'ഉണങ്ങുന്ന ചെളിയിൽ നിന്നും ഉയരുന്ന പൊടിയും, പാടത്തു മൊത്തം അടിഞ്ഞു കൂടിയിരിക്കുന്ന അഴുക്കും അസഹനീയമാണ്', പത്തനംതിട്ടയിൽ നിന്നും ദത്തൻ സി. എസ്. പറയുന്നു. 'ദയവായി ഇത് ധരിക്കുക', ഒരു മാസ്ക് എനിക്ക് നീട്ടി. പിന്നിൽ നിന്നും ഒരു സ്ത്രീയുടെ ചിരി - അവരുടെ പാടവും പ്രളയം നശിപ്പിച്ചതാണ്. 'ബോംബെയിൽ ജീവിക്കുന്നയാളാണ്, മലിനീകരണത്തിൽ നിന്നും എത്ര മാത്രം രക്ഷപ്പെടാൻ പറ്റും?'

ഈ പാടങ്ങൾ ദുരന്തത്തിന്റെ നേർചിത്രമാണ്. ഒരിക്കൽ നല്ല നെല്ലും കപ്പയും വിളഞ്ഞു പാകമായി നിന്ന, ലാഭം കൊയ്തിരുന്ന പാടപ്രദേശം. നദീതട്ടിൽ നിന്നുമുള്ള എക്കലും ഉയർന്ന പ്രദേശങ്ങളിൽ നിന്നും വന്നടിഞ്ഞ മാലിന്യവും ഇഞ്ചുകളോളം ഉയരത്തിൽ - ചിലയിടങ്ങളിൽ ഒരടിയോളം - മൂടി നിൽക്കുന്നു. ചിലയിടങ്ങളിൽ എക്കലും മാലിന്യവും ചേർന്ന മാരകമിശ്രിതം വെയിലത്തുണങ്ങി സിമെന്റ് പരുവത്തിൽ ഏക്കറുകളോളം പാടങ്ങളെ പുതച്ചുകിടക്കുന്നു.

ഭൂഗർഭജലത്തിന്റെ അളവിൽ താഴ്ചയുണ്ട്, ഈ ജലസ്രോതസ്സുകളിൽ അതിനനുസരിച്ചുള്ള സംഭരണം നടക്കുന്നില്ല, കിണറുകൾ വറ്റുകയും അന്തരീക്ഷതാപം ഉയരുകയും ചെയ്യുന്നു. ഇതും മറ്റു കാരണങ്ങളും ചേർന്ന് ഉപരിതലജലവും ഭൂഗർഭ ജലവും തമ്മിലുള്ള സമവാക്യത്തെ അതിഭീകരമായ ബാധിച്ചിട്ടുണ്ട്. നദികളുടെ ആവാസവ്യവസ്ഥയ്ക്ക് നാടകീയമായ പരിവർത്തനങ്ങൾ സംഭവിച്ചിരിക്കുന്നു. മണൽ തിട്ടകളും എക്കലും നഷ്ടപ്പെട്ട അവസ്ഥയിൽ മിക്ക പുഴകൾക്കും അരുവികൾക്കും വെള്ളം പിടിച്ചുവെക്കാൻ സാധിക്കാതെ വന്നിരിക്കുന്നു. അതിനാൽ തന്നെ കേരളം നേരിടുന്ന അടുത്ത ദുരന്തം വരൾച്ചയായിരിക്കും. ഏറ്റവും നിശ്ചയദാർഢ്യം ഉള്ള കർഷകനെ പോലും നിരാശയിലാഴ്ത്തുന്ന സ്ഥിതിവിശേഷം.

പക്ഷെ കുടുംബശ്രീയുടെ വനിതാ കർഷകർക്ക് ഇത് ബാധകമല്ല.

കേരളത്തിലങ്ങോളമിങ്ങോളമുള്ള ഈ വൻ വനിതാകൂട്ടായ്മയുടെ ഭാഗമായ ഈ കർഷകർ ഏകദേശം രണ്ടരലക്ഷത്തിലധികം വരും. കുടുംബശ്രീയിൽ നാലരലക്ഷത്തോളം അംഗങ്ങൾ ഉണ്ട്. പ്രായപൂർത്തിയായ എല്ലാ സ്ത്രീകൾക്കും ഇതിന്റെ ഭാഗമാകാം, പക്ഷെ ഒരു വീട്ടിൽ നിന്ന് ഒരാൾ മാത്രമേ പാടുള്ളൂ. അതിനർത്ഥം കേരളത്തിലെ 77 ലക്ഷത്തോളം വീടുകളിൽ 60 ശതമാനത്തോളം കുടുംബങ്ങളിൽ നിന്നും ഒരാൾ വീതം ഈ കൂട്ടായ്മയുടെ ഭാഗമാണെന്നാണ്. കൃഷി സംഘങ്ങളായി തിരിഞ്ഞ 3.2 ലക്ഷം വരുന്ന വനിതാ കർഷകർ കുടുംബശ്രീയുടെ കാതലാണ്.

Silt now covers a lot of the farmland, running several inches – sometimes feet – deep
PHOTO • P. Sainath

ഇഞ്ചുകളോളം - ചിലപ്പോൾ ഒരടിയോളം - ഉയരത്തിൽ മിക്കവാറും പാടങ്ങളിൽ എക്കൽ വന്നടിഞ്ഞിരിക്കുന്നു.

4.5 ലക്ഷം അംഗങ്ങൾ ഉള്ള, അതിൽ 3.23 വനിതാ കർഷകർ ഉൾപ്പെടുന്ന, കുടുംബശ്രീ ഒരു പക്ഷെ ലോകത്തിൽ തന്നെ വച്ചേറ്റവും വലിയ ലിംഗനീതി, ദാരിദ്ര്യനിർമാർജന പരിപാടിയാണ്.

ശരാശരി അഞ്ചു വീതം അംഗങ്ങൾ ഉള്ള ഏകദേശം 70000 കൃഷി സംഘങ്ങൾ ഉണ്ട്. രണ്ടര ഏക്കറിൽ താഴെ വരുന്ന പാടങ്ങൾ പാട്ടത്തിനെടുത്താണ് ഇവർ പ്രവർത്തിക്കുന്നത്. ചിലപ്പോൾ ഒരേക്കർ നിലമായിരിക്കാം. മിക്കവാറും സംഘങ്ങൾ ജൈവ കൃഷിയോ അല്ലെങ്കിൽ കുറഞ്ഞ നിക്ഷേപം ആവശ്യമുള്ളതോ ആയ സുസ്ഥിര കൃഷിയിലാണേർപ്പെട്ടു കൊണ്ടിരിക്കുന്നത്. കാർഷിക രംഗം തകിടം മറിഞ്ഞിരിക്കുന്ന രാജ്യത്തു ഈ സ്ത്രീകൾ തങ്ങൾ പാട്ടത്തിനെടുത്തിരിക്കുന്ന ചെറുനിലങ്ങൾ ലാഭത്തിലും 'ഭക്ഷ്യനീതി' എന്ന ആദര്ശത്തിലും ആണ് നടത്തുന്നത്; അതായത് സംഘാംഗങ്ങളുടെ കുടുംബങ്ങൾക്ക് വേണ്ടുന്ന ആവശ്യം കഴിഞ്ഞേ മിച്ചവിളകൾ കമ്പോളത്തിൽ വിൽക്കാറുള്ളൂ.

അവരുടെ വിജയവും കാര്യക്ഷമതയും കാരണം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും വ്യത്യസ്തമായി ബാങ്കുകൾ അവരുടെ പിന്നാലെ പായുന്ന അവസ്ഥയാണ്. ഞങ്ങൾ പോയ പത്തനംതിട്ട ജില്ലയിൽ വായ്പാതിരിച്ചടവിന്റെ തോത് 98.5 ശതമാനമാണ്. ചില ഗ്രാമങ്ങളിൽ കുടുംബശ്രീയാണ് തദ്ദേശ ബാങ്കുകളിലെ ഏറ്റവും വലിയ നിക്ഷേപകർ.

പക്ഷെ ഇപ്പോൾ കൃഷി സംഘങ്ങൾ പ്രളയബാധിതരാണ്. സംസ്ഥാനത്തുടനീളം അവർക്കു 400 കോടിയോളം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. അതിൽ തന്നെ 200 കോടി നഷ്ടം വിളകളുടേതാണ്. നിലത്തിന്റെ ഫലഭൂയിഷ്ടിത നഷ്ടമായതും, നിലം ഉപയോഗയോഗ്യമാക്കി തീർക്കാൻ വേണ്ടുന്ന ചിലവും, കടം മേടിച്ചതും ഈടു നഷ്ടപ്പെട്ടതും എല്ലാം ചേർത്ത് ബാക്കി 200 കോടി. മറ്റു ചിലവുകൾ വർധിക്കുന്നതിനനുസരിച്ചു ഈ തുക ഇനിയും ഉയരും.

PHOTO • P. Sainath

റാന്നി അങ്ങാടി പഞ്ചായത്ത് ഓഫീസിൽ വെച്ച് നടന്ന ഉത്സാഹപൂർവമായ മീറ്റിംഗിൽ പങ്കെടുക്കുന്ന പല കൃഷിസംഘ ങ്ങളിൽ നിന്നുള്ള കുടുംബശ്രീ പ്രവർത്തകർ.

റാന്നി ബ്ലോക്കിലെ ഒമ്പതു പഞ്ചായത്തുകളിലായി 92 ഏക്കർ നിലങ്ങളിൽ കൃഷി ചെയ്യുന്ന 71 കൃഷി സംഘങ്ങൾ ഈ വര്ഷം 72 ലക്ഷം വായ്പയെടുത്തു. 'അതെല്ലാം വെള്ളപ്പൊക്കത്തിൽ നഷ്ടപ്പെട്ടു', കുടുംബശ്രീയിലെ മുൻനിര പ്രവർത്തകയും കൃഷിക്കാരിയുമായ ഓമന രാജൻ പറയുന്നു.  കഴിഞ്ഞ വര്ഷം വാഴ കൃഷിയിൽ നിന്ന് മാത്രം രണ്ടു ലക്ഷം ലാഭം കൊയ്തതാണ് 'മന്നാ' (ദൈവ ദാനം) എന്ന അവരുടെ സംഘം. സംഘത്തിലെ ഓരോ അംഗത്തിനും 50000 രൂപയുടെ ലാഭം ഉണ്ടായി. 'ജൈവ കൃഷിയായതിനാൽ ഞങ്ങൾക്ക് മികച്ച വിലയാണ് കിട്ടുന്നത്. പക്ഷെ ഇക്കൊല്ലം ഏറ്റവും നല്ല വില കിട്ടാവുന്ന ഓണക്കാലത്തെ വിള ഞങ്ങൾക്ക് നഷ്ടമായി. എല്ലാം പോയി. പക്ഷെ ഞങ്ങൾ തിരിച്ചു പിടിക്കും.'

ഈ നാശനഷ്ടമാണ് റാന്നി അങ്ങാടി ഗ്രാമത്തിൽ ഞങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത്. 71ൽ പത്തിൽ താഴെ മാത്രം കൃഷി സംഘങ്ങൾക്കേ ഇൻഷുറൻസ് ഉള്ളൂ - പാട്ടത്തിനെടുത്ത നിലങ്ങൾക്കു പരിരക്ഷ കിട്ടുക പ്രയാസമാണ്. ഒരു വിദഗ്ധന്റെ കണ്ണോടുകൂടി നാശനഷ്ടങ്ങൾ വിലയിരുത്തുകയാണ് കൃഷിയിൽ ബിരുദാനന്തര ബിരുദമെടുത്ത, കേരള സർക്കാരിന്റെ മണ്ണ് സംരക്ഷണ വകുപ്പിൽ ജോലി ചെയ്യുന്ന ദത്തൻ. ഇപ്പോൾ കുടുംബശ്രീയിൽ നിയോഗിക്കപ്പെട്ടിരിക്കുന്നു. മുംബൈ വാസികൾ കേരളത്തിൽ വന്ന് മലിനീകരണത്തിൽ നിന്നും സംരക്ഷണം തേടുന്നതിനെ കളിയാക്കിയ ബിൻസി ബിജോയിയും കുടുംബശ്രീ പ്രവർത്തകയാണ്. ഒരു കൃഷിക്കാരിയുടെ വീക്ഷണ കോണിലൂടെയാണ് അവർ എല്ലാം നോക്കി കാണുന്നത്.

എങ്ങനെ നോക്കിയാലും നാശനഷ്ടം ഭീമമാണ്. ഒരു നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിൽ ഉണ്ടായ നാശനഷ്ടത്തിന്റെ വിപരീതാനുപാതത്തിലാണ് ഈ സ്ത്രീകളുടെ ധൈര്യവും ചൈതന്യവും ഉയരുന്നത്. റാന്നി അങ്ങാടി പഞ്ചായത്ത് ഓഫീസിലെ ഞങ്ങളുടെ ആദ്യ മീറ്റിംഗ് തന്നെ അവർ ചിരിയും പ്രസരിപ്പും കൊണ്ട് നിറച്ചു. പഞ്ചായത്ത് അധ്യക്ഷനായ ബാബു പുല്ലാട്ട് തമാശരൂപേണ പറഞ്ഞു, 'നമ്മൾ അകപ്പെട്ട ഈ വൻ ദുരന്തത്തെ പറ്റി എഴുതാനാണ് ഇയാൾ ഇവിടെ വന്നിരിക്കുന്നത്. പക്ഷെ നിങ്ങളെല്ലാം ചിരിച്ചു നിൽക്കുന്നു. അദ്ദേഹം എന്ത് വിചാരിക്കും? നമ്മൾ ഗൗരവം കാണിക്കേണ്ടതല്ലേ?' പക്ഷെ  അതിന് മറുപടിയായി കൂടുതൽ ചിരി വന്നു. ഞങ്ങൾ രണ്ടു പക്ഷത്തിനും അല്പം തമിഴ് അറിയാമെങ്കിലും കുറച്ചേറെ സ്ത്രീകൾ ഹിന്ദിയിൽ സംസാരിക്കുവാൻ സന്നദ്ധരായി. ഞാൻ ബോംബയിൽ നിന്നായതു കൊണ്ടാണ് ഹിന്ദി.

PHOTO • P. Sainath
PHOTO • P. Sainath

റാന്നി അങ്ങാടിയിയിലെ ഈ വീടിന്റെ മേൽക്കൂരയോളം വെള്ളം ഉയർന്നു. വാഴകൃഷിയും കപ്പക്കൃഷിയും ഏതാണ്ട് മുഴുവനായും തുടച്ചു നീക്കപ്പെട്ടു.

ഒരേക്കറിൽ വാഴക്കൃഷി നടത്താൻ വരുന്ന ചിലവ് ഏകദേശം 3 ലക്ഷത്തിനു മീതെയാണ്, ബിൻസി ബിജോയ് വിശദീകരിക്കുന്നു. 'ഈ വര്ഷം  ഞങ്ങൾക്ക് എല്ലാം നഷ്ട്ടപ്പെട്ടു. മൂന്നു ഏക്കർ മുഴുവനും പോയി. ഓരോ ഏക്കറിലും ഉള്ള ടൺ കണക്കിന് വരുന്ന എക്കൽ പാളികളും ചെളിയും നീക്കം ചെയ്യാൻ തന്നെ ഒരു ലക്ഷം രൂപ ചെലവ് വരും', ജോസഫ് പറയുന്നു. 'കനാലുകളും വൃത്തിയാക്കണം. ഈ പ്രവൃത്തി മൂന്നു മാസം വരെ എടുത്തേക്കാം, എത്രയും വേഗത്തിൽ നടത്താൻ ഞങ്ങൾ ശ്രമിക്കും. പക്ഷെ എല്ലാം വറ്റി വരളുകയാണ്. ഞങ്ങൾ വരൾച്ച നേരിടുകയാണ്.'

ഞങ്ങൾ കണ്ടു മുട്ടിയ വനിതാ കർഷകരായവരെല്ലാം തന്നെ തങ്ങൾക്കു നഷ്ടമായത് തിരിച്ചു പിടിക്കും - അതും എത്രയും വേഗത്തിൽ - എന്ന കാര്യത്തിൽ ഒരു സംശയവുമില്ല എന്നാണു പറഞ്ഞത്. കാര്യങ്ങൾ എത്രമാത്രം പരിതാപകരമാണ് എന്നത് അവർക്കു കാണാൻ സാധിക്കാത്തതു കൊണ്ടല്ല ഇത്, പകരം അവരുടെ നിശ്ചയദാര്‍ഢ്യം പ്രളയദുരത്തത്തെ കടത്തി വെട്ടുന്നത് ആയതു കൊണ്ടാണിത്. 'ഞങ്ങളുടേത് കൂട്ടായ്മയുടെ ശക്തിയാണ്. ധൈര്യവും ഇച്ഛാശക്തിയും ഞങ്ങളുടെ ഐക്യത്തിൽ നിന്നും ഉടലെടുക്കുന്നു. കുടുംബശ്രീ എന്നാൽ ഐക്യദാര്‍ഢ്യം എന്നാണ്.' വര്ഷങ്ങളായി ഞാൻ ആവർത്തിച്ചു കേൾക്കുന്ന കാര്യമാണിത്. ഇപ്പോൾ വെള്ളപ്പൊക്കം വരുത്തിവച്ച കെടുതികൾക്കു  ശേഷം ആ അവകാശവാദത്തിനെ ശരിവെക്കുന്ന രീതിയിൽ അവർ പ്രവർത്തിക്കുകയാണ്.

PHOTO • P. Sainath

കുടുംബശ്രീ പ്രവർത്തകർ എക്കൽ നീക്കം ചെയ്യൽ ആരംഭിച്ചിട്ടുണ്ട്; പക്ഷെ ചിത്രത്തിൽ കാണുന്ന പോലെ, കൃഷി നിലങ്ങളുടെ മധ്യത്തിൽ  കിടക്കുന്ന ഭാഗങ്ങൾ ഉറച്ചതിനാൽ വൃത്തിയാക്കുക ദുഷ്കരമാണ്.

കുടുംബശ്രീ  ശൃംഖല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയ 7 കോടി രൂപ സംഭാവനയിൽ ഏകദേശം എല്ലാം തന്നെ നഷ്ടപ്പെട്ട സംസ്ഥാനത്തുടനീളമുള്ള ഈ കൃഷി സംഘങ്ങൾ കൂടി പങ്കാളികളാണ്. സെപ്റ്റംബർ 11 മറ്റൊരു ഹൃദയംഗമമായ മുഹൂർത്തത്തിനും സാക്ഷിയായി. National Rural Livelihoods Mission (NRLM) നൽകുന്ന കാർഷിക തൊഴിൽ രംഗത്തിലെ ഉജ്വല പ്രകടനത്തിനുള്ള പുരസ്കാരം ന്യൂ ഡൽഹിയിൽ വെച്ച് കുടുംബശ്രീ നേടി. ഇത് NRLM ആദ്യമായി നൽകുന്ന പുരസ്കാരമാണ്.

കുടുംബശ്രീ ആഗോളതലത്തിൽ തന്നെ ഏറ്റവും വലിയ  ലിംഗനീതി, ദാരിദ്ര്യ നിർമാർജന പരിപാടികളിൽ ഒന്നാകാൻ സാധ്യതയുണ്ട്. ഒരു സർക്കാർ സംരംഭമായി സ്ഥാപിക്കപ്പെട്ട കുടുംബശ്രീ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു കൂട്ടായി നിർമ്മിച്ചെടുത്ത സ്വാതന്ത്ര്യവും സ്വാശ്രയത്വവും അവർക്കു അത്രമേൽ വിലപ്പെട്ടതാണ്. 'ഞങ്ങൾ സർക്കാരിന് ഒപ്പമാണ് പ്രവർത്തിക്കുന്നത്, സർക്കാരിന് വേണ്ടിയല്ല', ഇതൊരാപ്തവാക്യം പോലെയാണ്. അവർ പ്രകടിപ്പിക്കുന്ന ധൈര്യത്തിനും സ്വാശ്രയ ബോധത്തിനും ഉപോൽബലകമായി ബാങ്കുകളുടെയും മറ്റു സ്ഥാപനങ്ങളുടെയും പിന്തുണയും പിന്നെ ബാക്കി നമ്മളുടെ ഐക്യദാർഢ്യവുമാണ് കൊടുക്കേണ്ടത്. പാവപ്പെട്ട ഈ സ്ത്രീകൾ നയിക്കുന്ന പാവനമായ ഈ കാർഷിക യത്നത്തിന് രാജ്യത്തു മറ്റു മാതൃകകൾ ഇല്ല. കുടുംബശ്രീയുടെ വ്യാപ്തിയോ, വലിപ്പമോ, അവർ കരസ്ഥമാക്കിയ നേട്ടങ്ങളോ തട്ടിച്ചു നോക്കുമ്പോൾ ഒന്നും തന്നെയില്ല.

മറ്റു കൃഷി സംഘങ്ങളെ സന്ദർശിക്കാൻ യാത്ര തിരിക്കുമ്പോൾ അവരിലൊരാൾ ഞങ്ങളുടെ അടുത്ത് വന്നു പറയുകയാണ്, 'ഞാൻ തിരിച്ചു വരും. ഞങ്ങൾക്ക് ഒരടി കിട്ടിയിരിക്കുകയാണ്, എന്നാലും ഞങ്ങൾ തിരിച്ചു വരും. നോക്കിക്കോ, ഒരു മാസത്തിനുള്ളിൽ ഞങ്ങൾ വീണ്ടും കൃഷി ആരംഭിച്ചിരിക്കും.'

പരിഭാഷ: ഗ്രീഷ്മ ജസ്റ്റിൻ ജോൺ

ਪੀ ਸਾਈਨਾਥ People’s Archive of Rural India ਦੇ ਮੋਢੀ-ਸੰਪਾਦਕ ਹਨ। ਉਹ ਕਈ ਦਹਾਕਿਆਂ ਤੋਂ ਦਿਹਾਤੀ ਭਾਰਤ ਨੂੰ ਪਾਠਕਾਂ ਦੇ ਰੂ-ਬ-ਰੂ ਕਰਵਾ ਰਹੇ ਹਨ। Everybody Loves a Good Drought ਉਨ੍ਹਾਂ ਦੀ ਪ੍ਰਸਿੱਧ ਕਿਤਾਬ ਹੈ। ਅਮਰਤਿਆ ਸੇਨ ਨੇ ਉਨ੍ਹਾਂ ਨੂੰ ਕਾਲ (famine) ਅਤੇ ਭੁੱਖਮਰੀ (hunger) ਬਾਰੇ ਸੰਸਾਰ ਦੇ ਮਹਾਂ ਮਾਹਿਰਾਂ ਵਿਚ ਸ਼ੁਮਾਰ ਕੀਤਾ ਹੈ।

Other stories by P. Sainath
Translator : Greeshma Justin John

Greeshma Justin John is a research student at the Centre for Regional Studies, University of Hyderabad.

Other stories by Greeshma Justin John