"ഞങ്ങളുടെ ജീവിതം ഒരു ചൂതുകളിയാണ്. കഴിഞ്ഞ രണ്ടു വർഷങ്ങൾ ഞങ്ങൾ എങ്ങനെയാണ് കഴിഞ്ഞു കൂടിയെന്നത് ദൈവത്തിനു മാത്രമെ അറിയൂ”, വി. ധർമ്മ പറഞ്ഞു. "എന്‍റെ 47 വർഷത്തെ നാടൻ കലാ ജീവിതത്തിൽ കഴിഞ്ഞ രണ്ടു വർഷങ്ങളിൽ മാത്രമാണ് ഭക്ഷണം കഴിക്കാൻ പോലും ഞങ്ങൾക്ക് ഒരു മാർഗ്ഗവും ഇല്ലാതിരുന്നത്.”
തമിഴ്‌നാട്ടിലെ മധുര നഗരത്തിൽ ജീവിക്കുന്ന ഭിന്നലിംഗ സ്ത്രീയായ 60-കാരി ധർമ്മ അമ്മ ഒരു നാടൻ കലാകാരിയാണ്. "ഞങ്ങൾക്ക് നിശ്ചിത ശമ്പളമില്ല”, അവർ കൂട്ടിച്ചേർത്തു. "ഈ കൊറോണയോടുകൂടി [മഹാമരി] ഞങ്ങൾക്ക് ജീവിക്കാനുണ്ടായിരുന്ന കുറച്ചവസരങ്ങൾ കൂടി ഇല്ലാതായി.”
ഒരു വർഷത്തെ ആദ്യ ആറ് മാസം ഭിന്നലിംഗ നാടൻ കാലാകാരെ സംബന്ധിച്ചിടത്തോളം വളരെ നിർണ്ണായകമാണ്. ഈ സമയത്ത് ഗ്രാമങ്ങൾ പ്രാദേശിക ഉത്സവങ്ങളും ക്ഷേത്രങ്ങൾ സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കുന്നു. പക്ഷെ ലോക്ക്ഡൗൺ സമയത്ത് വലിയ കൂട്ടങ്ങൾ കൂടുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് സംസ്ഥാനത്തെ ഭിന്നലിംഗ കലാകാരുടെമേൽ ഉണ്ടാക്കിയ ആഘാതം കടുത്തതാണ്. 60-കാരിയായ ധർമ്മ അമ്മയുടെ (അവരെ അങ്ങനെയാണ് വിളിക്കുന്നത്) കണക്കനുസരിച്ച് അവർ ഏകദേശം 500 പേരുണ്ട്. സ്റ്റേറ്റ് ഓർഗനൈസേഷൻ ഫോർ ട്രാൻസ് വിമൻ ഇൻ ഡ്രാമ ആൻഡ് ഫോൾക് ആർട്ട് എന്ന സംഘടനയുടെ സെക്രട്ടറിയാണവർ.
ധർമ്മ അമ്മ മധുര റെയിൽവേ സ്റ്റേഷനടുത്ത് ഒരു വാടകമുറിയിൽ ഒരു ബന്ധുവിനോടും അയാളുടെ രണ്ട് കുട്ടികളോടുമൊപ്പമാണ് താമസിക്കുന്നത്. ബന്ധു പൂക്കച്ചവടക്കാരനാണ്. മധുര നഗരത്തിൽ വളർന്ന അവര്‍ മറ്റ് ഭിന്നലിംഗ വ്യക്തികൾ ക്ഷേത്രങ്ങളിലും അടുത്തുള്ള ഗ്രാമങ്ങളിലും പരിപാടികൾ നടത്തുന്നത് കാണുമായിരുന്നു. മധുര നഗരത്തിൽ ദിവസ വേതന തൊഴിലാളികളായിരുന്നു അവരുടെ മാതാപിതാക്കൾ.












