അഴുക്കുചാലുകൾ ശുചിയായിരുന്നപ്പോൾ തെളിഞ്ഞ ജലമായിരുന്നു, 20 വർഷം മുമ്പുവരെ. നദിയിലേക്കൊരു നാണയമിട്ടാൽ, മുകളിൽനിന്ന് കാണാൻ കഴിയുമായിരുന്നു. യമുനയിൽനിന്ന് നേരിട്ട് വെള്ളമെടുത്ത് കുടിക്കാനും സാധിച്ചിരുന്നു. പുഴയിൽനിന്ന് ഒരു കൈക്കുടന്ന അഴുക്കുവെള്ളമെടുത്ത് മുഖത്തിനടുത്തേക്ക് കൊണ്ടുവന്ന് രാമൻ ഹൽദർ എന്ന മുക്കുവൻ പറഞ്ഞു. ഞങ്ങൾ പരിഭ്രമത്തോടെ നോക്കുമ്പോൾ, ഒരു ചെറിയ ചിരിയോടെ അയാൾ ആ വെള്ളം നദിയിലേക്കുതന്നെ കളഞ്ഞു.
തലസ്ഥാനത്തിന്‍റെ ഭൗതികവും അനിതരസാധാരണവുമായ ഉപഭോഗത്തെ പ്രതിഫലിപ്പിച്ചുകൊണ്ട് യമുനയിൽ പ്ലാസ്റ്റിക്കും, അലുമിനിയം പൊതികളും, ചെളിവെള്ളവും പഴകിയ ഭക്ഷണവും, തേങ്ങയും, കോൺക്രീറ്റ് അവശിഷ്ടങ്ങളും, തുണികളും, രാസപദാർത്ഥങ്ങളും പായലും എല്ലാം കെട്ടിക്കിടക്കുന്നു.
യമുനയുടെ 22 കിലോമീറ്ററുകൾ മാത്രമാണ് (ഏതാണ്ട് 1.6 ശതമാനം) രാജ്യതലസ്ഥാന പ്രദേശത്തിലൂടെ ഒഴുകുന്നത്. എന്നിട്ടും 1,376 കിലോമീറ്റർ നീളമുള്ള ആ നദിയുടെ അത്രയും ചെറിയ പ്രദേശത്തേക്കാണ് അവശിഷ്ടങ്ങളും വിഷവുമടങ്ങുന്ന മാലിന്യത്തിന്‍റെ 80 ശതമാനവും ഒഴുക്കിവിടുന്നത്. അത് ശരിവെച്ചുകൊണ്ട്, ദേശീയ ഹരിത ട്രിബ്യൂണലിന്‍റെ മോണിറ്ററിംഗ് കമ്മിറ്റി റിപ്പോർട്ട് ദില്ലിയിലെ ആ നദിയെ വിശേഷിപ്പിക്കുന്നത് “അഴുക്കുചാൽ’ എന്നാണ്. തത്ഫലമായുണ്ടാകുന്ന ജലത്തിലെ ഓക്സിജന്‍റെ കുറവ് വൻതോതിലുള്ള മത്സ്യനാശത്തിനാണ് ഇടവരുത്തുന്നത്.
ദില്ലിയുടെ ദക്ഷിണഭാഗത്തുള്ള കാളിന്ദി കുഞ്ജ് ഘട്ടിൽ കഴിഞ്ഞ വർഷം ആയിരക്കണക്കിന് മീനുകൾ ചത്തുപൊങ്ങുകയുണ്ടായി. ദില്ലിയിലെ പുഴയുടെ ആ ഭാഗത്ത് മറ്റ് ജലജീവികളുടെ നാശവും എല്ലാ വർഷവും ആവർത്തിക്കുകയാണ്.
ഒരു പുഴയുടെ ആവാസവ്യവസ്ഥ നിലനിൽക്കണമെങ്കിൽ, അതിൽ 6 മുതൽ മുകളിലേക്കുള്ള അളവിൽ ഓക്സിജൻ കലർന്നിരിക്കണം. മീനുകൾക്ക് ആവശ്യമായ ഡി.ഒ. അളവ് (Dissolved Oxygen level) 4 മുതൽ 5 വരെയാണ്. യമുനയുടെ ദില്ലി ഭാഗത്താകട്ടെ ഈ അളവ് 0-ത്തിനും 0.4-നും ഇടയിൽ മാത്രവും. ചിക്കാഗോ സർവ്വകലാശാലയിലെ ടാറ്റാ സെന്‍റർ ഫോർ ഡെവലപ്പ്മെന്‍റിന്‍റെ വാട്ടർ റ്റു ക്ലൗഡ് (Water-to-Cloud) പ്രോജക്ടിന്‍റെ ഡയറക്ടർ പ്രിയങ്ക് ഹിറാനി പറയുന്നു. നദികളിലെ മാലിന്യത്തിന്‍റെ നിജസ്ഥിതി രേഖപ്പെടുത്തുന്ന പ്രോജക്ടാണിത്.











