23-കാരിയായ രാനോ സിംഗിന് പ്രസവ വേദന തുടങ്ങിയപ്പോൾ ഭർത്താവിനോടും ഭർതൃമാതാവിനോടുമൊപ്പം അവർ പെട്ടെന്നു തന്നെ മലഞ്ചരിവിലെ ചെറിയ വീട്ടിൽ നിന്നുമിറങ്ങി. അപ്പോൾ രാവിലെ ഏകദേശം 5 മണിയായിരുന്നു. മലമ്പ്രദേശങ്ങളിലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാല്‍ മാത്രമെ അവർ പ്രധാന റോഡിൽ എത്തുകയുള്ളൂ. തങ്ങളുടെ ഗ്രാമമായ സിവലിയിൽ നിന്നും ഏകദേശം 12 കിലോമീറ്റർ ദൂരെ റാണിഖേതിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് അവരെ കൊണ്ടു പോകാനായി ഒരു വാടക വാഹനം റോഡില്‍ കാത്തു കിടക്കുകയായിരുന്നു.
ഒരു ഡോലി അവർ ഏർപ്പാടാക്കിയിരുന്നു - താക്കൂർ സമുദായത്തിലെ ഗർഭിണികളായ സ്ത്രീകളെ കയറ്റം കയറ്റിക്കൊണ്ടു പോകുന്നത് ഒരു പല്ലക്കിൽ നാലു പുരുഷന്മാർ ചേർന്നാണ്. ഓരോരുത്തരും പല്ലക്കിന്‍റെ ഓരോ മൂലയ്ക്കു പിടിക്കും. ഈ ഡോലി ഗർഭിണിയായ സ്ത്രീയെ റോഡിലെത്തിക്കും. സാധാരണയായി അവിടൊരു വാഹനം കാത്തു കിടക്കുന്നുണ്ടാവും, അതിൽ അവർ ആശുപത്രിയിൽ എത്തും. പക്ഷെ അന്നുരാവിലെ ഡോലി ഇല്ലായിരുന്നു. അതിനാൽ അവർ നടക്കാൻ തുടങ്ങി.
രാനോ പകുതി നടന്നതേയുള്ളൂ. "വേദന കാരണം എനിക്കു നടക്കാൻ പറ്റുകയില്ലെന്നു മനസ്സിലാക്കിയപ്പോൾ ഞങ്ങൾ കഷ്ടി പകുതി ദൂരം കഴിഞ്ഞതേയുണ്ടായിരുന്നുള്ളൂ. നടപ്പു നിർത്തി ഞാൻ റോഡിലിരുന്നപ്പോൾ കാര്യം മനസ്സിലാക്കി ഭർത്താവ് തൊട്ടടുത്തുള്ള ഒരു വീട്ടിലേക്കോടി. അവരെ ഞങ്ങൾക്ക് അറിയാമായിരുന്നു. 10 മിനിറ്റിനകം ചാച്ചി വെള്ളവും ഒരു കിടക്കവിരിപ്പുമായെത്തി. ചാച്ചിയുടെയും ഭർതൃമാതാവിന്‍റെയും സഹായത്തോടെ ഞാൻ പ്രസവിച്ചു.” (34-കാരനായ രാനോയുടെ ഭർത്താവ് ഒരു റേഷൻ കടയിൽ സഹായിയായി മാസം 8,000 രൂപയ്ക്ക് ജോലി ചെയ്യുന്നു. മൂന്നു മുതിർന്നവർക്കും ഒരു കുഞ്ഞിനും കൂടിയുള്ള ഒരേയൊരു വരുമാന മാർഗ്ഗമാണത്; അവർക്കു കുഞ്ഞിന്‍റെ പേരു പറയണമെന്നില്ലായിരുന്നു.)
"പ്രധാന റോഡിലേക്കു ഞങ്ങൾ നടന്നു കൊണ്ടിരുന്ന വഴിയില്‍ എന്‍റെ മകൻ ജഗതിനെ ഞാൻ പ്രസവിച്ചത് ഈ കാട്ടിലാണ്”, മരങ്ങളാൽ ചുറ്റപ്പെട്ട ഇടുങ്ങിയ മലമ്പാതയില്‍ നടന്ന കടുത്ത വേദന നിറഞ്ഞ പ്രസവത്തെ ഓർമ്മിച്ചുകൊണ്ട് അവർ തുടർന്നു. "ഇതുപോലൊരു പ്രസവത്തെക്കുറിച്ച് ഞാനൊരിക്കലും സങ്കൽപ്പിച്ചിട്ടില്ലായിരുന്നു. അതോർക്കുമ്പോൾ ഇപ്പോഴും എന്‍റെ രോമം എഴുന്നു നിൽക്കുന്നു. പക്ഷെ എന്‍റെ കുട്ടി സുരക്ഷിതനായി പുറത്തെത്തി, ദൈവത്തിനു നന്ദി. അതാണ് ഏറ്റവും പ്രധാന കാര്യം.”
ജഗത് ഉണ്ടായ ഉടനെ തന്നെ 2020 ഫെബ്രുവരി 20-ലെ ആ പ്രഭാതത്തിൽ രാനോ തന്‍റെ 58-കാരിയായ ഭർതൃമാതാവ് പ്രതിമാ സിംഗിനൊപ്പം കുഞ്ഞിനേയും കൈകളിലേന്തി വീട്ടിലേക്കു തിരിച്ചു നടന്നു.










