ഒറ്റ നോട്ടത്തിൽ പെരുവെമ്പ ഒരു തുകല്‍ സംസ്കരണശാലയാണെന്നു തോന്നും. പശു, എരുമ, ആട് എന്നിങ്ങനെയുള്ള മൃഗങ്ങളുടെ തോലുകൾ ഗ്രാമത്തിലെ മുറ്റങ്ങളില്‍ ഉണങ്ങാനിട്ടിരിയ്ക്കുന്നത് കണ്ടാൽ തോലുകൾ വിൽപ്പനയ്ക്കായി സംസ്കരിയ്ക്കുന്നതാണെന്നു തോന്നും. പക്ഷേ മുറ്റം കടന്നാല്‍ വീടുകൾക്കകത്ത് സംസ്കരിയ്ക്കാത്ത തോലുകൾ കടച്ചി കൊല്ലൻ സമുദായത്തിൽപ്പെട്ട കൈത്തൊഴില്‍ വിദഗ്ധര്‍ ഉയർന്ന ഗുണമേന്മയുള്ള താളവാദ്യോപകരണങ്ങളായി പരിവർത്തനപ്പെടുത്തിക്കൊണ്ടിരിയ്ക്കുകയാണ്.

ദക്ഷിണേന്ത്യ മുഴുവനുമുള്ള മേളവാദ്യക്കാരും മോഹിയ്ക്കുന്ന തോൽ ഉപകരണങ്ങൾ ആണ് കേരളത്തിലെ പാലക്കാട് നഗരത്തിൽ നിന്നും 14 കി.മീ. മാറി സ്ഥിതി ചെയ്യുന്ന പെരുവമ്പ ഗ്രാമത്തിൽ ഉണ്ടാക്കുന്നവ. “ഉപകരണങ്ങൾ വായിയ്ക്കാനറിയാവുന്ന സംഗീതജ്ഞരല്ല ഞങ്ങൾ, പക്ഷേ നല്ല ഗുണമേന്മയുള്ള ഉപകരണങ്ങൾ നിർമ്മിയ്ക്കാനുള്ള ശ്രുതി [microtonal units] ഞങ്ങൾക്കറിയാം”, കടച്ചിക്കൊല്ലൻ മൃദംഗം-നിർമ്മാതാവായ 44-കാരനായ കെ. മണികണ്ഠൻ പറയുന്നു. “ഓർഡർ കിട്ടിക്കഴിഞ്ഞതിനു ശേഷം മാത്രമേ ഞങ്ങൾ ഉപകരണം നിർമ്മിയ്ക്കൂ. വാങ്ങുന്നയാളുടെ ആവശ്യം അനുസരിച്ച് ഞങ്ങൾ ഉപകരണത്തില്‍ മാറ്റം വരുത്തിയാണ് നിര്‍മ്മിയ്ക്കുന്നത്. കടകൾക്കോ വാണിജ്യാടിസ്ഥാനത്തിൽ ചില്ലറ വില്പന നടത്തുന്നവർക്കോ ഞങ്ങൾ ഉപകരണങ്ങൾ വില്ക്കാറില്ല.

മൃദംഗം, മദ്ദളം, ചെണ്ട, തബല, ധോൾ, ഗഞ്ചിറ എന്നു തുടങ്ങി കർണ്ണാട സംഗീതത്തിലും ക്ഷേത്ര സംഗീതത്തിലും കൂടുതലായി ഉപയോഗിയ്ക്കുന്ന മറ്റു മേളവാദ്യോപകരങ്ങളും പെരുവെമ്പയിലെ കടച്ചി കൊല്ലൻമാർ രൂപകല്പന ചെയ്യുകയും നിർമ്മിച്ചു നല്‍കുകയും ചെയ്യുന്നു. ഇരുന്നൂറിൽപ്പരം വർഷങ്ങളായി ഈ സമുദായം മേളവാദ്യോപകരണങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിയ്ക്കുന്നു. അതിനുമുമ്പ് കാർഷിക ഉപകരണങ്ങള്‍ ഉണ്ടാക്കുന്ന ലോഹ പണിക്കാരായിരുന്നു അവരെന്നും മണികണ്ഠൻ പറയുന്നു. കർണ്ണാടക സംഗീതത്തിന്‍റെ ഒരു കേന്ദ്രമെന്ന നിലയില്‍ പാലക്കാടിനുള്ള സ്ഥാനമാണ് പെരുവെമ്പ ഗ്രാമത്തിലെ (ഇപ്പോൾ അത് പാലക്കാട് ജില്ലയിലെ പെരുവെമ്പ പഞ്ചായത്തിന് കീഴിൽ വരുന്നു) കടച്ചി കൊല്ലന്മാരെ കൂടുതൽ വരുമാനം നേടുന്നതിനായി സംഗീത ഉപകരണങ്ങൾ നിർമ്മിയ്ക്കുന്നതിലേയ്ക്ക് മാറാൻ പ്രേരിപ്പിച്ചത്.

പിന്നീട്, മൃദംഗ ആചാര്യനായ പാലക്കാട് ടി. എസ്. മണി അയ്യർ (1912-1981) ഇവിടെ നിന്നും നിർമ്മിച്ച ഉപകരണങ്ങളിൽ തന്‍റെ പ്രാഗദ്ഭ്യം തെളിയിച്ചപ്പോൾ പെരുവെമ്പയുടെ പേര് കേരളത്തിനു പുറത്തുള്ള കർണ്ണാടക സംഗീത വലയങ്ങളിലേയ്ക്കും പടർന്നു. മദ്രാസിൽ (ഇപ്പോൾ ചെന്നൈ) നിന്നുള്ള സംഗീതജ്ഞരെ അദ്ദേഹം പെരുവെമ്പ ഗ്രാമം സന്ദർശിയ്ക്കാൻ ക്ഷണിയ്ക്കുകയും അവരിൽ പലരും കടച്ചി കൊല്ലൻ കൈത്തൊഴില്‍ വിദഗ്ധരുടെ സ്ഥിരം ഉപഭോക്താക്കളാവുകയും ചെയ്തു. മണികണ്ഠന്‍റെ അച്ഛനായ കൃഷ്ണൻ മറുതലപറമ്പായിരുന്നു അയ്യരുടെ സ്വന്തം മൃദംഗങ്ങൾ ഒക്കെ ഉണ്ടാക്കിയിരുന്നത്. അദ്ദേഹവുമായി അയ്യർ വളരെ അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നു.

The Kadachi Kollan wash and dry the animal skins in their courtyards in Peruvemba village
PHOTO • P. V. Sujith

പെരുവെമ്പ ഗ്രാമത്തിലെ തങ്ങളുടെ മുറ്റങ്ങളിൽ കടച്ചി കൊല്ലന്മാർ മൃഗത്തോലുകൾ കഴുകുകയും ഉണക്കുകയും ചെയ്യുന്നു

പെരുവെമ്പ ഗ്രാമത്തിൽ ഇപ്പോൾ ജീവിയ്ക്കുന്ന 320 കുടുംബങ്ങളിൽ 80 കുടുംബങ്ങൾ കടച്ചി കൊല്ലൻ സമുദായത്തിൽപ്പെടുന്നു (ഗ്രാമപഞ്ചായത്ത് റെക്കോർഡുകൾ പ്രകാരം). 2007-ൽ ഗ്രാമത്തിലെ കൈത്തൊഴില്‍ വിദഗ്ധര്‍ തുകൽ അധിഷ്ഠിത ഉപകരണങ്ങൾ നിർമ്മിയ്ക്കുന്നവരുടെ ഒരു കൂട്ടായ്മ സംസ്ഥാന തലത്തിൽ (കേരളാ സ്റ്റേറ്റ് തുകൽ വാദ്യോപകരണ നിർമ്മാണ സംഘം) രൂപീകരിച്ചു. അന്നുമുതൽ ഉപകരണങ്ങളുടെ വിലയും കേടുപാടുകൾ തീർക്കുന്നതിന്‍റെയും പുനർ നിർമ്മിയ്ക്കുന്നതിന്‍റെയും ചാർജ്ജും കൂട്ടായ്മയിലെ അംഗങ്ങൾ ഒരുമിച്ചു ചേർന്ന് തീരുമാനിയ്ക്കുന്നു. ലഭിയ്ക്കുന്ന തൊഴില്‍ അംഗങ്ങൾക്കിടയിൽ  തുല്യമായി വിതരണം ചെയ്യുന്ന കാര്യവും അവർ ഉറപ്പു വരുത്തുന്നു. ഗ്രാമത്തിൽ നിന്നും 65 അംഗങ്ങളും 114 ട്രെയിനികളുമുള്ള കൂട്ടായ്മയുടെ സെക്രട്ടറി മണികണ്ഠൻ ആണ്.

പെരുവെമ്പയിലെ കൈത്തൊഴില്‍ വിദഗ്ധര്‍ ഏറ്റവും തനതായ ഉപകരണങ്ങൾ കലാകാരന്മാർക്കും സ്ഥാപനങ്ങൾക്കും വേണ്ടി രൂപകല്പന ചെയ്യുന്നതിൽ നിന്നും നിർമ്മിച്ചു നല്‍കുന്നതില്‍ നിന്നും സ്ഥിരമായ ഒരു വരുമാനം നേടിക്കൊണ്ടിരിയ്ക്കുകയായിരുന്നു.

പക്ഷേ കോവിഡ്-19 അത് മാറ്റി മറിച്ചു. ഇൻഡ്യയിലെ ആദ്യത്തെ 3 കൊറോണ വൈറസ് കേസുകൾ സംസ്ഥാനത്തു നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടതിനു ശേഷം 2020 ജനുവരിയിൽ കേരളാ സർക്കാർ കർശനമായ ലോക്ക്ഡൗൺ സംസ്ഥാനത്ത് ഏർപ്പെടുത്തി. ഫെബ്രുവരിയ്ക്കു ശേഷം പെരുവെമ്പയിലേയ്ക്ക് ഒരു ഇടപാടുകാർക്കും വരാന്‍ കഴിഞ്ഞില്ല. അതുകൊണ്ടു തന്നെ കച്ചവടം ഏറ്റവും കൂടുതൽ നടക്കുന്ന വേനൽ സമയത്ത് ഓർഡറുകൾ ഒന്നും സ്വീകരിച്ചതുമില്ല.

“ഫെബ്രുവരി, ജൂൺ എന്നീ മാസങ്ങള്‍ക്കിടയിലുള്ള സമയമാണ് കേരളത്തിലെ ഉത്സവ സീസൺ. ഈ കാലയളവിൽ ഒരാൾ പോലും ഉപകരണം വാങ്ങിയിട്ടില്ല. കേടുപാടുകൾ തീർക്കുന്ന പണിയോ അതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളോ ഒന്നുമുണ്ടായിട്ടില്ല”, മണികണ്ഠൻ പറയുന്നു. കേരളത്തിലെ പള്ളികളിലും അമ്പലങ്ങളിലും വേനലിൽ നടത്തുന്ന വാർഷിക ഉത്സവങ്ങൾ ഒരുപാടു മേളവാദ്യക്കാരെ ഒരുമിച്ചു കൊണ്ടുവരുന്നു – ചിലപ്പോള്‍ 500 പേർ വരെ ഒരുമിച്ചു ചേരും. പാഞ്ചാരിമേളം, പഞ്ചവാദ്യം എന്നിവ പോലെയുള്ള പരമ്പരാഗത വാദ്യവൃന്ദങ്ങൾ ഒരേ സമയത്ത് മണിയ്ക്കൂറുകളോളം അവർ വായിയ്ക്കുന്നു.

ലോക്ക്ഡൗൺ സമയത്ത് ഉപകരണങ്ങളുടെ വില്പന ഗണ്യമായി കുറഞ്ഞിരുന്നു. 2020-ൽ പെരുവെമ്പയിൽ നിന്നും ആകെ വിറ്റത് 23 ഉപകരണങ്ങളാണ്, അവയെല്ലാം തന്നെ ലോക്ക്ഡൗണിനു മുമ്പായിരുന്നു. “അവ മൃദംഗവും തബലയുമൊക്കെയായിരുന്നു, ചെണ്ടയൊന്നും വിറ്റില്ല”, മണികണ്ഠൻ പറയുന്നു. എന്നാൽ 2019-ൽ 380 എണ്ണമാണ് വിറ്റത്, അവയിൽ 112 എണ്ണം പാഞ്ചാരിമേളത്തിന് ഉപയോഗിയ്ക്കുന്ന ചെണ്ടയായിരുന്നു.

Left: K. Manikandan fastens the leather straps of a mridangam. Right: Ramesh and Rajeevan Lakshmanan finish a maddalam
PHOTO • P. V. Sujith
Left: K. Manikandan fastens the leather straps of a mridangam. Right: Ramesh and Rajeevan Lakshmanan finish a maddalam
PHOTO • P. V. Sujith

ഇടത്: മണികണ്ഠൻ മൃദംഗത്തിന്‍റെ തോല്‍പ്പട്ട മുറുക്കുന്നു. വലത്: രമേഷും രാജീവൻ ലക്ഷ്മണനും മദ്ദളത്തിന്‍റെ നിര്‍മ്മാണം പൂർത്തിയാക്കുന്നു

കഥകളി നൃത്ത-നാടകങ്ങളിൽ കൊട്ടാൻ ഉപയോഗിയ്ക്കുന്ന ചെണ്ടയും ശുദ്ധ മദ്ദളവുമാണ് പെരുവെമ്പയുടെ ഏറ്റവും ജനകീയമായ ഉത്പന്നങ്ങൾ. ഒരു പുതിയ മദ്ദളം 25,000 രൂപയ്ക്കും, ചെണ്ട 12,000 മുതല്‍ 15,000 വരെ രൂപയ്ക്കുമാണ് സാധാരണയായി വിൽക്കുന്നത്, മദ്ദളം നിർമ്മാണത്തിൽ കൂടുതൽ നിപുണനായ 36-കാരൻ രാജീവൻ ലക്ഷ്മണൻ പറയുന്നു. പഴയ മദ്ദളത്തിന്‍റെ തുകൽ മാറുന്നതിന് 12,000 രൂപയും കമ്പികൾ മുറുക്കുന്നതിനോ മാറ്റുന്നതിനോ 800 രൂപയുമാണ് ഇവര്‍ വാങ്ങുന്നത്. ഓരോ ഉപകരണവും വിൽക്കുന്നതിന്‍റെ 8 ശതമാനമാണ് ലാഭ വിഹിതം.

“കോവിഡ് ലോക്ക്ഡൗണിനു മുൻപ് ഗ്രാമത്തിലെ ഓരോ കുടുംബവും 17,000 മുതല്‍ 40,000 രൂപ വരെ ഒരു മാസം കൊണ്ട് നേടിയിരുന്നു”, 64 -കാരനായ മണി പെരുവെമ്പ പറയുന്നു.

“ജീവിച്ചു പോകാനായി മറ്റു കൃത്യമായ വരുമാനമൊന്നും ഞങ്ങൾക്ക് ഇല്ലാഞ്ഞതിനാൽ പ്രതിസന്ധി രൂക്ഷമായിരുന്നു”, രാജീവൻ പറയുന്നു. പക്ഷേ ലോക്ക്ഡൗൺ സമയത്ത് പണം നേടുന്നതിനായി കൃഷി കുറച്ചൊക്കെ കടച്ചി കൊല്ലൻ കുടുംബങ്ങളെ സഹായിച്ചു. അവരിൽ ഏതാണ്ടെല്ലാവരും തന്നെ അര ഏക്കർ മുതൽ ഒരേക്കർ വരെ ഭൂമി സ്വന്തമായുള്ളവരാണ്. അവിടെ അവർ വാഴയും തെങ്ങും കൃഷി ചെയ്യുന്നു. വാഴക്കുലകൾ കിലോ ഒന്നിന് 14 രൂപയ്ക്കും തേങ്ങാ കിലോ ഒന്നിന് 54 രൂപയ്ക്കുമാണ് പ്രദേശിക വിപണിയിൽ വിറ്റത്. ചിലർ സ്വന്തം ഉപഭോഗത്തിനായി നെല്ലും കൃഷി ചെയ്തു.

പാൻഡമികിന് മുൻപു തന്നെ ഉപകരണ നിർമ്മാതാക്കൾക്ക് മൃഗത്തോൽ കണ്ടെത്തുക എന്നത് ബുദ്ധിമുട്ടായി തുടങ്ങിയിരുന്നു. കേന്ദ്ര സർക്കാരിന്‍റെ “മൃഗങ്ങളോടുള്ള ക്രൂരത തടയൽ (കാലി വിപണി നിയന്ത്രണ) നിയമങ്ങള്‍, 2017” മൃഗത്തോലിന്‍റെ ലഭ്യത കുറയാൻ കാരണമായിരുന്നു. ഈ നിയമങ്ങൾ കാരണവും തമിഴ് നാട്ടിലെ കോയമ്പത്തൂർ ജില്ലയിലെ അറവുശാലയിൽ നിന്നുള്ള മൃഗത്തോലിന്‍റെ വരവ് പൂർണ്ണമായും നിലച്ചതു കാരണവും കാലികളുടെ അന്തർസംസ്ഥാന കൈമാറ്റങ്ങൾക്ക് തിരിച്ചടി നേരിട്ടു.

ഇവിടെനിന്നും മൂന്നു കി.മീ. മാറി പുതുനഗരം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഇറച്ചി വ്യാപാര വിപണിയാണ് ഇപ്പോൾ പെരുവെമ്പയിലെ വിദഗ്ദ തൊഴിലാളികളുടെ ആശ്രയം. “തുകൽ വിൽക്കുന്നവരും ഇപ്പോൾ പ്രതിസന്ധിയിലാണ്. ഈ അവസ്ഥ തുടരുകയാണെങ്കിൽ സംഗീത ഉപകരണങ്ങൾ ഉത്പാദിപ്പിയ്ക്കുന്നത് ഞങ്ങൾ അവസാനിപ്പിയ്ക്കേണ്ടി വരും”, രാജീവന്‍റെ സഹോദരനായ 25-കാരനായ രമേഷ് ലക്ഷ്മണൻ പറയുന്നു.

Left: The men of a family work together at home. Right: Applying the black paste on a drumhead requires precision
PHOTO • P. V. Sujith
Left: The men of a family work together at home. Right: Applying the black paste on a drumhead requires precision
PHOTO • P. V. Sujith

ഇടത്: കുടുംബത്തിലെ പുരുഷന്മാർ വീട്ടിൽ ഒരുമിച്ചു ചേർന്നു പണിയെടുക്കുന്നു. വലത്: ചെണ്ടത്തലപ്പിൽ (drumhead) കറുത്ത പേസ്റ്റ് തേക്കുന്നത് വളരെ ശ്രദ്ധ ആവശ്യമുള്ള ഒരു പണിയാണ്

“പശുവിന്‍റെ തോൽ ഉപയോഗിയ്ക്കാത്ത ഒരു ഉപകരണവും പെരുവെമ്പയിലില്ല”, 38-കാരനായ കൈത്തൊഴില്‍ വിദഗ്ധനായ സുമോദ് കണ്ണൻ പറയുന്നു. ഒരു പശുവിന്‍റെ തോലിന് ഏകദേശം 4,000 രൂപ വില വരും. “എല്ലാ തോലുകളും പരിഗണിയ്ക്കുമ്പോള്‍ പശുവിന്‍റെ തോലാണ് എല്ലാ ഉപകരണങ്ങൾക്കും വേണ്ടിവരുന്നത്. മൃദംഗത്തിന് കുറച്ചു മതി, മദ്ദളത്തിന് കൂടുതൽ വേണം.” എരുമയുടെയോ ആടിന്‍റെയോ തോൽ പശുവിന്‍റെ തോലുമായി സംയോജിപ്പിയ്ക്കുന്നു. വ്യത്യസ്ത പകരണങ്ങളിൽ ഓരോന്നിന്‍റെയും അളവ് വ്യത്യാസപ്പെട്ടിരിയ്ക്കുന്നു. “ചെണ്ടയിലും മദ്ദളത്തിലും പ്രധാനമായും പശുവിന്‍ തോൽ ഉപയോഗിയ്ക്കുമ്പോൾ ആട്ടിൻ തോലാണ് മൃദംഗത്തിന് ഉപയോഗിയ്ക്കുന്നത്. പശുവിന്‍റെ കുടലാണ് ഇടയ്ക്ക നിർമ്മിയ്ക്കാൻ ഉപയോഗിയ്ക്കുന്നത്”, 47-കാരനായ വിജയൻ പറയുന്നു.

കടച്ചി കൊല്ലന്മാരുടെ ഇടയിൽ കുടുംബത്തിലെ മുഴുവൻ അംഗങ്ങളും കൈത്തൊഴിൽ പ്രക്രിയകളില്‍ ഏർപ്പെടുന്നു. സ്ത്രീകൾ തോലുകൾ കഴുകുകയും തുടച്ചു വൃത്തിയാക്കുകയും ഉണങ്ങിയ ശേഷം അവയെ മയപ്പെടുത്തി എടുക്കുകയും ചെയ്യുന്നു. പുരുഷന്മാർ തുകൽ സംസ്കരിയ്ക്കുകയും തടി രൂപപ്പെടുത്തി എടുക്കുകയും ഉപകരണങ്ങൾ പണിതെടുക്കുകയും ചെയ്യുന്നു. തങ്ങൾക്കു വേണ്ട ഉപകരണങ്ങളായ ഉളികൾ, കത്തികൾ, ബ്ലേഡുകൾ, തുളയ്ക്കുന്നതിനുള്ള ഉപകരണങ്ങൾ, ക്ലാമ്പുകൾ എന്നിവയൊക്കെ അവർ തനിയെ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. കുട്ടികളെ ചെറുപ്രായം മുതൽ തന്നെ പരിശീലിപ്പിച്ചെടുക്കുന്നു. ഉപകരണത്തലപ്പിലെ (drumhead) കറുത്ത വളയത്തിൽ പശതേക്കുന്ന (ഇതിനെ മഷിയിടൽ എന്നു വിളിയ്ക്കുന്നു) പരിപാടി നടത്താൻ പോലും അവരെ പഠിപ്പിയ്ക്കുന്നു. തദ്ദേശീയമായി ലഭിയ്ക്കുന്ന ഒരുതരം കറുത്ത കല്ലായ പുരണക്കല്ല് പൊടിച്ച് അരി വേവിച്ച ചോറില്‍ കുഴച്ചാണ് പേസ്റ്റ് ഉണ്ടാക്കുന്നത്. “വളരെയധികം ശ്രദ്ധവേണ്ട ഒരു പണിയാണിത്”, സുനോദ് കൃഷ്ണൻ പറയുന്നു.

പാലക്കാട് ധാരാളമായി വളരുന്ന പ്ലാവിന്‍റെ തടിയുപയോഗിച്ചു കൊണ്ടാണ് പെരുവെമ്പയിലെ എല്ലാ ഉപകരണങ്ങളും നിർമ്മിയ്ക്കുന്നത്. പ്രാദേശിക കർഷകരിൽ നിന്നോ കച്ചവടക്കാരിൽ നിന്നോ ചതുരശ്ര അടിയ്ക്ക് 2,700 രൂപ നിരക്കിലാണ് കൈത്തൊഴില്‍ വിദഗ്ദര്‍ തടി വാങ്ങുന്നത്.

ഒക്ടോബർ-ഡിസംബർ  മാസങ്ങളിലുള്ള വടക്ക്-കിഴക്കൻ മൺസൂണിന്‍റെ വരവ് താമസിയ്ക്കുന്നത് പ്ലാവിൻ തടിയുടെ ഗുണമേന്മയെ ബാധിയ്ക്കുന്നുവെന്ന് രാജീവൻ പറയുന്നു. “ഇത് കാലാവസ്ഥാ വ്യതിയാനം കൊണ്ടു സംഭവിയ്ക്കുന്നതാണ്. മൃഗ തോൽ ഉണക്കുന്നതിനുള്ള പരമ്പരാഗത പ്രക്രിയയും പ്രശ്നങ്ങള്‍ നേരിടുന്നു”, അദ്ദേഹം പറയുന്നു. 2020 ഡിസംബർ മുതൽ 2021 ജാനുവരി വരെയുള്ള സമയത്താണ് കേരളത്തിൽ കഴിഞ്ഞ നൂറ് വർഷങ്ങൾക്കിടയിലെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, തൃശ്ശൂരുള്ള കേരളാ കാർഷിക സർവ്വകലാശാലയിലെ അക്കാഡമി ഓഫ് ക്ലൈമറ്റ് ചേഞ്ച് എജ്യൂക്കേഷൻ ആൻഡ് റിസർച്ചിന്‍റെ സയന്‍റിഫിക് ഓഫീസർ ആയ ഡോ. ഗോപകുമാർ ചോലയിൽ പറയുന്നു.

“ഇതര മാർഗ്ഗങ്ങൾ ഉപയോഗിയ്ക്കുന്നതിനെക്കുറിച്ച് ഞങ്ങൾ ഒരിയ്ക്കലും ചിന്തിച്ചിട്ടില്ല. പ്ലാവിൻ തടിയും മൃഗതോലും ഞങ്ങൾക്ക് ഒഴിച്ചുകൂടാനാവാത്തതാണ്”, മണികണ്ഠൻ പറയുന്നു. “സർക്കാർ രാജ്യത്തുടനീളം ഗോവധം നിരോധിയ്ക്കുകയാണെങ്കിൽ വീണ്ടും ഞങ്ങള്‍ക്ക് ലോഹപ്പണി ചെയ്ത് ജീവിയ്ക്കേണ്ടി വരും.” സംസ്ഥാനത്തിന്‍റെ മറ്റു ഭാഗങ്ങളില്‍ (പാലക്കാട് ജില്ലയിലെ ലക്കിടി-പേരൂര്‍, തൃശ്ശൂർ ജില്ലയിലെ വെള്ളറക്കാട്, വേലപ്പയ്യ എന്നിവിടങ്ങളില്‍) കടച്ചി കൊല്ലൻ സമുദായത്തിൽപ്പെട്ടവർ ഇപ്പോഴും കാര്‍ഷിക മേഘലയിലേയ്ക്കുള്ള പണിയായുധങ്ങൾ നിർമ്മിച്ചുകൊണ്ട് ജീവിയ്ക്കുന്നു, അദ്ദേഹം പറയുന്നു.

Kadachi Kollan craftsmen start learning the craft in their childhood
PHOTO • P. V. Sujith

കടച്ചി കൊല്ലൻ കൈത്തൊഴില്‍ വിദഗ്ദര്‍ തങ്ങളുടെ ബാല്യത്തിൽ തന്നെ ഉപകരണങ്ങള്‍ നിര്‍മ്മിയ്ക്കാന്‍ പഠിയ്ക്കാന്‍ തുടങ്ങുന്നു

2019-ൽ കേരളാ സർക്കാർ കടച്ചി കൊല്ലൻ ജാതിയെ പട്ടിക വർഗ്ഗത്തിൽ (എസ്.ടി.) നിന്നും ഒഴിവാക്കുകയും മറ്റു പിന്നോക്ക സമുദായങ്ങളിൽ (ഓ.ബി.സി.) ഉൾപ്പെടുത്തുകയും ചെയ്തു. അന്നു മുതൽ അവർക്ക് കിട്ടിക്കൊണ്ടിരുന്ന സംസ്ഥാന സഹായങ്ങളും ആനുകൂല്യങ്ങളും നിർത്തലാക്കപ്പെടുകയും ചെയ്തു. “സംസ്ഥാന സർക്കാർ നടത്തിയ പഠനങ്ങൾ കണ്ടെത്തിയത് കടച്ചി കൊല്ലന്മാർ ഓ.ബി.സി. വിഭാഗത്തിൽ ഉൾപ്പെടുന്നവർ ആണെന്നാണ്. ആരെങ്കിലും വ്യാജ പ്രമാണങ്ങൾ സൃഷ്ടിച്ചുകൊണ്ട് ഞങ്ങൾക്ക് എസ്.ടി. പദവി നല്കിയതായിരിയ്ക്കും. പക്ഷേ ഇപ്പോൾ സർക്കാരിൽ നിന്നും സാമ്പത്തിക സഹായമോ പിന്തുണയോ ഒന്നുമില്ല”, മണികണ്ഠൻ പറയുന്നു.

കർണ്ണാടക സംഗീതത്തിന്‍റെ ഒരു കേന്ദ്രമെന്ന നിലയിൽ പെരുവെമ്പയിലെ വിദഗ്ദ തൊഴിലാളികളും അവരുടെ പാരമ്പര്യവും പാലക്കാടിന്‍റെ ഖ്യാതിയ്ക്ക് വളരെ പ്രധാനപ്പെട്ടതാണ്, പാലക്കാട്ടെ അറിയപ്പെടുന്ന ഒരു സാംസ്കാരിക സംഘടനയായ സ്വരലയയുടെ സെക്രട്ടറിയായ ടി ആർ അജയൻ പറയുന്നു. “സംസ്ഥാനത്തും പുറത്തുമുള്ള അമ്പലങ്ങളും സംഗീത പരിപാടികളും ഈ ഗ്രാമത്തെ ആശ്രയിയ്ക്കുന്നു. മറ്റൊരു സ്ഥലത്തും ഇത്രയും വ്യത്യസ്ത തരത്തിലുള്ള സംഗീത ഉപകരണങ്ങൾ ഉണ്ടാക്കുന്നില്ല.”

പക്ഷേ പെരുവെമ്പയിലെ യുവാക്കൾ മറ്റു തൊഴിലുകൾ തേടാന്‍ തുടങ്ങിയിരിയ്ക്കുന്നു. “ഈ ജോലിയ്ക്ക് (ഉപകരണ നിർമ്മാണം) ഒരുപാട് പ്രയത്നവും ക്ഷമയും ആവശ്യമുണ്ട്. കഠിനാദ്ധ്വാനമാണ് പ്രഥമമായ നിക്ഷേപം. അതുകൊണ്ട് പുതിയ തലമുറ മറ്റു വഴികൾ തേടുന്നു”, 29-കാരനായ എം രവിചന്ദ്രൻ പറയുന്നു. ഇദ്ദേഹത്തിന്‍റെ 21-കാരനായ സഹോദരൻ പാലക്കാടുള്ള ഒരു കോളേജിൽ (ചരിത്രം വിഷയമായെടുത്ത) ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ്. “ഒരു ചടങ്ങുപോലെ ഞങ്ങളുടെ കുടുംബത്തിൽനിന്നും ഞങ്ങൾ പ്ലസ് – റ്റൂ (12-ാം ക്ലാസ്സ്) വരെ പഠിയ്ക്കുകയും, പിന്നീട് മുഴുവൻ സമയവും ഈ തൊഴിലിൽ ഏർപ്പെടാൻ തുടങ്ങുകയും ചെയ്തു. പുതുതലമുറ ഏതാണ്ട് വിമുഖരാണ്, ഗ്രാമം അതിന്‍റെ തനതായ അസ്ഥിത്വം നിലനിർത്താൻ കഠിനമായി പരിശ്രമിയ്ക്കുകയും ചെയ്യുന്നു.”

പെരുവെമ്പയിലെ കടച്ചി കൊല്ലൻ കുടുംബങ്ങൾ ലോക്ക്ഡൗൺ സമയത്ത് മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള പ്രതിസന്ധിയാണ് നേരിട്ടത്, മണികണ്ഠൻ പറയുന്നു. പക്ഷേ നല്ല ദിവസങ്ങൾ വരുമെന്ന് അദ്ദേഹം പ്രതീക്ഷിയ്ക്കുന്നു. ഡിസംബറിൽ കൂട്ടായ്മയ്ക്ക് 12 ഉപകരണങ്ങൾ കേടുപാടുകൾ തീർക്കാനായി ലഭിച്ചു, പുതിയ ഉപകരണങ്ങൾക്കു വേണ്ടിയുള്ള അന്വേഷണം ജനുവരിയിൽ പതിയെ തുടങ്ങിയിട്ടുണ്ട്. “ഫെബ്രുവരി അവസാനത്തോടെ, ഏറ്റവും കുറഞ്ഞത് ചെറിയ രീതിയിലെങ്കിലും, ഞങ്ങൾക്ക് ഞങ്ങളുടെ പണിയിലേയ്ക്ക് തിരിച്ചെത്താന്‍ പറ്റുമെന്നാണ് തോന്നുന്നത്”, അദ്ദേഹം പറയുന്നു. “2020-ന്‍റെ ഒരു ആവർത്തനമായിരിയ്ക്കും 2021 എന്ന് എനിയ്ക്കു തോന്നുന്നില്ല.”

പരിഭാഷ: ഡോ. റെന്നിമോൻ കെ. സി.

K.A. Shaji

ਕੇ.ਏ. ਸ਼ਾਜੀ ਕੇਰਲ ਅਧਾਰਤ ਪੱਤਰਕਾਰ ਹਨ। ਉਹ ਮਨੁੱਖੀ ਹੱਕਾਂ, ਵਾਤਾਵਰਣ, ਜਾਤ, ਹਾਸ਼ੀਆਗਤ ਭਾਈਚਾਰਿਆਂ ਤੇ ਰੋਜ਼ੀ-ਰੋਟੀ ਦੇ ਮਸਲਿਆਂ ਨੂੰ ਲੈ ਕੇ ਲਿਖਦੇ ਹਨ।

Other stories by K.A. Shaji
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.