അവൾക്ക് ആകെ വായിക്കാനും എഴുതാനും അറിയുന്നത് സ്വന്തം പേരാണ്. ഏറെ അഭിമാനത്തോടെ, തികഞ്ഞ സൂക്ഷ്മതയോടെ ദേവനാഗരി ലിപിയിൽ, ഗോ-പ്-ലി എന്നെഴുതി അവൾ പൊട്ടിച്ചിരിക്കുന്നു.

38 വയസ്സുള്ള, നാല് മക്കളുടെ അമ്മയായ ഗോപ്ലി ഗാമെതി പറയുന്നത് സ്ത്രീകൾ മനസ്സുവച്ചാൽ, അവർക്ക് എന്തുവേണമെങ്കിലും ചെയ്യാൻ സാധിക്കുമെന്നാണ്.

ഉദയ്പ്പൂർ ജില്ലയിലെ ഗോഗണ്ട ബ്ലോക്കിൽ ഉൾപ്പെടുന്ന കാർദ ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തുള്ള മുപ്പതോളം വീടുകളിലൊന്നിലാണ് ഗോപ് ലിയുടെ താമസം. തന്റെ നാല് മക്കളെയും സമുദായത്തിലെ മുതിർന്ന സ്ത്രീകളുടെ മാത്രം സഹായത്തോടെ അവൾ വീട്ടിൽവെച്ചുതന്നെയാണ് പ്രസവിച്ചത്. ആദ്യമായി ഗോപ്ലി ഒരു ആശുപത്രിയിലേയ്ക്ക് പോയത് അവളുടെ നാലാമത്തെ കുഞ്ഞ് - മൂന്നാമത്തെ പെൺകുഞ്ഞ്- ജനിച്ചതിന് ഏതാനും മാസങ്ങൾക്കുശേഷം ട്യൂബൽ ലിഗേഷൻ (വന്ധ്യംകരണ ശസ്ത്രക്രിയ) നടത്താൻവേണ്ടിയായിരുന്നു.

"ഞങ്ങളുടെ കുടുംബം പൂർണമായിരിക്കുമെന്നുവെന്ന് അംഗീകരിക്കേണ്ട സമയമായിരുന്നു.", അവൾ പറയുന്നു. ഗോഗണ്ട സാമൂഹികാരോഗ്യകേന്ദ്രത്തിൽനിന്ന് സന്ദർശനത്തിന് വന്ന ഒരു ആരോഗ്യപ്രവർത്തകയാണ് ഭാവിയിൽ ഗർഭധാരണം ഒഴിവാക്കാൻ സഹായിക്കുന്ന 'ഓപ്പറേഷനെ'ക്കുറിച്ച് അവൾക്ക് പറഞ്ഞുകൊടുത്തത്. പൂർണമായും സൗജന്യമായി നടത്താവുന്ന ശസ്ത്രക്രിയ. അവൾ ആക ചെയ്യേണ്ടിയിരുന്നത് സാമൂഹികാരോഗ്യകേന്ദ്രത്തിൽ എത്തുകയെന്നതാണ്. ആകെ നാല് പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ മാത്രമുള്ള ഒരു കൂട്ടം ഗ്രാമത്തിൽനിന്നുള്ള രോഗികൾ ചികിത്സ തേടി 30 കിലോമീറ്റർ അകലെയുള്ള ഈ സർക്കാർ ആശുപത്രിയിൽ എത്താറുണ്ട്.

ശസ്ത്രക്രിയ നടത്തണമെന്ന് ഗോപ്‌ലി പല തവണ ആവശ്യപ്പെട്ടെങ്കിലും അവളുടെ ഭർത്താവ് അത് തീർത്തും അവഗണിക്കുകയാണുണ്ടായത്. പിന്നീട് ഒരുപാട് മാസങ്ങളെടുത്ത് അവൾ സ്വയം മനസ്സിനെ ബലപ്പെടുത്തിയെടുത്തു. പലപ്പോഴും ഇളയ കുഞ്ഞിനെ മുലയൂട്ടുമ്പോൾ, തനിക്ക് ഈ തീരുമാനത്തിൽ ഉറച്ചുനിൽക്കാനാകുമോ എന്ന് അവൾ ആശങ്കപ്പെട്ടിരുന്നു.

Gameti women in Karda village, in Udaipur district’s Gogunda block. Settled on the outskirts of the village, their families belong to a single clan.
PHOTO • Kavitha Iyer
Gopli Gameti (wearing the orange head covering) decided to stop having children after her fourth child was born
PHOTO • Kavitha Iyer

ഇടത്ത്: ഉദയ്പ്പൂർ ജില്ലയിലെ ഗോഗണ്ട ബ്ലോക്കിൽ ഉൾപ്പെടുന്ന കാർദ ഗ്രാമത്തിലെ ഗാമെതി സ്ത്രീകൾ. ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്ത് ജീവിക്കുന്ന ഇവരുടെ കുടുംബങ്ങൾ ഒരേ ഗോത്രത്തിലെ അംഗങ്ങളാണ്. വലത്ത്: ഗോപ്ലി ഗാമെതി (ഓറഞ്ച് നിറത്തിലുള്ള സാരി തലയിലണിഞ്ഞ് നിൽക്കുന്ന സ്ത്രീ) തന്റെ നാലാമത്തെ കുഞ്ഞിന്റെ ജനനശേഷം ഇനി കുട്ടികൾ വേണ്ടെന്ന് തീരുമാനിച്ചു

" ദവാഖാനയിൽ (ആശുപത്രി) പോയി പ്രസവം നിർത്താനുള്ള ശസ്ത്രക്രിയ നടത്താൻ പോകുകയാണെന്ന് പറഞ്ഞ് ഞാൻ ഒരുദിവസം വീട്ടിൽനിന്ന് ഇറങ്ങി”. അന്നത്തെ ദിവസം ഓർത്ത് പുഞ്ചിരിച്ചുകൊണ്ട് മുറിഞ്ഞ ഹിന്ദിയിലും ഭിലിയിലുമായി ഗോപ്ലി പറഞ്ഞു. "എന്റെ ഭർത്താവും അമ്മായിയമ്മയും എന്റെ പുറകെ ഓടിവന്നു." റോഡിൽവെച്ച് വാദപ്രതിവാദം ഉണ്ടായെങ്കിലും ഗോപ്ലി ഉറച്ച തീരുമാനമെടുത്താണ് ഇറങ്ങിയിരിക്കുന്നതെന്ന് വ്യക്തമായതിനാൽ അത് അധികനേരം നീണ്ടുനിന്നില്ല. ഒടുവിൽ അവർ എല്ലാവരും ഒരുമിച്ച് ഗോഗണ്ട സാമൂഹികാരോഗ്യകേന്ദ്രത്തിലേക്ക് ബസ് കയറുകയും അവിടെവെച്ച് ഗോപ്ലിക്ക് ശസ്ത്രക്രിയ നടത്തുകയും ചെയ്തു.

അന്നേ ദിവസംതന്നെ വേറെയും സ്ത്രീകൾക്ക് സാമൂഹികാരോഗ്യകേന്ദ്രത്തിൽവെച്ച് ശസ്ത്രക്രിയ നടത്തിയെന്ന് ഗോപ്ലി പറയുന്നു. എന്നാൽ അവിടെ നടന്നത് വന്ധ്യംകരണ ക്യാമ്പായിരുന്നോ, അന്നവിടെ എത്ര സ്ത്രീകളുണ്ടായിരുന്നെന്നോ എന്നൊന്നും അവൾക്ക് ഓർമ്മയില്ല. ചെറുപട്ടണങ്ങളിൽ നടക്കുന്ന ഇത്തരം വന്ധ്യംകരണ ക്യാമ്പുകളിൽ അടുത്തുള്ള ഗ്രാമങ്ങളിൽനിന്നുള്ള സ്ത്രീകൾക്ക് പ്രസവം നിർത്താനുള്ള  ശസ്ത്രക്രിയ നടത്താൻ സൗകര്യമൊരുക്കാറുണ്ട്. ഗ്രാമീണ ആരോഗ്യകേന്ദ്രങ്ങളിൽ ജീവനക്കാരുടെ ക്ഷാമംമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻവേണ്ടിയാണിത്. എന്നാൽ, ഈ ക്യാമ്പുകളിലെ വൃത്തിഹീനമായ സാഹചര്യങ്ങളും ഒരു നിശ്ചിത എണ്ണം തികയ്ക്കുക എന്നതിലൂന്നി വന്ധ്യംകരണം നടപ്പാക്കുന്ന സമീപനവും ദശാബ്ദങ്ങളായി ചർച്ചകൾക്കും കടുത്ത വിമർശനത്തിനും വിധേയമായിട്ടുണ്ട്.

ട്യൂബൽ ലിഗേഷൻ എന്നത് ഒരു ശാശ്വതമായ ഗർഭനിരോധന മാർഗ്ഗമാണ്. 'ട്യൂബൽ സ്റ്റെറിലൈസേഷൻ' എന്നും 'ഫീമെയിൽ സ്റ്റെറിലൈസേഷൻ' എന്നും അറിയപ്പെടുന്ന, 30 നിമിഷം നീളുന്ന ഈ ശസ്ത്രക്രിയയിൽ ഒരു സ്ത്രീയുടെ അണ്ഡവാഹിനി കുഴലുകളിൽ തടസ്സം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഐക്യരാഷ്ട്രസംഘടന പ്രസിദ്ധീകരിച്ച 2015-ലെ റിപ്പോർട്ടിൽ പറയുന്നത്, ലോകത്താകമാനം കൂടുതൽ ആളുകൾ തിരഞ്ഞെടുക്കുന്ന ഗർഭനിരോധനമാർഗം 'ഫീമെയിൽ സ്റ്റെറിലൈസേഷൻ' ആണെന്നതാണ്. വിവാഹിതരോ പങ്കാളികളൊത്ത് ജീവിക്കുന്നവരോ ആയ 19 ശതമാനം സ്ത്രീകൾ ഈ മാർഗം സ്വീകരിക്കുന്നു.

ദേശീയ കുടുംബാരോഗ്യ സർവ്വേ - 5 (2019-21) അനുസരിച്ച്, ഇന്ത്യയിൽ 15-‌നും 49-നുമിടയിൽ പ്രായമുള്ള, വിവാഹിതരായ 37.9 ശതമാനം സ്ത്രീകളും ട്യൂബൽ ലിഗേഷനാണ് തിരഞ്ഞെടുക്കുന്നത്.

കണ്ണുകൾ പാതി മറയാൻ പാകത്തിൽ മുഖത്തേയ്ക്ക് ഇറക്കിയിട്ട, തിളങ്ങുന്ന ഓറഞ്ച് സാരിയണിഞ്ഞുനിൽക്കുന്ന ഗോപലിയെ സംബന്ധിച്ച് അവൾ ചെയ്തത് വിപ്ലവാത്മകമായ ഒരു പ്രവൃത്തിതന്നെയാണ്. നാലാമത്തെ കുഞ്ഞിനെ പ്രസവിച്ചശേഷം ക്ഷീണിതയായെങ്കിലും അവൾ ആരോഗ്യവതിയായിരുന്നു. പ്രധാനമായും സാമ്പത്തികകാരണങ്ങളാണ് അവളെ ഈയൊരു തീരുമാനത്തിലെത്തിച്ചത്.

ഗോപ്ലിയുടെ ഭർത്താവ് സോഹൻറാം സൂറത്തിൽ കുടിയേറ്റ തൊഴിലാളിയാണ്. ഹോളിക്കും ദീപാവലിക്കും ഓരോ മാസംവീതം നാട്ടിൽ വരുന്നതൊഴിച്ചാൽ വർഷത്തിന്റെ നല്ലൊരു പങ്കും അയാൾ വീട്ടിലുണ്ടാകില്ല. അവരുടെ നാലാമത്തെ കുഞ്ഞ് ജനിച്ച് കുറച്ച് മാസങ്ങൾക്കുശേഷം സോഹൻറാം വീട്ടിൽ വന്നപ്പോൾ, ഇനി ഗർഭിണിയാകില്ലെന്ന് ഗോപ്ലി ഉറപ്പിച്ചിരുന്നു.

Seated on the cool floor of her brick home, Gopli is checking the corn (maize) kernels spread out to dry.
PHOTO • Kavitha Iyer
Gopli with Pushpa Gameti. Like most of the men of their village, Gopli's husband, Sohanram, is a migrant worker. Pushpa's husband, Naturam, is the only male of working age in Karda currently
PHOTO • Kavitha Iyer

ഇടത്ത്: ഗോപ്ലി തന്റെ ഇഷ്ടികവീടിന്റെ തണുത്ത നിലത്തിരുന്ന് ഉണക്കാനിട്ടിരിക്കുന്ന ചോള വിത്തുകൾ പരിശോധിക്കുന്നു. വലത്ത്: ഗോപ്ലിയും പുഷ്പ ഗാമെതിയും. ഗ്രാമത്തിലെ ഭൂരിഭാഗം പുരുഷന്മാരെയുംപോലെ, ഗോപ്ലിയുടെ ഭർത്താവ് സോഹൻറാമും കുടിയേറ്റത്തൊഴിലാളിയാണ്. പുഷ്പയുടെ ഭർത്താവ് നാഥുറാം മാത്രമാണ് ഇന്ന് കാർദയിൽ ജോലിചെയ്യാൻ പ്രായത്തിലുള്ള ഒരേയൊരു പുരുഷൻ

"കുട്ടികളെ വളർത്താൻ സഹായം ആവശ്യമുള്ളപ്പോഴൊന്നും പുരുഷന്മാർ അടുത്തുണ്ടാകില്ല," കെട്ടിമേഞ്ഞ തന്റെ ഇഷ്ടികവീടിന്റെ തണുത്ത നിലത്തിരുന്ന്  ഗോപ്ലി പറയുന്നു. ഇരിക്കുന്നതിന്റെ അടുത്തായി കുറച്ച് ചോളവിത്തുകൾ നിലത്ത് ഉണക്കാനിട്ടിട്ടുണ്ട്. അവൾ ഗർഭിണിയായിരുന്നപ്പോഴൊന്നും സോഹൻറാം അടുത്തുണ്ടായിരുന്നില്ലെന്ന് മാത്രമല്ല, പൂർണഗർഭിണിയായിരുന്ന ഘട്ടത്തിൽപ്പോലും ഗോപ്ലി കുടുംബത്തിന് സ്വന്തമായുള്ള അര ബീഗ (0.3 ഏക്കർ) ഭൂമിയിലും മറ്റുള്ളവരുടെ ഭൂമിയിലും ജോലിയെടുത്ത് വീട് പരിപാലിക്കേണ്ട സ്ഥിതിയായിരുന്നു. "ഞങ്ങൾക്ക് ഇപ്പോഴുള്ള കുട്ടികൾക്ക് ഭക്ഷണം കൊടുക്കാൻപോലും വേണ്ടത്ര പണമില്ലെന്നിരിക്കെ, ഇനിയും കുട്ടികൾക്ക് ജന്മം കൊടുക്കുന്നതിൽ എന്താണ് അർത്ഥമുള്ളത്?”.

മറ്റെന്തെങ്കിലും ഗർഭനിരോധനമാർഗം പരീക്ഷിച്ചിരുന്നോ എന്ന് ചോദിക്കുമ്പോൾ അവൾ നാണിച്ച് പുഞ്ചിരിക്കുന്നു. തന്റെ ഭർത്താവിനെക്കുറിച്ച് സംസാരിക്കാൻ തയ്യാറാകുന്നില്ലെങ്കിലും പൊതുവിൽ സമുദായത്തിലെ പുരുഷന്മാരെ ഗർഭനിരോധനമാർഗങ്ങൾ ഉപയോഗിക്കാൻ പ്രേരിപ്പിക്കാനായി സ്ത്രീകൾ നടത്താറുള്ള ശ്രമങ്ങൾ പാഴായിപ്പോവുകയാണ് പതിവെന്ന് അവൾ പറയുന്നു.

*****

റോയ്ഡ പഞ്ചായത്തിന്റെ ഭാഗമായ കാർദാ ഗ്രാമം ആരാവല്ലി മലനിരകളുടെ അടിവാരത്തായി, സമീപജില്ലയായ രാജസമന്ദിലെ ടൂറിസ്റ്റ് കേന്ദ്രമായ കുമ്പൽഗഡ് കോട്ടയിൽനിന്നും 35 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. കാർദയിലെ ഗാമെതികൾ, ഭിൽ-ഗാമെതി പട്ടികഗോത്ര വിഭാഗത്തിൽ ഉൾപ്പെടുന്ന, 15 - 20 കുടുംബങ്ങൾ അംഗങ്ങളായുള്ള ഒരു വലിയ ഉപഗോത്രമാണ്. ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തായി താമസമുറപ്പിച്ചിട്ടുള്ള ഇവരിൽ പലർക്കും ഒരു ബീഗയിൽ കുറവ് ഭൂമിമാത്രമാണ് സ്വന്തമായുള്ളത്. ഈ ജനവിഭാഗത്തിലെ സ്ത്രീകൾ ആരുംതന്നെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടില്ല; പുരുഷന്മാർ താരതമ്യേന മെച്ചമാണെന്ന് മാത്രം.

ജൂൺ മുതൽ സെപ്റ്റംബർവരെ നീളുന്ന മഴക്കാലമാസങ്ങളിൽ ഗോതമ്പ് നടാനായി ഭൂമി ഉഴുതുമറിക്കുന്ന സമയങ്ങളിലൊഴിച്ച്, വളരെ അപൂർവമായി മാത്രമാണ് ഇവിടത്തെ പുരുഷന്മാർ ഒരുമാസത്തിലധികം കാലം വീടുകളിൽ തങ്ങാറുള്ളത്. പ്രത്യേകിച്ചും, കോവിഡ്-19 ലോക്ക്ഡൗൺ നിമിത്തമുണ്ടായ ദുർഘടം പിടിച്ച മാസങ്ങൾക്കുശേഷം, ഭൂരിഭാഗം പുരുഷന്മാരും സൂറത്തിലെ സാരി മുറിക്കുന്ന യൂണിറ്റുകളിൽ ജോലി തേടി പോയിരിക്കുകയാണ്. നീളമേറിയ തുണിക്കഷ്ണങ്ങൾ കൈകൊണ്ട് 6 മീറ്റർ നീളത്തിൽ മുറിച്ച്, അരികുകളിൽ തൊങ്ങലും മുത്തുകളും പിടിപ്പിക്കുന്ന ജോലിയാണ് ഈ യൂണിറ്റുകളിൽ നടക്കുന്നത്. തീർത്തും അവിദഗ്ദ്ധമെന്ന് വിശേഷിപ്പിക്കാവുന്ന ഈ ജോലിക്ക് ദിവസേന 350-400 രൂപയാണ് കൂലി.

ദശാബ്ദങ്ങളായി, തെക്കൻ രാജസ്ഥാനിൽനിന്നും ജോലി തേടി സൂറത്ത്, അഹമ്മദാബാദ്, മുംബൈ, ജയ്പ്പൂർ, ന്യൂ ഡൽഹി എന്നിവിടങ്ങളിലേക്ക് കുടിയേറുന്ന ലക്ഷക്കണക്കിന് പുരുഷ തൊഴിലാളികളിൽ ഉൾപ്പെട്ടവരാണ് ഗോപ്ലിയുടെ ഭർത്താവ് സോഹൻറാമും മറ്റ് ഗാമെതി പുരുഷന്മാരും. ഭൂരിഭാഗവും ഗ്രാമങ്ങളിൽ സ്ത്രീകളെ ബാക്കിയാക്കിയാണ് ഇവർ പോകുന്നത്.

ഇവരുടെ അഭാവത്തിൽ, തീർത്തും നിരക്ഷരരോ ഭാഗികമായി സാക്ഷരരോ ആയ സ്ത്രീകൾ ആരോഗ്യസംബന്ധിയായ സങ്കീർണ്ണമായ തിരഞ്ഞെടുപ്പുകളും തീരുമാനങ്ങളും സ്വയം എടുക്കുന്നതായാണ് സമീപ വർഷങ്ങളിൽ കാണാനാകുന്നത്.

Pushpa’s teenage son was brought back from Surat by anti-child-labour activists before the pandemic.
PHOTO • Kavitha Iyer
Karda is located in the foothills of the Aravalli mountain range, a lush green part of Udaipur district in southern Rajasthan
PHOTO • Kavitha Iyer

ഇടത്ത്: പുഷ്പയുടെ കൗമാരക്കാരനായ മകനെ, ബാലവേല തടയാനായി പ്രയത്നിക്കുന്ന സന്നദ്ധസേവകർ കോവിഡ് കാലത്തിനു തൊട്ടുമുൻപ് സൂറത്തിൽനിന്ന് തിരികെ കൊണ്ടുവരികയായിരുന്നു. വലത്ത്: തെക്കൻ രാജസ്ഥാനിലെ ഉദയ്പൂർ ജില്ലയുടെ ഭാഗമായ പ്രകൃതിരമണീയമായ പ്രദേശത്ത്, ആരാവല്ലി മലനിരകളുടെ അടിവാരത്തായാണ് കാർദ ഗ്രാമം സ്ഥിതി ചെയ്യുന്നത്

30കളുടെ തുടക്കത്തിൽ പ്രായമുള്ള, 3 മക്കളുടെ അമ്മയായ പുഷ്‌പ ഗാമെതി പറയുന്നത് സ്ത്രീകൾക്ക് സാഹചര്യത്തിനൊത്ത് മാറേണ്ടി വന്നുവെന്നാണ്. അവരുടെ കൗമാരക്കാരനായ മകനെ കോവിഡ് തുടങ്ങുന്നതിന് തൊട്ട് മുൻപ്, ബാലവേല തടയാനായി പ്രയത്നിക്കുന്ന സന്നദ്ധപ്രവർത്തകർ സൂറത്തിൽ നിന്ന് മടക്കിക്കൊണ്ടുവരുകയാണുണ്ടായത്.

നേരത്തെ, കൂട്ടത്തിൽ ആർക്കെങ്കിലും ഒരു ശാരീരികപ്രശ്നം ഉണ്ടായാൽ, സ്ത്രീകൾ പരിഭ്രമിക്കുക പതിവായിരുന്നു. മുൻകാലങ്ങളിൽ, കുഞ്ഞുങ്ങളുടെ പനി ആഴ്ചകളോളം ശമിക്കാതിരിക്കുമ്പോഴും കൃഷിയിടത്തിലെ പണിക്കിടയിൽ ഉണ്ടാകുന്ന മുറിവുകളിൽനിന്ന് ചോരയൊഴുക്ക് നിലയ്ക്കാതിരിക്കുമ്പോഴും ഒക്കെ സ്ത്രീകൾ പകച്ചുനിന്നിരുന്ന അനുഭവങ്ങൾ അവർ വിവരിക്കുന്നു. "ഞങ്ങളുടെ പുരുഷന്മാർ ഇവിടെ ഇല്ലാത്തതിനാൽ ആരുടെ കയ്യിലും ആശുപത്രി ചിലവുകൾക്കുള്ള പൈസ ഉണ്ടാവില്ല. എന്ന് മാത്രമല്ല, പൊതുഗതാഗതം ഉപയോഗിച്ച് എങ്ങനെ ആശുപത്രിയിൽ എത്തണമെന്നുപോലും ആർക്കും അറിവുണ്ടായിരുന്നില്ല.", പുഷ്പ പറയുന്നു. "പതിയെയാണെങ്കിലും, ഞങ്ങൾ എല്ലാം പഠിച്ചിരിക്കുന്നു."

പുഷ്പയുടെ മൂത്ത മകനായ കിഷൻ വീണ്ടും ജോലി ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. തൊട്ടടുത്ത ഗ്രാമത്തിൽ, മണ്ണുമാന്തി യന്ത്രം പ്രവർത്തിപ്പിക്കുന്ന ഡ്രൈവറുടെ സഹായിയായിട്ടാണ് ഇപ്പോഴത്തെ ജോലി. അഞ്ചും ആറും വയസ്സ് പ്രായമുള്ള ഇളയ മക്കളായ മഞ്ജുവിനും മനോഹറിനും വേണ്ടി, 5 കിലോമീറ്റർ അകലെയുള്ള, റോയ്ഡ ഗ്രാമത്തിലെ അങ്കണ വാടിയിൽ പോകാനും പുഷ്പ പഠിച്ചിരിക്കുന്നു.

"ഞങ്ങളുടെ മുതിർന്ന മക്കൾക്കായി അങ്കണവാടിയിൽനിന്ന് ഒന്നും ലഭിച്ചിരുന്നില്ല.", അവൾ പറയുന്നു. എന്നാൽ ഈയടുത്ത വർഷങ്ങളിലായി, കാർദയിലെ ചെറുപ്പക്കാരികളായ അമ്മമാർ റോയ്ഡയിലേയ്ക്കുള്ള ദുർഘടം പിടിച്ച പാതയിലൂടെ സൂക്ഷ്മതയോടെ സഞ്ചരിച്ച്, അങ്കണവാടിയിലേക്ക് പോകാൻ തുടങ്ങിയിട്ടുണ്ട്. പാലൂട്ടുന്ന അമ്മമാർക്കും കുഞ്ഞുങ്ങൾക്കും അവിടെനിന്ന് ചൂടോടെ ഭക്ഷണം പാകം ചെയ്തുകിട്ടും. ഇളയ മകൾ മഞ്ജുവിനെ ഒക്കത്തിരുത്തിയാണ് പുഷ്പ പോവുക. വല്ലപ്പോഴുമൊരിക്കൽ ആരെങ്കിലും അവരെ വണ്ടിയിൽ അവിടെയെത്തിക്കും.

'ഇത് കോറോണയ്ക്ക് മുൻപായിരുന്നു.", പുഷ്പ പറയുന്നു. ലോക്ക്ഡൗൺ നീക്കിയതിനുശേഷം 2021 മേയ് വരേയും, അങ്കണവാടി കേന്ദ്രങ്ങൾ എന്നാണ് പ്രവർത്തനമാരംഭിക്കുക എന്നത് സംബന്ധിച്ച് ഈ സ്ത്രീകൾക്ക് വിവരമൊന്നും ലഭിച്ചിട്ടില്ല.

പുഷ്പയുടെ മകൻ കിഷൻ അഞ്ചാം ക്ലാസ്സിൽവെച്ച് പഠനം നിർത്തി, അധികം വൈകാതെ ഒരു സൃഹുത്തുമൊത്ത് സൂറത്തിലേയ്ക്ക് ജോലിയ്ക്കായി പോയിരുന്നു. ഒരു കൗമാരക്കാരനെ കൈകാര്യം ചെയ്യാൻ കുടുംബത്തിനുള്ള കൂട്ടായ അധികാരത്തിൽ തന്റെ പങ്ക് എന്താണെന്ന് അന്ന് പുഷ്പയ്ക്ക് അറിയില്ലായിരുന്നു. എന്നാൽ, ഇളയ മക്കളുടെ കാര്യത്തിലുള്ള തീരുമാനങ്ങൾ എന്റെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ ഞാൻ ശ്രമിക്കുന്നുണ്ട്.", അവൾ പറയുന്നു.

Gopli and Pushpa. ‘The men are never around for any assistance with child rearing.
PHOTO • Kavitha Iyer
Gopli with two of her four children and her mother-in-law
PHOTO • Kavitha Iyer

ഇടത്ത്: ഗോപ്ലിയും പുഷ്പയും. 'കുട്ടികളെ വളർത്താൻ സഹായം ആവശ്യമുള്ളപ്പോഴൊന്നും പുരുഷന്മാർ അടുത്തുണ്ടാകാറില്ല.' വലത്ത്: ഗോപ്ലി തന്റെ രണ്ട് മക്കളോടും അമ്മായിഅമ്മയോടുമൊപ്പം

ഇന്ന് കാർദ ഗ്രാമത്തിൽ, പുഷ്പയുടെ ഭർത്താവായ നാഥുറാം മാത്രമാണ് തൊഴിലെടുക്കുന്ന പ്രായത്തിലുള്ള പുരുഷനായിട്ടുള്ളത്. 2020-ലെ വേനലിലെ ലോക്ക്ഡൗൺ കാലത്ത്, കുടിയേറ്റത്തൊഴിലാളികളും സൂറത്ത് പോലീസും തമ്മിലുണ്ടായ സംഘർഷത്തിൽ പരിഭ്രാന്തനായ അയാൾ അതിനുശേഷം കാർദ പ്രദേശത്തുതന്നെ എന്തെങ്കിലും ജോലി ലഭിക്കുമോ എന്ന അന്വേഷണത്തിലാണ്; ഇതുവരെയും അത് ഫലം കണ്ടിട്ടില്ല.

ഗോപ്ലിയാണ് ട്യൂബൽ ലിഗേഷൻ ശസ്ത്രക്രിയയുടെ ഗുണവശങ്ങളെക്കുറിച്ച് പുഷ്പയ്ക്ക് പറഞ്ഞുകൊടുത്തത്. ശസ്ത്രക്രിയയ്ക്കുശേഷം ആവശ്യമായ കൃത്യമായ പരിചരണത്തിന്റെ അഭാവത്തിൽ സംഭവിച്ചേക്കാവുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചോ (മുറിവ് പഴുക്കുക, കുടലിൽ, തടസ്സം രൂപപ്പെടുക, കുടലിനോ മൂത്രാശയത്തിനോ ക്ഷതം സംഭവിക്കുക തുടങ്ങിയ സങ്കീർണതകൾ) ഈയൊരു ഗർഭനിരോധനമാർഗം പരാജയമാകാനുള്ള സാധ്യതയെക്കുറിച്ചോ ഒന്നുംതന്നെ ഈ സ്ത്രീകൾ കേട്ടിട്ടില്ല. വന്ധ്യംകരണ ശസ്ത്രക്രിയകൾ ജനസംഖ്യം നിയന്ത്രിക്കുന്നതിനായി, ഒരു നിശ്ചിതയെണ്ണം എന്ന കണക്കിൽ നടക്കുന്ന ഒന്നാണ് ഈ വന്ധ്യംകരണ ശസ്ത്രക്രിയകൾ എന്നൊന്നും ഗോപ്ലിക്കറിയില്ല. 'ശസ്ത്രക്രിയ ചെയ്താൽ പിന്നെ ആശങ്കപ്പെടേണ്ടതില്ല.", അവൾ പറയുന്നു.

പുഷ്പയും തന്റെ എല്ലാ മക്കളെയും വീട്ടിൽവെച്ചുതന്നെയാണ് പ്രസവിച്ചത്. ഭർതൃസഹോദരിയോ സമുദായത്തിലെ ഏതെങ്കിലുമൊരു മുതിർന്ന സ്ത്രീയോ ആണ് കുഞ്ഞിന്റെ പൊക്കിൾക്കൊടി മുറിച്ച് അറ്റത്ത് 'ലച്ച ദാഗ' (ഹിന്ദുക്കൾ സാധാരണയായി കൈത്തണ്ടയിൽ കെട്ടുന്ന കട്ടിയുള്ള ചരട്) കൊണ്ട് കെട്ടിട്ടത്.

അപകടസാധ്യത ഏറെയുള്ളത് കൊണ്ടുതന്നെ, ഇന്നത്തെ ഗാമെതി സ്ത്രീകൾ വീട്ടിൽവെച്ച് പ്രസവിക്കാൻ തയ്യാറാകില്ലെന്ന് ഗോപ്ലി പറയുന്നു. അവളുടെ ഒരേയൊരു മരുമകൾ ഇപ്പോൾ ഗർഭിണിയാണ്. "ഞങ്ങളുടെ മരുമകളുടേയോ പേരക്കിടാവിന്റേയോ ആരോഗ്യകാര്യത്തിൽ ഞങ്ങൾ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല."

18 വയസുകാരിയായ ആ ഗർഭിണി ഇപ്പോൾ തന്റെ അമ്മയുടെ വീട്ടിലാണുള്ളത്. ആരാവല്ലി മലനിരകളിലെ ഉയർന്ന പ്രദേശത്തുള്ള ആ വീട്ടിൽനിന്ന് ഒരു അടിയന്തരഘട്ടത്തിൽ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുക ദുഷ്കരമാണ്. "പ്രസവത്തിന്റെ സമയമടുക്കുമ്പോൾ അവളെ ഞങ്ങൾ ഇവിടേയ്ക്ക് കൊണ്ടുവരും. എന്നിട്ട് ഇവിടെനിന്ന് രണ്ട്, മൂന്ന് സ്ത്രീകൾ ചേർന്ന് ടെമ്പോയിൽ അവളെ ദവാഖാനയിലേയ്ക്ക് കൊണ്ടുപോകും." പ്രാദേശികമായി പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന മുച്ചക്രവണ്ടിയെയാണ് ഗോപ്ലി ടെമ്പോ എന്ന് വിളിക്കുന്നത്.

"അല്ലെങ്കിലും ഇന്നത്തെ പെൺകുട്ടികൾക്ക് വേദന സഹിക്കാനുള്ള കഴിവ് തീരെ കുറവാണ്." ഗോപ്ലി ചിരിക്കുന്നു. അവളുടെ ചുറ്റുമിരിക്കുന്ന, അയൽക്കാരും ബന്ധുക്കളുമായ സ്ത്രീകളും തലകുലുക്കി ആ ചിരിയിൽ പങ്കുചേരുന്നു.

Bamribai Kalusingh, from the Rajput caste, lives in Karda. ‘The women from Karda go in groups, sometimes as far as Gogunda CHC’
PHOTO • Kavitha Iyer

രജ്പുത്ത് വിഭാഗക്കാരിയായ ബാംറിഭായി കാലുസിംഗ് കാർദ ഗ്രാമത്തിലെ താമസക്കാരിയാണ്. 'കാർദയിൽനിന്നുള്ള സ്ത്രീകൾ ഒരുമിച്ച് ചിലപ്പോൾ ഗോഗണ്ട സാമൂഹികാരോഗ്യകേന്ദ്രംവരെ പോകാറുണ്ട്'

കാർദയിലെ ഈ പ്രദേശത്തുനിന്ന് വേറെ രണ്ട്, മൂന്ന് സ്ത്രീകൾകൂടി ട്യൂബൽ ലിഗേഷൻ ശസ്ത്രക്രിയയ്ക്ക് വിധേയരായിട്ടുണ്ടെങ്കിലും അവർ അതേപ്പറ്റി സംസാരിക്കുന്നതിൽ വിമുഖരാണ്. ആധുനികമായ മറ്റു ഗർഭനിരോധനമാർഗങ്ങളൊന്നുംതന്നെ പൊതുവെ ഇവിടെ ആരും ഉപയോഗിക്കുന്നില്ലെങ്കിലും "ഇന്നത്തെ ചെറുപ്പകാരികൾ ബുദ്ധിമതികളാണ്" എന്നാണ് ഗോപ്ലിയുടെ അഭിപ്രായം

ഗ്രാമത്തിൽനിന്ന് ഏറ്റവുമടുത്ത പ്രാഥമികാരോഗ്യകേന്ദ്രമുള്ളത് 10 കിലോമീറ്റർ അപ്പുറത്തുള്ള നന്ദേഷ്മ ഗ്രാമത്തിലാണ്. കാർദയിലെ ചെറുപ്പകാരികൾ ഗർഭം ധരിക്കുമ്പോൾ, ആദ്യം അവർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പോയി പേര് രജിസ്റ്റർ ചെയ്യും. പിന്നീടവർ മാസംതോറുമുള്ള പരിശോധനകൾക്ക് അവിടെ പോവുകയും അവിടെനിന്ന് ഗ്രാമത്തിലെത്തുന്ന ആരോഗ്യപ്രവർത്തകരിൽനിന്ന് കാൽസ്യം, അയേൺ ഗുളികൾ വാങ്ങി കഴിക്കുകയും ചെയ്യും.

"കാർദയിൽനിന്നുള്ള സ്ത്രീകൾ ഒരുമിച്ച് ചിലപ്പോൾ ഗോഗണ്ട സാമൂഹികാരോഗ്യകേന്ദ്രംവരെയും പോകാറുണ്ട്.", ഗ്രാമവാസിയും രജ്പുത്ത് വിഭാഗക്കാരിയായ ബാംറിഭായി കാലുസിംഗ് പറയുന്നു. നേരത്തെ, പുരുഷന്മാർ കൂടെയില്ലാതെ ഗ്രാമത്തിന് പുറത്തുപോലും പോകാൻ മടിച്ചിരുന്ന ഈ സ്ത്രീകളെ സംബന്ധിച്ച്, ആരോഗ്യകാര്യങ്ങളിൽ സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള സാഹചര്യമുണ്ടായത് അവരുടെ ജീവിതത്തിൽ വലിയ മാറ്റമാണ് കൊണ്ടുവന്നതെന്ന് ബാംറിഭായി പറയുന്നു.

അജീവിക ബ്യൂറോയുടെ ഉദയ്പ്പൂർ യൂണിറ്റിലെ സാമൂഹികസംഘാടകയും ഗാമെതി പുരുഷന്മാർ ഉൾപ്പെടുന്ന കുടിയേറ്റത്തൊഴിലാളികളുമൊത്ത് പ്രവർത്തിക്കുന്ന വ്യക്തിയുമായ കല്പന ജോഷി പറയുന്നത്, പുറത്തേയ്ക്കുള്ള കുടിയേറ്റം വ്യാപകമായ ഗ്രാമങ്ങളിലെ 'തനിച്ചായി പോകുന്ന' സ്ത്രീകൾക്കിടയിൽ സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള ശേഷി പതിയെ രൂപപ്പെട്ടു വരുന്നുണ്ടെന്നാണ്. "ഒരു ആംബുലൻസ് എങ്ങനെ സ്വയം വിളിച്ചുവരുത്തണമെന്ന് അവർക്ക് ഇപ്പോൾ അറിയാം. പലരും ആശുപത്രികളിലേക്ക് തനിയെ പോവുകയും ആരോഗ്യപ്രവർത്തകരോടും എൻ.ജി ഓ പ്രതിനിധികളോടും തുറന്ന് സംസാരിക്കുകയും ചെയ്യുന്നു.", അവർ പറയുന്നു. "ഒരു ദശാബ്ദം മുൻപുപോലും സാഹചര്യം തീർത്തും വ്യത്യസ്തമായിരുന്നു." മുൻകാലങ്ങളിൽ, സൂറത്തിൽനിന്ന് പുരുഷന്മാർ വീട്ടിലെത്തുന്നതുവരെ സ്ത്രീകളുടെ ആരോഗ്യ ആവശ്യങ്ങൾ മാറ്റിവെക്കുകയായിരുന്നു പതിവെന്ന് അവർ കൂട്ടിച്ചേർക്കുന്നു.

കാർദയിലെ ഈ പ്രദേശത്തുനിന്ന് വേറെ രണ്ട്, മൂന്ന് സ്ത്രീകൾകൂടി ട്യൂബൽ ലിഗേഷൻ ശസ്ത്രക്രിയയ്ക്ക് വിധേയരായിട്ടുണ്ടെങ്കിലും അവർ അതേപ്പറ്റി സംസാരിക്കുന്നതിൽ വിമുഖരാണ്. ആധുനികമായ മറ്റു ഗർഭനിരോധനമാർഗങ്ങളൊന്നുംതന്നെ പൊതുവെ ഇവിടെ ആരും ഉപയോഗിക്കുന്നില്ലെങ്കിലും "ഇന്നത്തെ ചെറുപ്പകാരികൾ ബുദ്ധിമതികളാണ്" എന്നാണ് ഗോപ്ലിയുടെ അഭിപ്രായം. വിവാഹം കഴിഞ്ഞ് ഏകദേശം ഒരുവർഷത്തോളം കഴിഞ്ഞാണ് അവളുടെ മരുമകൾ ഗർഭം ധരിച്ചത്.

*****

കാർദയിൽനിന്ന് 15 കിലോമീറ്ററിൽത്താഴെമാത്രം ദൂരത്തുള്ള മറ്റൊരു ഗ്രാമത്തിലെ, പാർവതി മേഘ്‌വാൾ (പേര് മാറ്റിയിരിക്കുന്നു) പറയുന്നത് ഒരു കുടിയേറ്റത്തൊഴിലാളിയുടെ ഭാര്യയായി ജീവിക്കുന്നത് തനിക്ക് നിരന്തരമായി സമ്മർദമുണ്ടാക്കുന്നുവെന്നാണ്. അവളുടെ ഭർത്താവ് ഗുജറാത്തിലെ മെഹ്സാനയിൽ പ്രവർത്തിക്കുന്ന, ജീരകം പാക്കേജ് ചെയ്യുന്ന ഒരു യൂണിറ്റിലാണ് ജോലിചെയ്തിരുന്നത്. കുറച്ചുകാലം ഒരു ചായക്കട നടത്തി മെഹ്സാനയിൽത്തന്നെ താമസിക്കാൻ അവൾ ശ്രമിച്ചെങ്കിലും, അവരുടെ മൂന്ന് മക്കളുടെ വിദ്യാഭ്യാസാവശ്യത്തിനായി അവൾക്ക് ഉദയ്‌പൂരിലേയ്ക്ക് മടങ്ങേണ്ടിവന്നു.

2018ൽ ഭർത്താവ് അടുത്തില്ലാതിരുന്ന സമയത്ത്, പാർവതിക്ക് ഒരു റോഡപകടം സംഭവിച്ചു. അപകടത്തിൽ താഴെ വീണ അവളുടെ നെറ്റിയിൽ ഒരു ആണി തറച്ചുകയറുകയായിരുന്നു. മുറിവുണങ്ങി, ആശുപത്രിയിൽനിന്ന് വീട്ടിലെത്തിയെങ്കിലും പിന്നീടുള്ള രണ്ടുവർഷം, മാനസികമായ ചില പ്രശ്നങ്ങൾ- അതെന്താണെന്ന് കൃത്യമായി നിർണ്ണയം നടത്താൻ സാധിച്ചിട്ടില്ല – പിടിപെട്ടുവെന്ന് അവൾ പറയുന്നു.

Parvati Meghwal (name changed) has struggled with poor mental health. She stopped her husband from migrating for work and now runs a little store in her village. ‘I don’t want to remain the left-behind wife of a migrant labourer’
PHOTO • Kavitha Iyer
Parvati Meghwal (name changed) has struggled with poor mental health. She stopped her husband from migrating for work and now runs a little store in her village. ‘I don’t want to remain the left-behind wife of a migrant labourer’
PHOTO • Kavitha Iyer

പാർവതി മേഘ്‌വാൾ (പേര് മാറ്റിയിരിക്കുന്നു) മാനസികാരോഗ്യപ്രശ്നങ്ങളാൽ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. ജോലി തേടി പുറത്ത് പോകുന്നതിൽനിന്ന് ഭർത്താവിനെ വിലക്കിയ പാർവതി ഇപ്പോൾ ഗ്രാമത്തിൽ ചെറിയ ഒരു കട നടത്തുകയാണ്. 'ഒരു കുടിയേറ്റത്തൊഴിലാളിയുടെ ഭാര്യയായി ഇവിടെ ഒറ്റയ്ക്ക് കഴിയാൻ എനിക്ക് താത്പര്യമില്ല'

"ഞാൻ സദാ സമയവും എന്റെ ഭർത്താവിനെയും മക്കളെയും സാമ്പത്തികസ്ഥിതിയേയും ഓർത്ത് ആശങ്കപ്പെടുമായിരുന്നു; അതിനുപിന്നാലെയാണ് ആ അപകടവും സംഭവിച്ചത്," അവൾ പറയുന്നു. ഇടയ്ക്കിടെ ശരീരമാകെ സ്തംഭിച്ചുപോകുന്ന അവസ്ഥയും വിഷാദവും അവളെ അലട്ടി. "ഞാൻ വെളിവില്ലാതെ പലതും ചെയ്യുന്നതും അലറിവിളിക്കുന്നതും എല്ലാം കണ്ട് എല്ലാവർക്കും എന്നെ ഭയമായിരുന്നു; ഗ്രാമത്തിലെ ആരുംതന്നെ എന്റെ അടുക്കൽ വന്നിരുന്നില്ല. ഞാൻ എന്റെ ആശുപത്രിരേഖകളും പണവും എന്തിന് എന്റെ വസ്ത്രങ്ങൾപോലും കീറിയെറിയുമായിരുന്നു..." അന്ന് താൻ എന്തെല്ലാമാണ് ചെയ്‌തെന്ന് ഇന്ന് പാർവതിക്ക് ഓർമ്മയുണ്ട്. തന്റെ മാനസികരോഗം ഓർത്ത് നാണക്കേടും പേറിയാണ് അവൾ ജീവിക്കുന്നത്.

"പിന്നീട് ലോക്ക്ഡൗൺ സംഭവിച്ചതോടെ, എല്ലാം വീണ്ടും ഇരുട്ടിലായി." അവൾ പറയുന്നു. "എനിക്ക് വീണ്ടുമൊരു മാനസികാഘാതം സംഭവിക്കേണ്ടതായിരുന്നു." അവളുടെ ഭർത്താവിന് 275 കിലോമീറ്റർ അകലെയുള്ള മെഹ്സാനയിൽനിന്ന് വീട്ടിലേയ്ക്ക് കാൽനടയായി മടങ്ങേണ്ടിവന്നു. അതേച്ചൊല്ലിയുള്ള ആശങ്ക പാർവതിയുടെ മനസ്സിനെ വീണ്ടും താളം തെറ്റിച്ചുതുടങ്ങിയിരുന്നു. ഉദയ്‌പൂരിലെ ഒരു ഭക്ഷണശാലയിൽ റൊട്ടി ഉണ്ടാക്കുന്ന ജോലി ചെയ്യുന്ന അവളുടെ മകനും ആ സമയത്ത് അടുത്തുണ്ടായിരുന്നില്ല.

മേഘ്‌വാളുകൾ ദളിത് വിഭാഗത്തിൽ ഉൾപ്പെടുന്നവരാണ്. പട്ടികജാതിവിഭാഗത്തിൽനിന്നുള്ള കുടിയേറ്റത്തൊഴിലാളികൾ വീട്ടിൽ വിട്ടുപോകുന്ന സ്ത്രീകൾക്ക് ഗ്രാമത്തിൽ ജോലി ചെയ്ത് ജീവനോപാധി കണ്ടെത്തുക തീർത്തും ദുഷ്കരമാണെന്ന് പാർവതി പറയുന്നു. "മാനസിക രോഗമുള്ളവളോ മാനസികരോഗം ഉണ്ടായിട്ടവളോ ആയ ഒരു ദളിത് സ്ത്രീക്ക് ജീവിതം എന്തായിരുന്നുവെന്ന് സങ്കൽപ്പിക്കാൻ നിങ്ങൾക്ക് കഴിയുമോ?"

അങ്കണവാടി ജീവനക്കാരിയായിരുന്ന പാർവതി ഒരു സർക്കാർ ഓഫീസിൽ സഹായിയായും ജോലി ചെയ്തിരുന്നു. എന്നാൽ അപകടവും മാനസികാരോഗ്യപ്രശ്നങ്ങളും കാരണം, ജോലിയിൽ തുടരുക അസാധ്യമായി.

2020-ലെ ദീപാവലി സമയത്ത് ലോക്ക്ഡൗൺ നീക്കിയപ്പോൾ, ഇനിയൊരിക്കലും ജോലിക്കായി ഗ്രാമം വിട്ടുപോകാൻ അനുവദിക്കില്ലെന്ന് പാർവതി ഭർത്താവിനോട് പറഞ്ഞു. കുടുംബാംഗങ്ങളിൽനിന്ന് ലഭിച്ച ധനസഹായവും ഒരു സഹകരണ സ്ഥാപനത്തിൽനിന്ന് ലഭിച്ച ലോണും ഉപയോഗിച്ച് അവൾ ഗ്രാമത്തിൽ ചെറിയ ഒരു പലചരക്ക് കട തുടങ്ങി. അവളുടെ ഭർത്താവ് ഗ്രാമത്തിലും ചുറ്റുവട്ടത്തുമായി ദിവസക്കൂലിക്ക് ജോലി കണ്ടെത്താൻ ശ്രമിക്കുന്നു. "കുടിയേറ്റത്തൊഴിലാളിയുടെ ഭാര്യയായി എനിക്ക് ജീവിക്കേണ്ട", അവൾ പറയുന്നു. "താങ്ങാനാവാത്ത മാനസിക പ്രയാസമാണത്."

പുരുഷന്മാർ അടുത്തില്ലാതെ സ്വന്തമായി ജോലി കണ്ടെത്തുന്നത് അസാധ്യംതന്നെയാണെന്ന കാര്യത്തിൽ കാർദയിലെ സ്ത്രീകൾക്ക് എല്ലാവർക്കും ഒരേ അഭിപ്രായമാണ്. ഗാമെതി സ്ത്രീകൾക്ക് ആകെ ലഭ്യമായിട്ടുള്ളത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ വരുന്ന ജോലികളാണ്. 2021-ലെ മഴക്കാലമായപ്പോഴേക്കും ഈ സ്ത്രീകൾ എല്ലാവരും ആ വർഷത്തെ 100 പ്രവൃത്തിദിനങ്ങൾ പൂർത്തിയാക്കിയിരുന്നു.

"ഞങ്ങൾക്ക് എല്ലാ വർഷവും 200 പ്രവൃത്തി ദിനങ്ങൾ വേണം.", ഗോപ്ലി പറയുന്നു. നിലവിൽ ഇവിടത്തെ സ്ത്രീകൾ അടുത്തുള്ള അങ്ങാടിയിൽ കച്ചവടം നടത്താൻ പാ‍കത്തിൽ പച്ചക്കറിക്കൃഷി നടത്തുകയാണ്. ഇതും പുരുഷന്മാരോട് കൂടിയാലോചിക്കാതെ അവർ സ്വയമെടുത്ത തീരുമാനമാണ്. “എങ്ങനെയെങ്കിലും ഞങ്ങൾക്ക് പോഷകമൂല്യമുള്ള എന്തെങ്കിലും ഭക്ഷണം കഴിക്കേണ്ടേ?”

ഗ്രാമീണ ഇന്ത്യയിലെ കൗമാരക്കാരായ പെൺകുട്ടികളെയും യുവതികളെയും കുറിച്ച് പ്രോജക്ട് പോപുലേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ പിന്തുണയോടെ പാരിയും കൗണ്ടർ മീഡിയ ട്രസ്റ്റും രാജ്യവ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രധാനപ്പെട്ട ജനവിഭാഗവും എന്നാൽ പാര്‍ശ്വവത്കൃതരുമായ മേല്‍പ്പറഞ്ഞ വിഭാഗങ്ങളുടെ അവസ്ഥ സാധാരണക്കാരുടെ ശബ്ദത്തിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും മനസ്സിലാക്കുന്നതിനുള്ള ഒരു ഉദ്യമത്തിന്‍റെ ഭാഗമാണ് ഈ പ്രോജക്ട്.

ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കണമെന്നുണ്ടെങ്കിൽ [email protected] എന്ന മെയിലിലേക്ക് , [email protected] എന്ന മെയിൽ ഐഡി കൂടി കാർബൺ കോപ്പി ചെയ്ത്, എഴുതുക .

പരിഭാഷ: പ്രതിഭ ആര്‍.കെ.

Kavitha Iyer

ਕਵਿਥਾ ਅਈਅਰ 20 ਸਾਲਾਂ ਤੋਂ ਪੱਤਰਕਾਰ ਹਨ। ਉਹ ‘Landscapes Of Loss: The Story Of An Indian Drought’ (HarperCollins, 2021) ਦੀ ਲੇਖਕ ਹਨ।

Other stories by Kavitha Iyer
Illustration : Antara Raman

ਅੰਤਰਾ ਰਮਨ ਚਿਤਰਕ ਹਨ ਅਤੇ ਉਹ ਸਮਾਜਿਕ ਪ੍ਰਕਿਰਿਆਵਾਂ ਦੇ ਹਿੱਤਾਂ ਅਤੇ ਮਿਥਿਆਸ ਦੀ ਕਲਪਨਾ ਨਾਲ਼ ਜੁੜੀ ਹੋਈ ਵੈੱਬਸਾਈਟ ਡਿਜਾਈਨਰ ਹਨ। ਉਹ ਸ਼੍ਰਿਸ਼ਟੀ ਇੰਸਟੀਚਿਊਟ ਆਫ਼ ਆਰਟ, ਡਿਜਾਇਨ ਐਂਡ ਟਕਨਾਲੋਜੀ, ਬੰਗਲੁਰੂ ਤੋਂ ਗ੍ਰੈਜੁਏਟ ਹਨ, ਉਹ ਮੰਨਦੀ ਹਨ ਕਿ ਕਹਾਣੀ-ਕਹਿਣ ਅਤੇ ਚਿਤਰਣ ਦੇ ਇਹ ਸੰਸਾਰ ਪ੍ਰਤੀਕਾਤਮਕ ਹਨ।

Other stories by Antara Raman
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

Other stories by Prathibha R. K.