രണ്ട് കുട്ടികൾ അകത്തുണ്ടെന്ന് റോപി സ്വകാര്യ പ്രസവ ക്ലിനിക്കിലെ ഡോക്ടറോട് ആത്മവിശ്വാസത്തോടെ പറഞ്ഞു – ഒരു തരത്തിലുള്ള അൾട്ര സൗണ്ട് റിപ്പോർട്ടുകളും പരിശോധിക്കാനായി ലഭ്യമല്ലെങ്കിൽ പോലും.
ഏകദേശം രണ്ട് വർഷം മുൻപ് നടന്ന സംഭവം റോപി മന്നു ബേതെ സന്തോഷത്തോടെയും ഉല്ലാസത്തോടെയും ഓർത്തെടുത്തു. "കാൻ മേം വോ ലഗായാ [അവർ അത് ചെവിയിൽ വച്ചിട്ടുണ്ടായിരുന്നു]”, ഡോക്ടർ സ്റ്റെതസ്കോപ്പ് ഉപയോഗിക്കുന്നത് അനുകരിച്ചുകൊണ്ട് അവർ പറഞ്ഞു. ദുർബലയായ ഗർഭിണിയുടെ ഇടത്തരം വലിപ്പമുള്ള വയറിൽ അവസാനമായി നോക്കി ഇരട്ടകളാണെന്ന് റോപി പ്രവചിച്ചതിനോട് ഡോക്ടർ വിയോജിച്ചു.
"മേഡം, ദോ ഹോതാ, ദോ [രണ്ട് മേഡം, രണ്ട് പേരുണ്ട്]”, ക്ലിനിക്കിലെ പ്രസവ മുറിയിലെ സ്റ്റൂളിൽ ഇരിക്കാനായി തിരിച്ചു നടക്കുന്നതിനിടയിൽ അവർ ആവർത്തിച്ചു. 70 കഴിഞ്ഞ റോപിയും ആ സമയത്ത് വേദനകൊണ്ട് പുളയുകയായിരുന്ന അമ്മയാകാനിരുന്ന സ്ത്രീയും വടക്ക്-കിഴക്കൻ മഹാരാഷ്ട്രയിലെ മേൽഘാട് വനത്തിന് സമീപത്തുള്ള തങ്ങളുടെ ഗ്രാമമായ ജൈതാദേഹിയിൽ നിന്നും 20 കിലോമീറ്റർ അകലെയുള്ള പറത്‌വാഡാ പട്ടണത്തിലായിരുന്നു.
വൈകുന്നേരമായതോടെ ഒരു ആൺകുട്ടി പിറന്നു, സെക്കൻഡുകൾക്കു ശേഷം രണ്ടാമതൊരു കുട്ടിയുടെ തലകൂടി പുറത്തു വന്നു. രണ്ടാമത്തേത് പെൺകുഞ്ഞായിരുന്നു – ഒരു ഇരട്ട സഹോദരി.
പരമ്പരാഗത രീതിയിലുള്ള തന്‍റെ മൺഭിത്തി വീടിന്‍റെ വരാന്തയുടെ ഒരറ്റത്തിട്ടിരുന്ന തടിക്കട്ടിലിലിരുന്ന് റോപി ഉറക്കെ ചിരിച്ചു. അതിന്‍റെ തറ ചാണകം കൊണ്ട് മെഴുകിയതായിരുന്നു. തടിക്കഴുക്കോലുകളുള്ള അകത്തെ മൂന്ന് മുറികൾ ശൂന്യമായിരുന്നു. മുതിർന്ന മൂന്ന് ആൺമക്കൾ കുടുംബം കൃഷിചെയ്യുന്ന രണ്ടേക്കറിൽ പണി ചെയ്യുകയായിരുന്നു.
കോരകു ഭാഷയിൽ അവർ ഒരുവാക്ക് കൂട്ടിച്ചേർത്തു - അക്ഷരാർത്ഥത്തിൽ കഴുതയുടെ സ്വകാര്യ ഭാഗങ്ങളെക്കുറിച്ച്. പിന്നെ കുറച്ചുകൂടി ചിരിച്ചു. അവരുടെ മുഖത്തെ ചുളിവുകൾ ആഴത്തിലുള്ളതായിരുന്നു. "അതാണ് ഞാൻ അവരോട് പറഞ്ഞത്”, അവർ പറഞ്ഞു – നഗരത്തിലെ ഒരു ഡോക്ടറെ ശകാരിച്ചതിന്‍റെ ഓർമ്മയിൽ ചെറിയൊരു അഭിമാനത്തോടെ.











