“പരവതാനികളുടെ ജില്ലയാണ് ഭദോഹി. ഇവിടെ മറ്റൊരു തൊഴിലുമില്ല”, 40 വയസ്സ് കഴിഞ്ഞ അഖ്തർ അലി പറയുന്നു. “ഞാൻ കുട്ടിക്കാലം ചിലവഴിച്ചത് ഇവിടെയാണ്. അങ്ങിനെയാണ് നെയ്ത്ത് പഠിച്ചത്”, എന്നാൽ, പരവതാനി നെയ്ത്തിൽനിന്നുള്ള വരുമാനം കുറഞ്ഞതോടെ, അലി ഇപ്പോൾ തുന്നലിലേക്ക് ചുവട് മാറ്റിയിരിക്കുന്നു.
രാജ്യത്തെ പരവതാനി നെയ്ത്ത് ശൃംഖലകളുടെ ഏറ്റവും വലിയ കേന്ദ്രമാണ് ഉത്തർ പ്രദേശിലെ മിർസാപുർ ഡിവിഷനിൽ സ്ഥിതി ചെയ്യുന്ന ഭദോഹി ജില്ല. മിർസാപുർ, വാരാണസി, സോണാഭദ്ര, കൌശാംബി, അലഹബാദ്, ജൌൻപുർ, ഗാസിപുർ, ചന്ദൌലി തുടങ്ങിയ ജില്ലകളാണ് ഈ ശൃംഖലയിൽ ഉൾപ്പെടുന്നത്. വലിയൊരു വിഭാഗം സ്ത്രീകളടക്കം രണ്ട് ദശലക്ഷം ഗ്രാമീണ കൈത്തൊഴിലുകാർക്കാണ് ഈ വ്യവസായം തൊഴിൽ നൽകുന്നത്.
ലംബമാനമായ തറികളിൽ നിർമ്മിക്കുന്ന പൈൽ കാർപ്പറ്റുകളിൽ, ഓരോ ചതുരശ്ര ഇഞ്ചിലും 30 മുതൽ 300 കെട്ടുകൾ ഉണ്ടെന്നുള്ളതാണ് ഇവിടെയുള്ള നെയ്ത്തിന്റെ പ്രത്യേകത.
നെയ്ത്തുരീതിയിലെ ഈ അനന്യതയ്ക്കുള്ള അംഗീകാരമെന്ന നിലയിലാണ് ഭദോഹി പരവതാനികൾക്ക് 2010-ൽ ഭൌമസൂചികാ സർട്ടിഫിക്കറ്റ് ലഭിച്ചത്. ഈ ജി.ഐ. ടാഗ്, വ്യവസായത്തിന് ഉത്തേജകമാവുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, അത്, പരവതാനി നെയ്ത്തുകാരുടെ കച്ചവടത്തിനെ ഒട്ടും മെച്ചപ്പെടുത്തിയില്ല.
ഉദാഹരണത്തിന്, 1935-ൽ സ്ഥാപിതമായ മുബാറക് അലി ആൻഡ് സൺസ്, യുണൈറ്റഡ് കിംഗ്ഡം, അമേരിക്ക, യൂറോപ്പ്യൻ യൂണിയൻ, ജപ്പാൻ എന്നിവിടങ്ങളിലേക്ക് ഭദോഹി പരവതാനികൾ കയറ്റിയയച്ചിരുന്നു. എന്നാൽ അവിടെനിന്നുള്ള ആവശ്യക്കാർ കുറഞ്ഞതോടെ, 2016-ൽ അവർ സ്ഥാപനം പൂട്ടി. ഈ കയറ്റുമതിസ്ഥാപനത്തിന്റെ സ്ഥാപകനായ മുബാറക്കിന്റെ പൌത്രനും, മുൻ ഉടമസ്ഥനുമാണ് 67 വയസ്സുള്ള ഖാലിദ് ഖാൻ. “എന്റെ മുത്തച്ഛനും അച്ഛനുമൊക്കെ ചെയ്തത് ഇതേ കച്ചവടമായിരുന്നു. ‘ബ്രിട്ടീഷ് ഇന്ത്യയിൽ നിർമ്മിതം’ എന്ന പേരിൽ ബ്രിട്ടീസുകാരുടെ കാലത്തുതന്നെ പരവതാനി കയറ്റുമതി ആരംഭിച്ച സ്ഥാപനമാണ് ഞങ്ങളുടേത്”


