ദിലീപ് കോലിക്ക് കഴിഞ്ഞ കുറച്ചു വർഷങ്ങൾ വളരെ പ്രക്ഷുബ്ധങ്ങളാണ് - ചുഴലിക്കാറ്റുകൾ, കുറഞ്ഞു വരുന്ന മീൻപിടിത്തം, കുറഞ്ഞ കച്ചവടം എന്നിങ്ങനെ പലതരത്തിൽ. ഏറ്റവും കടുത്തത് 2020 മാർച്ചിൽ തുടങ്ങിയ ലോക്ക്ഡൗണുകളുടെ ആഘാതങ്ങളാണെന്നാണ് തെളിയിക്കപ്പെട്ടിരിക്കുന്നത്.
“പണ്ട് ഞങ്ങൾ നേരിട്ടതൊന്നും കഴിഞ്ഞ വർഷത്തേതിന്‍റെ പകുതിയോളം വരില്ല”, ദക്ഷിണ മുംബൈയിലെ കോളാബ പ്രദേശത്തെ കോലിവാഡയിൽ നിന്നുള്ള 50-കാരനായ മത്സ്യബന്ധനക്കാരൻ ദിലീപ് പറഞ്ഞു. "മീൻ പിടിക്കാൻ താൽപര്യമുള്ളവരും ഉണ്ടായിരുന്നു, മീൻ കഴിക്കാൻ തയ്യാറായിട്ടുള്ളവരും ഉണ്ടായിരുന്നു. പക്ഷേ മീൻ വിൽപ്പന ഉണ്ടായിരുന്നില്ല [ലോക്ക്ഡൗൺ മൂലം 2020 സെപ്റ്റംബർ വരെ]. വിപണികൾ പൂട്ടിയിരുന്നു. പിടിച്ച മീൻ ഞങ്ങൾക്ക് കടലിലേക്ക് തിരിച്ചിടേണ്ടിവന്നു.”
കഴിഞ്ഞ ഏതാണ്ട് 35 വർഷങ്ങളായി ദിലീപ് ദക്ഷിണ മുംബൈയിലെ സസൂൻ ഡോക്കിൽ പ്രവർത്തിച്ചു വരികയാണ്. മൂന്ന് ബോട്ടുകൾ സ്വന്തമായുള്ള അദ്ദേഹം 8-10 മീന്‍പിടിത്തക്കാരെ ജോലിക്ക് വച്ചിട്ടുണ്ട്. "ലോക്ക്ഡൗൺ കാലഘട്ടത്തിൽ ഞങ്ങൾക്ക് റേഷനെങ്കിലും ഒപ്പിക്കാൻ സാധിച്ചു. പക്ഷെ മറ്റ് പാവപ്പെട്ട കോലി മീന്‍പിടിത്തക്കാർക്ക് ഭക്ഷണമോ പണമോ ഇല്ലായിരുന്നു”, അദ്ദേഹം പറഞ്ഞു.
കാലവർഷ മാസങ്ങളിൽ രാവിലെ 4 മണിക്ക് ജോലി ആരംഭിക്കുന്ന മീന്‍പിടിത്തക്കാർ പലതവണ കടലില്‍ പോയി വരുന്നു. കരയിൽ നിന്നും വളരെയകലെയല്ലാതെ ഒരു തവണ കടലിൽ പോയി വരാനുള്ള ട്രിപ്പിന് ഏകദേശം 40 മിനിറ്റുകൾ എടുക്കും. വേലിയേറ്റത്തിൽ വരുന്ന വ്യതിയാനത്തിനനുസരിച്ച് അവർ ഒരു മണിക്കൂറോളം വിശ്രമിച്ചിട്ട് കടലിലേക്ക് തിരിച്ചു പോകും. "ഞങ്ങൾ അതിരാവിലെ തുടങ്ങി ഉച്ചകഴിഞ്ഞ് 2-3 മണിയോടെ പൂർത്തിയാക്കുo. ചന്ദ്രനിലൂടെയാണ് ഞങ്ങൾ വേലിയേറ്റം മനസ്സിലാക്കുന്നത്. കടുത്ത വേലിയേറ്റമോ വേലിയിറക്കമോ ഉള്ള സമയത്ത് ഞങ്ങൾ മീൻ പിടിക്കാൻ പോകില്ല”, ദിലീപ് പറഞ്ഞു.
അദ്ദേഹത്തിന്‍റെ ബോട്ടിൽ ജോലി ചെയ്യുന്നവരെല്ലാം കോലി സമുദായത്തിൽ പെട്ടവരാണ്. അവരിൽ ചിലർ റായ്ഗഢ് ജില്ലയിലെ തല താലൂക്കിലെ വാശി ഹവേലിയിൽ നിന്നും തീവണ്ടിയിലോ കൂലിക്ക് വിളിക്കുന്ന വണ്ടികളിലോ 150 കിലോമീറ്ററോളം യാത്ര ചെയ്താണ് ദക്ഷിണ മുംബൈയിലെ സസൂൻ ഡോക്കിൽ എത്തുന്നത്. അവിടെയവർ ഗണപതിയുത്സവം ആരംഭിക്കുന്നതിനു മുൻപ്, ഏകദേശം ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള സമയത്ത് പണിയെടുക്കുന്നു. വർഷത്തിലെ ബാക്കിയുള്ള സമയത്ത് മഹാരാഷ്ട്രയുടെ മറ്റ് തീര ദേശങ്ങളിലേക്ക് യാത്ര ചെയ്ത് (പ്രധാനമായും രത്നഗിരി, റായ്ഗഢ് ജില്ലകളിൽ) പ്രതിമാസം 10,000-12,000 രൂപയ്ക്ക് മറ്റുള്ളവരുടെ ബോട്ടുകളിൽ അവർ പണിയെടുക്കുന്നു.
മെയ് അവസാനം മുതൽ ഓഗസ്റ്റ് ആദ്യം വരെ ആഴക്കടൽ മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ടെങ്കിലും, "ഇവിടെ ചെറുഉൾക്കടൽ മത്സ്യബന്ധനം [ഡോൾ നെറ്റ് ഉപയോഗിച്ചുള്ളത്] അനുവദനീയമാണ്. വർഷങ്ങളായി ഞങ്ങൾ ഇത് ചെയ്യുന്നു. ഞങ്ങളുടെ കോളാബ ചെറു ഉൾക്കടൽ ബോംബിൽ മത്സ്യങ്ങൾക്ക് പ്രസിദ്ധമാണ്. പ്രസ്തുത മത്സ്യങ്ങൾ ഇവിടെത്തുന്നത് ജൂൺ ജൂലൈ മാസങ്ങളിലാണ്. മഹാരാഷ്ട്രയിലെ ചെറു ഗ്രാമങ്ങളിൽ നിന്നുള്ള മീന്‍പിടിത്തക്കാർ ഞങ്ങളുടെ ബോംബെ ഡക്കിനു വേണ്ടി ഇവിടെ എത്തുന്നു. 2-3 മാസങ്ങൾ അവർ കോളാബയിൽ താമസിക്കും. ഇത് നല്ലൊരു ബിസിനസ് ആണ്”, ദിലീപ് പറഞ്ഞു.
സസൂൻ ഡോക്കിലെ ആ മാസങ്ങളിൽ താനും മറ്റ് മീന്‍പിടിത്തക്കാരും ശതമാനാടിസ്ഥാനത്തിലാണ് പണിയെടുക്കുന്നതെന്ന് വാശി ഹവേലി ഗ്രാമത്തിൽ നിന്നുള്ള പ്രിയൽ ദൂരി പറഞ്ഞു. "ഒരു ദിവസം പിടിക്കുന്ന മീനുകളിൽ നിന്നുള്ള ലാഭത്തിന്‍റെ പകുതി ബോട്ടുടമയ്ക്കുള്ളതാണ്. ബാക്കി ഞങ്ങൾ വീതിച്ചെടുക്കുന്നു”, അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം 3 മാസ കാലയളവിനുള്ളിൽ പ്രിയലിന് കോവിഡ് മൂലം അച്ഛനേയും ലൂക്കീമിയ മൂലം അമ്മയേയും നഷ്ടപ്പെട്ടു. "ഞങ്ങളുടെ അമ്മയ്ക്ക് ചികിത്സയ്ക്ക് പണം വേണമായിരുന്നു.” അതിനാൽ 12-ാം ക്ലാസ്സ് പൂർത്തിയാക്കാൻ സാധിക്കാതെ കഴിഞ്ഞ 10 വർഷമായി ഈ 27-കാരൻ മത്സ്യബന്ധനം നടത്തുന്നു.
"കാലവർഷ സമയത്ത് ഞങ്ങൾ പ്രതിദിനം ഏകദേശം 700 രൂപ ഉണ്ടാക്കുന്നു. പക്ഷെ കഴിഞ്ഞ വർഷം പ്രതിദിനം കഷ്ടിച്ച് 50 രൂപയാണ് ഞങ്ങൾക്ക് ഉണ്ടാക്കാൻ പറ്റിയത്. ഒരു വർഷം മുഴുവൻ കോവിഡ് കാരണം ഞങ്ങൾ വീട്ടിൽ ഇരിക്കുകയായിരുന്നു”, അദ്ദേഹം കൂട്ടിച്ചേർത്തു. തൊഴിലില്ലാഞ്ഞതിനാൽ വാശി ഹവേലിയിലെ മീന്‍പിടിത്തക്കാർക്കും കുടുംബങ്ങൾക്കും 2020 മെയ് മാസത്തോടെ അവരുടെ റേഷൻ തീർന്നു തുടങ്ങി. "അടുത്തുള്ള ചെറുഉൾക്കടലിൽ നിന്നും പിടിക്കാൻ കഴിയുന്ന എന്തു മീനും ഞങ്ങൾ തിന്നു. പക്ഷെ ചുഴലിക്കാറ്റിനു [നിസർഗ] ശേഷം കഷ്ടിച്ചാണ് ഞങ്ങൾ ഭക്ഷണവും വെള്ളവുമൊക്കെ ഒപ്പിച്ചത്. ഞങ്ങൾ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മോശം വർഷമായിരുന്നു അത് [2020]”, പ്രിയൽ കൂട്ടിച്ചേർത്തു.
2020 ജൂൺ 3-ന് നിസർഗ ചുഴലിക്കാറ്റ് മഹാരാഷ്ട്രയുടെ തീരദേശ ജില്ലകളെ ബാധിച്ചു. "ഒരു മാസത്തോളം ഞങ്ങൾക്ക് വൈദ്യുതിയോ ഫോൺ ബന്ധങ്ങളോ ഒന്നും ഇല്ലായിരുന്നു. ഞങ്ങളുടെ വീടുകൾ മുഴുവൻ പൂർണ്ണമായും തകർന്നു. ഞങ്ങൾക്ക് സർക്കാരിൽ നിന്നും നഷ്ടപരിഹാരമൊന്നും കിട്ടിയില്ല”, പ്രിയൽ പറഞ്ഞു. അദ്ദേഹത്തിന് താനും മൂത്ത സഹോദരൻ [മീന്‍പിടിത്തക്കാരൻ തന്നെയായ] ചന്ദ്രകാന്തും താമസിക്കുന്ന വീട് പുനർനിർമ്മിക്കുന്നതിനായി 40,000 രൂപ സുഹൃത്തുക്കളിൽ നിന്നും വായ്പ വാങ്ങേണ്ടി വന്നു.
പിന്നീട് 2021 മെയ് 14-ന് തൗക്തെ ചുഴലിക്കാറ്റ് (Cyclone Tauktae) വന്നു. “വേലിയേറ്റത്താൽ ഞങ്ങളുടെ ബോട്ടുകളൊക്കെ നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ഞങ്ങൾക്ക് സംഭവിച്ചു. ഏതാനും ആയിരം രൂപ തന്ന് മറ്റുള്ളവരുടെ കണ്ണിൽ നല്ലവരാകാൻ സർക്കാരിന് കഴിയില്ല. മീന്‍പിടിത്തക്കാർക്ക് [ഇതിൽ] നല്ല ദേഷ്യമുണ്ട്”, ദിലീപ് പറഞ്ഞു. അദ്ദേഹത്തിന്‍റെ മൂന്ന് പുത്രന്മാരും മത്സ്യബന്ധനം നടത്തുന്നു. അദ്ദേഹത്തിന്‍റെ ഭാര്യ 49-കാരിയായ ഭാരതി സസൂൻ ഡോക്കിൽ മൊത്തം വാങ്ങുന്ന കച്ചവടക്കാർക്ക് മത്സ്യം വിൽക്കുന്നു (കാണുക: സൗഹൃദവും പ്രതിസന്ധികളും പങ്കിട്ട് മീന്‍ വില്‍പ്പനക്കാരികളായകോലി സ്ത്രീകള്‍ ). “എന്തായാലും ഞങ്ങൾ കോലി മത്സ്യബന്ധനക്കാർക്ക് അവർ ഒരിക്കലും ഒന്നും ചെയ്യില്ല”, അദ്ദേഹം കൂട്ടിച്ചേർത്തു. "പക്ഷെ അത്തരം ചുഴലിക്കാറ്റുകൾ ഉണ്ടാകുമ്പോൾ ഞങ്ങൾക്ക് മുഴുവൻ നഷ്ടപരിഹാരവും നൽകേണ്ടതാണ്.”
ഇതേ തുടർന്നുണ്ടായ തിരിച്ചടികളിലൊന്ന് മീൻപിടിത്തത്തിൽ കുത്തനെയുണ്ടായ കുറവാണ്. "ഞാൻ ചെറുപ്പമായിരുന്നപ്പോൾ മീനിന്‍റെ വില കുറവായിരുന്നു, പക്ഷെ [ബോട്ടിനുള്ള] ഡീസലിന്‍റെ വിലയും ലിറ്ററിന് 20 രൂപ ആയിരുന്നു. ഇപ്പോൾ ഡീസലിന്‍റെ വില ലിറ്ററിന് ഏതാണ്ട് 100 രൂപയാണ്. മീന്‍പിടിത്തവും കുറഞ്ഞിരിക്കുന്നു”, ദിലീപ് പറഞ്ഞു.
പൊതുവെ പ്രിയപ്പെട്ട മീനുകളായ സുരമയി , ആവോലി, മത്തി എന്നിവയൊക്കെ കുറഞ്ഞ അളവിലാണ് മീന്‍പിടിത്തക്കാരുടെ വലകളിൽ കിട്ടുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ 2019-ൽ മഹാരാഷ്ട്രയുടെ തീരത്ത് ഫിഷ് ലാൻഡിംഗിൽ (തുറമുഖത്തെത്തിച്ചേരുന്ന മീനുകൾ) 32 ശതമാനം വർദ്ധനവുണ്ടായെന്ന് സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചൂണ്ടിക്കാട്ടുന്നു. റിപ്പോർട്ട് പറയുന്നത് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള ചുഴലി കൊടുങ്കാറ്റുകളാണ് ഈ കുറവിന് കാരണം എന്നാണ്. ഇവയിൽ ആറെണ്ണം കടുത്ത ചുഴലിക്കാറ്റുകൾ ആയിരുന്നു.
"ഞങ്ങളുടെ ഉപജീവന മാർഗ്ഗം തികച്ചും പ്രകൃതിയെ ആശ്രയിച്ചാണ് ഇരിക്കുന്നത്”, ദിലീപ് പറഞ്ഞു. "പ്രകൃതി ഞങ്ങൾക്ക് നല്ലതല്ലെങ്കിൽ തൊഴിലും ജീവിതവും ഞങ്ങൾക്ക് നഷ്ടമാകും.”
പിന്നീട്, കോവിഡ്-19 മഹാമാരിയോടു കൂടെ, സസൂൻ ഡോക്കിലെ മീന്‍പിടിത്തക്കാർ ആ കൊടുങ്കാറ്റിനെയും നേരിടാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു.
പരിഭാഷ: റെന്നിമോന്‍ കെ. സി.