“ആരും എന്‍റെയടുത്ത് ഒരിക്കലും ഇന്‍റര്‍വ്യൂ നടത്തിയിട്ടില്ല. എല്ലാം ഞാൻ പറയാം...”
‘എല്ലാം’ എന്നു പറയുന്നതില്‍ 70-ഓളം വര്‍ഷങ്ങള്‍ ശൗചാലയങ്ങൾ വൃത്തിയാക്കിയതും മുംബൈയിലെ ഖാർ വെസ്റ്റ് നഗരപ്രാന്തത്തിലെ നിരവധി വീടുകളിൽ ചില്ലിക്കാശിന് പണിയെടുത്തതുമൊക്കെ ഉൾപ്പെടുന്നു. ഭടേരി സരബ്ജീത് ലോഹടിന് 1980’കളുടെ അവസാനവും 1990’കളുടെ തുടക്കത്തിലും ഒരു കെട്ടിടത്തിലെ മുഴുവന്‍ വീടുകളും, അതായത് 15-16 വീടുകള്‍, വൃത്തിയാക്കുന്നതിന് മാസം 50 രൂപയായിരുന്നു ലഭിച്ചിരുന്നത്. അതിനുപുറമെ അവരുടെ അടുക്കളകളില്‍ മിച്ചം വരുന്നതും, അല്ലെങ്കില്‍ അവിടെനിന്നും എറിഞ്ഞു കളയുന്നതും ലഭിക്കുമായിരുന്നു.
“എന്‍റെ പേര് ഭടേരി ദേവി എന്നാണ്. യഥാര്‍ത്ഥത്തില്‍ ഞാന്‍ വരുന്നത് ഹരിയാനയിലെ രോഹ്തക് ജില്ലയിലെ സാംഘി ഗ്രാമത്തില്‍ നിന്നാണ്. ഏത് വര്‍ഷമാണ് മുംബൈയിലേക്ക് വന്നതെന്ന് എനിക്കോര്‍മ്മയില്ല, പക്ഷെ അന്ന് ഞാന്‍ വിവാഹിതയായതെ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളുടെ ഒരു ബന്ധുവിന് പകരമായി ഭര്‍തൃമാതാവിലൂടെയാണ് എനിക്ക് ഈ ജോലി ലഭിച്ചത്. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം, എന്‍റെ മകന് രണ്ടോ മൂന്നോ വയസ്സുള്ളപ്പോള്‍, എന്‍റെ ഭര്‍ത്താവ് മരിച്ചു (അദ്ദേഹവും ഒരു ശുചീകരണ തൊഴിലാളി ആയിരുന്നു). അദ്ദേഹം ദാദറിലായിരുന്നു ജോലി ചെയ്തിരുന്നത്. ഒരു ലോക്കല്‍ ട്രെയിനില്‍ വാതിലിനരികില്‍ ഇരുന്ന് തിരിച്ചു വരികയായിരുന്ന അദ്ദേഹം ഒരു വൈദ്യുതി പോസ്റ്റിലിടിച്ച് സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു.”
അതുകഴിഞ്ഞിട്ട് ദശകങ്ങളായി, പക്ഷെ അത് വിവരിക്കുമ്പോള്‍ ഇപ്പോഴും വേദനിക്കുന്നു. ഭടേരി ദേവി ദീര്‍ഘനിശ്വാസമെടുത്തു. മുംബൈയിലെ ബാന്ദ്ര ഈസ്റ്റില്‍ വാല്‍മീകി നഗറിലാണ് അവര്‍ ജീവിക്കുന്നത്. അധാര്‍ കാര്‍ഡ് പ്രകാരം അവരുടെ ജനനവര്‍ഷം 1932 ആണ്, അതിന്‍പ്രകാരം പ്രായം 86-ഉം. പക്ഷെ വരകള്‍ വീണ് ചുക്കിച്ചുളിഞ്ഞ മുഖത്തുനിന്നും മനസ്സിലാകുന്നത് അവര്‍ക്ക് 90 വയസ്സിലധികം പ്രായമുണ്ടെന്നാണ് – അത്രയുമുണ്ടെന്ന് അവര്‍ പറയുകയും ചെയ്യുന്നു. ഈ മാസം ജൂണ്‍ 30-നാണ് അവരുടെ മകന്‍ ഹരീഷ് മരിച്ചത് – അദ്ദേഹത്തിന്‍റെ 70’കളില്‍. വെറും 12-13 വയസ്സുള്ളപ്പോഴാണ് ഭടേരി വിവാഹിതയായത്. അതിനുശേഷം ഭര്‍ത്താവ് സരബ്ജീത് ലോഹടുമൊത്ത് അവര്‍ മുംബൈയിലേക്ക് പോന്നു.
അവരുടെ കുടുംബം മുഴുവന്‍ (ബന്ധുക്കളില്‍ മിക്കവരും ഭര്‍ത്താവിന്‍റെ ഭാഗത്തുനിന്നുള്ളവരാണ്) ഹരിയാനയില്‍ നിന്നും കുടിയേറി മുംബൈയില്‍ ഉണ്ടായിരുന്നു. അവരെല്ലാവരുംതന്നെ സ്വകാര്യ മേഖലയില്‍ ശുചീകരണ തൊഴിലാളികള്‍ ആയിരുന്നു. ഈ പ്രദേശത്തു ജീവിക്കുന്ന മിക്ക ആളുകളും ഭടേരിയെപ്പോലെ വാല്‍മീകി ദളിത് വിഭാഗത്തിലുള്ളവരാണ്. ജോലിതേടി ഹരിയാനയില്‍ നിന്നും പലസമയത്തായി മുംബൈയിലേക്ക് കുടിയേറിയവരാണവര്‍. ഭടേരിയെപ്പോലെ വീട്ടില്‍ അവരെല്ലാം സംസാരിക്കുന്നത് ഹരിയാണ്‍വിയാണ്. മുംബൈയിലെ വാല്‍മീകി വാസയിടങ്ങളിലെ നിരവധിപേരും ഹരിയാനയില്‍ നിന്നുള്ളവരാണ്. പ്രത്യേകിച്ചും ഭാണ്ഡുപ് ടാങ്ക് റോഡ്, ഡോംബിവ്ലി, മാടൂംഗ തൊഴിലാളി ക്യാമ്പ്, വിക്രോളി, ചേമ്പൂര്‍ എന്നീ ഇടങ്ങളില്‍ താമസിക്കുന്നവര്‍.
എന്തുകൊണ്ടാണ് ഈ ജാതി ശുചീകരണജോലിയില്‍ കുടുങ്ങി കിടക്കുന്നത്? ‘ഇത് വിധിയുടെ ചരടാണ്. ഇത് മാത്രമാണ് ഞങ്ങളുടെ സമുദായത്തിനുള്ള ജോലി, എല്ലാവരും ഇത് ചെയ്യുന്നു’, ഭടേരി ദേവി പറയുന്നു
ഈ പ്രത്യേക ജാതിയില്‍ പെട്ടവരുടെ കുടിയേറ്റത്തിന്‍റെയും അവർ വസിക്കുന്ന ചേരിപ്രദേശത്തിന്‍റെയും രീതി രാജ്യത്തെല്ലായിടത്തും സമാനമാണ്. ജാതി അടിസ്ഥാനത്തിലുള്ള താഴ്ന്നതരം ജോലികള്‍ ഈ സമുദായം ചെയ്യുന്ന കാര്യത്തിലും അത്തരം ജോലികളില്‍ അവര്‍ തലമുറകളായി പെട്ടുകിടക്കുന്ന കാര്യത്തിലും ഈ സമാനത കാണാന്‍ കഴിയും - മുംബൈയിലും മറ്റെല്ലായിടങ്ങളിലും. പുറമെ കാണപ്പെടുന്ന മിന്നുന്ന നഗരജീവിതത്തിൽ നിന്നും ഇതെല്ലാം മറയ്ക്കപ്പെടുന്നു.
ഭടേരിയെ അവരുടെ ജീവിതത്തിന്‍റെ അവസ്ഥ അലോസരപ്പെടുത്തുന്നതായി തോന്നുന്നില്ല. വർഷങ്ങളായുള്ള കഠിനമായ ജോലി കാരണം അവരുടെ നടുവിന് വളവായി. മുംബൈയിലെ വീട്ടിൽവച്ച് ഞങ്ങൾ അവരെ കണ്ടപ്പോൾ അവർ ഉത്സാഹത്തോടെ തന്‍റെ കഥ പറയാൻ തുടങ്ങി. ആ വീട്ടിലെ എല്ലാവരും ഒന്നു പതറി. ഭടേരി ഇത്ര സ്വതന്ത്രമായി തന്നെക്കുറിച്ചുതന്നെ ആരോടെങ്കിലും സംസാരിക്കുന്നത് അവർ ഒരിക്കലും കണ്ടിട്ടുണ്ടായിരുന്നില്ല. അപ്പോഴാണ് ഭടേരി അവരോട് പറഞ്ഞത് ആരും ഇതുവരെ താനുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന്. അതിനാൽ ഭടേരിക്ക് സംസാരിക്കണമായിരുന്നു.
പിന്നെയവര്‍ സംസാരിക്കാന്‍ തുടങ്ങി. അവരുടെ ഭര്‍ത്താവിന്‍റെ മരണത്തെക്കുറിച്ച്: “എന്‍റെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ സമയം അതായിരുന്നു. ഭര്‍ത്താവിന്‍റെ ഇളയതും മൂത്തതുമായ സഹോദരന്മാരും അതേ വീട്ടിലാണ് ജീവിച്ചത്. ആ സമയത്ത് എനിക്ക് വരുമാനം ഉണ്ടായിരുന്നു. ഭര്‍തൃ മാതാപിതാക്കള്‍ എന്നെ ഒരുപാട് മാര്‍ദ്ദിക്കുമായിരുന്നു. സഹോദരന്മാരില്‍ ഒരാളെ വിവാഹം കഴിക്കാന്‍ എന്നെ നിര്‍ബന്ധിച്ചു. പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. എനിക്കൊരു മകനുണ്ട്, അവന്‍റെ കൂടെ ജീവിതം ചിലവഴിക്കുമെന്ന് ഞാന്‍ തീരുമാനിച്ചു. ഞാനവരിലൊരാളെ വിവാഹം കഴിച്ചിരുന്നെങ്കില്‍ ആരുമെന്നെ ബഹുമാനിക്കില്ലായിരുന്നുവെന്ന് എനിക്കറിയാമായിരുന്നു. ഞാന്‍ തനിയെ വരുമാനമുണ്ടാക്കി. മകനെ എന്നോടൊപ്പം തന്നെ വളര്‍ത്തി. ഞാനെന്‍റെ ജീവിതത്തില്‍ വലിയ സന്തോഷവതിയായിരുന്നു.” (ചില ജാതിസംഘങ്ങളിലും സമുദായങ്ങളിലും ഒരു വിധവ തന്‍റെ ഭര്‍ത്താവിന്‍റെ മൂത്തതോ ഇളയതോ ആയ സഹോദരനെ വിവാഹം കഴിക്കേണ്ടതാണെന്ന് കരുതപ്പെടുന്നു).
“വിവാഹിതയായശേഷം ഭര്‍ത്താവിനോടും അദ്ദേഹത്തിന്‍റെ മാതാപിതാക്കളോടും ഇളയ സഹോദരനോടുമൊപ്പം ഞാനിവിടെവന്നു. തുടക്കത്തില്‍ ഞങ്ങള്‍ ഖാറിലായിരുന്നു ജീവിച്ചത്. അവിടെ ഖാടിക് ആളുകളും [അവരും ദളിതര്‍ തന്നെ] ജീവിച്ചിരുന്നു.”
“ജീവിതം മുഴുവന്‍ ഖാറിലാണ് ഞാന്‍ പണിയെടുത്തത്. ആ ദിവസങ്ങളില്‍ [ആദ്യ ദശകങ്ങളില്‍] അവിടെ കുറച്ച് കെട്ടിടങ്ങളെ ഉണ്ടായിരുന്നുള്ളൂ. മുംബൈ തുറസ്സും ശൂന്യവുമായിരുന്നു.” എത്ര വരുമാനം ഉണ്ടാക്കിയെന്നും എങ്ങനെയാണ് ഉണ്ടാക്കിയതെന്നും ഭടേരി ഓര്‍മ്മിക്കുന്നില്ല. താന്‍ ഈ നഗരത്തില്‍ ആദ്യം എത്തിയപ്പോള്‍ ഉള്ളിക്കോ ഉരുളക്കിഴങ്ങിനോ തുണിക്കോ എത്ര വിലയായിരുന്നു എന്നൊന്നും ഓര്‍ക്കുന്നില്ല. ഭര്‍തൃമാതാവായിരുന്നു എല്ലാം നിയന്ത്രിച്ചിരുന്നത് - സാധനങ്ങള്‍ വാങ്ങുന്നതുമുതല്‍ വരുമാന കാര്യങ്ങള്‍വരെ. ഭടേരിക്ക് ഒരു പണവും തന്‍റെ കൈയില്‍ ലഭിച്ചിരുന്നില്ല.
മുംബൈയിലെ തന്‍റെ ജീവിതം മുഴുവന്‍ ഭടേരി ഖാര്‍ വെസ്റ്റിലെ കെട്ടിടങ്ങളിലും പരിസരങ്ങളിലുമായി അലഞ്ഞുനടന്നു. അവിടെനിന്നാണ് അവര്‍ ശൗചാലയങ്ങൾ വൃത്തിയാക്കുകയും തൂക്കുകയും തുടയ്ക്കുകയും ചെയ്യുന്ന ജോലികള്‍ ചെയ്തു തുടങ്ങിയത്. 80 കഴിഞ്ഞതിനുശേഷവും അവര്‍ ജോലി ചെയ്യുന്നത് നിര്‍ത്തിയില്ല. “കുറേ വഴക്കുകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ശേഷം ഭര്‍ത്താവിന്‍റെ മുത്തശ്ശിയുടെ ജോലി ആര്‍ക്കോ കൈമാറി. പോകരുതെന്ന് ഞങ്ങള്‍ പറഞ്ഞാലും ഇന്നുവരെ എല്ലാദിവസവും അവര്‍ ഖാര്‍ വെസ്റ്റില്‍ പോയി അവിടെയുള്ള ആളുകളെ കണ്ടുകൊണ്ടിരിക്കുന്നു”, അവരുടെ ചെറുമരുമകള്‍, സഞ്ജയ് ഹരീഷ് ലോഹടിന്‍റെ ഭാര്യ, 37-കാരിയായ തനു ലോഹട് പറഞ്ഞു.
സഞ്ജയ് കുറച്ചുനാള്‍ ഓട വൃത്തിയാക്കുന്ന ജോലി ചെയ്തു. പക്ഷെ കരള്‍ രോഗം പിടിപെട്ടതിനുശേഷം അതുനിര്‍ത്തി. ഈ ലേഖിക ഭടേരിയെ കണ്ടസമയത്ത് സഞ്ജയിയെ ചികിത്സാനന്തരം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തതെ ഉണ്ടായിരുന്നുള്ളൂ. എന്നിരിക്കിലും 2 മാസങ്ങള്‍ക്കകം കരള്‍ പ്രവര്‍ത്തനരഹിതമായി 40-ാം വയസ്സില്‍ അദ്ദേഹം മരിച്ചു. സഞ്ജയ് ഉത്സാഹവാനായിരുന്ന ഒരു വ്യക്തിയായിരുന്നു. മരിക്കുന്നതിന് കുറച്ചു ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹം ഞങ്ങളോട് പറഞ്ഞു: “എന്‍റെ ദാദി [മുത്തശ്ശി] ഓടകൾ തൂക്കുന്നതും വൃത്തിയാക്കുന്നതും കുട്ടിക്കാലം മുതലേ ഞാൻ കണ്ടിട്ടുണ്ട്. അവരുള്ളതുകൊണ്ടാണ് ഇന്ന് ഞങ്ങളെല്ലാവരും ജീവിച്ചിരിക്കുന്നത്. അവര്‍ ഞങ്ങളെ വളര്‍ത്തി ഈ അഴുക്കില്‍ നിന്നും മാറ്റാന്‍ ശ്രമിച്ചു. തുടക്കം മുതല്‍ അവര്‍ കഠിനാദ്ധ്വാനം ചെയ്യുകയായിരുന്നു.”
“എന്‍റെ അച്ഛന്‍ ഓട്ടോ ഓടിച്ചിരുന്നു. പിന്നീട് ആ ജോലി ഉപേക്ഷിച്ച അദ്ദേഹം വീട്ടില്‍ ആയിരുന്നു. അതിനുശേഷം അദ്ദേഹത്തിന് സചിവാലയത്തില്‍ [സംസ്ഥാന സെക്രട്ടറിയേറ്റില്‍] ശുചീകരണ തൊഴിലാളിയായി ജോലി ലഭിച്ചു, പക്ഷെ ജാതിമൂലം ഒരു പ്രശ്നം ഉണ്ടായി. ആരോ പ്രകോപനപരമായ ഒരു പരാമര്‍ശം നടത്തി. തുടര്‍ന്ന് വഴക്കുണ്ടായി, അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു. അന്നുമുതല്‍, മരണവരെ, അദ്ദേഹം വീട്ടില്‍ തങ്ങി.
“ഏഴ് നിലകളുള്ള ഒരു കെട്ടിടം വൃത്തിയാക്കുന്നതിന് 50 രൂപ കിട്ടുമായിരുന്നുവെന്ന് ഞാൻ കുട്ടിയായിരുന്നപ്പോൾ ദാദി എന്നോട് പറഞ്ഞിരുന്നു. ആ കെട്ടിടത്തിലെ 15-16 വീടുകളില്‍ പണിയെടുക്കുന്നതിനായിരുന്നു ആ തുക കിട്ടിയിരുന്നത്. വീട്ടുചിലവുകൾ എങ്ങനെയാണ് നടത്തിയിരുന്നതെന്നും ഞാൻ നിങ്ങളോട് പറയാം. അവർ ജോലി ചെയ്തിരുന്ന വീടുകളിൽ നിന്ന് മിച്ചമുള്ള ഭക്ഷണവും അവർക്ക് ലഭിച്ചിരുന്നു. ആ ഭക്ഷണമായിരുന്നു ഒരുപാട് ദിനങ്ങൾ ഞങ്ങൾ കഴിച്ചത്. അടുത്ത സമയത്തു മാത്രമാണ് ദാദിക്ക് 4,000 രൂപ പ്രതിമാസം ലഭിച്ചത്.”
ഭടേരിക്ക് ഇത് ദുരന്തത്തിന്‍റെ ഒരു വർഷമായിരുന്നു. സഞ്ജയിയുടെ അച്ഛന്‍റെ, അതായത് ഭടേരിയുടെ മകന്‍റെ, മരണത്തെ തുടർന്ന് സഞ്ജയിയും മരിച്ചു. ഭടേരിക്ക് അത് കടുത്ത ആഘാതമായി.
വർഷങ്ങൾ നീണ്ടുനിന്ന തന്‍റെ അദ്ധ്വാനത്തെക്കുറിച്ച് പറയുന്നതിൽ അവർ സന്തോഷവതിയായി കാണപ്പെട്ടു. ജോലി ചെയ്യുന്ന ഞങ്ങളെല്ലാം ഒരുമിച്ചു ചേർന്ന് സംസാരിക്കുകയും സന്തോഷങ്ങളും ദുഃഖങ്ങളും പരസ്പരം പങ്കുവയ്ക്കുകയും ചെയ്യുമായിരുന്നു. വീട്ടിലെ വഴക്കുകളിൽ നിന്നും ഒഴിഞ്ഞു നില്‍ക്കാമായിരുന്നു. ഒഴിവില്ലാത്തവിധം ജോലിയായിരുന്നു. അതുകൊണ്ട് എനിക്കൊരിക്കലും എന്‍റെ ഗ്രാമത്തിലേക്ക് തിരിച്ചുപോകാൻ കഴിഞ്ഞില്ല. പക്ഷെ അവിടെനിന്നും കൊണ്ടുവന്ന വസ്ത്രങ്ങള്‍ മാത്രമാണ് ഞാന്‍ ജീവിതകാലം മുഴുവന്‍ ധരിച്ചത്.” ഇപ്പോഴും, സംസാരത്തിലും വസ്ത്രത്തിലും, പൂര്‍ണ്ണമായും ഹരിയാനയില്‍ നിന്നുള്ള ഒരു സ്ത്രീയാണ് അവര്‍.
താഴ്ന്ന നിലയിലുള്ള ഒരേ ജോലിതന്നെ ജീവിതകാലം മുഴുവന്‍ ചെയ്തതിനുശേഷം ആരെ കുറ്റപ്പെടുത്തണമെന്ന് ഭടേരിക്ക് വ്യക്തതയില്ലായിരുന്നു. ആരോടും അവര്‍ ദേഷ്യവും പ്രകടിപ്പിച്ചില്ല. “ഇത് വിധിയുടെ ചരടാണ്. ഇത് മാത്രമാണ് ഞങ്ങളുടെ സമുദായത്തിനുള്ള ജോലി, എല്ലാവരും ഇത് ചെയ്യുന്നു.” മനുഷ്യത്വരഹിതവും വിരസവുമായ ഈ ജോലി ഭടേരിയെപ്പോലുള്ള ലക്ഷക്കണക്കിന് സ്ത്രീകള്‍ക്ക് ഉപജീവന മാര്‍ഗ്ഗമായി തീര്‍ന്നു. ജാതി, അദൃശ്യമായ ഒരു മതില്‍പോലെ, എല്ലാസമയത്തും അവരെ ഞെരുക്കുന്നു.
എന്തുകൊണ്ടാണ് അവരുടെ ജാതിയിലുളള ആളുകൾ ഈ നിന്ദ്യമായ തൊഴിലിൽ പെട്ടു കിടക്കുന്നത്? ഭടേരി നിഷ്കളങ്കയായി മറുപടി പറഞ്ഞു: “അതിനുള്ള ഉത്തരം എനിക്കറിയില്ല. ഞങ്ങളുടെ ആളുകളെല്ലാം ഇതു ചെയ്യുന്നു, അതുകൊണ്ട് ഞാനും ചെയ്യുന്നു. സ്ഥിരമായി ചൂൽ കൈയിൽ പിടിച്ച് എന്‍റെ കണംകൈ തിരിഞ്ഞു പോയി. പക്ഷെ എനിക്ക് പെൻഷൻ പോലും കിട്ടുന്നില്ല. പാവപ്പെട്ടവർക്കായുള്ള ഗരീബീവാലം (ബി.പി.എൽ.) റേഷൻ കാർഡ് എനിക്കില്ല.
“പക്ഷെ ഞാൻ സന്തോഷവതിയാണ്, എനിക്ക് കഴിക്കാൻ നല്ല ഭക്ഷണം കിട്ടുന്നു. ഒരു കാര്യത്തിൽ ഞാൻ സംതൃപ്തയാണ് – ജീവിതം മുഴുവൻ സ്വയം അദ്ധ്വാനിച്ചാണ് ഞാൻ ഭക്ഷിച്ചത്. വീടിന് പുറത്ത് എനിക്ക് സ്വാതന്ത്ര്യമുണ്ട്. പുറത്ത് കറങ്ങാൻ ഞാനിഷ്ടപ്പെടുന്നു. ഞാനൊരിക്കലും ജോലി നിർത്തിയില്ല, തൃപ്തിയാകുന്നിടം വരെ ബീഡി വലിക്കുകയും ചെയ്തു.”
അവർ ചിരിച്ചു. പല്ലില്ലാത്ത ചിരി അവരുടെ എല്ലാ ദുഃഖങ്ങളേയും അകറ്റുന്നതായി തോന്നി.
പരിഭാഷ: റെന്നിമോന്‍ കെ. സി.