പാടത്തേക്ക് കടന്നപ്പൊൾ നാംദേവ് നടത്തം അല്പം സാവധാനത്തിലാക്കി. 48 വയസ്സുള്ള ആ കർഷകൻ കുനിഞ്ഞ്, നിലത്ത് ചതഞ്ഞരഞ്ഞ്, ഇലകൾ തിന്നുകഴിഞ്ഞ പയർച്ചെടികൾ ശ്രദ്ധിച്ചുനോക്കി. 2022 ഫെബ്രുവരിയിലെ തണുത്ത സുഖമുള്ള പ്രഭാതമായിരുന്നു അത്. ആകാശത്ത് സൂര്യന് അധികം ചൂടുണ്ടായിരുന്നില്ല

“ഓ, പുതിയൊരുതരം വരൾച്ചയാണ്”, ചുരുങ്ങിയ വാക്കുകളിൽ അദ്ദേഹം പറയുന്നു

തരളെയുടെ ഭയങ്ങളേയും മടുപ്പിനേയും പ്രതിഫലിപ്പിക്കുന്ന വാക്യമായിരുന്നു അത്. മൂന്ന് മാസത്തെ അദ്ധ്വാനത്തിനുശേഷം വിളവെടുക്കാൻ തയ്യാറായ തുവരപ്പരിപ്പും പയറുകളും നഷ്ടപ്പെടുന്നതിനെക്കുറിച്ചുള്ള ആധിയിലാണ് അഞ്ചേക്കർ ഭൂമി സ്വന്തമായുള്ള ഈ കർഷകൻ. 25 വർഷത്തെ തന്റെ കാർഷികജീവിതത്തിനിടയിൽ വിവിധതരം വരൾച്ചകൾക്ക് ഈ കർഷകൻ സാക്ഷിയായിട്ടുണ്ട്. മഴ പെയ്യാതിരിക്കുകയോ അമിതമായി പെയ്യുകയോ ചെയ്യുന്ന കാലാവസ്ഥാപരമായ വരൾച്ച, ഭൂഗർഭജലം ഭയപ്പെടുത്തുന്നവിധം താഴുമ്പോഴുള്ള ജലസംബന്ധമായ വരൾച്ച, മണ്ണിലെ ഈർപ്പം നഷ്ടമാവുന്നതിലൂടെയുണ്ടാവുന്ന കാർഷികമായ വരൾച്ച.

നല്ലൊരു വിളവ് കിട്ടി എന്ന് ആശ്വസിക്കുമ്പോഴാവും, നാലുകാലിൽ വരുന്ന ഈ ദുരന്തം പാടത്തിനുമീതെ പറന്നുവന്ന് വിളകളെ ഇഞ്ചിഞ്ചായി തകർക്കുക എന്ന് ദേഷ്യത്തോടെ പറയുന്നു തരളെ.

“പകൽ‌സമയത്ത് കുളക്കോഴികളും മുയലുകളും; രാത്രിയായാൽ, മാനുകളും മ്ലാവുകളും, നീൽഗായികളും പന്നികളും, പുലികളും“, അദ്ദേഹം പട്ടിക നിരത്തി.

“വിതയ്ക്കാനേ ഞങ്ങൾക്കറിയൂ, ഞങ്ങളുടെ വിളകൾ സംരക്ഷിക്കാനറിയില്ല“, പരാജിതന്റെ ശബ്ദത്തിൽ അദ്ദേഹം പറയുന്നു. പരുത്തി, സോയാബീൻ എന്നിവയ്ക്ക് പുറമേ, ചോളം, അരിച്ചോളം, പയർവർഗ്ഗങ്ങൾ എന്നിവയും അദ്ദേഹം പതിവായി കൃഷിചെയ്യുന്നു.

Namdeo Tarale of Dhamani village in Chandrapur district likens the wild animal menace to a new kind of drought, one that arrives on four legs and flattens his crop
PHOTO • Jaideep Hardikar
Namdeo Tarale of Dhamani village in Chandrapur district likens the wild animal menace to a new kind of drought, one that arrives on four legs and flattens his crop
PHOTO • Jaideep Hardikar

വന്യമൃഗങ്ങളുടെ ആക്രമണത്തെ നാലുകാലിൽ വന്ന് വിളകളെ നശിപ്പിക്കുന്ന വരൾച്ചയോടാണ് ചന്ദ്രപുർ ജില്ലയിലെ ധാമണി ഗ്രാമത്തിലുള്ള നാംദേവ് തരളെ ഉപമിക്കുന്നത്

Farmer Gopal Bonde in Chaprala village says, ''When I go to bed at night, I worry I may not see my crop the next morning.'
PHOTO • Jaideep Hardikar
Bonde inspecting his farm which is ready for winter sowing
PHOTO • Jaideep Hardikar

ഇടത്ത്: ചപ്രാല ഗ്രാമത്തിലെ ഗോപാൽ ബോണ്ടെ എന്ന കർഷകൻ പറയുന്നു, ‘രാത്രി കിടക്കാൻ പോവുമ്പോൾ, നാളെ രാവിലെ വിളവുകൾ കാണാൻ പറ്റുമോ എന്ന പേടിയിലാണ് ഞാൻ’. വലത്ത്: തണുപ്പുകാലത്തെ നടീലിന് തയ്യാറായിനിൽക്കുന്ന പാടം പരിശോധിക്കുന്ന ബോണ്ടെ

മഹാരാഷ്ട്രയിലെ ധാതുസമ്പന്നവും വനസമ്പന്നവുമായ ചന്ദ്രപുർ ജില്ലയിലെ ധാമണി ഗ്രാമത്തിലെ കുപിതരായ കർഷകരിൽ ഒരാൾ മാത്രമാണ് തരളെ. തഡോബ കടുവസങ്കേതത്തിന് ചുറ്റുവട്ടത്തുള്ള ഗ്രാമങ്ങളിലേയും മഹാരാഷ്ട്രയിലെ മറ്റ് ഭാഗങ്ങളിലേയും നിരവധി കർഷകർ ഇതേ അളവിൽ ദേഷ്യവും നിരാശയുംകൊണ്ട് പുകയുന്നു.

തരളെയുടെ കൃഷിയിടത്തിൽനിന്ന് ഏകദേശം 25 കിലോമീറ്റർ അകലെ, ചപ്രാല ഗ്രാമത്തിലുള്ള (2011 സെൻസസ് പ്രകാരം, ചിപ്രാല) 40 വയസ്സുള്ള ഗോപാൽ ബോണ്ടെയ്ക്കും മനസ്സ് മടുത്തുകഴിഞ്ഞു. പകുതി സ്ഥലത്ത് പയർച്ചെടികൾ നട്ട അദ്ദേഹത്തിന്റെ പത്തേക്കർ പാടം 2022 ഫെബ്രുവരിയിൽ പൂർണ്ണമായി നശിച്ചു. ആരോ മനപ്പൂർവ്വം ചെയ്തതുപോലെ, അവിടെയവിടെയായി പാടം കിളച്ചുമറിച്ചിരിക്കുന്നു. ചെടികൾ വേരോടെ പിഴുതുമാറ്റിയും, പയറുകൾ തിന്നും സർവ്വത്ര നാശമായി.

“രാത്രി കിടക്കാൻ പോവുമ്പോൾ, രാവിലെ വിളവ് കാണാൻ പറ്റില്ലെന്ന പേടിയാണ് എനിക്ക്”, 2023 ജനുവരിയിൽ ബൊണ്ടെ പറഞ്ഞു. അതുകൊണ്ട്, രാത്രി രണ്ടുതവണയെങ്കിലും അദ്ദേഹം ബൈക്കെടുത്ത് പാടത്ത് പോവും. മഴയത്തും തണുപ്പിലും. പല ദിവസങ്ങളിലും ഉറക്കമില്ലാത്തതുകൊണ്ട് ഇടയ്ക്കിടയ്ക്ക് അസുഖങ്ങൾ പിടിപെടുന്നുണ്ട് ബോണ്ടെയ്ക്ക്. വേനൽക്കാലത്ത്, പാടത്ത് വിളവൊന്നുമില്ലെങ്കിലേ രാത്രിയിലുള്ള വരവ് അദ്ദേഹം ഒഴിവാക്കൂ. അല്ലാത്ത സമയങ്ങളിലൊക്കെ, പ്രത്യേകിച്ച് വിളവെടുപ്പുകാലങ്ങളിൽ രാത്രി പാടത്ത് ചുറ്റിനടക്കുമെന്ന്, ഒരു തണുത്ത പ്രഭാതത്തിൽ, വീട്ടുമുറ്റത്തെ കസേരയിൽ ചാഞ്ഞിരുന്നുകൊണ്ട് അദ്ദേഹം സൂചിപ്പിച്ചു. ഒരുവർഷം കഴിഞ്ഞ് കാണുകയായിരുന്നു ഞങ്ങൾ തമ്മിൽ.

വർഷം മുഴുവൻ വന്യമൃഗങ്ങൾ കൃഷിയിടത്തിലെത്തും. തണുപ്പുകാലത്ത്, പാടങ്ങൾ പച്ചപുതച്ചിരിക്കുമ്പോഴും മഴക്കാലത്ത്, ചെടികൾ പുതുതായി നാമ്പെടുക്കുമ്പോഴും. വേനൽക്കാലത്താകട്ടെ, അവ എല്ലാം ചികഞ്ഞ് നശിപ്പിക്കും. വെള്ളം പോലും.

അതിനാൽ, ‘രാത്രികളിൽ സജീവമായി ആക്രമണം നടത്തുന്ന“ പതുങ്ങിയിരിക്കുന്ന വന്യമൃഗങ്ങളെയും, മൃഗങ്ങൾ വിളവ് നശിപ്പിച്ചാലുണ്ടാവുന്ന ‘പ്രതിദിനമുള്ള വെറും ആയിരക്കണക്കിന് രൂപയുടെ’ നഷ്ടത്തെയും ഒരുപോലെ നേരിടേണ്ടിവരുന്നു ബോണ്ടെയ്ക്ക്. പതുങ്ങിവരുന്ന വന്യമൃഗങ്ങൾ കന്നുകാലികളേയും കൊന്നൊടുക്കുന്നു. കഴിഞ്ഞ പത്തുകൊല്ലത്തിനിടയ്ക്ക് കടുവകളുടെ ആക്രമണത്തിൽ അയാൾക്ക് രണ്ട് ഡസൻ പശുക്കളെ നഷ്ടമായിട്ടുണ്ട്. എല്ലാ വർഷവും ഗ്രാമത്തിൽ 20 കന്നുകാലികളെങ്കിലും കടുവയുടെ ആക്രമണത്തിൽ ചാവുന്നുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. മനുഷ്യർക്കുപോലും ഗുരുതരമായ പരിക്കുകളും ജീവനഷ്ടവും ഉണ്ടാവാറുണ്ട് ഇത്തരം ആക്രമണങ്ങളിൽ.

The thickly forested road along the northern fringes of the Tadoba Andhari Tiger Reseve has plenty of wild boars that are a menace for farmers in the area
PHOTO • Jaideep Hardikar
PHOTO • Jaideep Hardikar

തഡോബ അന്ധാരി കടുവസങ്കേതത്തിന്റെ വടക്കൻ അതിരുകളിലുള്ള കാട്ടുപാതകളിൽ പ്രദേശത്തെ കർഷകർക്ക് ഭീഷണിയായി, അസംഖ്യം കാട്ടുപന്നികളുമുണ്ട്

മഹാരാഷ്ട്രയിലെ ദേശീയോദ്യാനങ്ങളിലും വന്യജീവി സങ്കേതങ്ങളിലുംവെച്ച് ഏറ്റവും പഴക്കം ചെന്നതും വലുതുമായ ടി.എ.ടി.ആറിൽ, തഡോബ ദേശീയോദ്യാനവും സമീപത്തുള്ള അന്ധാരി വന്യജീവിസങ്കേതവും ഉൾപ്പെടുന്നു. ചന്ദ്രപുർ ജില്ലയുടെ മൂന്ന് തെഹ്സിലുകളിലായി 1,727 ചതുരശ്ര കിലോമീറ്ററിലാണ് അത് വ്യാപിച്ചുകിടക്കുന്നത്. മനുഷ്യ-മൃഗ സംഘർഷത്തിന്റെ പ്രധാനകേന്ദ്രമാണത്. ടി.എ.ടി.ആർ. ഉൾപ്പെടുന്ന മധ്യേന്ത്യൻ പീഠഭൂഭാഗങ്ങൾ “കടുവകളുടെ എണ്ണത്തിൽ വലിയ വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുകയും 1,161-ഓളം വ്യത്യസ്തയിനം കടുവകൾ ചിത്രീകരിക്കപ്പെടുകയും’ ചെയ്ത സ്ഥലമാണ്. 2018-ൽ കടുവകളുടെ എണ്ണം 1,033 ആയിരുന്നുവെന്ന്, 2022-ലെ എൻ.ടി.സി.എ. റിപ്പോർട്ട് സൂചിപ്പിക്കുന്നു.

സംസ്ഥാനത്തിലെ 315-ലധികം വരുന്ന കടുവകളിൽ കൂടുതലും തഡോബയിലാണ്. 82 എണ്ണം. നാഷണൽ ടൈഗർ കൺസർവേഷൻ ഒഥോറിറ്റിയുടെ 2018-ലെ റിപ്പോർട്ടിലാണ് ഈ കണക്കുള്ളത്.

വിദർഭവരെയുള്ള ഈ ഭാഗത്തെ നിരവധി ഗ്രാമങ്ങളിലുള്ള, തരളെയെയും ബോണ്ടെയെയുംപോലെ കൃഷിയല്ലാതെ മറ്റൊരു ഉപജീവനമാർഗ്ഗമില്ലാത്ത കർഷകർ, വന്യമൃഗങ്ങളെ ചെറുക്കാൻ പല സൂത്രവിദ്യകളും പ്രയോഗിച്ചിട്ടുണ്ട്. ഷോക്കുത്പാദിപ്പിക്കുന്ന സോളാർ ബാറ്ററി ഉപയോഗിച്ചുള്ള വേലികൾ സ്ഥാപിക്കുക, വിലകുറഞ്ഞതും വർണ്ണാഭവുമായ നൈലോൺ സാരികൊണ്ട് കൃഷിയിടങ്ങളും കാടുകളുടെ അതിർത്തികൾപോലും മറയ്ക്കുക, പടക്കം പൊട്ടിക്കുക, നായക്കൂട്ടങ്ങളെ കാവലിനേൽ‌പ്പിക്കുക, മൃഗങ്ങളുടെ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന ഏറ്റവും പുതിയ ചൈനീസ് ഗാഡ്ജറ്റുകൾ പ്രവർത്തിപ്പിക്കുക, എന്നിങ്ങനെ പലതും.

ഒന്നും ഫലവത്തായില്ലെന്ന് മാത്രം.

വിനോദസഞ്ചാരകേന്ദ്രവും ഇന്ത്യയിലെ സംരക്ഷിത കടുവകളുടെ സുപ്രധാനകേന്ദ്രവും, വരണ്ടതും ഇലകൾ കൊഴിഞ്ഞതുമായ കാടാണ് ടി.എ.ടി.ആറിന്റെ കരുതൽ‌മേഖല. അതിന്റെ സമീപത്തുള്ള ഗ്രാമങ്ങളാണ് ബോണ്ടെയുടെ ചപ്രാലയും തരളെയുടെ ധാമണിയും. സംരക്ഷിതവനങ്ങളുടെ കേന്ദ്രഭാഗത്തോടടുത്തുള്ള പ്രദേശമായതിനാൽ കർഷകർക്ക് സ്ഥിരമായി വന്യജീവി ആക്രമണം നേരിടേണ്ടിവരുന്നുണ്ട്. മനുഷ്യവാസമുള്ള ഒരു സ്ഥലവും, അതിനുചുറ്റും സംരക്ഷിതവനത്തിന്റെ കേന്ദ്രഭാഗവും ഉൾപ്പെടുന്നതാണ് കരുതൽമേഖല. സംരക്ഷിതവനത്തിന്റെ കേന്ദ്രഭാഗത്ത് മനുഷ്യർക്ക് കടക്കാനോ പ്രവൃത്തികൾ ചെയ്യാനോ അവകാശമില്ല. സംസ്ഥാനത്തിന്റെ വനം‌വകുപ്പിന്റെ അധികാരത്തിലാണ് ആ സ്ഥലം.

In Dhamani village, fields where jowar and green gram crops were devoured by wild animals.
PHOTO • Jaideep Hardikar
Here in Kholdoda village,  small farmer Vithoba Kannaka has used sarees to mark his boundary with the forest
PHOTO • Jaideep Hardikar

ഇടത്ത്: ധാമണി ഗ്രാമത്തിലെ പാടങ്ങളിൽ കൃഷിചെയ്യുന്ന പയർ, ചോളം എന്നിവ വന്യമൃഗങ്ങൾ തിന്നുന്നു. വലത്ത്: ഇവിടെ ഘോൽദോഡ ഗ്രാമത്തിൽ, വിതോബ കണ്ണക എന്ന ചെറുകിട കർഷകൻ, സാരി ഉപയോഗിച്ച്, കാടുമായുള്ള തന്റെ അതിർത്തി വേർതിരിച്ചുവെച്ചിരിക്കുന്നു

Mahadev Umre, 37, is standing next to a battery-powered alarm which emits human and animal sounds to frighten raiding wild animals.
PHOTO • Jaideep Hardikar
Dami is a trained dog and can fight wild boars
PHOTO • Jaideep Hardikar

ഇടത്ത്: വന്യമൃഗങ്ങളെ ഭയപ്പെടുത്താനായി, മനുഷ്യശബ്ദവും വന്യമൃഗശബ്ദവും പുറപ്പെടുവിക്കുന്ന ബാറ്ററികൊണ്ട് പ്രവർത്തിക്കുന്ന മുന്നറിയിപ്പ് യന്ത്രത്തിന്റെ സമീപത്ത് നിൽക്കുന്ന 37 വയസ്സുള്ള മഹാദേവ് ഉമ്രെ

ചന്ദ്രപുർ ഉൾപ്പെടെ, 11 ജില്ലകൾ ഉൾപ്പെടുന്ന കിഴക്കൻ മഹാരാഷ്ട്രയിലെ വിദർഭ മേഖലയിൽ സ്ഥിതി കൂടുതൽ ഭയാനകമാണ്. കടുവകളും മറ്റ് വന്യമൃഗങ്ങളും വാഴുന്ന, ഇന്ത്യയിലെ ബാക്കിവന്ന ചുരുക്കം ചില സംരക്ഷിതവനങ്ങൾ വിദർഭയിലാണുള്ളത്. ഗ്രാമീണ കുടുംബങ്ങളിൽ ഏറ്റവുമധികം കടബാധ്യതയും കർഷക ആത്മഹത്യകളുമുള്ള പ്രദേശവുമാണ് വിദർഭ.

2022-ൽ മാത്രം ചന്ദ്രപുർ ജില്ലയിലെ കടുവകളും പുലികളും 53 ആളുകളുടെ ജീവൻ അപഹരിച്ചിട്ടുണ്ടെന്ന് മഹാരാഷ്ട്ര വനംവകുപ്പ് മന്ത്രി സുധീർ മുംഗൻടിവാർ പ്രസ്താവിക്കുകയുണ്ടായി. സംസ്ഥാനത്ത്, പ്രത്യേകിച്ചും ടി.എ.ടി.ആർ മേഖലയിൽ - കഴിഞ്ഞ രണ്ട് ദശാബ്ദങ്ങൾക്കുള്ളിൽ, വന്യജീവികളുടെ ആക്രമണത്തിൽ മരിച്ചവരുടെ സംഖ്യ ഏകദേശം 2,000 ആണ്. കടുവകൾ, കരടികൾ, കാട്ടുപന്നികൾ തുടങ്ങിയവയുടെ ആക്രമണമാണ് മുഖ്യമായും ഉണ്ടായത്. ‘പ്രശ്നക്കാരായ’ 15-20 കടുവകളെ – മനുഷ്യരെ ആക്രമിച്ച ഒറ്റപ്പെട്ട കടുവകളെ – നിർവീര്യമാക്കേണ്ടിവന്നു. മനുഷ്യ-മൃഗ സംഘർഷത്തിന്റെ ഈറ്റില്ലമാണ് ചന്ദ്രപുർ എന്നതിന്റെ തെളിവാണ് ഇത്. വന്യമൃഗ ആക്രമണത്തിൽ പരിക്കേറ്റവരുടെ കൃത്യമായ കണക്ക് ലഭ്യമല്ല.

പുരുഷന്മാർക്ക് മാത്രമല്ല, വന്യമൃഗങ്ങളെ എതിരിടേണ്ടിവരുന്നത്. സ്ത്രീകൾക്കും അത് അനുഭവിക്കേണ്ടിവരുന്നു.

“ഞങ്ങൾ ഭയന്നാണ് ജോലി ചെയ്യുന്നത്”, നാഗ്പുർ ജില്ലയിലെ ബെല്ലാർപുർ ഗ്രാമത്തിലെ അമ്പതുകളിലെത്തിനിൽക്കുന്ന ഗോത്ര കർഷകയായ അർച്ചനാബായി ഗെയ്ൿ‌വാഡ് പറയുന്നു. തന്റെ പാടത്ത് പലപ്പോഴും ഒരു കടുവയെ അവർ കണ്ടിട്ടുണ്ട്. “സാധാരണയായി, കടുവയോ പുലിയോ ചുറ്റുവട്ടത്തുണ്ട് എന്നറിഞ്ഞാൽ ഞങ്ങൾ പാടത്തുനിന്ന് ഓടിപ്പോവും”.

*****

“പാടത്ത് പ്ലാസ്റ്റിക്ക് കൃഷി ചെയ്താൽ, അതുപോലും വന്യമൃഗങ്ങൾ കഴിച്ചെന്ന് വരും”.

ഗോണ്ടിയ, ബുൽഢാന, ഭാന്തര, നാഗ്പുർ, വാർധ, വാശിം, യവത്‌മാൽ ജില്ലകളിൽവെച്ച് കർഷകരുമായി നടത്തിയ അനൌപചാരികമായ സംഭാഷണം പലപ്പോഴും ചൂട് പിടിച്ചു. ഈ കാലത്ത്, വന്യമൃഗങ്ങൾ ഇളം പരുത്തിയുണ്ടകൾപോലും ഭക്ഷിക്കാറുണ്ടെന്ന്, വിദർഭ മേഖലയിലൂടെ സഞ്ചരിച്ച ഈ ലേഖകനോട് അവ പറഞ്ഞു.

Madhukar Dhotare, Gulab Randhayee, and Prakash Gaikwad (seated from left to right) are small and marginal farmers from the Mana tribe in Bellarpar village of Nagpur district. This is how they must spend their nights to keep vigil against wild boars, monkeys, and other animals.
PHOTO • Jaideep Hardikar
Vasudev Narayan Bhogekar, 50, of Chandrapur district is reeling under crop losses caused by wild animals
PHOTO • Jaideep Hardikar

ഇടത്ത്: മധുകർ ധോത്രെ, ഗുലാബ് രംധായി, പ്രകാശ് ഗെയ്ൿവാഡ് (ഇടത്തുനിന്ന് വലത്തോട്ട് ഇരിക്കുന്നവർ) എന്നിവർ, നാഗ്പുർ ജില്ലയിലെ ബെല്ലാർപർ ഗ്രാമത്തിൽനിന്നുള്ള മാന ഗോത്രക്കാരായ ചെറുകിട, ഇടത്തരം കർഷകരാണ്. കാട്ടുപന്നികൾ, കുരങ്ങന്മാർ തുടങ്ങിയ മൃഗങ്ങൾ വരാതിരിക്കാൻ രാത്രികളിൽ ഈവിധത്തിലാണ് ഇവർ കാവലിരിക്കുന്നത്. വലത്ത്: വന്യമൃഗങ്ങൾമൂലമുണ്ടായ വിളനഷ്ടത്തിൽ ദുരിതമനുഭവിക്കുകയാണ് ചന്ദ്രപുർ ജില്ലയിലെ 50 വയസ്സുള്ള നാരായൺ ഭോഗേക്കർ

“വിളവെടുപ്പുകാലത്ത് ഞങ്ങൾ മറ്റൊന്നും ചെയ്യാതെ, വിളവ് സംരക്ഷിക്കാൻ രാത്രിയും പകലും പാടത്ത് താമസിക്കും. ഞങ്ങളുടെ ജീവൻ അപകടത്തിലായാലും സാരമില്ല എന്ന് കരുതും”, പ്രകാശ് ഗെയ്ക്ൿ‌വാഡ് എന്ന 50 വയസ്സുള്ള കർഷകൻ പറയുന്നു. നാഗ്പുർ ജില്ലയിൽ ടി.എ.ടി.ആറിന്റെ സമീപത്തുള്ള ഗ്രാമമായ ബെല്ലാർപാറയിലെ മാന സമുദായാംഗമാണ് പ്രകാശ്.

“അസുഖം വന്നാലും വിളവ് സംരക്ഷിക്കാൻ പാടത്ത് കഴിഞ്ഞേ പറ്റൂ, ഇല്ലെങ്കിൽ വിളവൊന്നും ബാക്കി കിട്ടില്ല”, ഗോപാൽ ബോണ്ടെ താമസിക്കുന്ന ചപ്രാലയിലെ 77 വയസ്സുള്ള ദത്തുജി തജാനെ പറയുന്നു. “ഒരുകാലത്ത്, ഒരു പേടിയുമില്ലാതെ കൃഷിയിടത്തിൽ ഞങ്ങൾ കഴിഞ്ഞിരുന്നു. ഇപ്പോൾ പറ്റില്ല. എല്ലായിടത്തും വന്യമൃഗങ്ങളുണ്ട്”.

കനാലുകൾ, കിണറുകൾ, കുഴൽക്കിണറുകൾ എന്നിവയിലൂടെ തങ്ങളുടെ ഗ്രാമങ്ങളിൽ ജലസേചനസൌകര്യങ്ങൾ വികസിക്കുന്നത്, ഇക്കഴിഞ്ഞ പതിറ്റാണ്ടിൽ തരളെയും ബോണ്ടെയും കണ്ടു. പരമ്പരാഗതമായ പരുത്തി, സോയാബീൻ കൃഷികൾക്കുപുറമേ, രണ്ടോ മൂന്നോ അധികവിളകളിലേക്ക് കൃഷിയെ വൈവിധ്യവത്ക്കരിക്കാൻ ഇത് അവരെ പ്രാപ്തരാക്കി.

എന്നാൽ ഇതിനൊരു മറുപുറവുമുണ്ട്. വിളവുകളുള്ള പച്ചപിടിച്ച പാടങ്ങൾ, മാനുകളും പോത്തുകളുമടക്കം സസ്യഭുക്കുകളായ മൃഗങ്ങൾക്ക് സമൃദ്ധമായ ഭക്ഷണത്തിനുള്ള വക നൽകുന്നു. സസ്യഭുക്കുകളായ മൃഗങ്ങൾ വരുന്നതിനോടൊപ്പം, മാംസഭുക്കുകളായ മൃഗങ്ങളും പിന്നാലെയെത്തുന്നു.

“ഒരുദിവസം, കുരങ്ങന്മാരായിരുന്നു ശല്യക്കാർ, മറ്റൊരു ദിവസം കാട്ടുപന്നികളും. എന്റെ ക്ഷമ പരീക്ഷിച്ച് അവ എന്നെ പരിഹസിക്കുന്നതുപോലെ തോന്നി എനിക്ക്”, തരളെ ഓർത്തെടുത്തു.

2022-ലെ ഒരു സെപ്റ്റംബറിൽ, കയ്യിൽ ഒരു മുളവടിയുമായി ബോണ്ടെ ഞങ്ങളെ തന്റെ കൃഷിയിടങ്ങൾ നടന്നുകാണിച്ചുതന്നു. സോയാബീനുകളും പരുത്തിയും മറ്റ് വിളകളും മുളച്ചുവരുന്നുണ്ടായിരുന്നു പാടങ്ങളിൽ. വീട്ടിൽനിന്ന് മൂന്ന് കിലോമീറ്റർ ദൂരത്ത്, 15 മിനുട്ടുകൊണ്ട് നടക്കാവുന്ന ദൂരമേയുണ്ടായിരുന്നുള്ളു അവിടേക്ക്. പാടത്തിന്റെ അതിർത്തിയിലുള്ള കൊടുംകാട്ടിൽനിന്ന് അതിനെ വേർതിരിക്കുന്ന ഒരു ചെറിയ അരുവിയുമുണ്ടായിരുന്നു. കാടിന്റെ നിശ്ശബ്ദത ഭയപ്പെടുത്തി.

Gopal Bonde’s farms bear tell-tale pug marks of wild animals that have wandered in – rabbits, wild boar and deer
PHOTO • Jaideep Hardikar
Gopal Bonde’s farms bear tell-tale pug marks of wild animals that have wandered in – rabbits, wild boar and deer
PHOTO • Jaideep Hardikar

ഗോപാൽ ബോണ്ടെയുടെ പാടത്ത്, മുയലുകളും, കാട്ടുപന്നികളും മാനുകളും അലഞ്ഞുനടന്നതിന്റെ പ്രത്യക്ഷമായ അടയാളങ്ങൾ പതിഞ്ഞുകിടന്നിരുന്നു

പാടത്ത് ചുറ്റിനടക്കുമ്പോൾ, നനഞ്ഞ കറുത്ത മണ്ണിൽ അവിടവിടെയായി നിരവധി കാട്ടുജീവികളുടെ കാലടിപ്പാടുകൾ പതിഞ്ഞുകിടന്നിരുന്നത് അദ്ദേഹം ഞങ്ങൾക്ക് കാണിച്ചുതന്നു. അവ വിസർജ്ജനം നടത്തിയതിന്റേയും വിളകൾ തിന്നതിന്റേയും, സോയാബീനുകളും പച്ചത്തളിരുകളും മാന്തി പുറത്തിട്ടതിന്റേയും ലക്ഷണങ്ങൾ ഞങ്ങൾ കണ്ടു.

“ഇനി പറയൂ, ഞാൻ എന്താണ് ചെയ്യേണ്ടത്?”, ബോണ്ടെ ചോദിച്ചു.

*****

കേന്ദ്രസർക്കാരിന്റെ പ്രൊജക്ട് ടൈഗർ പദ്ധതിയുടെ ഭാഗമെന്ന നിലയിൽ, തഡോബയിലെ കാടുകൾ കടുവാ സംരക്ഷണത്തിന്റെ മുഖ്യ ശ്രദ്ധാകേന്ദ്രമാണെങ്കിലും, ഹൈവേകളുടേയും ജലസേചന കനാലുകളുടേയും പുതിയ ഖനികളുടേയും അനുസ്യൂതമായ വളർച്ചയ്ക്കും ഈ പ്രദേശം സാക്ഷ്യം വഹിക്കുന്നുണ്ട്. സംരക്ഷിത വനങ്ങളിലേക്ക് കടന്നുകയറുകയും, ആളുകളെ കുടിയിറക്കുകയും വനത്തിന്റെ പരിസ്ഥിതിയെ തടസ്സപ്പെടുത്തുകയും ചെയ്തിട്ടുണ്ട് ഈ വളർച്ച.

മുമ്പ് കടുവകളുടെ പ്രദേശമായിരുന്ന സ്ഥലങ്ങളിലേക്ക് ഖനികളും കടന്നുകയറിയിരിക്കുന്നു. ചന്ദ്രപുർ ജില്ലയിലെ 30 സജീവമായ പൊതു, സ്വകാര്യ കൽക്കരി ഖനികളിൽ ഏതാണ്ട് ഇരുപത്തിനാലെണ്ണവും, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ പ്രദേശത്തിന്റെ ദക്ഷിണ, പശ്ചിമ ഭാഗങ്ങളിൽ വന്നവയാണ്.

“കൽക്കരി ഖനികളുടെ സമീപത്തും, ചന്ദ്രപുർ സൂപ്പർ തെർമ്മൽ പവർ സ്റ്റേഷന്റെ ക്യാമ്പസ്സിലും (സി.എസ്.ടി.പി.എസ്) കടുവകളെ കണ്ടുവരാറുണ്ടായിരുന്നു. ഇപ്പോൾ മനുഷ്യ-മൃഗ സംഘർഷം കൂടുതലും നടക്കുന്നത് ഈ പ്രദേശങ്ങളിലാണ്. നമ്മൾ അവയുടെ വാസസ്ഥലത്തേക്ക് അതിക്രമിച്ചുകയറിയിരിക്കുന്നു”, പരിസ്ഥിതി പ്രവർത്തകയും പരിരക്ഷകയുമായ ബന്ദു ധോത്രെ പറയുന്നു. കടുവകളുടെ എണ്ണത്തെക്കുറിച്ചുള്ള 2022-ലെ എൻ.ടി.സി.എ. റിപ്പോർട്ട് പ്രകാരം, മധ്യേന്ത്യൻ പീഠഭൂമികളെ പ്രധാനമായും കേന്ദ്രീകരിച്ചുകൊണ്ടുള്ള ഖനി പ്രവർത്തനങ്ങൾ കടുവാസംരക്ഷണത്തിന് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്.

കൂടുതൽ വലിയ ഇന്ത്യൻ വനഭൂപ്രകൃതിയുടെ ഒരു ഭാഗമാണ് ടി.എ.ടി.ആർ. സമീപത്തുള്ള വനം ഡിവിഷനുകൾ യവത്‌മൽ, നാഗ്പുർ ഭാന്തര ജില്ലകളിലാണുള്ളത്. “ഈ ഭൂപ്രകൃതിയിലാണ് മനുഷ്യരും കടുവകളും തമ്മിലുള്ള സംഘർഷം ഏറ്റവും കൂടുതൽ നടക്കുന്നത്”, എൻ.ടി.സി.എ.യുടെ 2018-ലെ റിപ്പോർട്ട് പറയുന്നു.

Namdeo Tarale with Meghraj Ladke, a farmer from Dhamani village. Ladke, 41, stopped nightly vigils after confronting a wild boar on his farm.
PHOTO • Jaideep Hardikar
Farmers in Morwa village inspect their fields and discuss widespread losses caused by tigers, black bears, wild boars, deer, nilgai and sambar
PHOTO • Jaideep Hardikar

പാടത്ത് ഒരു കാട്ടുപന്നിയെ നേരിടേണ്ടിവന്നതിൽ‌പ്പിന്നെ, നാംദേവ് തരളെയും (വലത്ത്) 41 വയസ്സുള്ള മേഘ്‌രാജ് താഡ്കെയും പാടത്ത് കാവൽ നിൽക്കുന്നത് അവസാനിപ്പിച്ചു. വലത്ത്: മോർ‌വ ഗ്രാമത്തിലെ കർഷകർ തങ്ങളുടെ കൃഷിയിടങ്ങൾ പരിശോധിച്ച്, വന്യമൃഗങ്ങൾമൂലമുണ്ടായ നാശനഷ്ടങ്ങൾ ചർച്ച ചെയ്യുന്നു

“ഈ വിഷയം സംസ്ഥാനത്തിന്റെ സംരക്ഷണ ശ്രമങ്ങൾക്കും ദേശീയമായി കർഷകരുടെ സാമ്പത്തികാവസ്ഥയ്ക്കും പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ട്”, പുനെയിലെ ഇന്ത്യൻ ഇൻസ്റ്റിട്യൂറ്റ് ഓഫ് സയൻസ് എഡ്യുക്കേഷൻ ആൻഡ് റിസർച്ചിലെ (ഐ.ഐ.എസ്.ഇ.ആർ-ഐസർ) മുൻ പ്രൊഫസ്സറും വൈൽഡ് ലൈഫ് ബയോളജിസ്റ്റുമായ ഡോ. മിലിന്ദ് വാട്‌വെ പറയുന്നു.

സംരക്ഷിതവനമേഖലകളേയും വന്യജീവികളേയും പരിരക്ഷിക്കാൻ നിയമങ്ങൾ സഹായകമാവുന്നുണ്ടെങ്കിലും, വിളകളും കന്നുകാലികളും നശിക്കുന്നതുമൂലമുണ്ടാകുന്ന നഷ്ടം കർഷകർതന്നെ സഹിക്കേണ്ടിവരികയാണ്. വന്യമൃഗശല്യം‌മൂലമുണ്ടാകുന്ന വിളനഷ്ടം കർഷകരെ ക്ഷുഭിതരാക്കുന്നത്, പരിരക്ഷണ ശ്രമങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് വാട്‌വെ വിശദീകരിക്കുന്നു. മാത്രമല്ല, പ്രയോജനമില്ലാത്തവയും പരിപാലിക്കാൻ പറ്റാത്തവയുമായ മൃഗങ്ങളെ കൊന്നൊടുക്കുന്നതിന് നിയമങ്ങൾ നിരോധനമേർപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

ടി.എ.ടി.ആറിന് ചുറ്റുമുള്ള അഞ്ച് ഗ്രാമങ്ങളിലെ 75 കർഷകരോടൊപ്പം 2015-നും 2018-നും ഇടയിൽ വാട്‌വെ ഫീൽഡ് പഠനം നടത്തിയിരുന്നു. വിദർഭ വികസനബോർഡിന്റെ ധനസഹായത്തോടെ നടത്തിയ ഈ പഠനംവഴി, വന്യമൃഗശല്യം മൂലം വർഷത്തിലുണ്ടാവുന്ന സമഗ്രമായ നാശനഷ്ടങ്ങളെക്കുറിച്ച് അറിയിക്കാൻ കർഷകരെ പ്രാപ്തരാക്കുന്ന ഒരു സംവിധാനം അദ്ദേഹം സൃഷ്ടിക്കുകയും ചെയ്തു. വിളനഷ്ടവും സാമ്പത്തികനഷ്ടവും 50 ശതമാനത്തിനും 100 ശതമാനത്തിനും ഇടയിലാണെന്ന് – അതായത്, വിളകൾക്ക് അനുസൃതമായി, ഒരേക്കറിൽനിന്ന് 25,000-ത്തിനും 100,000-ത്തിനുമിടയിൽ രൂപ നഷ്ടപ്പെടുന്നുവെന്ന് – അദ്ദേഹം കണക്കുകൂട്ടി.

മതിയായ നഷ്ടപരിഹാരം ലഭിക്കാത്തപക്ഷം കർഷകർ പരിമിതമായ വിളകൾ മാത്രം കൃഷി ചെയ്യുകയോ ചിലപ്പോൾ പാടം തരിശിടുകയോപോലും ചെയ്യുന്നു.

വന്യമൃഗ ആക്രമണം‌‌മൂലമുണ്ടാകുന്ന വിളനഷ്ടത്തിനും, കന്നുകാലികളുടെ ജീവനാശത്തിനും പരിഹാരമായി സംസ്ഥാന വനംവകുപ്പ് വർഷത്തിൽ 80 കോടി രൂപയാണ് നഷ്ടപരിഹാരമായി വിതരണം ചെയ്യുന്നത്. 2022 മാർച്ചിൽ, അന്നത്തെ മഹാരാഷ്ട്ര പ്രിൻസിപ്പൽ ചീഫ് കൺ‌സർവേറ്റർ ഓഫ് ഫോറസ്റ്റ് ആയിരുന്ന സുനിൽ ലിമായെ പാരിയോട് പറഞ്ഞ കണക്കാണ് ഇത്.

Badkhal says that farmers usually don’t claim compensation because the process is cumbersome
PHOTO • Jaideep Hardikar
Gopal Bonde (right) with Vitthal Badkhal (middle) who has been trying to mobilise farmers on the issue. Bonde filed compensation claims about 25 times in 2022 after wild animals damaged his farm.
PHOTO • Jaideep Hardikar

ഈ വിഷയത്തിൽ കർഷകരെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയായിരുന്നു ഗോപാൽ ബോണ്ടെയും (വലത്ത്) വിട്ടൽ ബധ്കലും (നടുക്ക്). 2022-ൽ തന്റെ കൃഷിയിടം വന്യമൃഗങ്ങൾ നശിപ്പിച്ചപ്പോൾ ബോണ്ടെ 25 തവണ നഷ്ടപരിഹാരം ആവശ്യപ്പെടുകയുണ്ടായി. നഷ്ടപരിഹാരം കിട്ടാനുള്ള പ്രക്രിയ സങ്കീർണ്ണമായതിനാൽ കർഷകർ അതിന് ശ്രമിക്കാറില്ലെന്ന് ബധ്കൽ പറയുന്നു

“ഇപ്പോൾ കിട്ടുന്ന നഷ്ടപരിഹാരത്തുക വെറും തുച്ഛമാണ്”, ഈ വിഷയത്തിൽ കർഷകരെ സംഘടിപ്പിക്കുന്ന, ഭദ്രാവതി താലൂക്കിലെ എഴുപത് കഴിഞ്ഞ സജീവപോരാളിയായ വിട്ടൽ ബധ്കൽ പറയുന്നു. “നഷ്ടപരിഹാരം കിട്ടാനുള്ള പ്രക്രിയ സങ്കീർണ്ണവും മനസ്സിലാക്കാൻ സാങ്കേതികമായി ബുദ്ധിമുട്ടുള്ളതുമായതിനാൽ കർഷകർ അതിന് ശ്രമിക്കാറില്ല” എന്ന് ബധ്കൽ വിശദീകരിക്കുന്നു.

ഏതാനും മാസങ്ങൾക്കുമുമ്പ്, ബോണ്ടെക്ക് ഒരു പശുവടക്കം പിന്നെയും കുറേ കന്നുകാലികൾ നഷ്ടപ്പെട്ടു. 2022-ൽ 25 തവണയാണ് അദ്ദേഹം നഷ്ടപരിഹാരത്തിനായി അവകാശമുന്നയിച്ചത്. ഓരോ തവണയും കടലാസ്സുകൾ പൂരിപ്പിക്കുകയും വനം, റവന്യൂ വകുപ്പ് അധികാരികളെ അറിയിക്കുകയും, നേരിട്ട് വന്ന് പരിശോധന നടത്താൻ പ്രാദേശികാധികാരികളെ പ്രേരിപ്പിക്കുകയും ചെയ്യേണ്ടിവന്നു. ആ അവകാശവാദങ്ങളുടെ നിജസ്ഥിതി എന്താണെന്ന് പതിവായി അന്വേഷിക്കാനും അദ്ദേഹം നിർബന്ധിതനായി. എന്തെങ്കിലും നഷ്ടപരിഹാരം കിട്ടുമ്പോഴേക്കും മാസങ്ങൾ കഴിഞ്ഞിരിക്കുമെന്ന് അദ്ദേഹം പറയുന്നു. “അതാകട്ടെ, എനിക്കുണ്ടായ നഷ്ടങ്ങൾക്ക് മതിയായ സഹായവുമാവില്ല”.

2022 ഡിസംബറിലെ ഒരു തണുത്ത പ്രഭാതത്തിൽ, ബോണ്ടെ വീണ്ടും ഞങ്ങളെ തന്റെ പാടത്തേക്ക് കൊണ്ടുപോയി. പുതുതായി നട്ട പയറുകളുണ്ടായിരുന്നു അതിൽ. കാട്ടുപന്നികൾ തളിരുകളൊക്കെ ചവച്ച് നശിപ്പിച്ചിരുന്നു. തന്റെ വിളകളുടെ വിധിയെന്താവുമെന്ന് ബോണ്ടെക്ക് നിശ്ചയവുമില്ല.

പിന്നീടുള്ള മാസങ്ങളിൽ, എങ്ങിനെയൊക്കെയോ അദ്ദേഹത്തിന് തന്റെ വിളകളെ രക്ഷിക്കാൻ കഴിഞ്ഞുവെങ്കിലും മാനുകളുടെ കൂട്ടങ്ങൾ കുറച്ചൊക്കെ നശിപ്പിച്ചിരുന്നു.

മൃഗങ്ങൾക്ക് ഭക്ഷണമാവശ്യമാണ്. ബോണ്ടെയെയും തരളയെയും‌പോലെയുള്ള കർഷകർക്കും പക്ഷേ ഭക്ഷണം ആവശ്യമാണ്. ആ രണ്ട് ആവശ്യങ്ങളും ഏറ്റുമുട്ടുന്നത് അവരുടെ കൃഷിഭൂമികളിലാണ്.

പരിഭാഷ: രാജീവ് ചേലനാട്ട്

Jaideep Hardikar

Jaideep Hardikar is a Nagpur-based journalist and writer, and a PARI core team member.

Other stories by Jaideep Hardikar
Editor : Urvashi Sarkar

ਉਰਵਸ਼ੀ ਸਰਕਾਰ ਇੱਕ ਸੁਤੰਤਰ ਪੱਤਰਕਾਰ ਅਤੇ 2016 ਦੀ ਪਾਰੀ ਫੈਲੋ ਹਨ।

Other stories by Urvashi Sarkar
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat