നവശ്യ കുവ്‌ര ദക്ഷിണ മുംബൈയിലെ ആസാദ് മൈദാനിയില്‍ നൃത്തം ചെയ്യുന്ന 40 പ്രതിഷേധക്കാര്‍ക്കുവേണ്ടി ദുംസി (ഡ്രം) വായിച്ചു തീര്‍ത്തതേ ഉണ്ടായിരുന്നുള്ളൂ. വിശ്രമിക്കാനിരുന്ന അദ്ദേഹത്തെ രാത്രി 11 മണിയോടുകൂടി മൂന്നുപേര്‍ സമീപിച്ചു.
“കല്യാണമാണോ? എന്നാണ്?” നവശ്യ ചോദിച്ചു. സംസാരിച്ചു ഫോണ്‍ നമ്പറും കൈമാറിയ ശേഷം മൂവരും നടന്നകന്നു. “എനിക്ക് ഒരവസരവും കൂടി കിട്ടി”, ജനുവരി 25-ന് മൈതാനിയില്‍ തനിക്കൊപ്പമുണ്ടായിരുന്ന കര്‍ഷകരുടെ നേരെ തിരിഞ്ഞുകൊണ്ട് നിറഞ്ഞ പുഞ്ചിരിയോടെ നവശ്യ പറഞ്ഞു.
ഡഹാണു താലൂക്കിലെ കിന്‍വ്ലിയെന്ന ഗ്രാമത്തില്‍ നവശ്യയും ഭാര്യ ബിജ്‌ലിയും അഞ്ചേക്കര്‍ വനഭൂമിയില്‍ നെല്ലും അണിച്ചോളവും തുവരയും കൃഷി ചെയ്യുന്നു. കൃഷിഭൂമിയിലല്ലാത്ത സമയങ്ങളില്‍ 55-കാരനായ ഈ കര്‍ഷകന്‍ തന്‍റെ കലാ പ്രകടനങ്ങളുടെ തിരക്കിലായിരിക്കും. മാസത്തില്‍ 10-15 വിവാഹാഘോഷങ്ങളില്‍ അദ്ദേഹം പണമൊന്നും വാങ്ങാതെ ധുംസി കൊട്ടും. യാത്ര, ഭക്ഷണം, താമസം എന്നിവയുടെ ചിലവുകള്‍ സംഘാടകര്‍ വഹിക്കും. “മിക്കപ്പോഴും നാസിക്കിലായിരിക്കും ഞാന്‍ പരിപാടികള്‍ അവതരിപ്പിക്കുന്നത്. പുറത്തും അവതരിപ്പിക്കാറുണ്ട്. താനെയിലും, ഗുജറാത്തിലും പോലും ഞാന്‍ പോയിട്ടുണ്ട്”, നവശ്യ പറഞ്ഞു.
അദ്ദേഹം ദുംസി കൊട്ടാന്‍ തുടങ്ങിയിട്ട് 40 വര്‍ഷമാകുന്നു. “ഗ്രാമത്തിലെ മറ്റു സംഗീതഞ്‌ജരില്‍ നിന്ന് കേട്ടു പഠിച്ചതാണ് ഞാന്‍”, അദ്ദേഹം പറഞ്ഞു.





