"ഈ സർക്കാർ കർഷകരെ ശ്രദ്ധിക്കുന്നില്ല. സർക്കാർ വലിയ കമ്പനികളുടെ പക്ഷത്താണ്. എ.പി.എം.സി.യും അവർക്കു നല്കിക്കൊണ്ടിരിക്കുന്നു. എന്തുകൊണ്ടു സർക്കാർ കർഷകരെ പിന്തുണയ്ക്കാതെ അവരെ പിന്തുണയ്ക്കുന്നു?”, വടക്കൻ കർണ്ണാടകയിലെ ബെളഗാവി ജില്ലയിലെ ബെളഗാവി താലൂക്കിൽ നിന്നുള്ള കർഷക തൊഴിലാളിയായ ശാന്താ കാംബ്ലെ ചോദിച്ചു.
നഗരത്തിന്‍റെ കേന്ദ്ര ഭാഗത്തുള്ള മജസ്റ്റിക് പ്രദേശത്ത്, ബെംഗളൂരു നഗരത്തിലെ റെയിൽവേ സ്റ്റേഷനടുത്ത് ഒരു റോഡ് ഡിവൈഡറിലിരുന്നുകൊണ്ട് ഉച്ചയ്ക്ക് അവർ ചുറ്റും ഉയര്‍ന്ന ശബ്ദം കേന്ദ്ര സർക്കാര ധിക്കാര (ഞങ്ങൾ കേന്ദ്ര സർക്കാരിനെ അപലപിക്കുന്നു) ശ്രദ്ധിക്കുകയായിരുന്നു.
50-കാരിയായ ശാന്ത കർഷകരുടെ റിപ്പബ്ലിക് ദിന പ്രതിഷേധ റാലിയിൽ പങ്കെടുക്കാൻ ജനുവരി 26-ന് ബെംഗളുരുവിൽ ബസിന് എത്തി. മൂന്നു കാർഷിക നിയമങ്ങൾക്കുമെതിരെ ഡൽഹിയിൽ സമരം ചെയ്തുകൊണ്ടിരിക്കുന്ന കർഷകരുടെ ട്രാക്ടർ പരേഡിനെ പിന്തുണയ്ക്കുന്നതിന്‍റെ ഭാഗമായി ഫ്രീഡം പാർക്കിലെ – രണ്ടു കിലോമീറ്റർ അകലെ – മീറ്റിംഗിൽ പങ്കെടുക്കാന്‍ അന്നു രാവിലെ കർണ്ണാടകയിലെല്ലായിടത്തു നിന്നുമുള്ള കർഷകരും കർഷക തൊഴിലാളികളും ബസിലും ട്രെയിനിലുമായി മജസ്റ്റികിൽ എത്തി.
ഉരുളക്കിഴങ്ങ്, പയറുവർഗ്ഗങ്ങൾ, നിലക്കടല എന്നീ വിളകളൊക്കെ കൃഷി ചെയ്യുക, കൃഷിയിടങ്ങളിലെ കളകൾ പറിക്കുക എന്നിങ്ങനെയുള്ള പണികളൊക്കെ പ്രതിദിനം 280 രൂപയ്ക്കു ശാന്ത നാട്ടിൽ ചെയ്യുന്നു. കാർഷിക ജോലിയില്ലാത്തപ്പോൾ അവർ എം.ജി.എൻ.ആർ.ഇ.ജി.എ. ജോലി ചെയ്യുന്നു. 28-ഉം 25-ഉം വയസ്സുള്ള അവരുടെ പുത്രന്മാർ എം.ജി.എൻ.ആർ.ഇ.ജി.എ.യുടെ കീഴിൽ ലഭ്യമായ നിർമ്മാണ പ്രവൃത്തികൾ ചെയ്യുന്നു.
"ഞങ്ങൾക്കു മതിയായ ഭക്ഷണമോ വെള്ളമോ [കോവിഡ്-19] ലോക്ക്ഡൗൺ കാലത്ത് ലഭിച്ചില്ല”, അവർ പറഞ്ഞു. “സർക്കാരിന് ഞങ്ങളുടെ കാര്യത്തിൽ കരുതലില്ല.”
"ഞങ്ങൾക്ക് എ.പി.എം.സി. വേണം. പുതിയ നിയമങ്ങൾ ഉപേക്ഷിക്കണം”, റെയിൽവേ സ്റ്റേഷന്‍റെ പാർക്കിംഗ് പ്രദേശത്ത് ഒരുകൂട്ടം കർഷകൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.








