വെറും കൈകളുമായി അവൾ നിരത്തിൽ നിന്നു. സങ്കടത്തിന്റെ ഒരു സ്മാരകം. അതിന്റെ നീരാളിക്കൈകളിൽനിന്ന് എന്തെങ്കിലും തിരിച്ചുപിടിക്കാൻ അവൾ മിനക്കെട്ടതേയില്ല. അക്കങ്ങളൊന്നും തലയ്ക്കകത്ത് തെളിയുന്നില്ല. അതിനാൽ നഷ്ടങ്ങൾ എണ്ണിത്തിട്ടപ്പെടുത്തുന്നത് അവൾ അവസാനിപ്പിച്ചിരുന്നു. അവിശ്വാസത്തിൽനിന്ന് ഭയത്തിലേക്കും, ദേഷ്യത്തിലേക്കും, പ്രതിരോധത്തിലേക്കും, നിരാശയിലേക്കും മരവിപ്പിലേക്കും നിമിഷങ്ങൾക്കുള്ളിൽ അവൾ ചലിച്ചുകൊണ്ടിരുന്നു. ഇപ്പോളവൾ, തെരുവിന്റെ ഇരുവശത്തും നിൽക്കുന്ന മറ്റുള്ളവരെപ്പോലെ ആ നാശനഷ്ടങ്ങൾ നോക്കിനിൽക്കുക മാത്രം ചെയ്യുന്നു. ഘനീഭവിച്ച കണ്ണുനീർ കണ്ണുകളിൽ നിറയുന്നുണ്ടായിരുന്നു. തൊണ്ടയിൽ വേദന ഒരു മുഴപോലെ കുരുങ്ങുന്നു. ഒരു ബുൾഡോസറിന്റെ ചുവട്ടിൽ അവളുടെ ജീവിതം ചിതറിത്തെറിച്ച് കിടന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് നടന്ന കലാപം കൊണ്ട് മതിയാകാത്ത മട്ടിൽ.
കാലം മാറുകയാണെന്ന് നസ്മയ്ക്ക് മനസ്സിലാവാൻ തുടങ്ങിയിട്ട് കുറച്ചുകാലമായിരുന്നു. തൈര് ഉറയൊഴിക്കാൻ ചെല്ലുമ്പോൾ രശ്മി അയയ്ക്കുന്ന നോട്ടം; ഷഹീൻ ബാഗിൽ പ്രതിഷേധിക്കുന്ന സ്ത്രീകളുടെ കൂടെ ചേരുമ്പോൾ, അഗാധമായ കിടങ്ങുകളാൽ ചുറ്റപ്പെട്ട ഒരു തുണ്ട് ഭൂമിയിൽ നിരാലംബയായി താൻ ഒറ്റയ്ക്ക് നിൽക്കുന്നതായ ഒരു ദുസ്വപ്നം – അതൊന്നുമായിരുന്നില്ല ആ മാറ്റം. തന്റെ ഉള്ളിലും എന്തോ ഒന്ന് മാറുന്നതുപോലെ ഒരു തോന്നൽ. മറ്റുള്ളവയെക്കുറിച്ചും, തന്നെക്കുറിച്ചും, തന്റെ പെണ്മക്കളെക്കുറിച്ചും, രാജ്യത്തെക്കുറിച്ചുമുള്ള തോന്നലുകളിൽ ഉണ്ടാവുന്ന മാറ്റങ്ങൾ. അവൾക്ക് ഭയം തോന്നുന്നു.
സ്വന്തമെന്ന് കരുതിയവ തട്ടിപ്പറിക്കപ്പെടുന്നത്, കുടുംബത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായിരുന്നില്ല. വെറുപ്പിന്റെ തീപ്പന്തവുമായി ലഹളക്കാർ പിന്തുടർന്നപ്പോൾ മുത്തശ്ശിക്ക് തോന്നിയതും ഇതേ വികാരമായിരുന്നിരിക്കണം. ഒരു കുഞ്ഞുവിരൽ അവളുടെ സാരിയിൽ പിടി മുറുക്കി. തിരിഞ്ഞുനോക്കിയപ്പോൾ അവളെ സ്വീകരിച്ചത്, നിസ്സഹായമായ ഒരു പുഞ്ചിരിയായിരുന്നു. അവളുടെ ആലോചനകൾ വീണ്ടും വന്യതയാർന്നത് അപ്പോഴായിരുന്നു.


