റാണിയുടെ മുടി രണ്ടായി വകവെടുത്ത്, എണ്ണ തേച്ച്‌, മുറുക്കെ മെടഞ്ഞിടുകയാണ് പൂനം. പക്ഷേ, റബ്ബർ ബാൻഡ് കെട്ടുന്നതിന് മുൻപേ, റാണി തന്‍റെ സഹോദരങ്ങളോടും സുഹൃത്തുക്കളോടുമൊപ്പം കളിക്കാനായി ഓടി. “ ദോസ്ത് സബ് കെ ആബിതൈ , ഇ സബ് സാഞ്ച് ഹൊയിതെ ഘർ സെ ഭാഗ് ജായ് ചാഹേ ഖേലാ ലേൽ (കൂട്ടുകാർ വരുന്നതോടെ വൈകുന്നേരം അവർ കളിക്കാനോടും)”, അത്താഴം പാചകം ചെയ്യുന്ന പൂനം ദേവി, തന്‍റെ മക്കളെ കുറിച്ച് പറഞ്ഞു. റാണി അവരുടെ എട്ട് വയസ്സുള്ള രണ്ടാമത്തെ മകളാണ്.

പൂനത്തിന് 3 പെണ്മക്കളും ഒരു മകനുമാണ്. പക്ഷേ നാലു പേരിൽ ഇളയവനായ മകനു മാത്രമേ ജനന സർട്ടിഫിക്കറ്റ് ഉള്ളൂ. “ ഹംരാ ലാഗ് മേം ഇതേ പായ് രഹിതൈ ത ബൻവായിയെ ലേത്തിയെ സബ്‌കൈ (കാശുണ്ടായിരുന്നെങ്കിൽ ഞാൻ ബാക്കി മൂന്നു പേർക്കും കൂടെ എടുത്തേനെ),“ അവർ പറയുന്നു.

ഗ്രാമീണ ബിഹാറിലെ പല പാർപ്പിടങ്ങളെയും പോലെ അവരുടെ കച്ച വീടും മുളവടികളാൽ വേലി തീർത്തതായിരുന്നു. ദിവസ വേതന പണിക്കാരനായ ഭർത്താവ് മനോജിനൊപ്പം (38 വയസ്സ്) മധുബനി ജില്ലയിലെ ബേനിപ്പട്ടി ബ്ലോക്കിലെ ഏക്താര ഗ്രാമത്തിലാണ് അവരുടെ താമസം. മനോജിന്‍റെ മാസവരുമാനം ഏകദേശം 6,000 വരും.

“എനിക്കിപ്പോൾ 25 വയസ്സും ഏതാനും മാസങ്ങളുമാണ് പ്രായം,” പൂനം പറയുന്നു (ആരുടെയും യഥാർത്ഥ നാമം ഇവിടെ പരാമർശിച്ചിട്ടില്ല). “എന്‍റെ ആധാർ കാർഡ് ഭർത്താവിന്‍റെ കൈവശമാണ്, അദ്ദേഹം ഇപ്പോൾ വീട്ടിലില്ല. വിവാഹം കഴിയുമ്പോൾ എത്രയായിരുന്നു പ്രായം എന്ന് ഞാൻ വ്യക്തമായി ഓർക്കുന്നില്ല.” ഇപ്പോൾ 25 ആണെങ്കിൽ മിക്കവാറും 14 ആയിരിക്കണം വിവാഹസമയത്തെ പ്രായം.

പൂനത്തിന്‍റെ മക്കളെയെല്ലാം വീട്ടിലാണ് പ്രസവിച്ചത്. “ദായ് (വയറ്റാട്ടി) ആണ് എപ്പോഴും സഹായിച്ചിരുന്നത്. സ്ഥിതി അത്രയും ഗുരുതരമായാൽ മാത്രമേ ഞങ്ങൾ ആശുപത്രിയിൽ പോകാറുള്ളൂ,” മനോജിന്‍റെ അമ്മായി 57കാരി ശാന്തി ദേവി പറയുന്നു. മനോജിന്‍റെ വീടിന്‍റെ അതേ തെരുവിൽ തൊട്ടടുത്ത് താമസിക്കുന്ന അവർ പൂനത്തെ സ്വന്തം മരുമകളെ പോലെയാണ് പരിപാലിക്കുന്നത്.

PHOTO • Jigyasa Mishra

പൂനത്തിന് മൂന്ന് പെണ്‍മക്കളും ഒരു മകനും ആണ് . പക്ഷേ ഇളയവനായ മകന് മാത്രമേ ജനന സർട്ടിഫിക്കറ്റ് ഉള്ളൂ

“ഞങ്ങൾ പലരെയും പോലെ തന്നെ, പൂനത്തിനും ജനന സർട്ടിഫിക്കറ്റ് എടുക്കുന്നതിനുള്ള നടപടിക്രമങ്ങളൊന്നുമറിയില്ല,” ശാന്തി ദേവി പറയുന്നു.  “അതുണ്ടാക്കിയെടുക്കാൻ ജില്ലാ ആശുപത്രിയിൽ പോയി പണമടയ്ക്കണം. എത്രയാണെന്നൊന്നും എനിക്കറിയില്ല.”

ഒരു ജനന സർട്ടിഫിക്കറ്റിന് പണമോ?

ടഖൻ കി (തീർച്ചയായും)! ഇവിടെ അവർ അതൊന്നും സൗജന്യമായി തരില്ല. മറ്റെവിടെയെങ്കിലും അവർ അങ്ങനെ കൊടുക്കുന്നുണ്ടോ?” അവർ എന്നത് കൊണ്ട് പൂനം ഉദ്ദേശിക്കുന്നത് ആശാ പ്രവര്‍ത്തകരെയും (അംഗീകൃത സാമൂഹ്യാരോഗ്യ പ്രവര്‍ത്തക - Accredited Social Health Activist - ASHA) ആശുപത്രി ജീവനക്കാരെയുമാണ്. “ പായി ലേയി ഛേ , ഓഹി ദുവാരെ നായി ബൻബായെ ഛിയായി (അവരെല്ലാം പണം ചോദിക്കും, അതാണ് പെണ്‍കുട്ടികൾക്ക് സർട്ടിഫിക്കറ്റ് എടുക്കാൻ ഞങ്ങൾക്ക് കഴിയാതെ പോയത്),” ശാന്തി കൂട്ടിച്ചേർക്കുന്നു.

പൂനവും ശാന്തി ദേവിയും, ഈ തെരുവിലെ എല്ലാവരും തന്നെ മൈഥിലി ഭാഷയാണ് സംസാരിക്കുന്നത്. പ്രധാനമായും ബിഹാറിലെ മധുബനി, ദർഭംഗ, സഹർസ ജില്ലകളിൽ കേന്ദ്രീകരിച്ചിരിക്കുന്ന ഈ ഭാഷക്ക് രാജ്യത്താകമാനം 1.3 മില്യണിലധികം ഉപയോക്താക്കളുണ്ട്. അയൽരാജ്യമായ നേപ്പാളിലെ ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന രണ്ടാമത്തെ ഭാഷ കൂടിയാണിത്

ഫാർമസിസ്ററ് വരുന്ന ചുരുക്കം ദിവസങ്ങളൊഴിച്ചാൽ മറ്റെല്ലാ ദിവസങ്ങളിലും അത് അടഞ്ഞു കിടക്കുമെന്ന് പ്രദേശവാസികൾ പറയുന്നു. “മൂന്നു ദിവസം മുൻപാണ് അദ്ദേഹം അവസാനം ഇവിടെ വന്നത്. ആഴ്ചയിൽ രണ്ടു ദിവസം അദ്ദേഹം ആശുപത്രി തുറക്കും. പക്ഷെ ഡോക്ടർ മിക്കപ്പോഴും വരാറില്ല, രണ്ട് മാസമായി ഞങ്ങൾ ഡോക്ടറെ ഇവിടെ കണ്ടിട്ട്,” 50ൽ പരം പ്രായമുള്ള - പൂനത്തിന്‍റെ അയൽക്കാരി- രാജലക്ഷ്മി മഹതോ പറയുന്നു. “ദുലാർ ചന്ദ്രയുടെ ഭാര്യയെയാണ് ഞങ്ങൾ പ്രസവമെടുപ്പിന് വിളിക്കാറ്. ഇവിടെ അടുത്തുള്ള ചെറുഗ്രാമത്തിലാണ് അവരുടെ താമസം, വിശ്വസ്തയാണ്.”

PHOTO • Jigyasa Mishra

പൂനത്തിന്‍റെ വീടിനു സമീപമുള്ള , ിക്ക ദിവസങ്ങളിലും അടഞ്ഞു കിടക്കുന്ന, പ്രാഥമികാരോഗ്യ കേന്ദ്രം

“ഇന്ത്യ നിലവിൽ 6 ലക്ഷം ഡോക്ടർമാരുടെയും, 20 ലക്ഷം നഴ്‌സുമാരുടെയും, 2 ലക്ഷം ദന്തരോഗ വിദഗ്ദരുടെയും അഭാവം നേരിടുന്നു എന്നാണ് നീതി ആയോഗിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നത്. ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്ന പ്രകാരം 1,000 രോഗികൾക്ക് ഒരു ഡോക്ടർ വേണമെന്നിരിക്കെ (1:1,000) ഗ്രാമീണ ഇന്ത്യയിൽ ഇത് 1:11,082-ഉം ബിഹാർ, യു.പി. പോലുള്ള സംസ്ഥാനങ്ങളിൽ യഥാക്രമം 1:28,391-ഉം, 1:19,962-ഉം ആണ്,” റിസർച്ച് റീവ്യൂ ഇന്‍റർനാഷണൽ ജേർണൽ 2019-ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

“ഇന്ത്യയിലെ 1.14 ദശലക്ഷം അംഗീകൃത അലോപ്പതി ഡോക്ടർമാരിൽ ഏകദേശം 80% കേന്ദ്രീകരിച്ചിരിക്കുന്നതും വെറും 31% ഇന്ത്യക്കാർ മാത്രം വസിക്കുന്ന നഗരങ്ങളിലാണ്” എന്നുകൂടി ഈ റിപ്പോർട്ട് രേഖപ്പെടുത്തുന്നു. പി.എച്.സി.കൾ, ജില്ലാ ആരോഗ്യകേന്ദ്രങ്ങൾ, ആശുപത്രികൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും ഇതു തന്നെയാണവസ്‌ഥ. ഈ വസ്തുത പൂനത്തിന്‍റെ വീടും പി.എച്.സി.യും തമ്മിലുള്ള കുറഞ്ഞ അകലത്തിലെ വൈരുധ്യം വെളിപ്പെടുത്തുന്നു.

പൂനത്തിന്‍റെ വീട്ടിലെ ദാലാനിൽ (വരാന്തക്കും മുറികൾക്കും ഇടയിലെ പകുതി തുറന്ന സ്ഥലം) നിന്നുകൊണ്ടാണ് ഞങ്ങൾ സംസാരിച്ചു കൊണ്ടിരുന്നത്. ബിഹാറിൽ പുരുഷന്മാരുടെയും മുതിർന്നവരുടെയും സ്വീകരണമുറിയായാണ് ദാലാൻ പലപ്പോഴും ഉപയോഗിച്ചിരുന്നത്. കുറച്ചുകഴിഞ്ഞപ്പോൾ അയൽക്കാരായ കുറച്ചു സ്ത്രീകൾ കൂടെ ഞങ്ങളോടൊപ്പം ചേർന്നു. അവർക്ക് അകത്തേക്ക് പോകാൻ താല്പര്യമുള്ളതായി തോന്നി, പക്ഷെ ഞങ്ങൾ ദാലാനിൽ തന്നെ വർത്തമാനം തുടർന്നു.

“എന്‍റെ മകൾക്ക് പ്രസവവേദന വന്നയുടൻ ഞങ്ങൾ ബേനിപ്പട്ടി ആശുപത്രിയിലേക്കോടി. പ്രസവം വീട്ടിൽ തന്നെയായിരുന്നു തീരുമാനിച്ചിരുന്നത്, പക്ഷെ അവസാന നിമിഷമാണ് ദായി നാട്ടിലില്ലെന്ന വിവരം ഞങ്ങൾ അറിഞ്ഞത്. ഞാനും എന്‍റെ മകനും ചേർന്ന് അവളെ ഓട്ടോയിൽ ആശുപത്രിയിൽ കൊണ്ടു പോയി. പ്രസവം കഴിഞ്ഞപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് ഞങ്ങളോട് 500 രൂപ ആവശ്യപ്പെട്ടു. തരാൻ കഴിയില്ലെന്ന് ഞാൻ പറഞ്ഞപ്പോൾ ജനന സർട്ടിഫിക്കറ്റ് കിട്ടുന്നതിൽ അവർ ഞങ്ങളെ ഒരുപാട് ബുദ്ധിമുട്ടിച്ചു,” രാജലക്ഷ്മി പറയുന്നു.

ആരോഗ്യ ശൃംഖലയുടെ താഴേത്തട്ടിൽ ഉണ്ടായ ഈ അനുഭവം ഇവിടത്തെ ദരിദ്ര സ്ത്രീകൾ നേരിടുന്ന യാതനയുടേയും, വൈരുധ്യങ്ങളുടെയും, ധർമസങ്കടങ്ങളുടെയും നേർക്കാഴ്ചയാണ്.

PHOTO • Jigyasa Mishra

അവരെല്ലാം പണം ചോദിക്കും , അതുകൊണ്ടാണ് ഞങ്ങളുടെ നാല് പെണ്‍മക്കള്‍ക്ക് ജനന സർട്ടിഫിക്കറ്റ് എടുക്കാൻ ഞങ്ങൾക്ക് കഴിയാതെ പോയത് ,’ പൂനത്തിന്‍റെ ഭർത്താവിന്‍റെ അമ്മായി , ശാന്തി ദേവി പറയുന്നു

അടിസ്ഥാനസൗകര്യങ്ങളുടെ അഭാവത്തിലും, ഡോക്ടർമാരുടെ അസാന്നിധ്യത്തിലും, ചെലവേറിയതോ അപകടകരമാം വിധം അയോഗ്യമായതോ ആയ സ്വകാര്യ ആരോഗ്യ സംവിധാനങ്ങളിലും – ദരിദ്ര സ്ത്രീകളുടെ പ്രധാന ആശ്രയം ആശാ പ്രവര്‍ത്തകരാണ്. ഗ്രാമങ്ങളിൽ കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ മുൻനിരയിൽ ആരെങ്കിലും തുടർന്നിട്ടുണ്ടെങ്കിൽ അത് ആശാ പ്രവര്‍ത്തകയാണ്.

എല്ലാവരും സ്വയരക്ഷക്കായി ക്വാറന്‍റൈനിലായിരുന്നപ്പോൾ, ആശാ പ്രവര്‍ത്തകര്‍ ജീവൻ പണയം വെച്ച് പുറത്തിറങ്ങി. വാക്‌സിനേഷനും, മരുന്ന് വിതരണത്തിനും, പ്രസവത്തിനു മുൻപും ശേഷവുമുള്ള പരിചരണത്തിനായും, മറ്റു പല പ്രവർത്തനങ്ങൾക്കായും

അതിനാൽ പ്രാദേശികതലത്തില്‍ പ്രസവശുശ്രൂഷക, ആശാ പ്രവര്‍ത്തക, അംഗൻവാടി പ്രവര്‍ത്തക എന്നിവരില്‍നിന്നുണ്ടാകുന്ന ചെറിയ തോതിലെ അഴിമതി തന്നെ പൂനത്തെയും രാജലക്ഷ്മിയെയും പോലുള്ള സ്ത്രീകളെ നിസ്സഹായരാക്കുന്നു. ആവശ്യപ്പെടുന്ന പണം നിസ്സാരമായി തോന്നാം, എന്നാൽ ഇവിടത്തെ ദരിദ്ര സ്ത്രീകൾക്ക് അത് താങ്ങാവുന്നതിലും അധികമാണ്.

ഇത്തരം പണം പിരിക്കൽ പ്രവൃത്തികളിൽ ഏർപ്പെടുന്ന ചെറിയൊരു ശതമാനമുള്‍പ്പെടെയുള്ള ആശാ പ്രവര്‍ത്തകരും കടുത്ത സമ്മര്‍ദ്ദത്തിലാണ്. ഗ്രാമീണരെ പൊതു ആരോഗ്യ സംവിധാനവുമായി ബന്ധിപ്പിക്കുന്ന ഒരു ദശലക്ഷത്തിലധികം ആശാ പ്രവര്‍ത്തകര്‍ രാജ്യത്തുണ്ട്. സ്വന്തം ജീവനു തന്നെ ഭീഷണിയാവുന്ന ആത്മാർഥ സേവനങ്ങളാണ് അവർ ചെയ്യുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ തൊട്ട് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ദിവസവും 25 വീടുകൾ മാസത്തിൽ നാലു തവണ എന്ന നിരക്കിൽ സന്ദർശിച്ച് കോവിഡ് സർവേ നടത്തി വരുകയാണ് അവർ, അതും വളരെ കുറഞ്ഞ സുരക്ഷാസംവിധാനങ്ങളോടെ .

മഹാമാരിക്ക് വളരെ കാലം മുൻപ്, 2018-ൽ, ബിഹാറിലെ 93,687-ഓളം വരുന്ന ആശാ പ്രവര്‍ത്തകര്‍ (ഇന്ത്യയിൽ ഇത്തരം ജോലിക്കാരുടെ എണ്ണത്തിൽ ഏറ്റവും കൂടിയ രണ്ടാമത്തെ കൂട്ടം) മെച്ചപ്പെട്ട വേതനത്തിനായി ധർണ്ണ നടത്തിയിരുന്നു. കേന്ദ്ര-സംസ്‌ഥാന സർക്കാരുകളുടെ വിവിധ വാഗ്ദാനങ്ങളുടെ അടിസ്ഥാനത്തിൽ ആ ധർണ്ണ പിന്നീട് പിൻവലിച്ചു. പക്ഷെ, ഒന്നും പ്രാബല്യത്തിൽ വന്നില്ല.

ദർഭംഗയിലുള്ള ആശാ പ്രവര്‍ത്തക മീന ദേവി പറയുന്നു: ‘ഞങ്ങളുടെ തുച്ഛ ശമ്പളത്തെപ്പറ്റി നിങ്ങൾക്കറിയാമല്ലോ. അവർ (നവജാതശിശുക്കളുടെ കുടുംബം) സന്തോഷത്തോടെ നൽകുന്ന പണം നിരസിച്ചാൽ ഞങ്ങൾ എങ്ങനെ ജീവിക്കും?’

ഈ വർഷം മാർച്ചിൽ ആശ സംയുക്ത സംഘർഷ് മഞ്ചിന്‍റെ നേതൃത്വത്തിൽ “ ഏക് ഹസാർ മേം ദം നഹി , ഇക്കീസ് ഹസാർ മാസിക് മാന്‍ദേയ് സേ കം നഹി (1,000 രൂപ ശമ്പളവർധനവ് പര്യാപ്തമല്ല, 21,000-ത്തിൽ കുറഞ്ഞ ഒരു മാസപാരിതോഷികത്തിനും തയ്യാറല്ല) എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട് അവർ വീണ്ടും പണിമുടക്കി. സർക്കാർ ജീവനക്കാരുടെ തുല്യപദവി തങ്ങൾക്കു തരണമെന്നും അവർ ആവശ്യപ്പെട്ടു. നിലവിൽ 3,000 രൂപയാണ് ഒരു ആശാ പ്രവര്ത്തകയ്ക്ക് ബിഹാറിൽ ലഭിക്കുന്ന കൂടിയ ശരാശരി മാസ ശമ്പളം – അതും അവർ ചെയ്യുന്ന മറ്റനേകം പണികളുടെ അസ്ഥിരമായ പരിതോഷികങ്ങളെല്ലാം ചേർത്തിട്ടുള്ളത്.

അവർ ഓരോ തവണ പണിമുടക്കുമ്പോഴും, സർക്കാർ പലവിധ വാഗ്‌ദാനങ്ങൾ നൽകും - ലംഘിക്കാൻ വേണ്ടി മാത്രം. സർക്കാർ വേതനങ്ങളുടെയോ, പെന്‍ഷന്‍റെയോ, മറ്റ് തൊഴിലാനുകൂല്യങ്ങളുടെയോ ഒരു പരിധിയിലും ആശ എത്തുന്നില്ല. ഒരു ആശാ പ്രവര്ത്തകയോ അംഗൻവാടി പ്രവര്ത്തകയോ ആയി ജീവിക്കുക എന്നത് കഠിനം തന്നെയാണ്.

“ദർഭംഗയിലുള്ള ആശാ പ്രവര്ത്തക മീന ദേവി പറയുന്നു: “ഞങ്ങളുടെ തുച്ഛ ശമ്പളത്തെപ്പറ്റി നിങ്ങൾക്കറിയാമല്ലോ. അവർ (നവജാതശിശുക്കളുടെ കുടുംബം) സന്തോഷത്തോടെ നൽകുന്ന പണം നിരസിച്ചാൽ ഞങ്ങൾ എങ്ങനെ ജീവിക്കും? ഞങ്ങൾ ആരെയും നിര്‍ബന്ധിക്കാറോ നിശ്ചിത സംഖ്യ ആവശ്യപ്പെടാറോ ഇല്ല. അവർ എന്ത് നൽകിയാലും ഞങ്ങൾ സന്തുഷ്ടരാണ്, അതിനി കുഞ്ഞിന്‍റെ ജനനത്തിനായാലും, ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കുന്നതിനായാലും.”

അതൊരു പക്ഷെ, മീനാദേവിയുടെയും മറ്റു പലരുടെയും കാര്യത്തിൽ സത്യവുമായിരിക്കാം – ഇത്തരം പ്രവർത്തികളിൽ ഏർപ്പെടാത്ത ലക്ഷക്കണക്കിന് ആശാ പ്രവര്ത്തകർ രാജ്യത്തുണ്ട്. എന്നാൽ ഭീഷണി കലർന്ന അന്യായമായ പണമീടാക്കലിനെക്കുറിച്ച് പറയുന്ന മധുബാനിയിലെയും, ബിഹാറിലെ മറ്റു പ്രദേശങ്ങളിലെയും ദരിദ്ര സ്ത്രീകളുടെ അനുഭവം മറ്റൊന്നാണ്.

മനോജിന്‍റെ മാതാപിതാക്കൾ മനോജിനും പൂനത്തിനും അവരുടെ ആദ്യത്തെ മൂന്ന് മക്കളായ അഞ്ജലി (10 വയസ്സ്), റാണി(8 വയസ്സ്), സോനാക്ഷി (5 വയസ്സ്) എന്നിവർക്കുമൊപ്പമായിരുന്നു താമസം.  ഇപ്പോൾ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. നാലാമതായി പിറന്ന ഏകമകൻ രാജയുടെ(രണ്ടര വയസ്സ്) ജനനം മാതാപിതാക്കളുടെ മരണശേഷമായിരുന്നു. “എന്‍റെ ഭർതൃമാതാവിന് അർബുദമായിരുന്നു. ഏതു വിധമായിരുന്നു എന്നൊന്നും എനിക്കറിയില്ല. നാലഞ്ച് വർഷങ്ങൾ മുന്നെ അവർ മരിച്ചു. 3 വർഷം മുന്നെ ഭർതൃപിതാവും പോയി. ഇപ്പോൾ ഞങ്ങൾ ആറു പേർ മാത്രം. അദ്ദേഹം എപ്പോഴും ഒരു പേരമകനായി ആശിച്ചിരുന്നു. രാജയെ കാണാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ നിനച്ചു പോകുന്നു,” പൂനം പറയുന്നു.

PHOTO • Jigyasa Mishra

എന്‍റെ മൂന്നാമത്തെ പ്രസവത്തിനു ശേഷം ആശാ പ്രവര്‍ത്തക കാശ് ചോദിച്ചപ്പോൾ മാത്രമാണ് ജനന സർട്ടിഫിക്കറ്റ് എന്നൊന്നുണ്ടെന്നു തന്നെ ഞാൻ അറിയുന്നത്

“നോക്കൂ, ഈ ജനന സർട്ടിഫിക്കറ്റിനെക്കുറിച്ചൊന്നും ആദ്യം എനിക്കറിയില്ലായിരുന്നു,” 6-ാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള പൂനം പറയുന്നു. ഭർത്താവ് മനോജ് 10-ാം ക്ലാസ് പാസായിട്ടുണ്ട്. “എന്‍റെ മൂന്നാമത്തെ പ്രസവത്തിനു ശേഷം ആശാ പ്രവര്‍ത്തക കാശ് ചോദിച്ചപ്പോൾ മാത്രമാണ് ജനന സർട്ടിഫിക്കറ്റ് എന്നൊന്നുണ്ടെന്നു തന്നെ ഞാനറിയുന്നത്. 300 രൂപയോ മറ്റോ ആണ് അവരന്ന് ചോദിച്ചത് എന്നാണ് എന്‍റെ ഓർമ്മ. അത് സാധാരണ തുകയാണെന്നാണ് ഞാൻ കരുതിയത്. പക്ഷേ, പിന്നീടെന്‍റെ ഭർത്താവ് പറഞ്ഞു നമ്മൾ ജനന സർട്ടിഫിക്കറ്റിനായി ആർക്കും പണം കൊടുക്കേണ്ടതില്ലെന്ന്. അത് ആശുപത്രിയിൽ നിന്ന് സൗജന്യമായി ലഭിക്കേണ്ടത് നമ്മുടെ അവകാശമാണെന്ന്.”

കഹൽകയി അഢായി സൗ റുപയ ദിയാവു തൗഹം ജനം പത്രി ബൻവാ ദേബ് (250 രൂപ തന്നാൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കിത്തരാം എന്ന് അവർ പറഞ്ഞു). അവർ 50 രൂപ കുറച്ചപ്പോൾ ഞങ്ങൾ മകന് വേണ്ടി ഒന്നുണ്ടാക്കി. പക്ഷേ പെണ്‍മക്കൾക്ക് കൂടെ ഉണ്ടാക്കാൻ 750 രൂപ ആവശ്യപ്പെട്ടപ്പോൾ അത്രയും ചെലവ് വഹിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല,” പൂനം എന്നോട് പറയുന്നു.

“ബേണിപ്പട്ടി ബ്ലോക്ക് ആശുപത്രിയിൽ പോയാൽ ഞങ്ങൾക്കത് നേരിട്ടുണ്ടാക്കാം. അവിടെ, തൂപ്പുകാരന് ഒരു തുക കൊടുക്കേണ്ടി വരും. അതു കൊണ്ട്, ഇവിടെ ആശക്ക് കൊടുത്താലോ, ബേണിപ്പട്ടിയിലേക്ക് യാത്ര ചെയ്താലോ, ഏതെങ്കിലും ഒരിടത്ത് തീർച്ചയായും പണം ചെലവാകും,” പൂനം ചൂണ്ടിക്കാണിക്കുന്നു. “ ഞങ്ങൾ അതങ്ങ് പോട്ടെ എന്നു വെച്ചു. ഭാവിയിൽ അവ (സർട്ടിഫിക്കറ്റുകൾ) ആവശ്യം വരുമോ എന്ന് നോക്കാം. എന്‍റെ ഭർത്താവിന് ദിവസം 200 രൂപ മാത്രമാണ് വരുമാനം. എങ്ങനെ അദ്ദേഹത്തിന്‍റെ നാലു ദിവസത്തെ വരുമാനം ഞങ്ങൾ ഒറ്റയടിക്കങ്ങ് ചെലവാക്കും?” പൂനം ചോദിക്കുന്നു.

ശാന്തി കൂട്ടിച്ചേർക്കുന്നു, “ഒരിക്കൽ ഞാനും ഒരു ആശയുമായി വാക്കേറ്റമുണ്ടായി. കാശടയ്ക്കണം എന്നാണെങ്കിൽ ഞങ്ങൾക്ക് ഈ സർട്ടിഫിക്കറ്റ് ഉണ്ടാക്കി കിട്ടലുണ്ടാവില്ല എന്ന് ഞാൻ അവരോട് വ്യക്തമായി പറഞ്ഞു കൊടുത്തു.”

അപ്പോഴേക്കും പൂനത്തിന്‍റെ അയൽക്കാരെല്ലാം ഇരുട്ടുന്നതിനു മുന്നേ പ്രതിവാര അങ്ങാടിയിലേക്കെത്തുന്നതിനായി പുറപ്പെട്ടു കഴിഞ്ഞിരുന്നു. “ഞാൻ സോനാക്ഷിയുടെ അച്ഛനെ (പൂനം തന്‍റെ ഭർത്താവിനെ അപ്രകാരം വിശേഷിപ്പിക്കുന്നു) കാത്തുനിൽക്കുകയാണ്,” അവർ പറയുന്നു, “എന്നാൽ പിന്നെ ഞങ്ങൾക്കൊരുമിച്ചു പോയി കുറച്ച് പച്ചക്കറിയോ മത്സ്യമോ വാങ്ങിക്കാമല്ലോ. മൂന്നു ദിവസമായി ഞാൻ ചോറും പരിപ്പും തന്നെയാണ് ഇവിടെ വെക്കുന്നത്. സോനാക്ഷിക്ക് രോഹു (മത്സ്യം) പ്രിയപ്പെട്ടതാണ്.”

പെണ്‍മക്കളുടെ ജനന സർട്ടിഫിക്കറ്റിനേക്കാൾ അടിയന്തരമായ കാര്യങ്ങൾ അവിടെയുണ്ടെന്ന പോലെ തോന്നി.

ഗ്രാമീണ ഇന്ത്യയിലെ കൗമാരക്കാരായ പെൺകുട്ടികളെയും യുവതികളെയും കുറിച്ച് പ്രോജക്റ്റ് പോപുലേഷൻ ഫൗ ണ്ടേഷൻ ഓഫ് ഇന്ത്യയുടെ പിന്തുണയോടെ പാരിയും കൗ ണ്ടർ മീഡിയ ട്രസ്റ്റും രാജ്യവ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രധാനപ്പെട്ട ജനവിഭാഗവും എന്നാല്‍ പാര്‍ശ്വവത്കൃതരുമായ മേല്‍പ്പറഞ്ഞ വിഭാഗങ്ങളുടെ അവസ്ഥ സാധാരണക്കാരുടെ ശബ്ദത്തിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും മനസ്സിലാക്കുന്നതിനുള്ള ഒരു ഉദ്യമത്തിന്‍റെ ഭാഗമാണ് ഈ പ്രോജക്റ്റ്.

ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കണമെന്നുണ്ടെങ്കിൽ [email protected] എന്ന മെയിലിലേക്ക് , [email protected] എന്ന മെയിൽ ഐഡി കൂടി കാർബൺ കോപ്പി ചെയ്ത്, എഴുതുക .

താക്കൂര്‍ ഫാമിലി ഫൗണ്ടേഷന്‍ നല്‍കുന്ന സ്വതന്ത്ര ജേര്‍ണലിസം ഗ്രാന്‍റിന്‍റെ സഹായത്താല്‍ ജിഗ്യാസ മിശ്ര പൊതു ആരോഗ്യത്തെക്കുറിച്ചും പൗര സ്വാതന്ത്ര്യത്തെക്കുറിച്ചും റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കത്തില്‍ താക്കൂര്‍ ഫാമിലി ഫൗണ്ടേഷന്‍ ഒരു എഡിറ്റോറിയല്‍ നിയന്ത്രണവും നടത്തിയിട്ടില്ല.

പരിഭാഷ: അഭിരാമി ലക്ഷ്​മി

Jigyasa Mishra

ਜਗਿਆਸਾ ਮਿਸ਼ਰਾ ਉੱਤਰ ਪ੍ਰਦੇਸ਼ ਦੇ ਚਿਤਰਾਕੂਟ ਅਧਾਰਤ ਸੁਤੰਤਰ ਪੱਤਰਕਾਰ ਹਨ।

Other stories by Jigyasa Mishra
Illustration : Jigyasa Mishra

ਜਗਿਆਸਾ ਮਿਸ਼ਰਾ ਉੱਤਰ ਪ੍ਰਦੇਸ਼ ਦੇ ਚਿਤਰਾਕੂਟ ਅਧਾਰਤ ਸੁਤੰਤਰ ਪੱਤਰਕਾਰ ਹਨ।

Other stories by Jigyasa Mishra

ਪੀ ਸਾਈਨਾਥ People’s Archive of Rural India ਦੇ ਮੋਢੀ-ਸੰਪਾਦਕ ਹਨ। ਉਹ ਕਈ ਦਹਾਕਿਆਂ ਤੋਂ ਦਿਹਾਤੀ ਭਾਰਤ ਨੂੰ ਪਾਠਕਾਂ ਦੇ ਰੂ-ਬ-ਰੂ ਕਰਵਾ ਰਹੇ ਹਨ। Everybody Loves a Good Drought ਉਨ੍ਹਾਂ ਦੀ ਪ੍ਰਸਿੱਧ ਕਿਤਾਬ ਹੈ। ਅਮਰਤਿਆ ਸੇਨ ਨੇ ਉਨ੍ਹਾਂ ਨੂੰ ਕਾਲ (famine) ਅਤੇ ਭੁੱਖਮਰੀ (hunger) ਬਾਰੇ ਸੰਸਾਰ ਦੇ ਮਹਾਂ ਮਾਹਿਰਾਂ ਵਿਚ ਸ਼ੁਮਾਰ ਕੀਤਾ ਹੈ।

Other stories by P. Sainath
Series Editor : Sharmila Joshi

ਸ਼ਰਮਿਲਾ ਜੋਸ਼ੀ ਪੀਪਲਸ ਆਰਕਾਈਵ ਆਫ਼ ਰੂਰਲ ਇੰਡੀਆ ਦੀ ਸਾਬਕਾ ਸੰਪਾਦਕ ਹਨ ਅਤੇ ਕਦੇ ਕਦਾਈਂ ਲੇਖਣੀ ਅਤੇ ਪੜ੍ਹਾਉਣ ਦਾ ਕੰਮ ਵੀ ਕਰਦੀ ਹਨ।

Other stories by Sharmila Joshi
Translator : Abhirami Lakshmi

Abhirami Lakshmi is a graduate in Journalism (Hons) from Delhi University. She is trained in Carnatic Music and interested in media researches on Art and Culture.

Other stories by Abhirami Lakshmi