“ഞങ്ങൾ ദസറ നാച് അവതരിപ്പിക്കാൻ പോവുകയാണ്”, ഇത്‌വാരി രാം മച്ചിയ ബൈഗ പറയുന്നു. “ഈ നൃത്തം ദസറ സമയത്ത് തുടങ്ങി, ഫെബ്രുവരി, മാർച്ച് വരെ മൂന്നുനാല് മാസം തുടർന്നുപോരുന്നു. ദസറ ആഘോഷിച്ചതിനുശേഷം, ഞങ്ങൾ ഞങ്ങളുടെ സമീപത്തുള്ള ബൈഗ ഗ്രാമങ്ങൾ സന്ദർശിച്ച് രാത്രി മുഴുവൻ നൃത്തം ചെയ്യും”, ചത്തീസ്ഗഢ് ബൈഗ സമാജിന്റെ പ്രസിഡന്റ് കൂട്ടിച്ചേർത്തു.
അറുപതുകളിലെത്തിയ നർത്തകനും കൃഷിക്കാരനുമായ അദ്ദേഹം കബീർധാം ജില്ലയിലെ പണ്ഡരിയ ബ്ലോക്കിലെ അമാനിയ ഗ്രാമത്തിലാണ് താമസിക്കുന്നത്. റായ്പുരിൽവെച്ച് നടക്കുന്ന നാഷണൽ ട്രൈബൽ ഡാൻസ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിന് സംഘത്തിലെ മറ്റുള്ളവരോടൊപ്പം എത്തിയതായിരുന്നു ഇത്‌വാർജി.
ചത്തീസ്ഗഢിലെ ഏഴ് പർട്ടിക്കുലർലി വൾനെറബിൾ ട്രൈബൽ ഗ്രൂപ്പ് (പി.വി.ടി.ജി- വളരെയധികം പരാധീനതകൾ അനുഭവിക്കുന്ന ഗോത്രവിഭാഗം) വിഭാഗങ്ങളിൽ ഒന്നാണ് ബൈഗ സമുദായക്കാർ. മധ്യ പ്രദേശിലും ഇവരെ കാണാം.


