ഹാതണെയിലെ സർക്കാർ ആശുപത്രിയുടെ പ്രധാന വാടത്തിനു മുൻപിൽ പാർക്ക് ചെയ്തിരിക്കുന്ന ഒരു ഓട്ടോറിക്ഷയിൽ ഒരു സ്ത്രീ വീണ് ബോധം പോയി കിടക്കുകയാണ്. മറ്റൊരു സ്ത്രീ കരഞ്ഞുകൊണ്ട് അവരുടെ നെഞ്ചിൽ ഇടിക്കുന്നു: " മാഝാ സോന്യാ , മാഝാ സോന്യാ കൂഠേ ഗേലാ രേ , മാഝാ സോന്യാ ? [നീയെവിടെ പോയി എന്‍റെ പ്രിയപ്പെട്ടവളേ?]” ഉച്ചത്തിലുള്ള കരച്ചിൽ എല്ലാ ഭാഗത്തുനിന്നും കേൾക്കുന്നു. ചില കുടുംബങ്ങൾ കടലാസുകളൊക്കെ ശരിയാക്കാൻ ശ്രമിച്ചുകൊണ്ട് സംഘങ്ങളായി കൂടിച്ചേരുന്നു. കുറച്ചുപേർ മറ്റൊരാശുപത്രിയിൽ കിടക്ക തരപ്പെടുത്താൻ നോക്കുന്നു.
മെയ് മാസത്തിന്‍റെ തുടക്കത്തിലെ ചൂടുള്ള ഒരു തിങ്കളാഴ്ച ദിവസത്തെ ഉച്ചയായിരുന്നു അത്. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ ഹാതണെ ഗ്രാമത്തിലെ രേവേര ആശുപത്രിക്ക് പുറത്ത് മൊത്തം പ്രശ്നങ്ങളായിരുന്നു.
ആശുപത്രി വളപ്പിന് പുറത്ത് ഒരു മരത്തിനു കീഴിലുള്ള സിമന്‍റ് തറയിൽ ഒന്നിനു പുറകെ ഒന്നായി ഫോൺ വിളിച്ചു കൊണ്ടിരിക്കുകയാണ് ഗുരു ചൗധരി. സഹോദരിയുടെ ഭർത്താവ് മരിച്ച വിവരം അറിയിക്കുകയാണദ്ദേഹം. " ദേവാലാ പ്രിയ ഝാലാ കാൽ രാത്രി [അദ്ദേഹം കഴിഞ്ഞ രാത്രിയിൽ മരിച്ചു]”, അദ്ദേഹം ഫോണിലൂടെ പറഞ്ഞു കൊണ്ടേയിരിക്കുന്നു. "അദ്ദേഹം എനിക്ക് സഹോദരനെ പോലെയായിരുന്നു”, തകർന്ന് ദുഃഖിതനായി ഗുരു എന്നോട് പറഞ്ഞു. ഈ വീഡിയോ നോക്കൂ. അദ്ദേഹത്തിന് സുഖമായിരുന്നു. എന്‍റെ സഹോദരി അദ്ദേഹത്തോടൊപ്പം ആശുപത്രിയിലായിരുന്നു. അദ്ദേഹത്തിനുള്ള ഓക്സിജൻ ബോട്ടിലിൽ നിന്ന് ലീക്കായിക്കൊണ്ടിരുന്നു... അവർ ഡോക്ടറെ വിളിച്ച് അദ്ദേഹത്തെ പരിശോധിക്കാൻ പറഞ്ഞു കൊണ്ടേയിരുന്നു..."
ഗുരുവിന്‍റെ സഹോദരി ഭർത്താവ് 35-കാരനായ വാമൻ ദിഘയെ ഏപ്രിൽ 23-ന് അദ്ദേഹത്തിന്‍റെ കുടുബം രേവേരയിലേക്ക് കൊണ്ടുവരുന്നതിന് മുമ്പ് ഗ്രാമത്തിനടുത്തുള്ള രണ്ട് ചെറിയ ആശുപത്രികളിൽ എത്തിച്ചിരുന്നു. "അദ്ദേഹത്തിന് നന്നായി ശ്വസിക്കാൻ കഴിഞ്ഞില്ല. കുറച്ച് ദിവസത്തേക്ക് അദ്ദേഹത്തിന് നല്ല പനിയുമുണ്ടായിരുന്നു. അതുകൊണ്ട് ഞങ്ങൾ പേടിച്ച് അദ്ദേഹത്തെ പരിശോധിക്കാൻ തീരുമാനിച്ചു”, ഗുരു പറഞ്ഞു. "ഡോക്ടർ പറഞ്ഞത് അദ്ദേഹത്തിന് ന്യുമോണിയ ഉണ്ടെന്നും കോവിഡ് ആയിരിക്കാമെന്നും അതുകൊണ്ട് ഒരു ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്നുമാണ്. അടുത്തുള്ള ആശുപത്രികളിലൊന്നും കിടക്കകളും ഓക്സിജനും ഇല്ലായിരുന്നു.”
പാൽഘറിലെ മോഖാഡ താലൂക്കിലെ താകപാഡ ഗ്രാമത്തിൽ നിന്നും അതേ ജില്ലയിലെ വിക്രംഗഡ് താലൂക്കിലുള്ള സംസ്ഥാനവക രേവേര ആശുപത്രിയിലെത്താൻ അദ്ദേഹത്തിന്‍റെ കുടുംബത്തിന് ഏതാണ്ട് 60 കിലോമീറ്റർ യാത്ര ചെയ്യണമായിരുന്നു. താലൂക്കിൽ കോവിഡ് രോഗികൾക്കുവേണ്ടി പ്രവർത്തിക്കുന്ന ഏക ആശുപത്രിയാണിത്. ഇവിടെ 200 കിടക്കകൾ ഉണ്ട് (അവയിൽ പകുതി ഐസൊലേഷൻ കിടക്കകളാണ്, ബാക്കിയുള്ളവ ഓക്സിജൻ, വെന്‍റിലേറ്റർ, അഥവാ ഐ.സി.യു. സൗകര്യങ്ങളോട് കൂടിയവയും; ജില്ലാ ഭരണകൂടത്തിന്‍റെ വെബ്സൈറ്റിൽ ഇതുമായി ബന്ധപ്പെട്ട് കാണുന്ന വിവരങ്ങൾക്ക് ഒട്ടും വ്യക്തതയില്ല).
"കോവിഡ് പരിശോധനാ ഫലം 3 തവണ നെഗറ്റീവ് ആയിരുന്നെങ്കിലും അദ്ദേഹത്തെ കോവിഡ് വാർഡിലാണ് പ്രവേശിപ്പിച്ചത്. അകത്തെ കിടക്കകൾക്ക് കവറോ തലയിണയോ ഉണ്ടായിരുന്നില്ല. അവർക്ക് ചൂടുവെള്ളം പോലും ഉണ്ടായിരുന്നില്ല. അദ്ദേഹം 10 ദിവസം വാർഡിൽ ഉണ്ടായിരുന്നു. മരിക്കുന്നതിന് ഒരു ദിവസംമുമ്പ് അദ്ദേഹത്തിന് മൂത്രമൊഴിക്കാൻ കഴിഞ്ഞില്ല. പെട്ടെന്ന് അദ്ദേഹത്തിന്‍റെ അവസ്ഥ വഷളായി. എന്‍റെ സഹോദരി ഡോക്ടർമാരോട് പറഞ്ഞു കൊണ്ടേയിരുന്നു. പക്ഷെ അവർ തിരക്കായിരുന്നു, പറയുന്നത് ശ്രദ്ധിച്ചുമില്ല”, ഗുരു പറഞ്ഞു.
താകപാഡ ഗ്രാമത്തിലെ പ്രദേശിക പഞ്ചായത്ത് ഓഫീസിലാണ് വാമൻ ജോലി ചെയ്തത്. അദ്ദേഹത്തിന്‍റെ കുടുംബത്തിലുള്ളത് (അവർ ഠാക്കൂർ ആദിവാസി സമുദായത്തിൽ പെടുന്നു) 8-ഉം 6-ഉം വയസ്സുകൾ വീതമുണ്ടായിരുന്ന രണ്ട് ആൺമക്കളും 31-കാരിയായ ഭാര്യ മാലതി മേഘയുമായിരുന്നു. വാമന്‍റെ മാതാപിതാക്കളോടൊത്ത് മാലതി അവരുടെ രണ്ടേക്കർ നിലത്ത് കൃഷി ചെയ്യുന്നു. പച്ചക്കറിയും ചോളവും നെല്ലുമാണ് അവർ പ്രധാനമായും കൃഷി ചെയ്യുന്നത്. "ഞാൻ ഡോക്ടർമാരെ വിളിച്ചു മടുത്തു. ഓക്സിജൻ ഉണ്ടായിട്ടു പോലും അദ്ദേഹത്തിന് നന്നായി ശ്വസിക്കാൻ സാധിച്ചില്ല. ആശുപത്രിക്കകം വൃത്തികേടായിരുന്നു. വേണ്ട ചികിത്സ കൊടുത്തിരുന്നെങ്കിൽ അദ്ദേഹത്തിന് ഭേദമാകുമായിരുന്നു. പക്ഷെ അദ്ദേഹത്തെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു”, മാലതി കരഞ്ഞു.
എന്നിരിക്കിലും ആശുപത്രിയുടെ മെഡിക്കൽ സൂപ്രണ്ട് എന്നോട് ഇങ്ങനെയാണ് പറഞ്ഞത്: "രോഗികളുടെ ബന്ധുക്കൾ എന്തും പറയും. നിങ്ങളവരെ വിശ്വസിക്കരുത്. അകത്തെന്താണ് സംഭവിക്കുന്നതെന്ന് അവർക്കറിയില്ല.”
ആശുപത്രിയുടെ മറ്റൊരു മൂലയിൽ മീനാ പാഗി തറയിലിരിക്കുകയാണ്. കുറച്ചാളുകൾ ചുറ്റും കൂടി അവരെ ഉയർത്താൻ നോക്കുന്നു. അവർ സ്വയം എഴുന്നേൽക്കാൻ ശ്രമിക്കുന്നു, പക്ഷെ പറ്റുന്നില്ല. കുറച്ചു കഴിഞ്ഞപ്പോൾ അവർ എങ്ങനെയോ ഇരുന്നു, പക്ഷെ എന്നിട്ട് ചലിച്ചില്ല. "രാവിലെ മുതൽ അവർ ഇവിടെ നിന്ന് നീങ്ങിയിട്ടില്ല. അവരുടെ ഭർത്താവ് മരിച്ചു. ഇപ്പോൾ അവരും നാല് പെൺമക്കളും മാത്രം അവശേഷിക്കുന്നു”, കർഷകനും കുടുംബസുഹൃത്തുമായ ശിവ്റാം മുകണെ പറഞ്ഞു.
48-കാരനായ മംഗേശും 45-കാരിയായ മീനയും മെയ് 1-ന് ഒരു ആംബുലൻസിൽ രേവരാ ആശുപത്രിയിൽ എത്തിയത് മംഗേശിന് കടുത്ത നെഞ്ചുവേദന ഉണ്ടായതിനെ തുടർന്നാണ്. അതിനു മുൻപ് അന്നത്തെ ദിവസം തന്നെ വിക്രംഗഡ് താലൂക്കിലെ ഖോസ്തെ ഗ്രാമത്തിലെ തന്‍റെ വീട്ടിൽ നിന്നും വിക്രംഗഡ് പട്ടണത്തിലെ ഒരു ആശുപത്രിയിലേക്ക് ഏകദേശം 15 കിലോമീറ്റർ ദൂരം മംഗേശ് തന്‍റെ മോട്ടോർ സൈക്കിൾ ഓടിച്ചിരുന്നുവെന്ന് ശിവ്റാം പറഞ്ഞു. മീന അദ്ദേഹത്തെ ബൈക്കിൽ അനുഗമിച്ചു. തനിക്ക് കടുത്ത പനിയുണ്ടെന്നും, കൂടാതെ ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും അപ്പോഴേക്കും അദ്ദേഹം പറഞ്ഞിരുന്നു. രണ്ട് ദിവസത്തിനു ശേഷം മെയ് 3-ന് മംഗേശ് മരിച്ചു.
“[പട്ടണത്തിലെ] ആശുപത്രിയിലെ ഡോക്ടർമാർ അദ്ദേഹത്തോട് രേവേര ആശുപത്രിയിൽ അഡ്മിറ്റാകാൻ പറഞ്ഞു. അവർ അദ്ദേഹത്തിന് ഒരു കത്ത് നൽകിയിട്ട് ആംബുലൻസ് ക്രമീകരിച്ചു. ഒരുപാട് മണിക്കൂറുകൾക്ക് ശേഷം അദ്ദേഹത്തിന് രേവേരയിൽ ഒരു കിടക്ക നൽകി”, ശിവ്റാം പറഞ്ഞു. പക്ഷെ ഡോക്ടർമാർ അദ്ദേഹത്തെ പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം കോവിഡ് കേന്ദ്രത്തിലാക്കി. അവിടെ 2 ദിവസത്തിനകം അദ്ദേഹത്തിന് 10-12 കുത്തിവയ്പുകൾ നൽകി. ഒരോ കുത്തിവയ്പിനും ശേഷം അദ്ദേഹത്തിന്‍റെ അവസ്ഥ വഷളായിക്കൊണ്ടിരുന്നു. അതുകൊണ്ട് അദ്ദേഹത്തെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ ഞങ്ങൾ ആലോചിക്കുകയായിരുന്നു. പക്ഷെ പാതിരാത്രിക്ക് ശേഷം [മെയ് 3-ന്] അദ്ദേഹത്തിന്‍റെ അവസ്ഥ ഗുരുതരമാവുകയും അവർ അദ്ദേഹത്തെ ഐ.സി.യുവിലേക്ക് മാറ്റുകയും ചെയ്തു. അദ്ദേഹം മരിച്ചുവെന്ന് രണ്ട് മണിക്കൂറുകൾക്കകം അദ്ദേഹത്തിന്‍റെ ഭാര്യയോട് അവർ പറഞ്ഞു.”
ഞാൻ ആശുപത്രിയിലെ ഡോക്ടർമാരെ ബന്ധപ്പെടാൻ ശ്രമിച്ചു, പക്ഷെ സാധിച്ചില്ല.
മംഗേശ് പാഗി അദ്ദേഹത്തിന്‍റെ ഏഴംഗ കുടുംബത്തെ (മാതാപിതാക്കൾ, മീന, 4 പെൺമക്കൾ - 19, 17, 11, 7 എന്നിങ്ങനെ പ്രായം) തനിച്ചാക്കി പോയി. ഒരു കർഷകനായിരുന്ന അദ്ദേഹം കുടുംബവക ഒരേക്കർ സ്ഥലത്ത് നെല്ല്, ഗോതമ്പ്, ബജ്റ എന്നിവ കൃഷി ചെയ്താണ് വരുമാനം കണ്ടെത്തിയത്. കാത്കാരി ആദിവാസി സമുദായത്തിൽ പെടുന്ന കുടുബമാണിത്. ഇപ്പോൾ ഈ കുടുംബം മീനയുടെ വേതനത്തെ മാത്രം ആശ്രയിക്കുന്നു. അടുത്തുള്ള തോട്ടങ്ങളിൽ അവർ പ്രതിദിനം 150-200 രൂപയ്ക്ക് പണിയെടുക്കുന്നു. "ഞങ്ങളുടെ ഗ്രാമത്തിൽ രണ്ടു മാസത്തിലധികമായി പണിയൊന്നുമില്ല [മഹാമാരിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ മൂലം]. നേരത്തെ തന്നെ അവർ പണത്തിന് ബുദ്ധിമുട്ടുകയായിരുന്നു. ഞങ്ങൾക്കറിയില്ല ഇപ്പോൾ അവരെങ്ങനെ കാര്യങ്ങൾ നീക്കുന്നുവെന്ന്”, ശിവ്റാം പറഞ്ഞു.
വാമനും മംഗേശിനും ആശുപത്രി കിടക്കകളെങ്കിലും ലഭ്യമാക്കാൻ സാധിച്ചപ്പോൾ ശ്യാം മാഡിക്ക് അത് സമയത്ത് ലഭിച്ചില്ല. കഴിഞ്ഞ ഏപ്രിൽ അവസാന വാരം 28-കാരനായ ശ്യാമിന് കടുത്ത പനിയുണ്ടായി. വിക്രംഗഡ് താലൂക്കിലെ യശ്വന്ത് നഗർ ഗ്രാമത്തിലാണ് അദ്ദേഹത്തിന്‍റെ വീട്. "ഞങ്ങളദ്ദേഹത്തെ ഒരു പ്രാദേശിക [സർക്കാർ] ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെവച്ച് അദ്ദേഹത്തിന് മരുന്ന് നൽകുകയും തുടർന്ന് അവസ്ഥ മെച്ചപ്പെടുകയും ചെയ്തു. ഡോക്ടർ കുറച്ച് പരിശോധനകൾ നിർദ്ദേശിച്ചു. പക്ഷെ വിക്രംഗഡിലെ ഒരേയൊരു പാത്തോളജി ലാബ് അടച്ചിരുന്നു. രണ്ടു ദിവസങ്ങൾക്കു ശേഷം ഒരു രാത്രി 3 മണിക്ക് അദ്ദേഹം ശ്വാസമെടുക്കുന്നതിന് ബുദ്ധിമുട്ടാൻ തുടങ്ങി”, മഹേശ് മോരഗ പറഞ്ഞു. ഏപ്രിൽ 26-ന് അതിരാവിലെ തന്‍റെ ഭാര്യ സുമിത്രയുടെ സഹോദരന് എന്ത് സംഭവിച്ചുവെന്ന് ഓർത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു അദ്ദേഹം.
"ഞങ്ങളവനെ ആദ്യം [വിക്രംഗഡിലെ] മറ്റൊരു സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവനെ കോവിഡ് കേന്ദ്രത്തിലേക്ക് കൊണ്ടു പോകാൻ അവിടുന്ന് ഞങ്ങളോടു പറഞ്ഞു. അവനപ്പോഴും ശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ഒരു സ്വകാര്യ ആശുപത്രിയിൽ നിന്നും ഞങ്ങളൊരു ആംബുലൻസ് തരപ്പെടുത്തി. അതിൽ കുറച്ച് ഓക്സിജൻ ഉണ്ടായിരുന്നു. പക്ഷെ അവനുവേണ്ടി ഒരു കിടക്ക ഞങ്ങൾക്ക് രേവേരയിൽ ലഭിച്ചില്ല. ഞങ്ങൾ അപേക്ഷിച്ചുനോക്കി. പക്ഷെ ഡോക്ടർമാർ പറഞ്ഞു എല്ലാം ഉപയോഗത്തിലാണെന്ന്”, മഹേശ് പറഞ്ഞു. രേവേര ആശുപത്രിയിൽ കിടക്ക തരപ്പെടുത്താനായുള്ള ഈ ആദ്യശ്രമം രാവിലെ ഏകദേശം 8 മണിക്കായിരുന്നു.
പാർഘർ ജില്ലയിലെ 8 താലൂക്കുകളിലായി (ഡഹാണു, ജവ്ഹാർ, മോഖാഡ, പാൽഘർ, തലാസരി, വസയി, വിക്രംഗഡ്, വാഡാ) വസിക്കുന്ന 3 ദശലക്ഷം ആളുകൾക്കു വേണ്ടി ഹാതണെ ഗ്രാമത്തിലെ രേവേര ഉൾപ്പെടെ 12 കോവിഡ് ആശുപത്രികളാണ് പ്രവർത്തിക്കുന്നത്. ഈ എല്ലാ ആശുപത്രികളിലുമായി ആകെ 2,284 ഐസൊലേഷൻ കിടക്കകളും 599 ഓക്സിജൻ കിടക്കകളും 42 ഐ.സി.യു. കിടക്കകളും 75 വെന്‍റിലേറ്ററുകളുമാണുള്ളത്. ജില്ല ഭരണകൂടത്തിന്‍റെ വെബ്സൈറ്റ് കാണിക്കുന്നത് ഏതാണ്ട് പകുതിയോളം ഐസൊലേഷൻ കിടക്കകളും 73 ഓക്സിജൻ കിടക്കകളും മെയ് 12-ന് ലഭ്യമായിരുന്നു എന്നാണ്. പക്ഷെ ഐ.സി.യു. കിടക്ക ഒന്നും വെന്‍റിലേറ്ററുകൾ മൂന്നും മാത്രമെ അന്ന് ലഭ്യമായിരുന്നുള്ളൂ.
ഇതുവരെ ജില്ലയിൽ രേഖപ്പെടുത്തിയിട്ടുള്ളത് ഒരുലക്ഷത്തിനടുത്ത് (99,539) കോവിഡ് പോസിറ്റീവ് കേസുകളും 1,792 മരണങ്ങളുമാണ്.
ശ്യാമിനായി എങ്ങനെയെങ്കിലും ഒരു കിടക്ക കണ്ടെത്തുന്നതിനു വേണ്ടിയുള്ള അന്വേഷണത്തിൽ അദ്ദേഹത്തിന്‍റെ മറ്റൊരു സഹോദരിയായ പൂജയുടെ ഭർത്താവ് പങ്കജ് പാട്‌കർ ഒരു പ്രാദേശിക സി.പി.എം. പ്രവർത്തകനോട് ചേര്‍ന്ന് പാൽഘർ ജില്ലയിലെ വാഡാ പട്ടണത്തിൽ നിന്നും ഒരു ഓക്സിജൻ സിലിണ്ടർ സംഘടിപ്പിച്ചു. "ആംബുലൻസിലെ ഓക്സിജൻ തീരാറായിരുന്നു, ഞങ്ങൾക്ക് മറ്റൊരെണ്ണം കിട്ടി”, ഫോണിലൂടെ എന്നോട് സംസാരിക്കുമ്പോൾ പങ്കജ് പറഞ്ഞു. "ഞങ്ങളവനെ [ഏകദേശം 40 കിലോമീറ്റർ അകലെ] ബോയിസറിലുള്ള ഒരു കോവിഡ് കേന്ദ്രത്തിലെത്തിച്ചു. അവർ ഒരു സി.റ്റി. സ്കാൻ പോലും ചെയ്തു. പക്ഷെ അവിടെയും ഞങ്ങൾക്ക് കിടക്ക ലഭിച്ചില്ല. ഭിവണ്ടിയിലും താനെയിലുമുള്ള ഏതെങ്കിലും ആശുപത്രികളിൽ ഒരു കിടക്ക ലഭിക്കുമോയെന്ന് ഞങ്ങൾ ബുദ്ധിമുട്ടി ശ്രമിച്ചുനോക്കി.” വിക്രംഗഡിൽനിന്നും 100 കിലോമീറ്റർ പരിധിക്കുള്ളിൽ സ്ഥിതിചെയ്യുന്ന സ്ഥലങ്ങളാണ് ഇതെല്ലാം.
"പക്ഷെ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. തിരിച്ചവനെ രേവേര ആശുപത്രിയിൽ ആക്കുകയും ചെയ്തു. രേവേരയിൽ കിടക്ക കണ്ടെത്താനുള്ള ഈ രണ്ടാമത്തെ ശ്രമം നടന്നത് ഉച്ചകഴിഞ്ഞ് ഏതാണ്ട് മൂന്ന് മണിയോടെയാണ് – ആദ്യത്തെ ശ്രമത്തിനു ശേഷം ഏതാണ്ട് 7 മണിക്കൂറുകൾക്കു ശേഷം. ആംബുലൻസ് കൂലി നൽകാനുള്ള 8,000 രൂപയ്ക്ക് വേണ്ടി കുടുംബം (അവർ ഠാക്കൂർ ആദിവാസി സമുദായത്തിൽ പെടുന്നു) ബന്ധുക്കളോട് കടം വാങ്ങി.
"ശ്യാമിനെ അഡ്മിറ്റ് ആക്കാൻ അവിടെയുള്ള ഡോക്ടർമാരോട് ഞങ്ങൾ അപേക്ഷിച്ചു കൊണ്ടിരിക്കുമ്പോൾ അവൻ അന്ത്യശ്വാസം വലിച്ചു”, പങ്കജ് പറഞ്ഞു.
"അവന് ശ്വസിക്കാൻ കഴിയില്ലായിരുന്നു”, ശ്യാമിന്‍റെ സഹോദരി സുമിത്ര മോരഘ കൂട്ടിച്ചേർത്തു. “അവനെ ആശുപത്രികളിൽ എടുത്തു, പക്ഷെ ഒരാശുപത്രിയും അവന് കിടക്കയൊന്നും നൽകിയില്ല. ആരും അവന് ഓക്സിജനും നൽകിയില്ല. എന്‍റെ സഹോദരന് ശ്വസിക്കാൻ പാടായിരുന്നു. അവന്‍റെ നവവധു ദിവസങ്ങളായി ഒന്നും കഴിച്ചിട്ടില്ല. പോയി അവളെ നോക്കൂ, അവൾ ആഘാതത്തിലാണ്.”
ഒരു പ്രാദേശിക ഓട്ടോമോട്ടീവ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന ശ്യാം രണ്ട് മാസങ്ങൾക്ക് മുമ്പ് മാത്രമാണ് വിവാഹിതനായത്. യശ്വന്ത്നഗർ ഗ്രാമത്തിലെ മാതാപിതാക്കളുടെ വീട്ടിൽ തിരിച്ചെത്തിയ, അദ്ദേഹത്തിന്‍റെ നവവധുവായ ഭാര്യ 24 കാരിയായ രൂപാലി വരാന്തയിൽ ഇരുണ്ട പിങ്ക് നിറത്തിലുള്ള കസേരയിൽ ഇരിക്കുന്നു. വീണു പോവില്ലെന്ന് ഉറപ്പാക്കിക്കൊണ്ട് സഹോദരിയാണ് അവരെ നോക്കുന്നത്. ഭർത്താവ് മരിച്ചതിനുശേഷം കഷ്ടിച്ചാണ് അവർ എന്തെങ്കിലും കഴിച്ചിട്ടുളത്. വേദനയോടെ അവർ ഇങ്ങനെ പറയുകയും ചെയ്തു: "ഞങ്ങൾ ഓക്സിജനു വേണ്ടി ഒരുപാട് യാചിച്ചു. ഓക്സിജനായിരുന്നു അദ്ദേഹത്തിന് വേണ്ടിയിരുന്നത്. നിങ്ങൾക്കെന്തെങ്കിലും സംഭവിച്ചാൽ മുംബൈ നഗരത്തിൽ നിങ്ങൾക്ക് വലിയ ആശുപത്രികളുണ്ട്. പക്ഷെ ഞങ്ങൾ ഗ്രാമീണർക്ക് ആര് ഓക്സിജൻ നൽകാൻ?"
പരിഭാഷ: റെന്നിമോന്‍ കെ. സി.