ശബ്ദമുഖരിതമായ ഒരു പൂവാണ് മുല്ലപ്പൂ. അതിരാവിലെത്തന്നെ അത് എത്തുന്നു ‘ധം’ എന്ന ശബ്ദത്തോടെ. മധുരയിലെ മട്ടുതാവണി മാർക്കറ്റിൽ ചാക്കുനിറയെ വെള്ളമൊട്ടുകൾ. “വഴി, വഴി“ എന്ന് ആളുകൾ ഒച്ചയിടുന്നു. പിന്നെ അത് പ്ലാസ്റ്റിക്ക് ഷീറ്റിലേക്ക് ‘ശൂ’ എന്ന് ചൊരിയുന്നു. വില്പനക്കാർ ആ മൃദുലമായ പൂവുകൾ ഇരുമ്പിന്റെ തുലാസ്സിൽ കൂട്ടിയിട്ട് ഭാരം നോക്കുമ്പോൾ തുലാസ്സുകൾ ‘ക്ലാങ്ക്’ എന്ന് ശബ്ദിക്കുന്നു. എന്നിട്ട് ഒരു കിലോഗ്രാം പൂവ് ഒരു ഉപഭോക്താവിന്റെ പ്ലാസ്റ്റിക്ക് ബാഗിലേക്ക് ഇടുന്നു. ആരോ ഇവിടെ വില ചോദിക്കുന്നു, ആരോ അവിടെ വില പറയുന്നു, ടാർപോളിനിൽ ചെരുപ്പുകളുരയുന്ന ശബ്ദം, പഴയ പൂക്കൾ ഞെരിഞ്ഞമരുമ്പോളുണ്ടാവുന്ന സീൽക്കാരം, കൊടുക്കൽ വാങ്ങലുകൾ ശ്രദ്ധിക്കുന്ന ഏജന്റുമാർ, നോട്ടുബുക്കിലെ എഴുത്തിന്റെ കരകര ശബ്ദം, ആരോ ഒരാൾ ഒച്ചവെക്കുന്നു “എനിക്ക് അഞ്ച് കിലോ വേണം”..
ഏറ്റവും നല്ല പൂക്കൾക്കുവേണ്ടി സ്ത്രീകൾ ചുറ്റിനറ്റക്കുന്നു. അവർ ഒരു പിടി പൂക്കൾ ഒരു കൈയ്യിലെടുത്ത് വിരലുകൾക്കിടയിലൂടെ മറുകൈയ്യിലേക്കിട്ട് ഗുണം പരിശോധിക്കുന്നു. മഴ പോലെ പെയ്യുന്നു മുല്ലപ്പൂ. ഒരു പൂക്കാരി ഒരു റോസാപ്പൂവും ജമന്തിപ്പൂവും ശ്രദ്ധയോടെയെടുത്ത്, പല്ലുകൊണ്ട് ഹെയർപിൻ അകത്തി ‘ടക്’ എന്ന് തിരുകിവെക്കുന്നു. എന്നിട്ട്, മുല്ലപ്പൂവും, റോസാപ്പൂവും ജമന്തിയും കൂട്ടിക്കലർത്തിവെച്ച ഒരു കൊട്ട ഉയർത്തി തിരക്ക് പിടിച്ച കമ്പോളത്തിൽനിന്ന് പുറത്തേക്ക് കടക്കുന്നു.
റോഡുവക്കത്ത്, ഒരു കുടയുടെ തണലിലിലിരുന്ന്, അവർ പൂക്കൾ ചരടിൽ കോർത്ത് മുഴം കണക്കിൽ വിൽക്കുന്നു. പച്ച പരുത്തി നൂലിന്റെ ഇരുഭാഗത്തുമായി അനുസരണയോടെ മുല്ലപ്പൂമൊട്ടുകൾ പുറത്തേക്ക് നോക്കി ഇരിക്കുന്നു. സുഗന്ധമെല്ലാം ഇതളുകൾക്കുള്ളിൽ ഒളിപ്പിച്ച്. പിന്നീട്, ഒരു താലത്തിലോ, കാറിന്റെ അകത്തോ, ദൈവത്തിന്റെ ചിത്രത്തിലോ ഇരുന്ന് അത് പൂക്കുമ്പോൾ, ആ സുഗന്ധം തന്റെ വിളിച്ചുപറയുന്നു. മധുരൈ മല്ലി.
മൂന്ന് വർഷത്തിനിടയിൽ മൂന്ന് തവണ പാരി മട്ടുതാവണി സന്ദർശിച്ചു. 2021 സെപ്റ്റംബറിലെ വിനായക ചതുർത്ഥിക്ക് (ഭഗവാൻ ഗണേശന്റെ ജന്മദിനം) നാലുദിവസം മുമ്പത്തെ ആദ്യസന്ദർശനം പൂവ്യാപാരത്തെക്കുറിച്ചുള്ള ഒരു സ്റ്റഡി ക്ലാസ്സായിരുന്നു. അന്ന് നിലനിന്നിരുന്ന കോവിഡ് നിയന്ത്രണങ്ങൾ മൂലം, കമ്പോളം താത്ക്കാലികമായി പ്രവർത്തിച്ചിരുന്ന മട്ടുതാവണി ബസ് സ്റ്റാൻഡിന്റെ പിൻഭാഗത്തുവെച്ചാണ് അതുണ്ടായത്. സാമൂഹികാകലം നടപ്പിലാക്കുക എന്നതായിരുന്നു ആശയം. എന്നാൽ അതിൽ ശരിക്കും പെട്ടുപോയി.
ക്ലാസ് ആരംഭിക്കുന്നതിനുമുൻപ്, മധുരൈ ഫ്ലവർ മാർക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ് സ്വന്തം പേര് പ്രഖ്യാപിച്ചു. “ഞാൻ പൂക്കടൈ രാമചന്ദ്രൻ, ഇത്..” പൂച്ചന്തയിലേക്ക് ചൂണ്ടിക്കൊണ്ട് അദ്ദേഹം തുടർന്നു “എന്റെ സർവ്വകലാശാലയും”.






























