“സ്‌ത്രീകൾ ഇപ്പോൾ വിമാനം വരെ പറത്തുന്നു. അപ്പോൾ ഓട്ടോറിക്ഷ ഓടിക്കുന്നതിൽ എന്താണ് ബുദ്ധിമുട്ട്?”ചാന്ദ്‌നി പർമാർ ചോദിക്കുന്നു. 2018-ൽ തന്‍റെ ഇരുപതാം വയസിൽ ഭുജ് നഗരത്തിലെ ആദ്യ വനിതാ ഓട്ടോറിക്ഷ ഡ്രൈവറായ ആളാണ് ചാന്ദ്‌നി. ചാന്ദ്‌നിയേക്കാൾ ഒരു വയസിന് മുതിർന്ന ആശ വാഘേലയാണ് മറ്റൊരു വനിത ഓട്ടോറിക്ഷ ഡ്രൈവർ. ആശ ചാന്ദ്‌നിയുടെ ‘മാസി’ കൂടിയാണ് - അതായത് അമ്മയുടെ ഇളയ സഹോദരി.
അവർ ഓടിക്കുന്ന വാഹനം പൊതുവെ അറിയപ്പെടുന്നത് ചക്‌ഡോ അല്ലെങ്കിൽ ചക്‌ഡ എന്നാണ്. പത്തോളം പേർക്ക് സൗകര്യപ്രദമായി യാത്ര ചെയ്യാനാകുന്ന മുച്ചക്ര വാഹനമാണിത്. ഗുജറാത്തിലെ കച്ച് ജില്ലാകേന്ദ്രമായ ഭുജ് നഗരത്തിൽനിന്നും 25 കിലോമീറ്റർ ഗ്രാമങ്ങളിലേക്കും അവിടുന്ന് തിരിച്ചും യാത്ര ചെയ്യുന്നവർ സാധാരണയായി ഉപയോഗിക്കുന്ന യാത്രാമാർഗമാണ് ചക്‌ഡ. ടാക്സിമീറ്റർ ഘടിപ്പിച്ചിട്ടില്ലാത്തതിനാൽ ഒരു അലിഖിത നിരക്ക് പ്രകാരമാണ് കൂലി വാങ്ങുന്നത്. “ചെറിയ ദൂരങ്ങൾക്ക് 20-30 രൂപ വരെയും, ദൂരം വർധിക്കുന്നതനുസരിച്ച് കൂടുതൽ നിരക്കും വാങ്ങും” ആശ പറഞ്ഞു. “ഏറ്റവും കൂടിയത് 300 രൂപ വരെ വാങ്ങാറുണ്ട്, വളരെ ദൂരേക്ക് ഡ്രൈവ് ചെയ്യുകയാണെങ്കിൽ.”
കുടുംബത്തിലെ സ്‌ത്രീകളോ ഭുജിലെതന്നെ മറ്റ് സ്‌ത്രീകളോ ചെയ്യാത്ത ജോലിക്കായി ചാന്ദ്‌നിക്കും ആശയ്ക്കും അനുമതി നൽകാൻ കുടുംബത്തിന് - പ്രത്യേകിച്ച് ആശയുടെ മാതാപിതാക്കള്‍ക്ക് - തുടക്കത്തിൽ ബുദ്ധിമുട്ടുണ്ടായിരുന്നു. പ്രധാനമായും ആശയുടെ മാതാപിതാക്കൾക്ക്. എന്നാൽ ചാന്ദ്‌നിയുടെ കാര്യത്തിൽ സാമ്പത്തിക പ്രതിസന്ധി വഴിതുറന്നു. വളർന്നുവരുന്ന കുടുംബത്തിന്‍റെ സാഹചര്യം മകളെ ഡ്രൈവിങ് പഠിക്കാൻ വിടാൻ അവരെ കൂടുതൽ സന്നദ്ധരാക്കി.
നാല് സഹോദരിമാരും രണ്ട് സഹോദരൻമാരും മാതാപിതാക്കളും അടങ്ങുന്ന കുടുംബത്തിലെ മുതിർന്ന കുട്ടിയായ ചാന്ദ്‌നി ഒരു ഞായറാഴ്ച വൈകിട്ടാണ് ഭുജ് റെയിൽവേ സ്റ്റേഷന് അപ്പുറമുള്ള തന്‍റെ വീട്ടിലേക്ക് എന്നെ കൊണ്ടുപോയത്. ഭുതേശ്വർ നഗറിലുള്ള ഒരു അർധഗ്രാമ മേഖലയിലാണ് ചാന്ദ്‌നിയുടെ വീട്. പ്രധാന റോഡിൽ നിന്ന് അവളുടെ വീട്ടിലേക്കുള്ള മൺപാത കുണ്ടും കുഴിയും നിറഞ്ഞതാണ്. "ഞാനല്ലാതെ മറ്റൊരു ഓട്ടോക്കാരും ഇങ്ങോട്ടേക്ക് വരില്ല”, അവൾ പറഞ്ഞു, “അതുകൊണ്ട് നഗരത്തിലേക്ക് പോകാൻ വീടിന്‍റെ അടുത്തുനിന്ന് നിരവധി ഓട്ടം ലഭിക്കാറുണ്ട്.”
വിവാഹങ്ങൾക്കും മറ്റ് ചടങ്ങുകൾക്കുമായി മുളയും തുണിയും കൊണ്ട് പന്തല്‍ നിർമിക്കുകയും പൊളിക്കുകയും ചെയ്യുന്ന കരാർ തൊഴിലാളിയാണ് ചാന്ദ്‌നിയുടെ അച്ഛൻ ഭരത് പർമാർ. "ഞങ്ങൾ രണ്ടുപേരും വിദ്യാഭ്യാസമില്ലാത്തവരാണ്. കുട്ടികൾ എല്ലാം പഠിക്കണമെന്നാണ് ആഗ്രഹം. ഇപ്പോൾ ഞങ്ങൾ എട്ടുപേരും എന്നും പുറത്താണ് - ഒന്നുകിൽ സ്കൂളിൽ അല്ലെങ്കിൽ ജോലിയിൽ' - ചാന്ദ്‌നിയുടെ അമ്മ ബാബി പർമാർ ചിരിയോടെ പറഞ്ഞു. ഒരു ഹോട്ടലിൽ ദിവസവും നൂറോളം ചപ്പാത്തി പരത്തുന്ന ജോലിയാണ് ബാബിയുടേത്.
ചാന്ദ്‌നിയുടെ എല്ലാ സഹോദരങ്ങളും പഠിക്കുകയാണ്. അനുജൻ രാഹുൽ എട്ടിലും ഭാവിക് ഏഴിലും. ഒരു അനുജത്തി ഗീത പ്ലസ്‌ടു പൂർത്തിയാക്കി ഭുജ് ഗവ. ഐ.ടി.ഐയിൽ കമ്പ്യൂട്ടർ സയൻസ് കോഴ്‌സ് പഠിക്കുന്നു. മറ്റൊരാളായ ദക്ഷ ഒമ്പതിലും ഇളയയാൾ മൂന്നാം ക്ലാസിലും പഠിക്കുന്നു. “അച്ഛനും അമ്മയും ജോലിസ്ഥലത്താണെങ്കിൽ ചിലപ്പോളൊക്കെ ഇവരെയെല്ലാം (സഹോദരങ്ങൾ) കൂട്ടി ചക്‌ഡയിൽ ചെറിയ യാത്രയൊക്കെ ഞാൻ നടത്താറുണ്ട്”, ആവേശത്തോടെ ചാന്ദ്‌നി പറഞ്ഞു.
“ആശയെപ്പോലെതന്നെ എട്ടാം ക്ലാസിന് ശേഷം പഠിക്കാൻ എനിക്ക് താൽപ്പര്യം ഇല്ലായിരുന്നു. അങ്ങനെ ഞങ്ങൾ സ്കൂളിൽ പോകുന്നത് അവസാനിപ്പിച്ചു”, അവൾ എന്നോട് പറഞ്ഞു. ചെറിയമ്മയും മരുമകളും പരസ്പരം ബന്ധുക്കളുടെ മക്കളെപ്പോലെയാണ്. സ്കൂൾ അവസാനിപ്പിച്ച ശേഷം അമ്മയ്ക്കൊപ്പം വീട്ടുകാര്യം നോക്കുകയായിരുന്നു ആശ. ഭുജിലെ ഗോമതി റോഡിലെ അർധഗ്രാമ മേഖലയായ രാംദേവ് നഗറിലാണ് ആശയുടെ വീട്.
എന്നാൽ ചാന്ദ്‌നി നാലുവർഷത്തോളം ഇലക്‌ട്രിക് ബൾബ് നിർമാണ ഫാക്ടറിയിൽ പായ്ക്കറായി ജോലി നോക്കിയിരുന്നു. ജോലിയെടുക്കുന്ന ദിവസങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിമാസം 6,000മുതൽ 7,000 രൂപ വരെ അവൾ സമ്പാദിച്ചു. എന്നാൽ അതൊരു താൽക്കാലിക ജോലിയായിരുന്നു. നിർമാണയൂണിറ്റ് അടച്ചതോടെ ജോലിയും പോയി. പിന്നീട് ഡ്രൈവിങ് പഠിക്കാനുള്ള അവസരം വരുന്നതുവരെ കുറച്ചുവർഷങ്ങൾ ചാന്ദ്‌നിക്ക് ജോലിയില്ലായിരുന്നു. കച്ചിലെ സ്ത്രീകളിൽ സാമ്പത്തിക സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു സംഘടനയിലെ സാമൂഹിക പ്രവർത്തകർ ഇവരുടെ മേഖല സന്ദർശിച്ചതോടെയാണ് ഡ്രൈവിങ് പഠനമെന്ന വഴി ചാന്ദ്‌നിക്ക് മുന്നിൽ തെളിഞ്ഞത്.
ജോലിയും സ്വതന്ത്ര വരുമാനവും അവർക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകി. ജീൻസും ടീഷർട്ടും ധരിക്കാൻ മാതാപിതാക്കളുടെ അനുമതി ആവശ്യമില്ല എന്നതുപോലുള്ള ചെറിയ കാര്യങ്ങളും ഈ സ്വാതന്ത്ര്യത്തിൽപെടും
പപ്പടവും ഖാഖരയും പോലുള്ള ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കുക, എംബ്രോയ്‌ഡറി, തയ്യൽ തുടങ്ങിയ പരമ്പരാഗത കൈത്തൊഴിലുകള്‍ ചെയ്യുക എന്നിവയൊന്നും കൂടാതെ മറ്റെന്ത് തൊഴിലാണ് ചാന്ദ്‌നിക്കും ആശയ്ക്കും ചെയ്യാനാകുകയെന്ന് ഈ വനിതാസംഘം പരിശോധിച്ചു. പെയിന്‍റിങ്, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി എന്നിവയിൽ താൽപ്പര്യമോ കഴിവോ ഇല്ലാത്തതിനാൽ ഈ പെണ്‍കുട്ടികള്‍ അവയൊഴിവാക്കി. എന്നാൽ എളുപ്പവും ജോലിസാധ്യതയും ഉള്ള ഓട്ടോറിക്ഷ ഡ്രൈവിങ് ഏറ്റവും പ്രായോഗികമായ വഴിയായി.
ഭുജിലും അഹമ്മദാബാദിലുമുള്ള എൻ.ജി.ഓകളാണ് ഇരുവരുടെയും പരിശീലന ചെലവും വഹിച്ചതും വാഹനങ്ങൾ വാങ്ങാനുള്ള വായ്പ നൽകിയതും. വെറും മൂന്നാഴ്ച കൊണ്ടാണ് ചാന്ദ്‌നിയും ആശയും സാധാരണ ഓട്ടോയും കുറച്ചുകൂടി വലിപ്പമുള്ള ചക്‌ഡയും ഓടിക്കാൻ പഠിച്ചത്. 2.30 ലക്ഷം രൂപയുടെ പലിശരഹിത വായ്പ വഴി 2018 അവസാനത്തോടെ ഇരുവരും ഓരോ ചക്‌ഡയും സ്വന്തമാക്കി. 2019 ഫെബ്രുവരി മുതൽ പ്രതിമാസം 6,500 രൂപ മാസം തിരിച്ചടച്ചുതുടങ്ങിയിട്ടുമുണ്ട്. പൂർണമായും അടച്ചുതീർക്കാൻ മൂന്നുവർഷമെടുക്കും.
രാവിലെ എട്ടിന് ജോലി ആരംഭിച്ച് രാത്രി 7.30-ഓടെയാണ് ഇവർ വീട്ടിലെത്തുക. ചാന്ദ്‌നിക്ക് സ്ഥിര ഓട്ടങ്ങൾ ഉള്ളതിനാൽ കൃത്യമായ വരുമാനം ഉറപ്പാണ്. കുറച്ചുമാസങ്ങളോളം കച്ച് സർവകലാശാലയിലെ ഒരു പ്രൊഫസറെ എല്ലാ പ്രവൃത്തിദിവസങ്ങളിലും എത്തിച്ചത് ചാന്ദ്‌നിയാണ്. വൈകിട്ട് അവരെ തിരികെ വീട്ടിലാക്കിയതും ചാന്ദ്‌നിതന്നെ. 2019 നവംബറിൽ ഞങ്ങൾ അവളെ കാണുമ്പോൾ കാഴ്‌ചപരിമിതിയുള്ള ഒരു സ്‌ത്രീയെ ജോലിസ്ഥലത്തേക്കും തിരികെ വീട്ടിലേക്കും എത്തിക്കുന്നത് മാത്രമായിരുന്നു ചാന്ദ്‌നിയുടെ സ്ഥിര ഓട്ടം. സ്ഥിര ഓട്ടങ്ങളിൽ ഓരോന്നില്‍ നിന്നും പ്രതിമാസം 1,500 മുതൽ 3,000 രൂപവരെ സമ്പാദിക്കാനാകും.
സ്ഥിരഓട്ടം കഴിഞ്ഞുള്ള സമയങ്ങളിൽ ചാന്ദ്‌നിയുടെ ചക്‌ഡ മറ്റ് ഓട്ടങ്ങൾക്ക് സജ്ജമാണ്. ആശയുടെ വണ്ടിയുടെ കാര്യവും അങ്ങനെതന്നെ. ഭുജിലെ തിരക്കേറിയ സ്വാമിനാരായണൻ ക്ഷേത്രത്തിലാണ് ഇരുവരും വണ്ടി പാർക്ക് ചെയ്യുന്നത്. അവിടെനിന്ന് റെയിൽവേ സ്‌റ്റേഷനിലേക്കും വീടുകളിലേക്കും യാത്രക്കാരുടെ ആവശ്യാനുസരണം ഭുജിലെ ഗ്രാമീണ പ്രാന്തപ്രദേശങ്ങളിലേക്കും ഓട്ടം പോകാറുണ്ട്. രണ്ടുപേരും ദിവസവും ശരാശരി 600 രൂപ സമ്പാദിക്കും. ഇതിൽ 200 രൂപ ഇന്ധനത്തിനും ബാക്കി തുക വായ്പ തിരിച്ചടവ്, വീട്ടാവശ്യം എന്നിവയ്ക്കും ചെലവാക്കും.
മുംബൈ, താനെ, പുനെ, കോൽക്കത്ത, ഇൻഡോർ തുടങ്ങിയ വൻ നഗരങ്ങളിൽ വനിതാ ഓട്ടോറിക്ഷ ഡ്രൈവർമാരുണ്ട്. എന്നാൽ രാജ്യത്തെ ഏറ്റവും വലിയ ജില്ലയായ കച്ചിന്‍റെ ആസ്ഥാനമായ ഭുജിൽ ചാന്ദ്‌നിക്കും ആശയ്ക്കും മുമ്പ് വനിതാ ചക്‌ഡ ഡ്രൈവർമാർ ഉണ്ടായിട്ടില്ല.
സ്‌ത്രീകൾ ചക്‌ഡ ഡ്രൈവർമാരാകുമ്പോൾ വാഹനം കൈകാര്യം ചെയ്യുന്നതിലല്ല വെല്ലുവിളി, മറിച്ച് അത് എളുപ്പവുമാണ്. എന്നാൽ സമൂഹത്തിൽ നിന്നുണ്ടാകുന്ന പരാമർശങ്ങളും വിചാരണയും കൈകാര്യം ചെയ്യുക ബുദ്ധിമുട്ടേറിയ കാര്യമാണ്. "’സ്ത്രീകൾ എങ്ങനെ ചക്‌ഡ ഓടിക്കും? അത് പുരുഷൻമാരുടെ ജോലിയല്ലേ? ഇവർക്ക് നാണമില്ലേ?’ അയൽക്കാരുടെ ചോദ്യങ്ങൾ ഇവയൊക്കെ ആയിരുന്നു”, ചാന്ദ്‌നി പറഞ്ഞു. “ഞങ്ങളെ അയാളുടെ കൂടെ കണ്ടു, ഇയാളുടെ കൂടെ കണ്ടു എന്നിങ്ങനെയുള്ള കഥകള്‍ ചിലര്‍ പറയും - അവര്‍ പറയുന്ന പുരുഷന്മാരൊക്കെ ഞങ്ങളുടെ വണ്ടിവിളിച്ച യാത്രക്കാരായിക്കുമ്പോഴാണ് ഇത്!”, ആശ അൽപ്പം ദേഷ്യത്തോടെ പറഞ്ഞു.
"തുടക്കത്തിൽ വീടിന് പുറത്തുകടക്കാൻ പോലും ഭയപ്പെട്ടവരാണ് ഞങ്ങൾ. ഇപ്പോൾ ഈ ധൈര്യം എവിടെനിന്ന് വന്നുവെന്ന് എനിക്കറിയില്ല”, ചാന്ദ്‌നി പറഞ്ഞു. "അതിനുകാരണം കുടുംബങ്ങൾ ഞങ്ങൾക്കൊപ്പം നിന്നതാണ്. അവരുടെ ശക്തി ഞങ്ങൾക്കും ലഭിച്ചു. അതോടെ മറ്റുള്ളവരിൽ നിന്നുള്ള മോശമായ സമീപനത്തെ ഞങ്ങൾ അവഗണിച്ചു”, ആശയുടെ വിശ്വാസം ഇതാണ്.
ജോലിയും സ്വതന്ത്ര വരുമാനവും അവർക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകി. ജീൻസും ടീഷർട്ടും ധരിക്കാൻ മാതാപിതാക്കളുടെ അനുമതി ആവശ്യമില്ല എന്നതുപോലുള്ള ചെറിയ കാര്യങ്ങളും ഈ സ്വാതന്ത്ര്യത്തിൽപെടും. "പുതിയ ജോലി ആസ്വദിക്കുക. വിവാഹം കഴിക്കണമെന്ന് ഒരു ധൃതിയുമില്ല”, ചാന്ദ്‌നിയുടെ അച്ഛൻ അവളോട് പറഞ്ഞത് ഇതാണ്. "പെൺമക്കളെ വീടുകളിൽ മാത്രം ഒതുക്കരുതെന്നാണ് എല്ലാ അച്ഛനമ്മമാരോടും എനിക്ക് പറയാനുള്ളത്. ഈ ലോകം വളരെ വലുതാണ്. പുറത്തുകടക്കേണ്ടത് വളരെ അത്യാവശ്യവും”, ചാന്ദ്‌നി പറയുന്നു.
“ചിലർ കരുതുന്നത് പെൺകുട്ടികൾ ദുർബലരാണെന്നാണ്. എന്നാൽ ഞങ്ങൾ ദുർബലരല്ല, ശക്തരാണ്! എല്ലാം ഞങ്ങൾക്ക് ചെയ്യാനാകും”, ആശ പറയുന്നു. ചക്‌ഡ ഡ്രൈവർമാരായതും സ്വയം സമ്പാദിക്കാൻ തുടങ്ങിയതും തങ്ങളിൽ സ്വാതന്ത്ര്യബോധം ജനിപ്പിച്ചുവെന്ന് ചാന്ദ്‌നിയും പറയുന്നു.
"ചക്‌ഡ ഓടിക്കുമ്പോൾ യാത്രക്കാർ അഭിനന്ദിക്കുന്നതിൽ എനിക്ക് അഭിമാനം തോന്നും”, അവൾ പറഞ്ഞു. "പക്ഷെ കൂടുതൽ സന്തോഷം തെരുവുകളിലൂടെ പെണ്‍കുട്ടികളെ കടന്നുപോകുമ്പോൾ അവര്‍ ഞങ്ങളോട് ‘പെണ്‍ക”ട്ടികളുടെ ശക്തി, നല്ലത് ഭവിക്കട്ടെ’ എന്നിങ്ങനെ ഉച്ചത്തില്‍ പറയുന്നതും വിജയ അടയാളമായി വിരലുകള്‍ ഉയര്‍ത്തി കാണിക്കുന്നതും ഒക്കെയാണ്”, ചാന്ദ്‌നി പറഞ്ഞു.
കച്ചിലെ മഹിള വികാസ് സംഘടന്‍, ഭുജിലെ സഖി സംഗിനി എന്നീ സംഘങ്ങള്‍ നല്‍കിയ സഹായത്തിന് എഴുത്തുകാരി നന്ദി പറയുന്നു
പരിഭാഷ: അശ്വതി ടി കുറുപ്പ്