വിവിധ പ്രൈമറി, അപ്പർ പ്രൈമറി സ്കൂളുകളിൽ ജോലി ചെയ്തിരുന്ന, മരണപ്പെട്ട അധ്യാപകരുടെയും ഓഫീസ് ജീവനക്കാരുടെയും ജില്ല തിരിച്ചുള്ള കണക്ക് അൻപതാമത്തെ തവണ എണ്ണിത്തിട്ടപ്പെടുത്തുകയായിരുന്നു ചിത്രഗുപ്തൻ. കുറച്ച് ആഴ്ചകൾക്ക് മുൻപ് വോട്ടുകൾ ആയിരുന്നു ഇങ്ങനെ എണ്ണിയിരുന്നത്. എണ്ണമെടുക്കുന്ന കാര്യത്തിൽ യന്ത്രങ്ങളെ കണ്ണടച്ച് വിശ്വസിക്കാൻ ചിത്രഗുപ്തൻ ഒരുക്കമായിരുന്നില്ല. ചീഫ് സെക്രട്ടറിയുടെയും അതിനു മുകളിലുള്ള ഉദ്യോഗസ്ഥരുടെയും ഓഫീസുകളിലേക്ക് കണക്കുകൾ അയക്കുന്നതിന് മുൻപ് എല്ലാം ഒന്ന് കൂടി പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതുണ്ട്.
മരണപ്പെട്ടവർ അവരുടെ അന്തിമവിധി കാത്ത് അക്ഷമരായി നിൽക്കുകയായിരുന്നു; പക്ഷെ ഇക്കാര്യത്തിൽ ഒരു കാരണവശാലും തെറ്റ് വരുത്താനാകില്ല. മരിച്ച ഓരോരുത്തരുടെയും ഭൂമിയിലെ ചെയ്തികൾ വിലയിരുത്തി വേണം അവരെ എങ്ങോട്ട് പറഞ്ഞു വിടണമെന്ന് തീരുമാനിക്കാൻ. ഓരോ തെറ്റിന്‍റെയും പ്രത്യാഘാതം ഗുരുതരമാകുമെന്നതിനാൽ അദ്ദേഹം എണ്ണമെടുക്കുന്നത് ആവർത്തിച്ച് കൊണ്ടിരുന്നു- വീണ്ടും വീണ്ടും എണ്ണിക്കൊണ്ടിരുന്നു. എന്നാൽ എണ്ണാൻ തുടങ്ങി സെക്കന്‍റുകൾക്കകം, നഷ്ടപ്പെട്ട ആത്മാക്കളുടെ ആ പട്ടികയിൽ പുതിയ കുറച്ച് പേരുകൾ കൂട്ടിച്ചേർക്കപ്പെട്ടു. പാതാള ലോകത്തുള്ള തന്‍റെ ഓഫീസിനു മുന്നിൽ ഈ ആത്മാക്കളെയെല്ലാം വരിയായി നിർത്തിയാൽ, ആ വരി പ്രയാഗ്രാജ് വരെ നീളുമെന്ന് ചിത്രഗുപ്തന് തോന്നിത്തുടങ്ങി.
രണ്ടും രണ്ടും നാല് , 1600, പിന്നെ .. .
രണ്ടും
രണ്ടും
നാല്
നാല്
ഗുണം
രണ്ട്
എട്ട്
എട്ട്
ഗുണം
രണ്ട്
പതിനാറ്
അധികം
പത്ത്
1600 പേരുണ്ട്
പിന്നെയുള്ളവരും
ദേഷ്യം
കൂട്ടാനും
ഭയം
കുറയ്ക്കാനും
പഠിച്ചാൽ
കണക്ക്
ചെയ്യാനും
വലിയ
അക്കങ്ങളെ
മെരുക്കാനും
പഠിച്ചാൽ
ബാലറ്റ്
പെട്ടികളിൽ
കുത്തിനിറച്ചിട്ടുള്ള
ശവങ്ങൾ
നിങ്ങൾക്ക്
എണ്ണിയെടുക്കാം
നിങ്ങൾക്ക്
ഇപ്പോഴും
കണക്ക്
പേടിയില്ലെന്ന്
പറയൂ
ഫെബ്രുവരി, മാർച്ച്,
ഏപ്രിൽ, മെയ്
മാസങ്ങളുടെ
പേരുകൾ
എല്ലാം
ഓർത്തിരിക്കുക
അവഗണന
അഭിശപ്തമാക്കിയ
ആഴ്ചകളിലെ
ദിവസങ്ങൾ
മരണവും
കണ്ണീരും
ദുഃഖവുമായ
ഋതുക്കളുടെ
പേരുകൾ
ഓരോ
പോളിങ്
ബൂത്തിന്‍റെയും
ഓരോ
ജില്ലയുടെയും
ഓരോ
വില്ലജ്
ബ്ലോക്കിന്‍റെയും
പേരുകൾ
ഓർത്തിരിക്കുക
ക്ലാസ്സ്മുറി
ചുവരുകളുടെ
നിറം
ഓർത്തിരിക്കുക
അതിന്‍റെ
കല്ലുകൾ
തകർന്നു
വീഴുന്ന
ശബ്ദം
ഓർത്തിരിക്കുക
സ്കൂളുകൾ
കൽക്കൂനകളായി
മാറുന്ന
കാഴ്ച
ഓർത്തിരിക്കുക
കണ്ണുകൾ
നീറിയെരിയുമ്പോഴും
അവിടത്തെ
ക്ലാർക്കുമാരുടെയും
പ്യൂൺമാരുടെയും
നിങ്ങളുടെ
ക്ലാസ്ടീച്ചർമാരുടെയും
പേരുകൾ
ഓർത്തിരിക്കുക-
ഗിരീഷ്
സാർ, രാംഭയ്യ,
മിസ്
സുനിത
റാണി
മിസ്
ജാവന്ത്രി
ദേവി
അബ്ദുൾ
സാർ, പിന്നെ
ഫരീദ
മാം
ഓരോരുത്തരായി
ശ്വാസം
കിട്ടാതെ
പിടഞ്ഞു
മരിക്കുമ്പോഴും
അവരുടെയെല്ലാം
പേരുകൾ
ഓർത്തിരിക്കുക
ശ്വാസമെടുക്കുക
നരകയാതനയാണ്
മരിക്കുക
സേവനവും
ഭരിക്കുകയെന്നാൽ
ശിക്ഷിക്കുകയെന്നാണ്
ജയിക്കുക
കൊന്നൊടുക്കുകയും
കൊല്ലുകയെന്നാൽ
നിശ്ശബ്ദരാക്കുകയാണ്
എഴുതുകയെന്നാൽ
പറന്നുയരുകയും
സംസാരിക്കുക
അതിജീവനമാണ്
ജീവിക്കുക
എന്നാൽ
ഓർത്തിരിക്കുകയും-
ഗിരീഷ്
സാർ, രാംഭയ്യ,
മിസ്
സുനിത
റാണി
മിസ്
ജാവന്ത്രി
ദേവി
അബ്ദുൾ
സാർ, പിന്നെ
ഫരീദ
മാം
ഓർത്തിരിക്കുകയെന്നാൽ
അധികാരത്തിന്‍റെ
ഭാഷയും
കെട്ടിയാടുന്ന
രാഷ്ട്രീയവും
പഠിച്ചെടുക്കലാണ്
മൗനത്തിന്‍റെയും
മരണവേദനയുടെയും
ലിപികൾ
ഗ്രഹിച്ചെടുക്കലാണ്
പറയാതെ
പോയ
വാക്കുകളും
പാതിയിൽ
ഒടുങ്ങിയ
സ്വപ്നങ്ങളും
കണ്ടെടുക്കയും
എന്നെങ്കിലുമൊരു
നാൾ
സത്യവും
നുണയും
നിങ്ങൾക്ക്
വെളിപ്പെടും
എന്നെങ്കിലും
ഒരു
നാൾ
അധ്യാപകർ
എല്ലാവരും
മരിച്ചതിന്‍റെ
കാരണം നിങ്ങൾ
മനസ്സിലാക്കും
ക്ലാസ്സ്മുറികൾ
ശൂന്യമായത്
എന്തുകൊണ്ടെന്ന്
സ്കൂളുകൾ
ശവപ്പറമ്പായത്
എന്തുകൊണ്ടെന്ന്
ചിതയ്ക്ക്
തീ
കൊടുത്തത് ആരെന്ന്
നിങ്ങൾ
കണ്ടെത്തും
പക്ഷെ
ഇന്നും
അന്നും
എന്നും
നിങ്ങൾ
ഓർത്തിരിക്കുക-
ഗിരീഷ്
സാർ, രാംഭയ്യ,
മിസ്
സുനിത
റാണി
മിസ്
ജാവന്ത്രി
ദേവി
അബ്ദുൾ
സാർ, പിന്നെ
ഫരീദ
മാം.
ഓഡിയോ: ജന നാട്യ മഞ്ചുമായി ചേർന്ന് പ്രവർത്തിക്കുന്ന നടനും സംവിധായകനും ലെഫ്റ്റ് വേർഡ് ബുക്സിന്‍റെ എഡിറ്ററുമാണ് സുധൻവാ ദേശ്പാണ്ഡെ
പരിഭാഷ: പ്രതിഭ ആര്‍. കെ.