'കാലേ കാനൂൻ കോ വാപസ് ലോ, വാപസ് ലോ, വാപസ് ലോ,’ [കരി നിയമങ്ങൾ എടുത്തു മാറ്റുക, എടുത്തു മാറ്റുക, എടുത്തു മാറ്റുക]. റിപ്പബ്ലിക് ദിനത്തിനു മുമ്പുള്ള വയ്കുന്നേരം തെക്കൻ മുംബൈയിലുള്ള ആസാദ് മൈതാനത്ത് ഈ മുദ്രാവാക്യങ്ങൾ മാറ്റൊലി കൊണ്ടു.
സംയുക്ത ശേത്കരി കാംഗാർ മോർച്ച മൈതാനത്തു സംഘടിപ്പിച്ച ധര്‍ണ്ണയില്‍ പതിനായിരക്കണക്കിനു സമരക്കാരാണു പങ്കെടുത്തത്. ഡൽഹി അതിർത്തിയിലെ കർഷകരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് മഹാരാഷ്ട്രയിലെ 21 ജില്ലകളിൽ നിന്നുള്ളവരാണ് നാശികിൽ നിന്നും 180 കിലോമീറ്ററോളം ജാഥ നയിച്ച് ഇവിടെ എത്തിയത്.
രണ്ടു മാസത്തിലധികമായി ലക്ഷക്കണക്കിനു കർഷകരാണ്, പ്രധാനമായും പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നും, ഡൽഹിയുടെ കവാടങ്ങളിലുള്ള വിവിധ സ്ഥലങ്ങളിൽ സമരം ചെയ്തു കൊണ്ടിരിക്കുന്നത്. കേന്ദ്ര സർക്കാർ പാസ്സാക്കിയ മൂന്നു നിയമങ്ങൾക്കെതിരെയാണ് അവർ സമരം ചെയ്തുകൊണ്ടിരിക്കുന്നത്. 2020 ജൂൺ 5-നാണ് ഈ നിയമങ്ങള്‍ ഓർഡിനൻസുകളായി ആദ്യം ഇറക്കിയത്. പിന്നീട് ഇവ സെപ്റ്റംബർ 14-ന് പാർലമെന്‍റിൽ കാര്‍ഷിക ബില്ലുകളായി അവതരിപ്പിക്കുകയും അതേ മാസം ഇരുപതോടുകൂടി തിടുക്കപ്പെട്ടു നിയമങ്ങളാക്കുകയും ചെയ്തു.
താഴെപ്പറയുന്നവയാണ് മൂന്നു നിയമങ്ങള്‍: വില ഉറപ്പാക്കല്‍, കാര്‍ഷിക സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കര്‍ഷക (ശാക്തീകരണ, സംരക്ഷണ) കരാറിനെ സംബന്ധിച്ച 2020-ലെ നിയമം ; കാര്‍ഷികോത്പന്ന വ്യാപാരവും വാണിജ്യവും (പ്രോത്സാഹിപ്പിക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച 2020-ലെ നിയമം ; അവശ്യ സാധന (ഭേദഗതി) നിയമം, 2020 . ഇൻഡ്യൻ ഭരണഘടനയുടെ 32-ാം വകുപ്പിന്‍റെ പ്രാധാന്യം ഇല്ലാതാക്കിക്കൊണ്ട് എല്ലാ പൗരന്മാർക്കും നിയമസഹായം തേടാനുള്ള അവകാശത്തെ ഈ നിയമങ്ങൾ ദുര്‍ബ്ബലപ്പെടുത്തുന്നതിനാല്‍ ഓരോ ഇൻഡ്യക്കാരനെയും ഇവ ബാധിയ്ക്കുന്നുവെന്ന വിമർശനവും നിലനില്‍ക്കുന്നുണ്ട്.
ജനുവരി 24 -25 തീയതികളിൽ രണ്ടു ദിവസങ്ങളിലായി ആസാദ് മൈതാനത്തു നടന്ന സമര സമാഗമത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് താഴെക്കൊടുത്തിരിക്കുന്നവ.
പരിഭാഷ: റെന്നിമോന്‍ കെ. സി.