ഇടവേള അവസാനിച്ചു എന്നാരോ ദൂരെ നിന്ന് വിളിച്ചു പറഞ്ഞു. മേൽനോട്ടക്കാരൻ അവദ്ധി ഭാഷയിൽ ഓരോരുത്തരെ ജോലികൾ ചുമതലപെടുത്താൻ തുടങ്ങി. പണി വീണ്ടുമാരംഭിച്ചു. ചെറിയൊരു കൂടാരത്തിന്‍റെ തറ നിർമ്മിക്കാനായി രാംമോഹനെ മൈതാനത്തിന്‍റെ ഒഴിഞ്ഞ ഒരു കോണിലേക്കു പറഞ്ഞയച്ചു.
ജനുവരി 23 ശനിയാഴ്ച. രണ്ടു ദിവസമായി രാമുൾപ്പെടെ അമ്പത് ആളുകൾ പത്തുമണിക്കൂർ ഷിഫ്റ്റുകളിൽ ജോലിചെയ്തു പന്തലുകൾ (കൂടാരങ്ങൾ/ടെന്‍റുകൾ) നിർമ്മിക്കുകയാണ്. ജനുവരി 24 രാവിലെ മുതൽ കാര്‍ഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കാനും അവ പിൻവലിക്കണമെന്ന് ആവശ്യപ്പെടാനുംവേണ്ടി വന്നുചേരുന്ന പതിനായിരക്കണക്കിനു കർഷകർക്കുവേണ്ടിയാണ് ഇവ നിർമ്മിക്കുന്നത്. ആ റാലി ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ അവസാനിക്കും.
പ്രതിഷേധിക്കുന്ന കർഷകരുടെകൂടെ ചേരാൻ വേണ്ടി രാംമോഹൻ തെക്കൻ മുംബൈയിലെ ആസാദ് മൈതാനത്തിൽ തുടരാനാണ് ഉദ്ദേശിക്കുന്നത്. "എന്താണു സംഭവിക്കുന്നത് എന്നു മനസ്സിലാക്കാൻ ശ്രമിക്കുകയാണ് ഞാൻ. മറ്റു കർഷകരെന്താണ് പറയുന്നതെന്ന് കേൾക്കാൻ ആഗ്രഹമുണ്ട് - അവരുടെ ആവശ്യങ്ങൾ ഞങ്ങളെ എങ്ങനെ സഹായിക്കുമെന്നറിയാനും," അയാൾ പറഞ്ഞു.
ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിലുള്ള ഉമരി ബേഗംഗഗഞ്ജ് ഗ്രാമത്തിലെ അയാളുടെ കുടുംബം ഗോതമ്പും നെല്ലും കൃഷി ചെയ്യുന്നുണ്ട്. “ആറോ ഏഴോ ബീഗ (ഒരു ഏക്കറിലധികം) സ്ഥലംകൊണ്ടു ഞങ്ങളെന്തു ചെയ്യാനാണ്? ഉപജീവനത്തിനുതകും, അതിലധികമൊന്നുമില്ല,” അയാൾ പറഞ്ഞു. താൻ കൂടാരങ്ങളൊരുക്കുന്ന ഈ റാലി തന്‍റെയും മറ്റു കർഷകകുടുംബങ്ങളുടെയും വിളവിനു കൂടുതൽ വില നേടിത്തരുമെന്ന് അയാൾ പ്രതീക്ഷിക്കുന്നു.
നാൽപ്പത്തിമൂന്നു വയസ്സുള്ള രാംമോഹൻ 23 വർഷമായി മുംബൈയിൽ ദിവസക്കൂലിക്കാരനായി ജോലി ചെയ്യുകയാണ്. വടക്കൻ മുംബൈയിലെ മലാഡ് റെയിൽവേ സ്റ്റേഷനടുത്തുള്ള ലേബർ നാകാ (കോൺട്രാക്ടർമാർ തൊഴിലാളികളെ തിരഞ്ഞെടുക്കുന്ന സ്ഥലം) എന്നയിടത്തു കാത്തുനിന്നാണ് അയാൾ ജോലി നേടുന്നത്. ജോലിയുള്ള ദിവസം 700 രൂപ വരെ കൂലി ലഭിക്കും.


















