റിട്ടയേർഡ്) എന്നോടു പറയുന്നു.

ഗില്ലിൽ കുറച്ച് ഏക്കറുകൾ സ്വന്തമായുള്ള, 16 അംഗങ്ങളുള്ള കുടുംബത്തിൽ നിന്നും വരുന്ന 72-കാരനായ ഈ മുതിര്‍ന്ന സൈനികന്‍ സജീവമായി സേവനത്തിലിരിയ്ക്കുമ്പോൾ 13 മെഡലുകൾ നേടിയിട്ടുണ്ട്. 1971-ലെ യുദ്ധത്തിലും, അതിനു ശേഷം 1990-കളിൽ പഞ്ചാബിൽ നടന്ന തീവ്രവാദ വിരുദ്ധ ഓപ്പറേഷനുകൾ ഉൾപ്പെടെയുള്ള മിലിട്ടറി ഓപ്പറേഷനുകളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.

“കർഷകരോട് ഈ നിയമങ്ങളെക്കുറിച്ച് ചോദിച്ചിട്ടുമില്ല, അവരോട് ഇതേക്കുറിച്ച് കൂടിയാലോചിച്ചിട്ടുമില്ല”, ബ്രിഗേഡിയർ ഗിൽ പറയുന്നു. “ഡെൽഹിയുടെ കവാടങ്ങളില്‍ ഇപ്പോൾ നടക്കുന്ന ഈ സമരം ലോകത്തിൽ ഇപ്പോള്‍ നടന്നുകൊണ്ടിരിയ്ക്കുന്ന വലിയ വിപ്ലവങ്ങളിൽ ഒന്നാണ്. ഈ നിയമങ്ങൾ എന്തുകൊണ്ട് സർക്കാർ പിൻവലിയ്ക്കുന്നില്ല എന്ന് എനിയ്ക്ക് മനസ്സിലാകുന്നില്ല, നേരത്തേ തന്നെ അതു ചെയ്യേണ്ടതായിരുന്നു.”

കേന്ദ്ര സർക്കാർ ആദ്യം ഓർഡിനൻസായി 2020 ജൂൺ 5-ാം തീയതി ഇറക്കുകയും, പിന്നീട് സെപ്റ്റംബർ 14-ാം തീയതി പാർലമെന്‍റിൽ ബില്ലുകൾ ആയി അവതരിപ്പിയ്ക്കുകയും, അതേ മാസം 20-ാം തീയതിയോടുകൂടി പാസ്സാക്കി എടുക്കുകയും ചെയ്ത മൂന്നു കാർഷിക നിയമങ്ങൾക്കെതിരെ ലക്ഷക്കണക്കിന് കർഷകർ സമരം ചെയ്തുകൊണ്ടിരിയ്ക്കുന്നു. ഇവയാണ് ഈ മൂന്നു നിയമങ്ങൾ: കാര്‍ഷികോത്പന്ന വ്യാപാരവും വാണിജ്യവും (പ്രോത്സാഹിപ്പിയ്ക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച 2020-ലെ നിയമം ; വില ഉറപ്പാക്കല്‍, കാര്‍ഷിക സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കര്‍ഷക (ശാക്തീകരണ, സംരക്ഷണ) കരാറിനെ സംബന്ധിച്ച 2020-ലെ നിയമം ; അവശ്യ സാധന (ഭേദഗതി) നിയമം, 2020

The decorated war veterans are participating in the farmers' protests and demanding a repeal of the new farm laws
PHOTO • Amir Malik

ബഹുമതികൾ ലഭിച്ചിട്ടുള്ള മുതിര്‍ന്ന സൈനികര്‍ കർഷക സമരങ്ങളില്‍ പങ്കെടുക്കുകയും പുതിയ കാർഷിക നിയമങ്ങൾ പിൻവലിയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു.

ഈ നിയമങ്ങൾ കർഷകരെ ദേഷ്യം പിടിപ്പിയ്ക്കുകയും അവർ അവയെ കോർപ്പറേറ്റ് ലാഭത്തിന്‍റെ അൾത്താരയിൽ തങ്ങളുടെ ഉപജീവനമാർഗ്ഗങ്ങളെ ബലിയർപ്പിയ്ക്കുന്നതിനു തുല്യമായി കാണുകയും ചെയ്യുന്നു. ഇൻഡ്യൻ ഭരണഘടനയുടെ 32-ാം വകുപ്പിന് തുരങ്കം വച്ചുകൊണ്ട് എല്ലാ പൗരന്മാർക്കും നിയമസഹായം തേടുന്നതിനുള്ള അവകാശത്തെ ദുർബ്ബലപ്പെടുത്തുന്നു എന്ന കാരണംകൊണ്ടും ഈ നിയമങ്ങൾ വിമർശിയ്ക്കപ്പെടുന്നു.

മിനിമം താങ്ങുവില, കാർഷികോൽപ്പന്ന വിപണന കമ്മിറ്റികൾ, സംസ്ഥാന സംഭരണം, ഇതൊന്നും കൂടാതെ കര്‍ഷകര്‍ക്കു താങ്ങാകാവുന്ന മറ്റെല്ലാത്തിനെയും ഈ പുതിയ നിയമങ്ങൾ ദുർബ്ബലപ്പെടുത്തുന്നു. അതേസമയം, അവ നേരത്തേ തന്നെ പരിമിതമാക്കപ്പെട്ട കർഷകരുടെ വിലപേശൽ ശേഷിയെ തകര്‍ക്കുകയും കാർഷിക രംഗത്ത് കോർപ്പറേറ്റുകൾക്ക് ലഭിയ്ക്കുന്ന ഇടങ്ങളെ വളരെയധികം വിപുലമാക്കുകയും ചെയ്യുന്നു.

“തെറ്റായ നടപടികൾ ഇവ മാത്രമല്ല, സർക്കാർ തന്നെ യഥാർത്ഥത്തിൽ കോർപ്പറേറ്റുകളുടെ പോക്കറ്റിലേയ്ക്കു പോയി”, പഞ്ചാബിലെ ലുധിയാനയിൽ നിന്നുള്ള ലെഫ്റ്റനന്‍റ് കേണൽ ജഗദീഷ് സിംഗ് ബ്രാർ (റിട്ടയേർഡ്) പറയുന്നു.

സർക്കാരും മാദ്ധ്യമങ്ങളും കര്‍ഷകരെ മോശമായി സംബോധന ചെയ്യുന്നത് ഈ മുതിര്‍ന്ന സൈനികരെ ആഴത്തിൽ വ്രണപ്പെടുത്തിയിട്ടുണ്ട്.

“ഞങ്ങൾ ഈ രാജ്യത്തിനു വേണ്ടി യുദ്ധം ചെയ്തപ്പോൾ ഈ വമ്പൻ ബിസിനസുകാരൊക്കെ ഒരിടത്തുമില്ലായിരുന്നു”, തന്‍റെ സൈനിക സേവന കാലയളവിൽ 10 മെഡലുകൾ നേടിയ ലെഫ്റ്റനന്‍റ് കേണൽ ബ്രാർ പറയുന്നു. “രാഷ്ട്രീയ സ്വയംസേവക സംഘവും അവിടെയില്ലായിരുന്നു, ഭാരതീയ ജനതാ പാർട്ടിയും അന്ന് ഉണ്ടാവുകയോ [ആ യുദ്ധങ്ങളിൽ] പങ്കെടുക്കുകയോ ചെയ്തിട്ടില്ല.” മോഗാ ജില്ലയിലെ ഖോത്തേ ഗ്രാമത്തിൽ 11 ഏക്കർ സ്വന്തമായുള്ള 10-അംഗ കുടുംബത്തിൽ നിന്നുള്ള 75-കാരനായ അദ്ദേഹം 1965-ലെയും 1971-ലെയും യുദ്ധങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.

സിംഘുവിലെ സമര സൈറ്റിലുള്ള വിരമിച്ച ഒരുപാട് ഓഫീസർമാരും കൃഷിയിൽ ഒട്ടും വ്യാപൃതർ ആയിരുന്നവരല്ല. എങ്കിലും കർഷകരോട് അവര്‍ പൂർണ്ണമായും താദാത്മ്യപ്പെടുന്നു.

Left: Lt. Col. Jagdish S. Brar fought in the 1965 and 1971 wars. Right: Col. Bhagwant S. Tatla says that India won those wars because of farmers
PHOTO • Amir Malik
Left: Lt. Col. Jagdish S. Brar fought in the 1965 and 1971 wars. Right: Col. Bhagwant S. Tatla says that India won those wars because of farmers
PHOTO • Amir Malik

ഇടത്: ലെഫ്റ്റനന്‍റ് കേണൽ ജഗദീഷ് എസ്. ബ്രാർ 1965-ലേയും 1971-ലേയും യുദ്ധങ്ങളിൽ പൊരുതിയിട്ടുണ്ട്. വലത്: ഇൻഡ്യ ആ യുദ്ധങ്ങളിൽ ജയിച്ചത് കർഷകർ മൂലമാണെന്ന് കേണൽ ഭഗവന്ദ് എസ്. താത്ല പറയുന്നു.

“ഞങ്ങൾ സമരം ചെയ്യുന്ന കർഷകരെ പിന്തുണയ്ക്കുന്നു, എന്തുകൊണ്ടെന്നാൽ ഞങ്ങളുടെ ജീവിതത്തിന് ഞങ്ങൾ അവരോട് കടപ്പെട്ടിരിയ്ക്കുന്നു”, ലുധിയാന ജില്ലയിലെ മുള്ളൻപൂർ ദാഖാ ഗ്രാമത്തിൽ നിന്നുള്ള  കേണൽ ഭഗവന്ദ് എസ്. താത്ല (റിട്ടയേർഡ്) പറയുന്നു. അവിടെ അദ്ദേഹത്തിന് 5 ഏക്കർ ഭൂമിയുണ്ട്.” ഈ കർഷകർ കാരണമാണ് പാക്കിസ്ഥാനെതിരെ 1965-ലും 1971-ലും രണ്ടു വലിയ യുദ്ധങ്ങൾ നമ്മൾ ജയിച്ചത്”, 78-കാരനായ മെഡൽ ജേതാവ് പറയുന്നു. തത്ലയുടെ സർവ്വീസ് റെക്കോർഡ് നോക്കിയാൽ അദ്ദേഹം ഹവിൽദാർ പദവിയിൽ നിന്നും കേണൽ പദവി വരെ എത്തിയ ആളാണ് എന്ന് മനസ്സിലാക്കാം.

“യുവാക്കളേ”, ലെഫ്റ്റനന്‍റ് കേണൽ ബ്രാർ പറയുന്നു, “കർഷകർ ഞങ്ങളെ സഹായിച്ചതുകൊണ്ടു മാത്രമാണ് ഇൻഡ്യ യുദ്ധം ജയിച്ചതെന്ന് പറയുന്നത് എങ്ങനെയെന്ന് നിങ്ങൾക്കറിയുമോ?” 1965-ൽ പാക്കിസ്ഥാന് പാറ്റൺ ടാങ്കുകൾ ഉണ്ടായിരുന്നു- അന്നത് ലോകത്തിലെ ഏറ്റവും മനോഹരവും വേഗതയേറിയതും പുതിയതും ആയിരുന്നു. നമ്മൾക്ക് ഒന്നും ഉണ്ടായിരുന്നില്ല; നമ്മൾക്ക് ഷൂസുകൾ പോലും ഇല്ലായിരുന്നു. അതും കൂടാതെ യുദ്ധോപകരണങ്ങൾ വഹിയ്ക്കുന്നതിനുള്ള ട്രക്കുകളോ ഫെറികളോ ഇൻഡ്യൻ സൈന്യത്തിനില്ലായിരുന്നു. സത്യത്തിൽ, ഞാൻ നിങ്ങളോടു പറയുന്നു, പാക്കിസ്ഥാനുമായി പങ്കിടുന്ന മുഴുവൻ അതിർത്തികളും പിടിച്ചു വയ്ക്കുന്നതിനുള്ള സേന പോലും നമുക്കില്ലായിരുന്നു.”

അദ്ദേഹം വിശദീകരിയ്ക്കുന്നു, “ഇത്തരമൊരു അവസ്ഥയിൽ കർഷകരായ പഞ്ചാബി ജനത ഞങ്ങളോടു പറഞ്ഞു, ഇതേക്കുറിച്ചോർത്ത് വിഷമിയ്ക്കണ്ട. മുന്നോട്ടു പോവുക, നിങ്ങൾക്കു ഞങ്ങൾ ഭക്ഷണം പാകം ചെയ്തു തരാം, നിങ്ങളുടെ യുദ്ധോപകരണ വാഹനങ്ങളും നോക്കിക്കൊള്ളാം. പഞ്ചാബിലെ എല്ലാ ട്രക്കുകളും ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേയ്ക്ക് യുദ്ധോപകരണങ്ങളും വഹിച്ചുകൊണ്ടു നീങ്ങി. അങ്ങനെയാണ് സൈന്യം അതിജീവിച്ചതും ഇൻഡ്യ വിജയിച്ചതും. 1971-ൽ കിഴക്കൻ പാക്കിസ്ഥാനിൽ, ഇപ്പോഴത്തെ ബംഗ്ലാദേശില്‍,  നടന്ന യുദ്ധത്തിലും ഇതു തന്നെയാണ് സംഭവിച്ചത്. തദ്ദേശവാസികൾ ഞങ്ങളെ സഹായിച്ചില്ലായിരുന്നുവെങ്കിൽ വിജയിയ്ക്കാൻ ഞങ്ങൾക്ക് ബുദ്ധിമുട്ടാകുമായിരുന്നു. അവിടെയും തദ്ദേശവാസികൾ (അതിർത്തികളിലുള്ളവർ) കർഷകർ തന്നെയായിരുന്നു.” വാറന്‍റ്  ഓഫീസർ (റിട്ടയേർഡ്) ഗുർതേക് സിംഗ് വിർക്കിന്‍റെ കുടുംബം പാക്കിസ്ഥാനിലെ - ഗുസ്തിക്കാരുടെ നഗരം എന്നറിയപ്പെടുന്ന - ഗുജ്റൻവാലായിൽ നിന്നും ഉത്തർപ്രദേശിലെ പിലിഫിത് ജില്ലയിലേയ്ക്ക് വിഭജനത്തിന്‍റെ സമയത്ത് എത്തിയതാണ്. 18 അംഗങ്ങളുള്ള അദ്ദേഹത്തിന്‍റെ വലിയ വിസ്തൃതകുടുംബത്തിന് 17 ഏക്കറോളം ഭൂമി അതേ ജില്ലയിലെ പുരൻപൂർ ഗ്രാമത്തിൽ കൈവശം ഉണ്ട്. അദ്ദേഹത്തിന്‍റെ മുത്തച്ഛനും മുത്തച്ഛന്‍റെ അച്ഛനും ബ്രിട്ടീഷ് ഭരണ കാലത്ത് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമാരായിരുന്നു. അദ്ദേഹത്തിന്‍റെ സഹോദരൻ ഒരു റിട്ടയേർഡ് പോലീസ് ഡയറക്ടർ ജനറൽ ആണ്. വിർക് സ്വയം ഇൻഡ്യൻ എയർഫോഴ്സിൽ ചേരുകയായിരുന്നു.

Warrant Officer Gurtek Singh Virk (left) received the Chief of Air Staff Commendation for his service. He says his family hasn't forgotten its farming roots
Warrant Officer Gurtek Singh Virk (left) received the Chief of Air Staff Commendation for his service. He says his family hasn't forgotten its farming roots
PHOTO • Amir Malik

വാറന്‍റ്  ഓഫീസർ ഗുർതേക് സിംഗ് വിർക് (ഇടത്) തന്‍റെ സേവനത്തിനുള്ള ബഹുമതിയായി ചീഫ് ഓഫ് എയർ സ്റ്റാഫ് കമൻഡേഷൻ സ്വീകരിയ്ക്കുന്നു. തന്‍റെ കുടുംബം കർഷകരെന്ന നിലയിലുള്ള അവരുടെ വേരുകൾ മറന്നിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.

“പക്ഷേ ഞങ്ങളുടെ വേരുകൾ കർഷകരുടേതാണ്, അത് ഞങ്ങൾ ഒരിയ്ക്കലും മറക്കില്ല”, മുൻകാല എയർഫോഴ്സ് ഉദ്യോഗസ്ഥൻ പറയുന്നു. അവർ അതിർത്തിയുടെ മറുവശത്തുള്ള കർഷകരും കൂടിയായിരുന്നു, അദ്ദേഹം ചൂണ്ടിക്കാണിയ്ക്കുന്നു. “ഇവിടെ ഞങ്ങൾ, 70 വർഷങ്ങൾക്കു ശേഷം, ഇൻഡ്യൻ ഗവൺമെന്‍റ്  പാസ്സാക്കിയിട്ടുള്ള ഈ നിയമങ്ങൾ കാരണം വീണ്ടും ഭൂമി ഇല്ലാത്തവർ ആകാൻ പോകുന്നു. മാനുഷിക മൂല്യങ്ങളെക്കുറിച്ചൊന്നും ചിന്തിയ്ക്കാതെ തങ്ങളുടെ ലാഭത്തെക്കുറിച്ചു മാത്രം ചിന്തിയ്ക്കുന്ന ബിസിനസ്സുകാർ കാരണമാണ് ഇതെല്ലാം സംഭവിയ്ക്കുന്നത്.”

“ഞങ്ങൾ യുദ്ധം ചെയ്തപ്പോൾ ഞങ്ങളുടെ മാതാപിതാക്കൾ കൃഷി ചെയ്തുകൊണ്ട് പാടത്തുണ്ടായിരുന്നു. ഇപ്പോൾ ഞങ്ങളുടെ മക്കൾ അതിർത്തിയിൽ ഉണ്ട്, ഞങ്ങൾ കൃഷി ചെയ്യുന്നു”, ലുധിയാനാ ജില്ലയിൽ നിന്നുള്ള കേണൽ ജസ്വീന്ദർ സിംഗ് ഗാർച പറയുന്നു. 1971 ലെ യുദ്ധത്തിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്, അദ്ദേഹത്തിന്‍റെ പേരിൽ 5 മെഡലുകളും ഉണ്ട്. ഇപ്പോള്‍ തന്‍റെ 70-കളിലുള്ള ഗാർച ഒരു എഞ്ചിനീയർ കൂടിയാണ്, പക്ഷെ ഒന്നാമതായി കർഷകനായി അറിയപ്പെടാൻ അദ്ദേഹം ആഗ്രഹിയ്ക്കുന്നു. തന്‍റെ പുത്രന്മാരുടെ സഹായത്തോടെ അദ്ദേഹം ജസ്സോവൽ ഗ്രാമത്തിൽ കൃഷി ചെയ്യുന്നു.

“ഒന്നുകിൽ ചൈന അല്ലെങ്കിൽ പാക്കിസ്ഥാൻ നമ്മുടെ ഭൂപ്രദേശത്തേയ്ക്ക് വരുന്നുവെന്ന് പറഞ്ഞ് ഇപ്പോൾ ഓരോ ദിവസവും സർക്കാർ വിലപിയ്ക്കുന്നു. അവർ ഉതിർക്കുന്ന വെടിയുണ്ടകൾ ആരു തടയും? മോദിയ്ക്കോ അമിത് ഷായ്ക്കോ അതു ചെയ്യാൻ പറ്റുമോ? ഒട്ടും തന്നെ പറ്റില്ല. ഞങ്ങളുടെ മക്കള്‍ അതൊക്കെ നേരിടും”, ലെഫ്റ്റനന്‍റ്  കേണൽ ബ്രാർ പറയുന്നു.

“ഞാൻ നരേന്ദ്രമോഡിയെ പിന്തുണച്ച് കൊണ്ടിരിയ്ക്കുകയായിരുന്നു”, ലെഫ്റ്റനെന്‍റ് കേണല്‍ സോഹി ദുഃഖത്തോടെ പറയുന്നു, “പക്ഷേ ഈ നടപടി തികച്ചും അബദ്ധമായിപ്പോയി. സർക്കാർ കൃഷിയെ മൊത്തത്തിൽ നശിപ്പിയ്ക്കുന്നു.” മുതിര്‍ന്ന സൈനികരുടെ പ്രശ്നങ്ങളെ സംബോധന ചെയ്യുന്നതിനും രക്തസാക്ഷികളായ സൈനികരുടെ വിധവകളുടെ ക്ഷേമത്തിനും വേണ്ടിയുള്ള സംഘടനയായ എക്സ് സർവീസ് മെൻ ഗ്രീവൻസ് സെൽ പഞ്ചാബ് ഘടകത്തിന്‍റെ പ്രസിഡണ്ടാണ് സോഹി.

ലഫ്റ്റനന്‍റ്  കേണൽ സോഹി 1965-ലെയും 1971-ലെയും യുദ്ധങ്ങളിൽ പങ്കെടുത്ത ആളാണ്. അടിയന്തിര-സമാധാന സംരക്ഷണ പ്രവർത്തനങ്ങളിൽ താന്‍ നിര്‍വ്വഹിച്ച കടമകള്‍ക്ക് ഐക്യരാഷ്ട്രസഭ നല്‍കിയതുൾപ്പെടെ 12 മെഡലുകൾ അദ്ദേഹം നേടിയിട്ടുണ്ട്.
ഹരിയാനയിലെ കർണാൽ ജില്ലയിലെ നിലോഖേരി ഗ്രാമത്തിൽ അദ്ദേഹത്തിനും നാലംഗ കുടുംബത്തിനും എട്ടേക്കർ ഭൂമിയുണ്ട്. പഞ്ചാബിലെ മൊഹാലിയില്‍ വിശ്രമജീവിതം നയിയ്ക്കുന്നതിനായി കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് അദ്ദേഹം അതു വിറ്റു.

Left: Lt. Col. S. S. Sohi says, 'The government is ruining farming altogether'. Right: The war heroes say they are angry at the demonisation of farmers
PHOTO • Amir Malik
Left: Lt. Col. S. S. Sohi says, 'The government is ruining farming altogether'. Right: The war heroes say they are angry at the demonisation of farmers
PHOTO • Amir Malik

‘സർക്കാർ കൃഷിയെ മുഴുവനായി നശിപ്പിക്കുന്നു’ ലഫ്റ്റനന്‍റ്  കേണൽ എസ് എസ് സോഹി (ഇടത്) പറയുന്നു. കർഷകര്‍ അപഹസിയ്ക്കപ്പെടുന്നതില്‍ യുദ്ധവീരന്മാര്‍  ദേഷ്യത്തിലാണ്.

“രാഷ്ട്രീയക്കാർ കോർപ്പറേറ്റുകളിൽ നിന്നും ഒരുപാട് പണം വാങ്ങുകയും ആ പണം ഉപയോഗിച്ച് തിരഞ്ഞെടുപ്പുകൾ നേരിടുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ അവർക്ക് അതൊക്കെ ഈ നിയമങ്ങളുടെ രൂപത്തിൽ തിരിച്ചു കൊടുക്കേണ്ടതുണ്ട്,” അദ്ദേഹം വിശ്വസിയ്ക്കുന്നു. “ദുഃഖകരമായിട്ടുള്ളത് എന്താണെന്നുവച്ചാൽ ഇന്ത്യയുടെ പ്രധാനപ്പെട്ട ഭരണാധികാരികൾ ബിസിനസ് സമൂഹങ്ങളില്‍ നിന്നുള്ളവരാണ് എന്നുള്ളതാണ്. അതുകൊണ്ട് അവർക്ക് ബിസിനസ് കുടുംബങ്ങളുടെ കാര്യത്തില്‍ മാത്രമേ കരുതല്‍ ഉള്ളൂ,” അദ്ദേഹം പറയുന്നു.

“കോർപ്പറേറ്റുകൾക്ക് അവർക്കെതിരെ ആരും സംസാരിയ്ക്കുന്നത് താല്‍പ്പര്യമില്ല”, ലെഫ്റ്റണന്‍റ് കേണൽ ബ്രാർ പറയുന്നു.
“അതുകൊണ്ട് ഈ നിയമങ്ങൾ കർഷകരുടെ നന്മയ്ക്കുവേണ്ടിയാണെന്ന് പ്രധാനമന്ത്രി പറയുമ്പോൾ അദ്ദേഹം നിങ്ങളെ വിഡ്ഢിയാക്കുകയാണ്. ഉദാഹരണമായി ബീഹാറിന്‍റെ കാര്യം ഞാൻ നിങ്ങളോട് പറയാം. ആ പാവപ്പെട്ട സംസ്ഥാനം 14 വർഷങ്ങൾക്ക് മുമ്പ് മണ്ടി സമ്പ്രദായം എടുത്തുകളഞ്ഞു [ഭയങ്കരമായിരുന്നു പരിണതഫലങ്ങള്‍]”, അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
“ഞാൻ എന്‍റെ ഗ്രാമത്തിലെ ഞങ്ങളുടെ 11 ഏക്കർ ഭൂമി എന്‍റെ സഹോദരന് കൃഷി ചെയ്യാൻ കൊടുത്തിരിയ്ക്കുന്നു. പ്രായാധിക്യത്താല്‍ കൃഷി ചെയ്യാനൊന്നും ഇനി ഞാന്‍ പ്രാപ്തനല്ല.”

“തങ്ങളുടെ സംസ്ഥാനങ്ങളിൽ 10 ഏക്കർ ഉള്ള കർഷകർ ആണ് പഞ്ചാബില്‍ അഞ്ചേക്കർ ഉള്ള കൃഷിക്കാരന് വേണ്ടി കര്‍ഷക തൊഴിലാളികളായി പണിയെടുക്കുന്നതിനായി വരുന്നത്”, ലെഫ്റ്റനന്‍റ് കേണൽ ബ്രാർ ചൂണ്ടിക്കാട്ടുന്നു. “ഭൂമിയുള്ള കർഷകരെ യാചിക്കാൻ വിടുന്നതിലും അപ്പുറത്ത് മറ്റെന്ത് നാണക്കേടാണുള്ളത്?


അവരെ ഭൂമി ഇല്ലാത്തവരാക്കി മാറ്റുക എന്നതായിരിക്കും ഈ നിയമങ്ങളുടെ ഫലം”, അദ്ദേഹം ഉറപ്പിയ്ക്കുന്നു.

അത് യഥാർത്ഥത്തിൽ സംഭവിക്കുമോ എന്ന് ഞാൻ ‘ഓൾ ഇന്ത്യ ഫോറം ഫോർ റൈറ്റ് ടു എഡ്യൂക്കേഷൻ ആൻഡ് ഷാഹിദ് ഭഗത് സിംഗ് ക്രിയേറ്റിവിറ്റി സെന്‍റർ ഇൻ ലുധിയാന’യുടെ ചെയര്‍പേഴ്സൺ ആയ പ്രൊഫസർ ജഗ്മോഹൻ സിംഗിനോട് ചോദിച്ചു. “സംഭവിയ്ക്കും, നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ നമ്മുടെ ഭാവി ഇതാണ്. എവിടെയൊക്കെയാണോ കോർപ്പറേറ്റുകളുടെ താൽപര്യങ്ങൾ വർദ്ധിക്കുന്നത് അവിടെയൊക്കെ അവർ കർഷകരെ അവരുടെ ഭൂമിയിൽ നിന്ന് പുറത്താക്കുന്നു. ഏറ്റവും മികച്ച ഉദാഹരണങ്ങളിൽ ഒന്ന് ബ്രസീലാണ്. 1980കളിൽ ഭൂമി പിടിച്ചെടുക്കുന്ന നടപടികൾക്കെതിരെ അവിടെയുള്ള കർഷകർ വലിയ പ്രക്ഷോഭം തുടങ്ങി”, അദ്ദേഹം എന്നോട് പറഞ്ഞു,

Left: Brig. S. S. Gill calls the government's use of force on peacefully protesting farmers as 'pathetic'. Right: Col. Jaswinder Garcha now farms on his land in Ludhiana's Jassowal village
Left: Brig. S. S. Gill calls the government's use of force on peacefully protesting farmers as 'pathetic'. Right: Col. Jaswinder Garcha now farms on his land in Ludhiana's Jassowal village
PHOTO • Amir Malik

ഇടത്: സമാധാനപരമായി സമരം ചെയ്യുന്ന കർഷകരുടെ മേല്‍ സര്‍ക്കാര്‍ ബലപ്രയോഗം നടത്തുന്നത് കഷ്ടമാണെന്ന് ബ്രിഗേഡിയർ എസ് എസ് ഗിൽ പറയുന്നു. വലത്: ലുധിയാനയിലെ ജസ്സോവല്‍  ഗ്രാമത്തിൽ കേണൽ ജസ്വീന്ദര്‍ ഗാർച്ച ഇപ്പോള്‍ തന്‍റെ ഭൂമിയിൽ കൃഷി ചെയ്യുന്നു

“സാങ്കൽപ്പിക കർഷകരെ പൊടുന്നനെ അവതരിപ്പിച്ചുകൊണ്ട് സർക്കാർ ഞങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു”, അവർ (സങ്കല്‍പ്പിക കര്‍ഷകര്‍) പറയുന്നു, ‘ഞങ്ങൾ ഈ നിയമങ്ങളെ പിന്തുണയ്ക്കുന്നു’. “എനിക്കറിയില്ല ഏതെങ്കിലും കർഷകന് യഥാർത്ഥത്തിൽ അവയെ പിന്തുണയ്ക്കാൻ പറ്റുമോ എന്ന്” ബ്രിഗേഡിയർ ഗിൽ പറയുന്നു.

“നിങ്ങൾ സിഖുകാരാണ്, മുസ്ലീങ്ങളാണ്, ഹിന്ദുക്കളാണ്, എന്നൊക്കെ പറഞ്ഞുകൊണ്ട് മതത്തിന്‍റെ അടിസ്ഥാനത്തിലോ അതുമല്ലെങ്കിൽ നിങ്ങൾ പഞ്ചാബി ആണ്, ഹരിയാനക്കാരനാണ്, ബീഹാറിയാണ് എന്നൊക്കെ പറഞ്ഞുകൊണ്ട് പ്രാദേശികതയുടെ അടിസ്ഥാനത്തിലോ” സമരക്കാരെ ഭിന്നിപ്പിയ്ക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് കേണൽ ഗാര്‍ച്ച മുന്നറിയിപ്പുനൽകുന്നു.

“ഇരു സംസ്ഥാനങ്ങൾക്കും ഇടയിലുള്ള ജല തർക്കം ഉപയോഗിച്ചുകൊണ്ട് ഹരിയാനയിലെയും പഞ്ചാബിലെയും ജനങ്ങളെ തമ്മിൽ തല്ലിയ്ക്കാനും സർക്കാർ ശ്രമിയ്ക്കുന്നുണ്ടാവാം. പക്ഷേ ഭൂമി ഇല്ലെങ്കിൽ ജലത്തിന്‍റെ ഉപയോഗം എന്ത് എന്നു ചിന്തിയ്ക്കാന്‍ മാത്രം നല്ല ബുദ്ധി ഉള്ളവരാണ് ഇരുഭാഗത്തു നിന്നുമുള്ള ജനങ്ങൾ” ലെഫ്റ്റനെന്‍റ്  കേണല്‍ ബ്രാര്‍ കൂട്ടിചേര്‍ക്കുന്നു.

രാജ്യത്തെ പ്രതിരോധിക്കുക എന്ന കടമ നിർവ്വഹിച്ചിട്ടുള്ളതിന്‍റെ പേരില്‍ അമ്പതിലധികം മെഡലുകൾ നേടിയിട്ടുള്ളവരാണ് യുദ്ധ വീരന്മാരായ ഈ മുതിര്‍ന്ന സൈനികര്‍. സര്‍ക്കാര്‍ ഒരുതരത്തിലും വഴങ്ങാനോ ശ്രദ്ധിയ്ക്കാനോ ശ്രമിയ്ക്കുന്നില്ലെങ്കിൽ മെഡലുകൾ ഇപ്പോൾ അവർ ഇന്ത്യൻ പ്രസിഡന്‍റിനു – സായുധ സേനകളുടെ പരമോന്നത കമാന്‍ഡര്‍ - തിരികെ നൽകാനായി ആലോചിക്കുന്നു,

“സർക്കാരിന് നല്ല ബുദ്ധി ഉണ്ടാകണമെന്നും നിയമങ്ങൾ പിൻവലിച്ചു കൊണ്ട് അവർ കർഷകരെ വീട്ടിൽ പോകാൻ അനുവദിക്കണമെന്നും മാത്രമാണ് ഞാൻ ആഗ്രഹിയ്ക്കുകയും പ്രാർത്ഥിയ്ക്കുകയും ചെയ്യുന്നത്” ബ്രിഗേഡിയർ ഗിൽ പറയുന്നു. “അതായിരിക്കും ഇതിന്‍റെ അവസാനം”

പരിഭാഷ: റെന്നിമോന്‍ കെ. സി.

Amir Malik

ਆਮਿਰ ਮਿਲਕ ਇੱਕ ਸੁਤੰਤਰ ਪੱਤਰਕਾਰ ਹਨ ਤੇ 2022 ਦੇ ਪਾਰੀ ਫੈਲੋ ਹਨ।

Other stories by Amir Malik
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.