"അതൊരിക്കലും 100 ദിവസമില്ല. ഈ വർഷം വെറും 50 ദിവസം മാത്രം, അത്രേയുള്ളൂ”, ആർ. വനജ പറഞ്ഞു. ബംഗലമേട് പ്രദേശത്തെ വേലിക്കാതൻ മരത്തിന്‍റെ ചിതറിയ തണലത്ത് 18 സ്ത്രീകളോടും 2-3 പുരുഷന്മാരോടുമൊപ്പം നിലത്തിരിക്കുകയായിരുന്നു അവർ. വേതനത്തെക്കുറിച്ച് വ്യക്തമാക്കാൻ ശ്രമിച്ചുകൊണ്ട് 2019 ഡിസംബറിലെ ഒരു പ്രഭാതത്തിൽ അവർ ‘നൂറ് നാൾ വേല’യെക്കുറിച്ച് (എം.ജി.എൻ.ആർ.ഇ.ജി.എ തൊഴിലിനെ അവർ അങ്ങനെയാണ് വിളിക്കുന്നത്) സംസാരിക്കുകയായിരുന്നു. ഏകദേശം 20 വയസ്സുള്ള വനജ 35 ഇരുള കുടുംബങ്ങളുള്ള ഈ കോളനിയിലെ പ്രായപൂർത്തിയായ മറ്റ് മിക്കവരെയും പോലെ ദിവസവേതന തൊഴിലാളിയായി ജോലി ചെയ്യുന്നു.
ഈ പ്രദേശത്തെ (തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിലെ തിരുത്തനി ബ്ലോക്കിലെ ചെറുക്കനൂർ പഞ്ചായത്തിന്‍റെ ഭാഗം) പുരുഷന്മാർക്ക് പൊതുവെ എൻ.ആർ.ഇ.ജി.എ. ജോലി ലഭിക്കാറില്ല. അവർ സാധാരണയായി കൃഷിയിടങ്ങളിൽ കനാലുകൾ കുഴിക്കുകയും മാന്തോട്ടം നനയ്ക്കുകയും നിർമ്മാണ മേഖലകളിൽ പണിയെടുക്കുകയും തട്ട് നിർമ്മാണം, പേപ്പർ പൾപ്പ് നിർമ്മാണം, വിറക്, മറ്റാവശ്യങ്ങൾ എന്നിവയ്ക്കായി കാറ്റാടി മരങ്ങൾ മുറിക്കുകയും ചെയ്യുന്നു. ഒരു ദിവസത്തെ ജോലിയിൽ നിന്നും അവർക്ക് സാധാരണയായി 300 രൂപ ലഭിക്കുന്നു.
പക്ഷെ ഈ ജോലികളെല്ലാം കാലികവും പ്രവചിക്കാൻ പറ്റാത്തതുമാണ്. മഴക്കാലത്ത് പണിയൊന്നുമില്ലാത്ത ദിവസങ്ങളില്‍ ഇരുളർ (തമിഴ്‌നാട്ടില്‍ അവരെ ‘പ്രത്യേകിച്ച് ദുര്‍ബലരായ ഗോത്ര വിഭാഗ’ത്തില്‍ - Particularly Vulnerable Tribal Group - പെടുത്തിയിരിക്കുന്നു) വരുമാനമൊന്നും കൂടാതെ കഴിഞ്ഞു കൂടുകയും അടുത്തുള്ള കാട്ടില്‍ നിന്ന് ചെറുമൃഗങ്ങളെ ഭക്ഷണത്തിനായി വേട്ടയാടാനോ പഴങ്ങളും കിഴങ്ങുകളും ശേഖരിക്കാനോ പോവുകയും ചെയ്യുന്നു. (Digging up buried treasures in Bangalamedu, On a different route with rats in Bangalamedu എന്നിവ കാണുക).
ചിതറിക്കിടക്കുന്ന ആ പണികൾ പോലും വല്ലപ്പോഴുമേ സ്ത്രീകൾക്ക് ലഭിക്കൂ. ജനുവരി-ഫെബ്രുവരി മാസങ്ങളിൽ തുടങ്ങി ഏതാണ്ട് മെയ്-ജൂൺ വരെയുള്ള ചില സമയങ്ങളിൽ ഭർത്താക്കന്മാരോടൊപ്പം അടുത്തുള്ള ഇഷ്ടിക ചൂളകളിൽ അവർ പണിയെടുക്കുന്നു. പക്ഷെ ജോലി ഇടയ്ക്കൊക്കെയേ ലഭിക്കൂ. സീസണിൽ മൊത്തത്തിൽ ഭാര്യയും ഭർത്താവും ചേർന്ന് ഉണ്ടാക്കുന്നത് അങ്ങേയറ്റം 6,000 രൂപയാണ്.














