കാന്താ ഭിസെയുടെ കോപം മകളുടെ ദാരുണ മരണത്തിന് ശേഷം അഞ്ച് വര്‍ഷങ്ങള്‍കൊണ്ട് അവരെ സംസാരിക്കാന്‍ ദൃഢചിത്തയാക്കി. “ഞങ്ങളുടെ ദാരിദ്ര്യം കാരണമാണ് എന്‍റെ കുട്ടി മരിച്ചത്”, കാന്ത പറഞ്ഞു. 2016 മാര്‍ച്ച് 20-ന് അവരുടെ അവരുടെ മകള്‍ ആത്മഹത്യ ചെയ്തു.
മരിക്കുന്ന സമയത്ത് മോഹിനി 18 വയസ്സുള്ള 12-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ആയിരുന്നു. “12-ാം ക്ലാസ്സിനു ശേഷം അവളെ വിദ്യാഭ്യാസം ചെയ്യിക്കാന്‍ ഞങ്ങള്‍ക്കാവുമായിരുന്നില്ല. അതുകൊണ്ട് വിവാഹം കഴിപ്പിച്ചു വിടാനായി അവള്‍ക്ക് ഞങ്ങള്‍ വരനെ അന്വേഷിക്കാന്‍ തുടങ്ങി”, മഹാരാഷ്ട്രയിലെ ലാത്തൂര്‍ ജില്ലയിലെ ഭിസെ വാഘോലി ഗ്രാമത്തില്‍ നിന്നുള്ള 42-കാരിയായ കാന്ത പറഞ്ഞു.
വിവാഹം എന്നാല്‍ ചിലവ് എന്നാണര്‍ത്ഥം. കാന്തയും അവരുടെ ഭര്‍ത്താവ് 45-കാരനായ പാണ്ഡുരംഗും ദുഃഖിതരായി. “ഞാനും എന്‍റെ ഭര്‍ത്താവും കര്‍ഷകത്തൊഴിലാളികളായി ജോലി നോക്കുന്നു. മോഹിനിയുടെ വിവാഹത്തിനുവേണ്ട പണം സംഘടിപ്പിക്കുക അസാദ്ധ്യമാണെന്ന് ഞങ്ങള്‍ക്കു തോന്നി. ആ സമയത്ത് സ്ത്രീധന നിരക്ക് ഏതാണ്ട് ഒരുലക്ഷം രൂപയായിരുന്നു.”
ഒരു സ്വകാര്യ വായ്പ ദാദാവില്‍നിന്നും വാങ്ങിയ 2.5 ലക്ഷം രൂപ ദമ്പതികള്‍ നേരത്തെതന്നെ തിരിച്ചടയ്ക്കുന്നുണ്ടായിരുന്നു. മാസം 5 ശതമാനമായിരുന്നു ഇതിന്‍റെ പലിശനിരക്ക്. 2013-ല്‍ വിവാഹം കഴിച്ചയപ്പിച്ച മൂത്തമകള്‍ അശ്വിനിയുടെ വിവാഹത്തിനായിരുന്നു പ്രസ്തുത തുക കടംവാങ്ങിയത്. മോഹിനിയുടെ വിവാഹത്തിന് ഭൂമി വില്‍ക്കുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവും അവരുടെ മുന്‍പില്‍ ഉണ്ടായിരുന്നില്ല. അതില്‍നിന്നും 2 ലക്ഷം രൂപ കിട്ടുമായിരുന്നു.
ഭിസെ വാഘോലിയിലുള്ള അവരുടെ ഒരേക്കര്‍ സ്ഥലത്ത് കൃഷി ഉണ്ടായിരുന്നില്ല. “വെള്ളത്തിനൊരു മാര്‍ഗ്ഗവുമില്ലായിരുന്നു. പ്രദേശത്ത് എല്ലായ്പ്പോഴും വരള്‍ച്ചയുമായിരുന്നു”, കാന്ത വിശദീകരിച്ചു. 2016-ല്‍ മറ്റുള്ളവരുടെ പാടത്ത് പണിയെടുത്ത് അവര്‍ പ്രതിദിനം 150 രൂപ ഉണ്ടാക്കുമായിരുന്നു, പാണ്ഡുരംഗ് 300 രൂപയും. അങ്ങനെ അവര്‍ ഒരുമിച്ച് പ്രതിമാസം 2,000-2,400 രൂപ ഉണ്ടാക്കുമായിരുന്നു.



