ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ അരങ്ങേറിയ കോളനിവാഴ്ചയുടെയും വിഭജനത്തിന്റെയും അടങ്ങാത്ത അലയൊലികൾ അസമിൽ പ്രകടമാകുന്നത് വ്യത്യസ്ത മാനങ്ങളിലാണ്. നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസ്  (എൻ.ആർ.സി) എന്ന, 1.9 ദശലക്ഷം ആളുകളെ രാജ്യമില്ലാത്തവരാക്കി മാറ്റാൻ വഴിയൊരുക്കുന്ന പൗരത്വ നിർണ്ണയ പ്രക്രിയയാണ് ഇതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തം. 'ഡൗട്ട്ഫുൾ (ഡി) വോട്ടർ' എന്ന ഒരു വിഭാഗം പൗരന്മാരെ സൃഷ്ടിക്കുകയും അവരെ ഡിറ്റൻഷൻ സെന്ററുകളിൽ തടവിൽ പാർപ്പിക്കുകയും ചെയ്യുന്ന സമ്പ്രദായം ഈ പ്രക്രിയയുടെ ഭാഗമായി രൂപപ്പെട്ടതാണ്. 1990-കളുടെ അവസാനം തൊട്ട് അസമിലുടനീളം ഫോറിനേഴ്സ് ട്രൈബ്യൂണലുകൾ കൂണുപോലെ മുളച്ചു പൊന്തിയതും 2019 ഡിസംബറിൽ സിറ്റിസൺഷിപ്പ് അമൻഡ്മെന്റ് ആക്ട് (സി.എ.എ- പൗരത്വ ഭേദഗതി നിയമം) പാസ്സാക്കിയതുമെല്ലാം സംസ്ഥാനത്തെ പൗരത്വ തർക്കം രൂക്ഷമാക്കാനേ സഹായിച്ചിട്ടുള്ളൂ.

ഇന്നും തുടരുന്ന ഈ പ്രതിസന്ധിയുടെ ഇരകളായ ആറു പേർ തങ്ങളുടെ ജീവിതാനുഭവങ്ങൾ വിവരിക്കുമ്പോൾ, പൗരത്വ തർക്കം വ്യക്തി ജീവിതങ്ങളിലും ചരിത്രത്തിലും സൃഷ്ടിക്കുന്ന ആഘാതങ്ങൾ നമുക്ക് മുന്നിൽ വെളിവാകുന്നു. എട്ട് വയസ്സുള്ളപ്പോൾ നെല്ലി കൂട്ടക്കൊലയെ അതിജീവിച്ച റാഷിദ ബീഗത്തിന്റെ പേര് എൻ.ആർ.സിയിൽ ഉൾപ്പെടുത്തിയിട്ടില്ല; അവരുടെ കുടുംബാംഗങ്ങൾ എല്ലാവരും പട്ടികയുടെ ഭാഗമായിരിക്കെയാണിത്. ഷാജഹാൻ അലി അഹമ്മദിന്റെയും അദ്ദേഹത്തിന്റെ നിരവധി കുടുംബാംഗങ്ങളുടെയും പേരും പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു. അസമിലെ പൗരത്വ തർക്കവുമായി ബന്ധപ്പെട്ട് സജീവമായി പ്രവർത്തിക്കുന്ന ഒരു ആക്ടിവിസ്റ്റാണ് ഷാജഹാൻ ഇപ്പോൾ.

അസമിലെ പൗരത്വ പ്രതിസന്ധിയുടെ ചരിത്രം, ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ നയങ്ങളും 1905-ലെ ബംഗാൾ വിഭജനവും 1947-ൽ നടന്ന ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വിഭജനവും സൃഷ്‌ടിച്ച കുടിയേറ്റക്കാരുടെ ഒഴുക്കുമായി ബന്ധപ്പെട്ട് കിടക്കുന്നു

ഉലോപി ബിശ്വാസിന്റെ കുടുംബം ഇന്ത്യൻ പൗരത്വം ഉള്ളവരായിട്ടും ഉലോപിയുടെ പക്കൽ സ്വന്തം പൗരത്വം തെളിയിക്കാനുള്ള രേഖകൾ ഉണ്ടായിട്ടും അവരെ 'വിദേശി' ആയി പ്രഖ്യാപിക്കുകയായിരുന്നു. ഡി-വോട്ടറായി പ്രഖ്യാപിക്കപ്പെട്ട ഉലോപി, തന്റെ പൗരത്വം തെളിയിക്കാനായി 2017-2022 കാലയളവിൽ ബൊംഗായിഗാവോൻ ഫോറിൻ ട്രൈബ്യൂണലിൽ വിചാരണയ്ക്ക് വിധേയയായി. ഡിറ്റൻഷൻ കേന്ദ്രങ്ങളിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങിയ കുൽസും നിസ്സയും സൂഫിയ ഖാത്തൂനും കസ്റ്റഡിയിൽ ചിലവഴിച്ച സമയത്തെക്കുറിച്ച് സംസാരിക്കുന്നു. ഉദ്യോഗസ്ഥ തലത്തിൽ സംഭവിച്ച പിഴവ് കാരണം എട്ട്  മാസവും ഇരുപത് ദിവസവും കോക്രജഹാറിലെ ഡിറ്റൻഷൻ സെന്ററിൽ തടവിൽ കഴിഞ്ഞ മോർജിന ബിബിയാണ് മറ്റൊരാൾ.

അസമിലെ പൗരത്വ പ്രതിസന്ധിയുടെ ചരിത്രം ഏറെ സങ്കീർണ്ണമാണ്. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക നയങ്ങളും 1905-ലെ ബംഗാൾ വിഭജനവും 1947-ൽ നടന്ന ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വിഭജനവുമെല്ലാം സൃഷ്‌ടിച്ച കുടിയേറ്റക്കാരുടെ ഒഴുക്കുമായി അതിന് ബന്ധമുണ്ട്. വർഷങ്ങളായി നടന്നിട്ടുള്ള ഭരണപരവും നിയമപരവുമായ ഇടപെടലുകളും 1979 മുതൽ 1985 വരെ നടന്ന, വിദേശികൾക്ക് എതിരെയുള്ള പ്രക്ഷോഭവുമെല്ലാം ബംഗാളി വംശജരായ മുസ്ലീങ്ങളെയും ബംഗാളി ഹിന്ദുക്കളെയും "അപരന്മാർ" ആക്കിത്തീർത്തിരിക്കുകയാണ്.

ഫേസിങ് ഹിസ്റ്ററി ആൻഡ് അവർസെൽവ്സ് എന്ന പദ്ധതി കുൽസും നിസ്സ, മോർജിന ബീബി, റാഷിദ ബീഗം ,ഷാജഹാൻ അലി അഹമ്മദ്, സൂഫിയ ഖാത്തൂൻ, ഉലോപി ബിശ്വാസ് എന്നിവരുടെ അനുഭവസാക്ഷ്യങ്ങൾ രേഖപ്പെടുത്തുന്നു. അസമിലെ പൗരത്വ പ്രതിസന്ധിയ്ക്ക് അവസാനമായിട്ടില്ലെന്ന ഓർമ്മപ്പെടുത്തലാണിത്. അതിന്റെ സങ്കീർണ്ണതകളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് കാലം എന്താണ് കാത്തുവച്ചിരിക്കുന്നതെന്ന് ആർക്കും അറിയില്ല.


റാഷിദ ബീഗം അസമിലെ മൊറിഗാവോൺ ജില്ലക്കാരിയാണ്. 1983 ഫെബ്രുവരി 18-നു നെല്ലി കൂട്ടക്കൊല നടക്കുമ്പോൾ അവർക്ക് എട്ട് വയസ്സായിരുന്നു പ്രായം. 2019-ൽ പ്രസിദ്ധീകരിച്ച ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടികയിൽ അവരുടെ പേര് ഉൾപ്പെടുത്തിയിട്ടില്ല.


അസമിലെ പൗരത്വ പ്രതിസന്ധിയുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന, ബക്സ ജില്ലയിൽ നിന്നുള്ള ആക്ടിവിസ്റ്റാണ് ഷാജഹാൻ അലി അഹമ്മദ് . ഷാജഹാൻ ഉൾപ്പെടെ അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്നുള്ള 33 അംഗങ്ങളെ ദേശീയ പൗരത്വ രജിസ്റ്ററിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്.


ബർപ്പേട്ട ജില്ലയിൽ നിന്നുള്ള സൂഫിയ ഖാത്തൂൻ രണ്ടു വർഷത്തിലധികം കോക്രജഹാറിലെ ഡിറ്റൻഷൻ സെന്ററിൽ തടവിൽ കഴിഞ്ഞിട്ടുണ്ട്. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം ജാമ്യത്തിൽ പുറത്തിറങ്ങിയിരിയ്ക്കുകയാണ് അവർ.


ബർപ്പേട്ട ജില്ലയിൽ നിന്നുള്ള കുൽസും നിസ്സ അഞ്ച് വർഷം കോക്രജഹാറിലെ ഡിറ്റൻഷൻ സെന്ററിലായിരുന്നു. നിലവിൽ ജാമ്യത്തിൽ പുറത്തിറങ്ങിയിരിക്കുകയാണെങ്കിലും എല്ലാ ആഴ്ചയും പ്രാദേശിക പോലീസ് സ്റ്റേഷനിൽ അവർക്ക് ഹാജരാകേണ്ടതുണ്ട്.


ചിരാങ് ജില്ലക്കാരിയായ ഉലോപി ബിശ്വാസിന്റെ കേസ് 2017 മുതൽ ബൊംഗായിഗാവോൻ ഫോറിൻ ട്രൈബ്യൂണലിൽ നടന്നു വരികയാണ്.


ഗോൽപ്പാറ ജില്ലയിൽ നിന്നുള്ള മോർജിന ബീബി എട്ട് മാസവും ഇരുപത് ദിവസവും കോക്രജഹാറിലെ ഡിറ്റൻഷൻ സെന്ററിൽ കഴിയുകയുണ്ടായി. പോലീസ് തെറ്റായ ആളെ അറസ്റ്റ് ചെയ്തതാണെന്ന് സ്ഥാപിക്കപ്പെട്ടതിനു ശേഷമാണ് അവരെ വിട്ടയച്ചത്.

' ഫേസിങ് ഹിസ്റ്ററി ആൻഡ് ഔർസെൽവ്‌സ് ' എന്ന പരമ്പരയുടെ ഏകോപനം നിർവഹിക്കുന്നത് സുബശ്രി കൃഷ്ണനാണ് . പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുമായി സഹകരിച്ച് , ഇന്ത്യ ഫൗണ്ടേഷൻ ഫോർ ദി ആർട്ട്സ് , അവരുടെ ആർക്കൈവ്സ് ആൻഡ് മ്യൂസിയംസ് പ്രോഗ്രാമിന് കീഴിൽ നടപ്പിലാക്കുന്ന ഫൌണ്ടേഷൻ പദ്ധതിയാണിത് . ഡൽഹിയിലെ ഗോയ്ഥേ ഇൻസ്റ്റിറ്റ്യൂട്ട് / മാക്സ് മുള്ളർ ഭവനിന്റെ സഹായത്തോടെയാണ് ഇത് സാധ്യമായത് . ഷേർ - ഗിൽ സുന്ദരം ആർട്ട്സ് ഫൗണ്ടേഷന്റെ പിന്തുണയും പദ്ധതിയ്ക്കുണ്ട് .

ഫീച്ചർ കൊളാഷ് : ശ്രേയ കാത്യായിനി

പരിഭാഷ: പ്രതിഭ ആർ. കെ.

Subasri Krishnan

ਸੁਭਸ਼੍ਰੀ ਕ੍ਰਿਸ਼ਨਨ ਇੱਕ ਫ਼ਿਲਮਕਾਰ ਹਨ ਜੋ ਆਪਣੇ ਕੰਮ ਜ਼ਰੀਏ ਨਾਗਰਿਕਤਾ ਨਾਲ਼ ਜੁੜੇ ਸਵਾਲਾਂ ਨੂੰ ਚੁੱਕਦੀ ਹਨ ਤੇ ਉਹਦੇ ਵਾਸਤੇ ਉਹ ਲੋਕਾਂ ਦੀਆਂ ਯਾਦਾਂ, ਪ੍ਰਵਾਸ ਨਾਲ਼ ਜੁੜੀਆਂ ਕਹਾਣੀਆਂ ਤੇ ਅਧਿਕਾਰਕ ਪਛਾਣ ਨਾਲ਼ ਜੁੜੇ ਦਸਤਾਵੇਜ਼ਾਂ ਦੀ ਸਹਾਇਤਾ ਲੈਂਦੀ ਹਨ। ਉਨ੍ਹਾਂ ਦਾ ਪ੍ਰੋਜੈਕਟ 'ਫੇਸਿੰਗ ਹਿਸਟਰੀ ਐਂਡ ਆਵਰਸੈਲਫ਼' ਅਸਾਮ ਰਾਜ ਵਿੱਚ ਇਸੇ ਤਰ੍ਹਾਂ ਦੇ ਮੁੱਦਿਆਂ ਦੀ ਪੜਤਾਲ਼ ਕਰਦਾ ਹੈ। ਉਹ ਮੌਜੂਦਾ ਸਮੇਂ ਜਾਮਿਆ ਮਿਲੀਆ ਇਸਲਾਮੀਆ, ਨਵੀਂ ਦਿੱਲੀ ਦੇ ਏ.ਜੇ.ਕੇ. ਮਾਸ ਕਮਿਊਨੀਕੇਸ਼ਨ ਰਿਸਰਚ ਸੈਂਟਰ ਵਿੱਚ ਪੀਐੱਚਡੀ ਕਰ ਰਹੀ ਹਨ।

Other stories by Subasri Krishnan
Editor : Vinutha Mallya

ਵਿਨੂਤਾ ਮਾਲਿਆ ਪੱਤਰਕਾਰ ਤੇ ਸੰਪਾਦਕ ਹਨ। ਉਹ ਪੀਪਲਜ਼ ਆਰਕਾਈਵ ਆਫ਼ ਰੂਰਲ ਇੰਡੀਆ ਵਿਖੇ ਸੰਪਾਦਕੀ ਪ੍ਰਮੁੱਖ ਸਨ।

Other stories by Vinutha Mallya
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

Other stories by Prathibha R. K.