കടുംചുവപ്പ് നിറത്തിൽ പെയിന്റടിച്ചിട്ടുണ്ട് അത്. കെ.എഫ്.സി. എന്നാണ് പേര്.
ഇവിടുത്തെ രുചികരമായ ഭക്ഷണത്തിന്റെ ഉടമസ്ഥൻ പക്ഷേ കെന്റക്കിയെന്ന പ്രസിദ്ധമായ കെ.എഫ്.സിയുടെ കേണൽ സാൻഡേഴ്സല്ലെന്നുമാത്രം. കുലമോരയിലെ 32 വയസ്സുള്ള ബിമൻ ദാസാണ് ഈ ഒറ്റനില ഭക്ഷണശാലയുടെ ഉടമസ്ഥൻ.
നാതുൻ കുലമോര ചപ്പോരി എന്ന് ഔദ്യോഗികനാമമുള്ള ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്, അസമിലെ മജൂലി എന്ന ദ്വീപിലാണ്. ആ ദ്വീപിൽ താമസിക്കുന്ന കർഷകരും കർഷകത്തൊഴിലാളികളുമായ 480 ആളുകൾ (സെൻസസ് 2011 പ്രകാരം) മാത്രമല്ല അവിടുത്തെ രുചികരമായ ഭക്ഷണം കഴിക്കാൻ വരുന്നത്. ദ്വീപിലേക്ക് വരുന്ന സന്ദർശകരും അതിലുൾപ്പെടുന്നു. എല്ലാ യാത്രാ ഗൈഡുകളിലും വലിയ പ്രാധാന്യത്തോടെ കാണുന്ന ഭക്ഷണശാലയാണത്.
“2017-ൽ ഒരു ഉന്തുവണ്ടിയിലാണ് ഞാനിത് തുടങ്ങിയത്”, ബിമൻ പറയുന്നു. മേയ് മാസത്തിലെ ചൂടുള്ള ഒരു ഉച്ചനേരമായിരുന്നു അത്. സന്ദർശകർക്കുവേണ്ടി ഭക്ഷണശാല തുറക്കുകയായിരുന്നു ബിമൻ, കടയുടെ പുറത്തും അകത്തുമുള്ള ചുവരുകൾ കടുംചുവപ്പ് നിറത്തിലുള്ളതായിരുനു. പുറത്ത്, നട്ടുച്ചസൂര്യന്റെ കീഴിൽ, ആടുകളും, താറാവുകളും പശുക്കളും അലഞ്ഞുനടക്കുന്നുണ്ടായിരുന്നു.
ഒരു ഉന്തുവണ്ടിയിൽ നൂഡിൽസും മറ്റ് ചില വിഭവങ്ങളും വിറ്റുകൊണ്ടാണ് ബിമൻ ഇത് ആരംഭിച്ചത്. രണ്ടുവർഷം കഴിഞ്ഞ്, 2019-ൽ 10 സീറ്റുകളുള്ള ഒരു റസ്റ്ററന്റ് തുടങ്ങി. വറവുകളും, ബർഗറുകളും, പിസ്സയും, പാസ്തയും, മിൽക്ക് ഷേക്കുകളും മറ്റും അയാൾ വിൽക്കാൻ തുടങ്ങി.
കുലമോരയിലെ നാട്ടുകാരുടെയിടയിൽ മാത്രമല്ല, ആ നദീദ്വീപ് സന്ദർശിക്കാൻ വരുന്ന യാത്രക്കാരുടെയിടയിലും ഈ ഹോട്ടൽ പ്രസിദ്ധമാണ്. ഗൂഗിൾ റിവ്യൂകളിൽ, അതിന് 4.3 നക്ഷത്ര റേറ്റിംഗാണുള്ളത്. ഇവിടുത്തെ കെ.എഫ്.സി.യുടെ രുചിയും ചൂടോടെയുള്ള വിളമ്പലും ആളുകളെ പരക്കെ ആകർഷിക്കുന്നു.
എന്തുകൊണ്ടാണ് ഇതിന് കൃഷ്ണ ഫ്രൈഡ് ചിക്കൻ എന്ന് പേരിട്ടത്? ബിമൻ ഫോൺ കൈയ്യിലെടുത്ത് ഒരു ചിത്രം കാണിച്ചുതരുന്നു. അദ്ദേഹവും, ഭാര്യ ദേബജനിയും 7-8 വയസ്സുള്ള ചെറിയൊരു ആൺകുട്ടിയും ഒരുമിച്ചുള്ള ചിത്രം. “എന്റെ മകന്റെ പേരാണ് ഞാനിതിന് ഇട്ടത്”, അഭിമാനത്തോടെ, പുഞ്ചിരിച്ചുകൊണ്ട് ആ അച്ഛൻ പറയുന്നു. എല്ലാ ദിവസവും സ്കൂൾ വിട്ടുവരുമ്പോൾ അവൻ കെ.എഫ്.സി.യിൽ വന്ന് ഒരു മൂലയ്ക്കലിരുന്ന് ഗൃഹപാഠങ്ങൾ ചെയ്യും. അച്ഛനമ്മമാർ ആളുകൾക്ക് ഭക്ഷണമുണ്ടാക്കി വിളമ്പുമ്പോൾ.
ഉച്ചനേരമായതുകൊണ്ട്, നന്നായി മൊരിഞ്ഞ ഒരു ചിക്കൻ ബർഗറും ഉരുളക്കിഴങ്ങുകൊണ്ടുള്ള ഫ്രൈയുകളും ബിമൻ എനിക്ക് കഴിക്കാൻ ശുപാർശ ചെയ്തു. അതുണ്ടാക്കുന്ന വിധവും അദ്ദേഹം കാണിച്ചുതന്നു. “മജൂലിയിലെ ഏറ്റവും വൃത്തിയുള്ള ഹോട്ടലാണ് ഞങ്ങളുടേത്”, മൂന്ന് കൌണ്ടറുകളും, ഒരു ഫ്രിഡ്ജും, ഡീപ്പ് ഫ്രൈയറുമുള്ള ചെറിയ സ്ഥലത്തിനിടയിലൂടെ അദ്ദേഹം നടന്നുനീങ്ങി. കഷണങ്ങളായി മുറിച്ച പച്ചക്കറികൾ വൃത്തിയായി ഒരിടത്ത് സൂക്ഷിച്ചിരുന്നു. കെച്ചപ്പുകളുടേയും മറ്റ് സോസുകളുടേയും കുപ്പികൾ കിച്ചനിലെ അലമാരയിൽ വൃത്തിയായി അടുക്കിയും വെച്ചിരുന്നു.
ഫ്രിഡ്ജിൽനിന്ന് തൈരിൽ കുഴച്ച കോഴിയിറച്ചിയെടുത്ത് ധാന്യപ്പൊടികൊണ്ട് പൊതിഞ്ഞ്, നന്നായി വറുത്തെടുക്കുന്നു. തിളയ്ക്കുന്ന എണ്ണയിൽ അത് പൊരിയുകയും തെറിക്കുകയും ചെയ്യുമ്പോൾ, ബണ്ണുകളെടുത്ത് ബിമൻ ചൂടാക്കുന്നു. പാചകം ചെയ്യുമ്പോൾത്തന്നെ സംസാരത്തിൽ ഏർപ്പെടുകയും ചെയ്യുന്നു അദ്ദേഹം. “അമ്മയ്ക്ക് രാവിലെത്തന്നെ ജോലിക്ക് പോകണമായിരുന്നു അതിനാൽ ഭക്ഷണം കഴിക്കലൊക്കെ ഞാൻ സ്വന്തമായിട്ടായിരുന്നു ചെയ്തിരുന്നത്”, 10 വയസ്സിൽത്തന്നെ സ്വന്തം കാര്യങ്ങൾ നോക്കാൻ തുടങ്ങിയതിനെക്കുറിച്ച് ബിമൻ പറഞ്ഞുതുടങ്ങി. അമ്മ ഇള ദാസ്, മജൂലിയിൽ ഒരു കർഷകത്തൊഴിലാളിയായിരുന്നു. അച്ഛൻ ദിഘല ദാസിന് മീൻ വില്പനയായിരുന്നു.
“അമ്മ ഭക്ഷണമുണ്ടാക്കുന്നത് ഞാൻ നോക്കികാണാറുണ്ടായിരുന്നു. അങ്ങിനെ, പരിപ്പുകറിയും, കോഴിയിറച്ചിയും മീനും ഉണ്ടാക്കാൻ ഞാൻ പഠിച്ചു. ഞാനുണ്ടാക്കുന്ന ഭക്ഷണത്തിന് നല്ല രുചിയുണ്ടായിരുന്നതിനാൽ അയൽക്കാരും കൂട്ടുകാരും വീട്ടിൽ വന്ന് ഞാനുണ്ടാക്കുന്ന ഭക്ഷണം കഴിച്ചിരുന്നു. അതിൽനിന്നാണ് എനിക്ക് പ്രോത്സാഹനം കിട്ടിയത്”, ബിമൻ പറയുന്നു.
18 വയസ്സിൽ ബിമൻ വീട് വിട്ട് ജോലിയന്വേഷിക്കാൻ തുടങ്ങി. കൈയ്യിൽ 1,500 രൂപയുമായി ഒരു കൂട്ടുകാരന്റെ കൂടെ മുംബൈയിൽ പോയി. നഗരത്തിലെ ഒരു അപ്പാർട്ട്മെന്റിൽ സെക്യൂരിറ്റി ഗാർഡിന്റെ പണി ഒരു ബന്ധു തരപ്പെടുത്തിക്കൊടുത്തു. പക്ഷേ ബിമൻ ആ പണിയിൽ അധികകാലം നിന്നില്ല. “ഞാൻ ഓടിപ്പോയി. ജോലി മേടിച്ചുതന്ന ബന്ധുവിന് ഒരു കത്തയച്ചു. ‘എന്നോട് പരിഭവമൊന്നും തോന്നരുതെന്നും, എനിക്കിവിടെ ഒരു സംതൃപ്തിയുമില്ലെന്നും, എനിക്കിത് പറ്റിയ പണിയല്ലെന്നും‘ ഞാൻ ആ കത്തിൽ വ്യക്തമാക്കി.
പിന്നീടങ്ങോട്ട് മുംബൈയിലെ പല ഹോട്ടലുകളിലായി ജോലിയെടുത്തു. അവിടങ്ങളിൽനിന്നാണ് പഞ്ചാബി, ഗുജറാത്തി, ഇന്തോ-ചൈനീസ് ഭക്ഷണങ്ങൾ ഉണ്ടാക്കാൻ പഠിച്ചത്. കോൺടിനെന്റൽ ഭക്ഷണംപോലും പഠിച്ചെടുത്തു. ആദ്യമൊക്കെ ചെറിയ ചെറിയ ജോലികളായിരുന്നു ചെയ്തിരുന്നത്. “പാത്രം കഴുകുക, മേശ തയ്യാറാക്കുക” തുടങ്ങിയവ. 2010-ൽ ഹൈദരബാദിലെ എറ്റിക്കോവിൽ ഒരു ഭക്ഷണശാലയിൽ ജോലി ചെയ്യാനുള്ള അവസരം കിട്ടി. അവിടെവെച്ച് ജോലിയിൽ പടിപടിയായി കയറി, മാനേജർവരെ ആയി.
അതിനിടയ്ക്ക് ദേബജനിയുമായി പ്രണയത്തിലായി, അവരെ വിവാഹം കഴിച്ചു. ദേബജനി ഇപ്പോൾ കെ.എഫ്.സി.യിൽ കച്ചവട പങ്കാളിയുമാണ്. ഇളയ ബന്ധുക്കളായ ശിവാനിയും, ശിവാനിയുടെ സഹോദരിയും (അവരുടെ പേരും ദേബജനി എന്നുതന്നെയാണ്) ഭക്ഷണശാലയിൽ വന്ന് സഹായിക്കും.
ഹൈദരബാദിനുശേഷം ബിമൻ മജൂലിയിലേക്ക് മടങ്ങാൻ തീരുമാനിച്ചു. ആദ്യം, അസമിലെ ശിവസാഗർ ജില്ലയിലെ ദിമാവു ബ്ലോക്കിലെ ഒരു ഭക്ഷണശാലയിൽ ജോലിക്ക് കയറി. അപ്പോഴൊക്കെ, സ്വന്തമായി ഒരു ഹോട്ടൽ തുടങ്ങുന്നത് അയാൾ സ്വപ്നം കാണുകയും ചെയ്തിരുന്നു. ഒടുവിൽ അതും സാധിച്ചു. ഇന്ന് അയാൾക്ക് ഇഷ്ടികയും സിമന്റും ഉപയോഗിച്ച് നിർമ്മിച്ച സ്വന്തമായ ഒരു ഹോട്ടലുണ്ട്. “ഹോട്ടലിന്റെ പിന്നിൽ ഞാനൊരു അടുക്കള നിർമ്മിച്ചു. പക്ഷേ ഇരിക്കാനുള്ള ഭാഗം, മാസം 2,500 രൂപയ്ക്ക് വാടകയ്ക്കെടുക്കുകയായിരുന്നു”, ബിമൻ പറയുന്നു.
കഥ കേട്ടിരുന്നുകൊണ്ടുതന്നെ, 120 രൂപ കൊടുത്ത് ഞാൻ ഒരു ഉഗ്രൻ ബർഗർ അകത്താക്കാൻ തുടങ്ങി. കടയിലെ മറ്റൊരു പ്രചാരമുള്ള ഭക്ഷണം, പിസ്സയാണെന്ന് ബിമൻ പറഞ്ഞു. 270 രൂപയാണ് അതിന്റെ വില. ബിമന്റെ ഹോട്ടലിലെ നാരങ്ങാവെള്ളവും, മിൽക്ക് ഷേക്കും, വെജിറ്റബിൽ റോളുകളും റിവ്യൂവിൽ സുപ്രധാന ഇടം നേടിയിട്ടുണ്ട്.
കുലമോരയിൽനിന്ന് 10 കിലോമീറ്റർ അകലെയുള്ള സെൻസോവയിലാണ് ബിമനും കുടുംബവും താമസിക്കുന്നത്. ദിവസവും ഹോട്ടലിലേക്ക് തന്റെ സ്വിഫ്റ്റ് ഡിസൈറിലാണ് ബിമന്റെ യാത്ര. “എന്റെ ദിവസം ആരംഭിക്കുന്നത് രാവിലെ 9 മണിക്ക്, പച്ചക്കറികൾക്കും കോഴിയിറച്ചിക്കും വേണ്ടിയുള്ള തയ്യാറെടുപ്പുകളിലൂടെയാണ്”, ബിമൻ പറയുന്നു.
തിരക്കുള്ള ദിവസങ്ങളിൽ, അതായത് ഒക്ടോബർ - ഡിസംബർ മാസങ്ങളിലെ ടൂറിസ്റ്റ് സീസണിൽ അയാൾ 10,000 രൂപയോളം സമ്പാദിക്കുന്നു. ബാക്കിയുള്ള ദിവസങ്ങളിൽ നിത്യേന 5,000 രൂപയോളം ലഭിക്കാറുണ്ടെന്ന് അയാൾ പറഞ്ഞു.
അപ്പൊഴാണ് പതിവ് സന്ദർശകയായ നികിതാ ചാറ്റർജി വന്ന്, ഭക്ഷണം ഓർഡർ ചെയ്തത്. മുംബൈയിൽനിന്ന് ഒരുവർഷം മുമ്പ് മജൂലിയിലേക്ക് താമസം മാറ്റിയ ആളാണ് സാമൂഹികപ്രവർത്തകയായ നികിത. “കെ.എഫ്.സി. ഒരു ജീവൻരക്ഷയാണ്. മജൂലിയിലെ നിലവാരം നോക്കുമ്പോൾ കൃഷ്ണ ഫ്രൈഡ് ചിക്കൻ നല്ലതാണെന്നാണ് ആദ്യം ആളുകൾ എന്നോട് പറഞ്ഞിരുന്നത്. എന്നാൽ, രുചിച്ച് നോക്കിയപ്പോൾ എനിക്ക് തോന്നിയത്, ഏത് നിലവാരമെടുത്താലും അത് മികച്ചതുതന്നെയാണെന്നാണ്”, നികിത സാക്ഷ്യപ്പെടുത്തുന്നു.
“എനിക്കൊരു പരാതിയുണ്ട് കേട്ടോ..നിങ്ങളെന്താണ് രണ്ടുദിവസം കട അടച്ചിട്ടത്”, ബിമനെ നോക്കി നികിത ചോദിച്ചു. അസമിലെ പ്രധാന ഉത്സവമായ ബിഹുവിന് ദ്വീപിലെ എല്ലാ കടകളും അവധിയായിരുന്നതിനെക്കുറിച്ചാണ് നികിത സൂചിപ്പിക്കുന്നത്.
“ആ രണ്ട് ദിവസവും ഒന്നും കഴിച്ചില്ലേ?”, ബിമൻ കളിയായി ചോദിക്കുന്നു.
എന്നെങ്കിലും നിങ്ങൾ നാതുൻ കുലമോര ചപ്പോരി ഗ്രാമത്തിൽ പോവുകയാണെങ്കിൽ കൃഷ്ണ ഫ്രൈഡ് ചിക്കൻ സന്ദർശിക്കുകതന്നെ വേണം. ‘വിരൽ നക്കാൻ തോന്നിക്കുന്ന രുചിയാണ്”
പരിഭാഷ: രാജീവ് ചേലനാട്ട്