“ലൈംഗികത്തൊഴിലിൽ ഏർപ്പെടുന്നവരായതുകൊണ്ട്, എന്തിനും ഏതിനും ഞങ്ങളുടെ ശരീരത്തെ പണമായി ഉപയോഗിക്കാമെന്ന ചിന്തയാണ് അവർക്ക്”, 30 വയസ്സുള്ള മീര പറയുന്നു. ഹൃദയാഘാതം വന്ന് ഭർത്താവ് മരിച്ചപ്പോൾ, മൂന്ന് കുട്ടികളെ പോറ്റാൻ വേണ്ടി, 2021-ൽ ഉത്തർപ്രദേശിലെ ഫറൂക്കാബാദ് പട്ടണത്തിൽനിന്ന് വന്നവരാണ് അവർ. ഇന്നവർ ക്ഷുഭിതയും തളർന്നവളുമാണ്, എല്ലാ അർത്ഥത്തിലും.

“മരുന്ന് തരുമ്പോൾ അവർ ഇതാണ് ചെയ്യുന്നത്”, ആശുപത്രിയിലെ ആൺ ജീവനക്കാരും വാർഡിൽ സഹായിക്കാൻ നിൽക്കുന്ന പുരുഷന്മാരും തന്‍റെ ശരീരത്തിൽ ചെയ്യുന്നത് അനുകരിക്കുന്ന മട്ടിൽ സ്വന്തം ശരീരത്തിൽ തടവിക്കൊണ്ട്, അറപ്പോടെ, മുഖം കോട്ടി, 39 വയസ്സുള്ള അമൃത പറഞ്ഞു. ആ അപമാനത്തെ ഭയപ്പെടുന്നുണ്ടെങ്കിലും, പരിശോധനകൾക്കും മരുന്നുകൾക്കുമായി അവൾക്ക് സർക്കാർ ആശുപത്രികളിലേക്ക് വരേണ്ടിവരുന്നു.

“എച്ച്.ഐ.വി. പരിശോധനകൾക്കായി പോകുമ്പോൾ, ഞങ്ങൾ ലൈംഗികത്തൊഴിലാളികളാണെന്ന് മനസ്സിലാക്കി, സഹായിക്കാൻ അവർ മുൻപോട്ടുവരും. “പിന്നിലെ വാതിലിലൂടെ വാ, ഞാൻ മരുന്നുകൾ എടുത്തുവെക്കാം” എന്നാണ് പറയുക. എന്നിട്ട് ആ അവസരം മുതലാക്കി അനാവശ്യമായ രീതിയിൽ പെരുമാറും”, 45 വയസ്സുള്ള കുസും പറയുമ്പോൾ ബാക്കിയുള്ളവർ അത് ശരിവെക്കുന്ന മട്ടിൽ തലകുലുക്കി. 4.5 ലക്ഷം ലൈംഗികത്തൊഴിലാളികളെ പ്രതിനിധാനം ചെയ്തുകൊണ്ട് 16 സംസ്ഥാനങ്ങളിൽനിന്നുള്ള സാമൂഹികസംഘടനകളുടെ കൂട്ടായ്മയായ അഖിലേന്ത്യാ ലൈംഗികത്തൊഴിലാളി ശൃംഖലയുടെ മുൻ പ്രസിഡന്‍റാണ് കുസും.

മഹാവ്യാധിമൂലം തൊഴിൽ‌രഹിതരായ ഒരു കൂട്ടം ലൈംഗികത്തൊഴിലാളികളെ പാരി ദില്ലിയിലെ വടക്കുപടിഞ്ഞാറൻ ജില്ലയിലുള്ള രോഹിണി എന്ന സ്ഥലത്തെ ഒരു സാമൂഹികകേന്ദ്രത്തിൽവെച്ച് കണ്ടുമുട്ടി. തണുപ്പുകാലത്തെ ഒരു ഉച്ചയ്ക്ക്, ഭക്ഷണപ്പാത്രത്തിലുള്ള വെറും പരിപ്പും റൊട്ടിയും പരസ്പരം പങ്കിട്ട് കൂട്ടംകൂടി ഇരിക്കുകയായിരുന്നു അവർ.

Sex workers sharing a meal at a community shelter in Delhi's North West district. Many have been out of work due to the pandemic
PHOTO • Shalini Singh

ചിത്രം : ദില്ലിയിലെ വടക്കു - പടിഞ്ഞാറൻ ജില്ലയിലെ ഒരു സാമൂഹികകേന്ദ്രത്തിൽ ഭക്ഷണം പങ്കുവെക്കുന്ന ലൈംഗികത്തൊഴിലാളികൾ . മഹാവ്യാധി കാരണം നിരവധിപേർ തൊഴിൽ രഹിതരായിരിക്കുന്നു

ആരോഗ്യപരിരക്ഷ ലഭിക്കുക എന്നത്, ഒറ്റയായ ലൈംഗികത്തൊഴിലാളികൾക്ക് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് മീര പറയുന്നു.

“ഉച്ചയ്ക്ക് 2 മണി കഴിഞ്ഞ് വന്നാൽ നിങ്ങളുടെ കാര്യങ്ങൾ ശരിയാക്കിത്തരാം’ എന്നാണ് അവർ പറയുക. സൗജന്യമായി ഒന്നും ചെയ്തുകിട്ടില്ല. മരുന്ന് വാങ്ങാൻ പോവുമ്പോൾ ഡോക്ടർമാരാണെന്ന് തെറ്റിദ്ധരിച്ച് വാർഡിലെ ആൺകുട്ടികളുമായ് ലൈംഗികത്തൊഴിലിൽ ഏർപ്പെടേണ്ടിവരാറുണ്ട്. ഞങ്ങൾക്ക് വേറെ വഴിയില്ല, അതുകൊണ്ട് സമ്മതിച്ചുകൊടുക്കേണ്ടിവരുന്നു. കസ്റ്റമർമാരെ അവരുടെ സമയവും സൗകര്യവും നോക്കി കാണാൻ പോകേണ്ടിവരുന്നതുകൊണ്ട് ക്യൂവിൽ അധികനേരം നിൽക്കാനുള്ള ആർഭാടമൊന്നും ഞങ്ങൾക്ക് കിട്ടാറില്ല. ഒന്നുകിൽ ചികിത്സ മേടിക്കുക, അല്ലെങ്കിൽ വിശന്ന് ചാവുക” തിളങ്ങുന്ന കണ്ണുകളോടെ, പുച്ഛസ്വരത്തിൽ മീര പറഞ്ഞു. “ഞങ്ങൾ എന്തെങ്കിലും തിരിച്ച് പറയുകയോ ശബ്ദമുയർത്തുകയോ ചെയ്താൽ, ലൈംഗികത്തൊഴിലാളിയെന്ന ചാപ്പ കുത്തുകയും ചെയ്യും. കൂടുതൽ വാതിലുകൾ അടയുകയും ചെയ്യും”, അവർ പറഞ്ഞു.

പ്രദേശത്തെ രണ്ട് സർക്കാർ ആശുപത്രികൾ ദിവസവും 60 മിനിറ്റ്, ഉച്ചയ്ക്ക് 12.30 മുതൽ 1.30 വരെ, സമീപത്തുള്ള ലൈംഗികത്തൊഴിലാളികളുടെ വൈദ്യാവശ്യങ്ങൾക്കായി മാറ്റിവെക്കുന്നു. എൻ.ജി.ഒ.കളിൽനിന്നുള്ള അപേക്ഷ ലഭിച്ചതിനുശേഷം, എച്ച്.ഐ.വിയും മറ്റ് ലൈംഗികത്തൊഴിൽജന്യരോഗങ്ങളും പരിശോധിക്കുന്നതിനുവേണ്ടി ഈ രണ്ട് ആശുപത്രികളും ലൈംഗികത്തൊഴിലാളികൾക്കുവേണ്ടി ചിലവഴിക്കുന്നത് ഈ ഒരു മണിക്കൂർ സമയമാണ്.

“പരിശോധനയ്ക്കും ചികിത്സയ്ക്കും കൂടുതൽ സമയമെടുക്കുമെന്നതുകൊണ്ട് ലൈംഗികത്തൊഴിലാളികൾ പൊതുജനത്തിന്‍റെ കൂടെ വരികളിൽ നിൽക്കാറില്ല” എന്ന് പറയുന്നു, രജ്നി തിവാരി. ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന സവേര എന്ന സന്നദ്ധ സംഘടനയിലെ പ്രവർത്തകയാണ് അവർ. വരിയിൽ നിൽക്കുമ്പോൾ ഏതെങ്കിലും കസ്റ്റമർ വിളിച്ചാൽ, അവർ മറ്റൊന്നും നോക്കാതെ പോയിക്കളയും” എന്ന് അവർ പറഞ്ഞു.

ആ ഒരുമണിക്കൂറിനുള്ളിൽ ഡോക്ടറെ കാണുക എന്നതുതന്നെ ചിലപ്പോൾ ബുദ്ധിമുട്ടാവാറുണ്ടെന്ന് രജനി പറയുന്നു. ഇത്, അവർ നേരിടുന്ന വിവിധ വെല്ലുവിളികളിൽ ഒന്നുമാത്രമാണ്.

എസ്.ടി.ഐ.കൾക്ക് (ലൈംഗികവേഴ്ചയിലൂടെ പകരുന്ന രോഗങ്ങൾ) ആവശ്യമായ മരുന്നുകളും നിർദ്ദേശങ്ങളും മാത്രമേ ഡോക്ടർമാർ നൽകാറുള്ളു. എച്ച്.ഐ.വിയും ഗുഹ്യരോഗങ്ങളും പരിശോധിക്കാനുള്ള കിറ്റുകൾ ലൈംഗികത്തൊഴിലാളികൾക്ക് വാങ്ങിക്കൊടുക്കുന്നത്, ദില്ലി സംസ്ഥാന എയ്‌ഡ്സ് കൺ‌ട്രോൾ സൊസൈറ്റിയുടെ സാമ്പത്തികസഹായത്തോടെ സവേര പോലുള്ള സർക്കാരിതര സംഘടനകളാണ്.

A room at the office of an NGO, where a visiting doctor gives sex workers medical advice and information about safe sex practices
PHOTO • Shalini Singh
A room at the office of an NGO, where a visiting doctor gives sex workers medical advice and information about safe sex practices
PHOTO • Shalini Singh

ചിത്രം : ഒരു എൻ . ജി . . യുടെ ഓഫീസ് . ലൈംഗികത്തൊഴിലാളികൾക്ക് ആവശ്യമായ വൈദ്യോപദേശവും സുരക്ഷിതമായ ലൈംഗികരീതികളെക്കുറിച്ച് അവബോധവും നൽകാൻ ഒരു ഡോക്ടർ ഇവിടെ എത്താറുണ്ട്

“മറ്റ് മനുഷ്യരെപ്പോലെ ലൈംഗികത്തൊഴിലാളികൾക്കും, പനിയും, നെഞ്ചുവേദനയും പ്രമേഹവുമൊക്കെ വരാവുന്നതാണ്. ലൈംഗികത്തൊഴിലാളികളാണെന്ന് അറിയുമ്പോൾ വാർഡിലെ സഹായികളായ ആണുങ്ങൾ അവരെ ചൂഷണം ചെയ്യുന്നതും അപൂർവ്വമല്ല”, ലൈംഗികത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ വിവരിച്ചുകൊണ്ട് അവർ കൂട്ടിച്ചേർത്തു.

രോഗികളായ സ്ത്രീകളിൽനിന്ന് ലൈംഗികത്തൊഴിലാളികളെ തിരിച്ചറിയാൻ, പുരുഷന്മാരായ ജീവനക്കാർക്ക് എളുപ്പമാണ്.

ആശുപത്രിയിൽനിന്ന് ഏറെ അകലെയായിരുന്നില്ല, ആ സ്ത്രീകൾ ഒരുമിച്ച് കൂടിയിരുന്ന സാമൂഹികകേന്ദ്രം. മഹാവ്യാധിക്കുമുൻപ്, ആശുപത്രിയുടെ ഗേറ്റിന് മുൻപിൽനിന്നായിരുന്നു അമിതയെ കസ്റ്റമർമാർ കൊണ്ടുപോയിരുന്നത്. ആശുപത്രിയിലെ പുരുഷജീവനക്കാരുടെ കണ്മുന്നിൽ‌വെച്ച്.

“എച്ച്.ഐ.വി. പരിശോധനയ്ക്കുള്ള കടലാസ്സുമായി വരുന്നവർ ലൈംഗികത്തൊഴിലാളികളാണെന്ന് ആശുപത്രിയിലെ കാവൽക്കാർക്കും മനസ്സിലാവും. പിന്നീട്, പരിശോധനയ്ക്കായി എപ്പോഴെങ്കിലും പോവുമ്പോൾ അവർ ഞങ്ങളെ തിരിച്ചറിയുകയും പരസ്പരം പറയുകയും ചെയ്യാറുണ്ട്. ചിലപ്പോൾ, വരിയിൽ നിൽക്കാതെ ഡോക്ടറെ കാണാൻ ഞങ്ങളെ ഉപയോഗിക്കുന്ന പുരുഷന്മാരുടെ സഹായവും തേടേണ്ടിവരാറുണ്ട്” അമിത പറയുന്നു. ഡോക്ടറെ കാണാനും, ചികിത്സയ്ക്കും മരുന്ന് വാങ്ങാനും വെവ്വേറെ വരികളിൽ നിൽക്കേണ്ടിവരും.

ഭർത്താവ് ഉപേക്ഷിച്ചതിൽ‌പ്പിന്നെ, രണ്ട് ആണ്മക്കളും ഒരു മകളുമായി പാറ്റ്നയിൽനിന്നാണ് അമിത ദില്ലിയിലേക്ക് വന്നത്. ദിവസവേതനത്തിന് ജോലി ചെയ്തിരുന്ന ഒരു ഫാക്ടറിയിൽനിന്ന് ശമ്പളം ലഭിക്കാതെ വന്നപ്പോഴാണ് ഒരു സുഹൃത്ത് അവരെ ലൈംഗികത്തൊഴിലിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. “ആദ്യമൊക്കെ, ഈ പണി ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞ് ഞാൻ ദിവസങ്ങളോളം കരഞ്ഞ് കഴിച്ചുകൂട്ടി. പക്ഷേ, 2007-ലൊക്കെ ദിവസത്തിൽ 600 രൂപ എന്ന് പറഞ്ഞാൽ വലിയൊരു കാര്യമായിരുന്നു. 10 ദിവസത്തേക്കുള്ള ഭക്ഷണത്തിനുള്ള പൈസയാണ് അത്”.

ആരോഗ്യപരിരക്ഷ ലഭിക്കാൻ ഏറെ പരിമിതികളുള്ള സവിശേഷമായ ഒരു ദുരവസ്ഥയാണ് ലൈംഗികത്തൊഴിലാളികൾ അനുഭവിക്കുന്നതെന്ന് അമിതയുടേയും മീരയുടേയും മറ്റുള്ളവരുടേയും അനുഭവത്തിൽനിന്ന് കാണാൻ കഴിയും. അതിനാൽ ആശുപത്രികളിൽ ഇക്കൂട്ടർ തങ്ങളുടെ യഥാർത്ഥ തൊഴിൽ മിക്കവാറും വെളിപ്പെടുത്താറില്ലെന്ന് 2014-ലെ ഒരു റിപ്പോർട്ട് പറയുന്നു. ലൈംഗികത്തൊഴിലാളികളുടെ ദേശീയശൃംഖലയുടെ കീഴിൽ സ്ത്രീകളുടേയും ലൈംഗികത്തൊഴിലാളികളുടേയും അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന കൂട്ടായ്മകൾ തയ്യാറാക്കി പ്രസിദ്ധീകരിച്ച റിപ്പോർട്ടാണത്. അപമാനിക്കപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്യുക, അധികസമയം കാത്തിരിക്കാൻ നിർബന്ധിതരാവുക, ശരിയായ രീതിയിൽ പരിശോധിക്കപ്പെടാതിരിക്കുക, നിർബന്ധിതമായ എച്ച്.ഐ.വി. പരിശോധനയ്ക്ക് വശംവദരാവേണ്ടിവരിക, സ്വകാര്യ ആശുപത്രികളിൽ കൂടിയ നിരക്ക് കൊടുക്കേണ്ടിവരിക, ആരോഗ്യസേവനങ്ങൾ നിഷേധിക്കപ്പെടുക, പ്രസവരക്ഷ വിലക്കപ്പെടുക, സ്വകാര്യത ലംഘിക്കപ്പെടുക തുടങ്ങി നിരവധി വിവേചനങ്ങൾ ഇവർക്ക് അനുഭവിക്കേണ്ടിവരുന്നുവെന്ന് അതിൽ പറയുന്നു.

Left: An informative chart for sex workers. Right: At the community shelter, an illustrated handmade poster of their experiences
PHOTO • Shalini Singh
Right: At the community shelter, an illustrated handmade poster of their experiences
PHOTO • Shalini Singh

ഇടത്ത് : ലൈംഗികത്തൊഴിലാളികൾക്കുവേണ്ടിയുള്ള ഒരു അറിയിപ്പ് . സാമൂഹികകേന്ദ്രത്തിൽ പതിപ്പിച്ച ഒരു പോസ്റ്റർ . സ്ത്രീകളുടെ അനുഭവങ്ങൾ ചിത്രീകരിക്കുന്ന , കൈകൊണ്ട് നിർമ്മിച്ച പോസ്റ്ററാണിത്

റിപ്പോർട്ടിലെ കണ്ടുപിടുത്തങ്ങളെ സാധൂകരിക്കുന്നുണ്ട് അമിതയുടെ അനുഭവങ്ങൾ. “പ്രസവമോ, എയ്‌ഡ്‌സോ പോലുള്ള വലിയ രോഗങ്ങൾ വരുമ്പോഴോ, പ്രാദേശികമായി ചികിത്സിച്ച് ഫലമില്ലാതെ വരുമ്പോഴോ മാത്രമാണ് ഞങ്ങൾ വലിയ ആശുപത്രികളെ ആശ്രയിക്കുക. അല്ലാത്ത സമയത്തൊക്കെ ഞങ്ങൾ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ചികിത്സകരുടെയടുത്തേക്കാണ് പോവാറുള്ളത്. ഞങ്ങളുടെ കച്ചവടം എന്താണെന്ന് മനസ്സിലായാൽ, അവരും ചിലപ്പോൾ ചൂഷണം ചെയ്യാൻ ശ്രമിക്കാറുണ്ട്”, അവൾ പറയുന്നു.

പരിചയപ്പെടേണ്ടിവന്നവരിൽനിന്നൊന്നും ഒരിക്കലും അന്തസ്സുള്ള പെരുമാറ്റം ലഭിച്ചിട്ടില്ലെന്ന് കുസും കൂട്ടിച്ചേർക്കുന്നു. “തൊഴിൽ മനസ്സിലായാൽ ഉടനെ തുടങ്ങുകയായി ചൂഷണവും. ചിലർക്ക് ലൈംഗികബന്ധമൊന്നും വേണമെന്നില്ല. താത്ക്കാലികമായ സുഖമോ, ഉപദ്രവിക്കുന്നതിൽനിന്നുള്ള പ്രാകൃത സന്തോഷമോ ഒക്കെ മതി. ഞങ്ങളുടെ ശരീരത്തിൽ ഒന്ന് തൊടണം. അത്രയേ വേണ്ടൂ അവർക്ക്“

അതിനാൽ, വൈദ്യസഹായം തേടാൻ ലൈംഗികത്തൊഴിലാളികളെ നിർബന്ധിക്കേണ്ടിവരാറുണ്ടെന്ന്, രോഹിണി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സുമൻ കുമാർ ബിശ്വാസ് എന്ന ഡോക്ടർ പറയുന്നു. ഒരു സന്നദ്ധ സംഘടനയുടെ ഓഫീസ് കേന്ദ്രമാക്കിയാണ് അദ്ദേഹം ലൈംഗികത്തൊഴിലാളികളെ കാണുകയും, അവർക്കാവശ്യമായ ഗർഭനിരോധന ഉറകൾ വിതരണം ചെയ്യുന്നതും, സ്ത്രീകൾക്ക് ആവശ്യമായ വൈദ്യോപദേശങ്ങൾ നൽകുന്നതും.

ചൂഷണത്തിന് കൂടുതൽ വിധേയരാക്കുന്ന തരത്തിൽ, കോവിഡ്-19 മഹാവ്യാധി, ലൈംഗികത്തൊഴിലാളികൾക്ക് നേരെയുള്ള മുൻ‌വിധികളെ കൂടുതൽ രൂക്ഷമാക്കിയിട്ടുണ്ട്.

“തൊട്ടുകൂടാത്തവരെപ്പോലെയാണ് ലൈംഗികത്തൊഴിലാളികളെ കാണുന്നത്” ലൈംഗികത്തൊഴിലാളീകളുടെ ദേശീയശൃംഖലയുടെ ഇപ്പോഴത്തെ പ്രസിഡന്‍റാ‍യ പുതുൽ സിംഗ് പറയുന്നു. “റേഷനും, ആധാർ കാർഡും കിട്ടാനുള്ളവരിൽനിന്നുപോലും ഞങ്ങൾ ഒഴിവാക്കപ്പെടുന്നു. ഞങ്ങളുടെ ഒരു സഹോദരിയുടെ ഗർഭം അല്പം സങ്കീർണ്ണമായപ്പോൾ ആംബുലൻസ് കിട്ടാൻ പോലും ഞങ്ങൾ ബുദ്ധിമുട്ടി. ഏതാനും കിലോമീറ്ററുകൾ പോവാൻ 5,000 രൂപ അധികം കിട്ടണമെന്ന് അവർ വാശിപിടിച്ചു. എങ്ങിനെയോ അവളെ ഞങ്ങൾ ആശുപത്രിയിലെത്തിച്ചപ്പോൾ അവിടെയുള്ള ജീവനക്കാർ ഓരോരോ ഒഴിവുകഴിവ് പറഞ്ഞ് ചികിത്സിക്കാൻ വിസമ്മതിച്ചു. ഒടുവിൽ ഒരു ഡോക്ടർ വന്നപ്പോൾ രോഗിയിൽനിന്ന് അകലം പാലിച്ചാണ് നിന്നത്”, ഒടുവിൽ അവളെ ഒരു സ്വകാര്യ ക്ലിനിക്കിലേക്ക് കൊണ്ടുപോയെങ്കിലും കുട്ടിയെ ജീവനോടെ കിട്ടിയില്ല എന്ന് സിംഗ് കൂട്ടിച്ചേർത്തു.

****

Pinki was left with a scar after a client-turned-lover tried to slit her throat. She didn't seek medical attention for fear of bringing on a police case.
PHOTO • Shalini Singh
A poster demanding social schemes and government identification documents for sex workers
PHOTO • Shalini Singh

ഇടത്ത് : കാമുകനായി മാറിയ കസ്റ്റമർ പിങ്കിയുടെ കഴുത്തറക്കാൻ നടത്തിയ ശ്രമത്തിലുണ്ടായ മുറിവ് . പൊലീസ് കേസാവുമെന്ന് ഭയന്ന് അവർ ചികിത്സ തേടിയില്ല . വലത്ത് : ലൈംഗികത്തൊഴിലാളികൾക്ക് ആവശ്യമായ സർക്കാർ തിരിച്ചറിയൽ രേഖകളും , സാമൂഹ്യപദ്ധതികളും ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു പോസ്റ്റർ

പൊതുമേഖലയിലെ ആരോഗ്യസംവിധാനം വേണോ, സ്വകാര്യമേഖലയിലേത് വേണമോ എന്നത് സങ്കീർണ്ണമായ ഒരു തിരഞ്ഞെടുപ്പാണെന്ന് ഈ സ്ത്രീകൾ പറയുന്നു. “സ്വകാര്യ ആശുപത്രിയിൽ, അഭിമാനം നഷ്ടപ്പെടുത്താതെ നമുക്ക് ഡോക്ടറുടെ ഉപദേശം തേടാം” എന്ന് പറയുന്നു അമിത. പക്ഷേ ഈ ക്ലിനിക്കുകൾ വളരെയധികം ചിലവേറിയതാണ്. ഉദാഹരണത്തിന് ഒരു ഗർഭച്ഛിദ്രത്തിന് മൂന്നിരട്ടി പണം, അല്ലെങ്കിൽ 15,000 രൂപയെങ്കിലും സ്വകാര്യ ക്ലിനിക്കിൽ കൊടുക്കേണ്ടിവരും.

സർക്കാർ ആശുഅത്രികളിലെ മറ്റൊരു പ്രശ്നം കടലാസ്സുപണികൾക്കുള്ള അമിതപ്രാധാന്യമാണ്.

28 വയസ്സുള്ള പിങ്കി അവളുടെ മാസ്ക് അഴിച്ചുവെച്ച് മുഖവും കഴുത്തും ഞങ്ങൾക്ക് കാണിച്ചുതന്നു. ആദ്യം കസ്റ്റമറായി വന്ന് പിന്നീട് കാമുകനായി മാറിയ ആൾ അവളുടെ കഴുത്ത് വെട്ടാൻ നടത്തിയ ശ്രമത്തിലുണ്ടായ പേടിപ്പിക്കുന്ന വ്രണം കാണിച്ചുതന്നു അവർ. “ഒരു നൂറായിരം ചോദ്യങ്ങൾ ചോദിക്കും, സ്വത്വം വെളിപ്പെടുത്തും, ചിലപ്പോൾ പൊലീസ് കേസുകളും ചാർത്തും. മറ്റൊന്ന്, ഞങ്ങളെപ്പോലെയുള്ളവർ ഗ്രാമത്തിലെ വീടുകളിൽനിന്ന് ഇങ്ങോട്ട് വരുമ്പോൾ റേഷൻ കാർഡുകളോ മറ്റ് രേഖകളോ ഒന്നും കൈവശമുണ്ടാവില്ല”, എന്തുകൊണ്ടാണ് സർക്കാർ ആശുപത്രിയിൽ പോകാത്തത് എന്ന ചോദ്യത്തിനുള്ള പ്രതികരണമായിരുന്നു അത്.

ലൈംഗികത്തൊഴിലാളികളെ ‘പൊതുജനാരോഗ്യ ഭീഷണി’യായിട്ടാണ് വീക്ഷിക്കുന്നതെന്ന് 2007 മാർച്ചിലെ ഇന്ത്യൻ സ്ത്രീകളുടെ ആരോഗ്യ പ്രമാണം (The Indian Women’s Health Charter ) എന്ന രേഖ സൂചിപ്പിക്കുന്നു. ഒരു പതിറ്റാണ്ട് കഴിഞ്ഞ് ഇപ്പൊഴും സ്ഥിതിഗതിയിൽ വലിയ മാറ്റമൊന്നുമില്ല. മാത്രമല്ല, മഹാവ്യാധി ഈ തൊഴിലാളികളെ ദുരിതത്തിന്‍റെ അങ്ങേത്തലയ്ക്കലേക്ക് തള്ളിവിട്ടിരിക്കുന്നു.

2020 ഒക്ടോബറിൽ, ദേശീയ മനുഷ്യാവകാശ കമ്മിഷൻ കോവിഡിന്‍റെ പശ്ചാത്തലത്തിൽ സ്ത്രീകളുടെ അവകാശങ്ങൾ എന്ന കുറിപ്പ് പ്രസിദ്ധീകരിച്ചു. ലൈംഗികത്തൊഴിലാളികൾ കൂടുതൽ ദുരിതത്തിലായതും, അവരുടെ ഉപജീവനമാർഗ്ഗം തടസ്സപ്പെട്ടതും, എച്ച്.ഐ.വി. ബാധിതരായവർക്ക് ആന്‍റി റെട്രോവൈറൽ തെറാപ്പി ലഭിക്കാൻ തടസ്സം നേരിടുന്നതും, രേഖകളുടെ അഭാവത്താൽ മിക്കവരും സർക്കാരിന്‍റെ ക്ഷേമപദ്ധതികളിൽ ഉൾപ്പെടാത്തതും എല്ലാം അതിൽ സൂചിപ്പിച്ചിരുന്നു. എന്നാൽ, ഒടുവിൽ എൻ.എച്ച്.ആർ.സി. ആ കുറിപ്പിൽ സാരമായ ഒരു മാറ്റം വരുത്തി. ലൈംഗികത്തൊഴിലാളികളെ അനൗപചാരിക തൊഴിലാളികളായി വിശേഷിപ്പിക്കുക വഴി തൊഴിലാളികൾക്കായുള്ള ക്ഷേമപദ്ധതികൾക്കും ആനുകൂല്യങ്ങൾക്കും അവരെ അർഹരാക്കണമെന്ന ഒരു നിർദ്ദേശം എൻ.എച്ച്.ആർ.സി. കുറിപ്പിലുണ്ടായിരുന്നു. അത് പിൻ‌വലിച്ച്, പകരം, ലൈംഗികത്തൊഴിലാളികൾക്ക് മാനുഷികപരിഗണനക്കനുസരിച്ച് ആശ്വാസങ്ങൾ നൽകണമെന്ന് മാറ്റം വരുത്തിയ പ്രസ്താവനയിൽ അവർ ആവശ്യപ്പെട്ടു.

At the NGO office, posters and charts provide information to the women. Condoms are also distributed there
PHOTO • Shalini Singh
At the NGO office, posters and charts provide information to the women. Condoms are also distributed there
PHOTO • Shalini Singh

എൻ . ജി . . ഓഫീസിൽ , സ്ത്രീകളുടെ അറിവിലേക്കാവശ്യമായ വിവരങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്ന പോസ്റ്ററുകളും ചാർട്ടുകളും . ഗർഭനിരോധന ഉറകളും ഇവിടെനിന്ന് വിതരണം ചെയ്യുന്നുണ്ട്

“കോവിഡ് കാലം കൂടുതൽ ദുരിതമയമായിരുന്നു. ‘നിങ്ങൾ വൈറസ് പടർത്താൻ ഇടയുള്ളതിനാൽ നിങ്ങളെ ഞങ്ങൾ സ്പർശിക്കില്ല’ എന്നായിരുന്നു ലൈംഗികത്തൊഴിലാളികളോട് ആശുപത്രികൾ പറഞ്ഞത്” സ്നേഹ മുഖർജി പറഞ്ഞു. ദില്ലി ആസ്ഥാനമായ ഒരു മനുഷ്യാവകാശ നിയമ ശൃംഖലയിലെ വക്താവാണ് അവർ. 2021-ലെ മനുഷ്യക്കടത്ത് കരട് രേഖ പ്രകാരം ( Trafficking in Persons Bill, 2021 ), ലൈംഗികത്തൊഴിലാളികളെ മനുഷ്യക്കടത്തിന്‍റെ ഇരകളായിട്ടായിരുന്നു കണ്ടിരുന്നത്. ആ നിയമം പ്രാബല്യത്തിൽ വന്നാൽ ലൈംഗികത്തൊഴിലാളിയായി ജീവിക്കാൻ കൂടുതൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുമെന്നാണ് മുഖർജിയുടെ അഭിപ്രായം. ലൈംഗികത്തൊഴിലാളികളെ ആരോഗ്യപരിരക്ഷയിൽനിന്ന് കൂടുതൽ അകറ്റുകയായിരിക്കും ഈ നിയമം ചെയ്യുക എന്ന് അവർ മുന്നറിയിപ്പ് തരുന്നു.

2020-ന് മുൻപ്, 200-ഓ 400-ഓ രൂപ കൊടുക്കുന്ന ഒന്നോ രണ്ടോ ആളുകളെ പ്രതിദിനം കിട്ടിയാൽ 6,000ത്തിനും 8,000-ത്തിനും ഇടയിൽ രൂപ മാസത്തിൽ സമ്പാദിക്കാൻ കഴിയുമായിരുന്നു. കോവിഡ്-19-ന്‍റെ ആദ്യത്തെ ദേശീയതലത്തിലുള്ള അടച്ചുപൂട്ടൽ വന്നതോടെ, മറ്റ് അനൗപചാരിക തൊഴിലാളികളെപ്പോലെ, ലൈംഗികത്തൊഴിലാളികളും മാസങ്ങളോളം ദുരിതത്തിലായി. മറ്റുള്ളവരുടെ ഔദാര്യത്തിന്മേലായിരുന്നു അവരും കഴിഞ്ഞിരുന്നത്. ഭക്ഷണം പോലും നിയന്ത്രണത്തിലായതോടെ, മരുന്നുകളെക്കുറിച്ചൊന്നും ചിന്തിക്കാൻ പോലും കഴിയാതായി.

“2021 മാർച്ചിൽ റേഷൻ പോലും നിലച്ചു. ലൈംഗികത്തൊഴിലാളികളെ സഹായിക്കാൻ സർക്കാർ ഒരു പദ്ധതിയും ആവിഷ്കരിച്ചില്ല“, എ.ഐ.എൻ.എസ്.ഡ്ബ്ല്യു.വിന്‍റെ സംഘാടകനായ അമിത് കുമാർ പറഞ്ഞു. “രണ്ട് വർഷം കഴിഞ്ഞ് ഇപ്പോഴും അവർ, തൊഴിലില്ലാതെ നരകിക്കുകയാണ്. ഭക്ഷണത്തിന്‍റെ അഭാവത്തിന് പുറമേ, ഉപജീവനം നഷ്ടപ്പെടുകയും, തങ്ങളുടെ തൊഴിലിനെക്കുറിച്ച് കുടുംബങ്ങൾ അറിഞ്ഞപ്പോഴുണ്ടായ മാനസികസമ്മർദ്ദങ്ങൾ അനുഭവിക്കുകയും ചെയ്യുന്നു അവരിപ്പോൾ”, അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിലൊട്ടാകെ, 800,000 ലൈംഗികത്തൊഴിലാളികളുണ്ടെന്ന് 2014-ലെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. തിവാരിയുടെ അഭിപ്രായമനുസരിച്ച്, ദില്ലിയിൽ 30,000 പേരുണ്ട്. ഏകദേശം 30 എൻ.ജി.ഒ.കളാണ് തലസ്ഥാനത്ത് അവർക്കുവേണ്ടി പ്രവർത്തിക്കുന്നത്. ഓരോ സംഘടനയും ആയിരത്തിലേറെ ലൈംഗികത്തൊഴിലാളികളെ പതിവടിസ്ഥാനത്തിൽ പരിശോധിക്കുകയും ചെയ്യുന്നു. ദിവസവേതനക്കാരായിട്ടാണ് സ്ത്രീകൾ സ്വയം കണക്കാക്കുന്നത്. “ഞങ്ങളിതിനെ വേശ്യാവൃത്തി എന്നല്ല, ലൈംഗികത്തൊഴിൽ എന്നാണ് വിളിക്കുന്നത്. അന്നന്ന് സമ്പാദിച്ച് അന്നന്ന് വിശപ്പടക്കുന്നു. സ്ഥിരമായ ഒരു സ്ഥലമുണ്ട് എനിക്ക്. ദിവസത്തിൽ ഒന്നോ രണ്ടോ ആളുകളെ സേവിക്കാൻ എനിക്ക് കഴിയും. ഓരോരുത്തരിൽനിന്നും 200-ഓ, 300-ഓ കിട്ടും”, ഉത്തർപ്രദേശിലെ ബുദാവൂൻ ജില്ലയിൽനിന്നുള്ള 34 വയസ്സുള്ള റാണി എന്ന വിധവ പറയുന്നു.

There are nearly 30,000 sex workers in Delhi, and about 30 not-for-profit organisations provide them with information and support
PHOTO • Shalini Singh
PHOTO • Shalini Singh

ദില്ലിയിൽ ഏകദേശം 30,000 ലൈംഗികത്തൊഴിലാളികളുണ്ട് . അവർക്കാവശ്യമായ വിവരങ്ങളും സഹായങ്ങളും നൽകുന്ന ഏകദേശം 30- ഓളം സന്നദ്ധ സംഘടനകളും

ഈ തൊഴിൽ അവരുടെ സ്വത്വത്തിന്‍റെ ഒരു ഭാഗം മാത്രമാണ്. “ലൈംഗികത്തൊഴിലാളികളും ഒറ്റ തിരിഞ്ഞ സ്ത്രീകളാണ്, ഒറ്റയ്ക്കായ അമ്മമാരാണ്, ദളിതരും, നിരക്ഷരരായ സ്ത്രീകളും, കുടിയേറ്റക്കാരും അങ്ങിനെ പലതുമാണ് അവർ. അത്തരം നിരവധി സ്വത്വങ്ങളാണ് അവരുടെ ജീവിതത്തിന്‍റെ കൈവഴികളെ നിർണ്ണയിക്കുന്നത്”, എന്ന് സ്ത്രീവിമോചന സൈദ്ധാന്തികയും മുംബൈ അടിസ്ഥാനമായി പ്രവർത്തിക്കുകയും ചെയ്യുന്ന മഞ്ജിമ ഭട്ടാചാര്യ എന്ന ആക്ടിവിസ്റ്റ് പറയുന്നു. ആഗോളീകരണവും സാങ്കേതികതയും എങ്ങിനെയാണ് ലൈംഗിക വ്യാപാരത്തെ സ്വാധീനിച്ചത് എന്ന് വിവരിക്കുന്ന ഇന്‍റിമേറ്റ് സിറ്റി എന്ന പുസ്തകത്തിന്‍റെ രചയിതാവാണ് അവർ. “രണ്ടറ്റം കൂട്ടിമുട്ടിക്കാൻ മിക്കവാറും എല്ലാ സ്ത്രീകളും വിവിധ അനൗപചാരികജോലികളിൽ ഏർപ്പെടുന്നുണ്ട്. ചിലപ്പോൾ വീട്ടുജോലികൾ ചെയ്തും, മറ്റ് ചിലപ്പോൾ ലൈംഗികത്തൊഴിലിൽ ഏർപ്പെട്ടും, ഇനിയും മറ്റ് സമയങ്ങളിൽ ഏതെങ്കിലും നിർമ്മാണസ്ഥലങ്ങളിലോ ഫാക്ടറികളിലോ ജോലി ചെയ്തും അവർ ജീവിക്കുന്നു”, അവർ പറയുന്നു.

ലൈംഗികത്തൊഴിലിന് അതിന്‍റേതായ അനിശ്ചിതാവസ്ഥകളുമുണ്ട്. “വേറെ ആരുടെയെങ്കിലും വീട്ടിലാണ് കാര്യം സാധിക്കുന്നതെങ്കിൽ, ആ ആൾക്കും കമ്മീഷൻ കൊടുക്കേണ്ടിവരും. കസ്റ്റമർ എന്‍റേതാണെങ്കിൽ മാസം ഇരുന്നൂറോ മുന്നൂറോ രൂപ വാടക ഞാൻ കൊടുക്കും. അതേസമയം ചേച്ചിയുടെ (വീട്ടുടമസ്ഥ) ആളാണ് കസ്റ്റമർ എങ്കിൽ ചേച്ചിക്ക് ഞാനൊരു നിശ്ചിത തുക കൊടുക്കണം”, റാണി പറഞ്ഞു.

അവൾ എന്നെ അത്തരമൊരു വീട്ടിലേക്ക് കൊണ്ടുപോയി. സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തുകവഴി അവരുടെ സംവിധാനങ്ങൾക്ക് ഭംഗം വരുത്തില്ലെന്ന വ്യവസ്ഥയിൽ വീട്ടുടമസ്ഥ ഞങ്ങൾക്കനുവദിച്ച മുറി കാണിച്ചുതന്നു. തീരെ കുറച്ച് സാധനങ്ങൾ മാത്രമുള്ള ഒരു മുറി. ഒരു കിടക്ക, കണ്ണാടി, ഇന്ത്യൻ ദൈവങ്ങളുടെ ചിത്രങ്ങൾ, വേനൽക്കാലത്തേക്ക് ഉപയോഗിക്കാൻ ഒരു പഴയ കൂളർ. അത്രമാത്രം. കട്ടിലിൽ, മൊബൈലുകൾ നോക്കി രണ്ട് സ്ത്രീകൾ ഇരിക്കുന്നുണ്ടായിരുന്നു. ബാൽക്കണിയിൽ പുകവലിച്ചുകൊണ്ട് നിന്നിരുന്ന രണ്ട് പുരുഷന്മാർ നോട്ടം അവഗണിച്ചു.

ലോകത്തെ ഏറ്റവും പഴയ തൊഴിലിൽ - ശരീരത്തെ സാമ്പത്തികോപാധിയാക്കുന്ന തൊഴിൽ - തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം പറയുക എന്നത്, ചരിത്രപരമായി സങ്കീർണ്ണമായ കാര്യമാണ്. തിരഞ്ഞെടുത്ത തൊഴിൽ നല്ലതോ ധാർമ്മികമോ ആയി കരുതപ്പെടുന്നതല്ലെങ്കിൽ‌പ്പിന്നെ എങ്ങിനെയാണതിനെ സാധൂകരിക്കുക? കാമുകനോ പങ്കാളിയോ ആയി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടുവെന്ന് സമ്മതിച്ചാൽ, ‘ദുഷിച്ചവൾ’ ആയി മുദ്രകുത്തപ്പെടുമെങ്കിൽ, ഏത് പെൺകുട്ടിയാണ് അതിനൊരുങ്ങുക എന്നും വേണമെങ്കിൽ ആലോചിക്കാവുന്നതാണ്.

അതേസമയം റാണിയെ അലട്ടുന്നത് മറ്റൊരു കാര്യമാണ്. തങ്ങളുടെ ഭക്ഷണത്തിനും താമസത്തിനും സ്കൂൾ ഫീസിനും മരുന്നിനും കൊടുക്കാൻ അമ്മ എങ്ങിനെയാണ് സമ്പാദിക്കുന്നതെന്ന് വളർന്നുവരുന്ന മക്കളെങ്ങാൻ ചോദിച്ചാൽ എന്തുപറയുമെന്ന്.

സ്വകാര്യത സംരക്ഷിക്കാനായി , ഇതിൽ സൂചിപ്പിച്ച ലൈംഗികത്തൊഴിലാളികളുടെ പേരുകൾ മാറ്റിയിട്ടുണ്ട് .

കൌമാരക്കാരികളായ പെൺകുട്ടികളേയും യുവതികളേയും കുറിച്ച് പോപ്പുലേഷൻ ഫൌണ്ടേഷൻ ഓഫ് ഇന്ത്യയുടെ പിന്തുണയോടെ , പാരിയും കൌണ്ടർ മീഡിയ ട്രസ്റ്റും നടത്തുന്ന ദേശവ്യാപകമായ റിപ്പോർട്ടിംഗ് പ്രോജക്ടിന്‍റെ ഭാഗമാണിത് . സുപ്രധാനവും അതേസമയം പാർശ്വവത്കൃതവുമായ വിഭാഗക്കാരുടെ അവസ്ഥകൾ , സാധാരണക്കാരുടെ ജീവിതാനുഭവങ്ങളിലൂടെയും സംഭാഷണത്തിലൂടെയും പകർത്താനാണ് ശ്രമിക്കുന്നത് .

ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കണമെന്നുണ്ടെങ്കിൽ [email protected] എന്ന മെയിലിലേക്ക്, [email protected] എന്ന മെയിൽ ഐഡി കൂടി കാർബൺ കോപ്പി ചെയ്ത്, എഴുതുക.

പരിഭാഷ: രാജീവ് ചേലനാട്ട്

Shalini Singh

ਸ਼ਾਲਿਨੀ ਸਿੰਘ ਕਾਊਂਟਰਮੀਡਿਆ ਟਰੱਸਟ ਦੀ ਮੋਢੀ ਟਰੱਸਟੀ ਹਨ ਜੋ ਪਾਰੀ ਪ੍ਰਕਾਸ਼ਤ ਕਰਦੀ ਹੈ। ਦਿੱਲੀ ਅਧਾਰਤ ਇਹ ਪੱਤਰਕਾਰ, ਵਾਤਾਵਾਰਣ, ਲਿੰਗ ਤੇ ਸੱਭਿਆਚਾਰਕ ਮਸਲਿਆਂ 'ਤੇ ਲਿਖਦੀ ਹਨ ਤੇ ਹਾਵਰਡ ਯੂਨੀਵਰਸਿਟੀ ਵਿਖੇ ਪੱਤਰਕਾਰਤਾ ਲਈ 2017-2018 ਵਿੱਚ ਨੀਮਨ ਫ਼ੈਲੋ ਰਹੀ ਹਨ।

Other stories by Shalini Singh
Illustration : Priyanka Borar

ਪ੍ਰਿਯੰਗਾ ਬੋਰਾਰ ਨਵੇਂ ਮੀਡਿਆ ਦੀ ਇੱਕ ਕਲਾਕਾਰ ਹਨ ਜੋ ਅਰਥ ਅਤੇ ਪ੍ਰਗਟਾਵੇ ਦੇ ਨਵੇਂ ਰੂਪਾਂ ਦੀ ਖੋਜ ਕਰਨ ਲਈ ਤਕਨੀਕ ਦੇ ਨਾਲ਼ ਪ੍ਰਯੋਗ ਕਰ ਰਹੀ ਹਨ। ਉਹ ਸਿੱਖਣ ਅਤੇ ਖੇਡ ਲਈ ਤਜਰਬਿਆਂ ਨੂੰ ਡਿਜਾਇਨ ਕਰਦੀ ਹਨ, ਇੰਟਰੈਕਟਿਵ ਮੀਡਿਆ ਦੇ ਨਾਲ਼ ਹੱਥ ਅਜਮਾਉਂਦੀ ਹਨ ਅਤੇ ਰਵਾਇਤੀ ਕਲਮ ਅਤੇ ਕਾਗਜ਼ ਦੇ ਨਾਲ਼ ਵੀ ਸਹਿਜ ਮਹਿਸੂਸ ਕਰਦੀ ਹਨ।

Other stories by Priyanka Borar
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat