ഉച്ചകഴിഞ്ഞ സമയത്ത് മായ ഒരു അലുമിനിയം പാത്രത്തിൽ നിന്നും അവശേഷിക്കുന്ന അരിയും എടുത്തു. ഇതു മാത്രമായിരിക്കും അന്നത്തെ അവരുടെ ഭക്ഷണം. മായയ്ക്കും ശിവയ്ക്കും അവരുടെ കലത്തിലെ ചുവന്ന പരിപ്പും തീര്‍ന്നു.
“ഞങ്ങൾ ഒരുനേരം മാത്രമാണ് ഭക്ഷണം കഴിക്കുന്നത്. പക്ഷെ കുട്ടികൾക്കുവേണ്ടി രണ്ടുനേരം പാചകം ചെയ്യും", 23-കാരിയായ മായ പറഞ്ഞു. "മഹാമാരി തുടങ്ങിയതിൽപ്പിന്നെ കുറച്ചു റേഷനെ ഞങ്ങൾ വാങ്ങുന്നുള്ളൂ”, അവരുടെ മുളങ്കുടിലിൽ ഇരുന്ന് 25-കാരനായ ശിവ പറഞ്ഞു. പഴയ സാരികളും ഷീറ്റുകളും കൊണ്ടാണ് കുടിലിന്‍റെ ഭിത്തിയും മേൽക്കൂരയുമൊക്കെ മറച്ചിരിക്കുന്നത്.
2020 മാർച്ചിൽ മഹാമാരിയുമായി ബന്ധപ്പെട്ട ലോക്ക്ഡൗണുകൾ തുടങ്ങിയതിൽ പിന്നെ മായയും ഭർത്താവ് ശിവ ഗണ്ഡാഡെയും സ്വയം ഭക്ഷണം കഴിക്കാനും 2 മുതൽ 7 വയസ്സ് വരെ പ്രായമുള്ള 4 മക്കളെ കഴിപ്പിക്കാനും പാടുപെടുന്നു.
ബീഡ് ജില്ലയിലെ ബീഡ് താലൂക്കില്‍ അവര്‍ താമസിക്കുന്ന സ്ഥലത്തിന് ഏറ്റവും അടുത്തുള്ള ഗ്രാമമായ പന്ധാര്യചിവാഡിയിൽ നിന്നും 6-7 കിലോമീറ്റർ അകലെ ഒരു തുറസ്സായ സ്ഥലത്താണ് അവരുടെ താത്കാലിക കുടിൽ സ്ഥിതി ചെയ്യുന്നത്. മഴ പെയ്യുമ്പോൾ സുഷിരങ്ങൾ നിറഞ്ഞ വർണ്ണാഭമായ ഭിത്തികളിലൂടെയും മേൽക്കൂരയിലൂടെയും വെള്ളം കിനിഞ്ഞിറങ്ങും.
പരമ്പരാഗതമായി ഭിക്ഷാടകരായിരുന്ന മസൻജോഗി സമുദായത്തിൽപെട്ട നാടോടി ഗോത്ര വിഭാഗങ്ങങ്ങള്‍ (മഹാരാഷ്ട്രയിൽ അവരെ ഓ.ബി.സി. പട്ടികയിൽ പെടുത്തിയിരിക്കുന്നു) സ്ഥലത്തുള്ള 14 കുടിലുകളില്‍ വസിക്കുന്നു. ഇവരുടെ കുടുംബങ്ങൾ ഒന്നാകെ സംസ്ഥാനത്തെ ഒരു ജില്ലയിൽ നിന്നും മറ്റൊരു ജില്ലയിലേക്ക് കുടിയേറുന്നു. പലപ്പോഴും തൊഴിലും വേതനവും അന്വേഷിച്ച് വർഷത്തിൽ ഒന്നായിരിക്കും ഇങ്ങനെ ചെയ്യുന്നത്.













