മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലുള്ള എന്‍റെ നിംബവലി ഗ്രാമത്തിലെ ഏതാനും മദ്ധ്യവയസ്കർ ഒരു വൃക്ഷത്തിന് ചുവട്ടിൽ ഒത്തുകൂടി. ഏകദേശം പത്തുവർഷം മുമ്പ് നടന്നതും ഇന്നും അവരെ ബാധിക്കുന്നതുമായ ചില സംഭവങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനായിരുന്നു ആ കൂടിയിരിക്കൽ. വർഷങ്ങൾക്ക് മുൻപ്, കടലാസ്സുകളും അളക്കുന്ന ഉപകരണങ്ങളും സ്കെയിലുകളും ടേപ്പുകളുമായി ഒരു കൂട്ടം സർക്കാർ ഉദ്യോഗസ്ഥരുടെ സംഘം ഒരു വലിയ കാറിൽ ഗ്രാമത്തിൽ വന്നിറങ്ങി. ഭൂഗർഭജലം ലഭ്യമാവുന്ന സ്ഥലങ്ങൾ കണ്ടെത്തി കുഴിക്കാൻ ലക്ഷ്യമിട്ടാണ് അന്നവർ വന്നതെന്ന് എന്‍റെ അച്ഛൻ 55 വയസ്സുള്ള പരശുറാം പരേദ് ഓർത്തെടുത്തു.
“എനിക്കവരെ നല്ല ഓർമ്മയുണ്ട്. അവരെന്തിനാണ് വന്നതെന്ന് ഞങ്ങൾ ആവർത്തിച്ച് ചോദിച്ചപ്പോൾ, “നിങ്ങൾക്ക് വെള്ളം വേണ്ടേ?” എന്നാണ് അവർ തിരിച്ച് ഞങ്ങളോട് ചോദിച്ചത്. വേണമെന്ന് ഞങ്ങളും പറഞ്ഞു. ആർക്കാണ് വെള്ളം വേണ്ടാത്തത്”, അച്ഛൻ അവരോട് ചോദിച്ചുവത്രെ. വെള്ളത്തിന് ക്ഷാമമുള്ള ഒരു പ്രദേശത്ത്, സഹായിക്കാൻ സർക്കാർ മുന്നോട്ട് വരുന്നത് സ്വാഗതാർഹമാണല്ലോ. പക്ഷേ ഗ്രാമീണരുടെ സന്തോഷത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല.
മാസങ്ങൾക്കുശേഷം, വാഡ തലൂക്കിലെ നിംബവലി ഗ്രാമത്തിലെ വാര്‍ലിക്കാർക്ക് സ്ഥലം ഒഴിഞ്ഞുപോകാനുള്ള നോട്ടീസ് ലഭിച്ചു. ജലപദ്ധതികളൊന്നും ഉണ്ടായിരുന്നില്ല. പകരം, മുംബൈ-വഡോദര നാഷണൽ എക്സ്പ്രസ് ഹൈവേയ്ക്കുവേണ്ടി ആ ഗ്രാമത്തിന്‍റെ ഭൂമി അടയാളപ്പെടുത്തുകയായിരുന്നു സർക്കാർ ചെയ്തത്.
“അപ്പോൾ മാത്രമാണ് ദേശീയപാതയെക്കുറിച്ച് ഞങ്ങൾ അറിയുന്നത്”, 50 വയസ്സുള്ള ബാൽകൃഷ്ണ ലിപട് പറഞ്ഞു. ഇത് 2012-ലാണ് നടന്നത്. പത്ത് വർഷത്തിനുശേഷം ഇന്നും, ആ വഞ്ചനാപരമായ ഭൂമി ഏറ്റെടുക്കലുമായി പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ് ഞങ്ങളുടെ ഗ്രാമം. വ്യവസ്ഥിതിയുമായി മല്ലിട്ട് ജയിക്കാൻ പറ്റില്ലെന്ന് എല്ലാവർക്കും നിശ്ചയമുള്ളതിനാൽ, ഇന്ന് ആളുകൾ ഒത്തുതീർപ്പിന് തയ്യാറായിരിക്കുന്നു. മാന്യമായ നഷ്ടപരിഹാരവും ഗ്രാമത്തിനെ മുഴുവൻ പുനരധിവസിപ്പിക്കാൻ പ്രാപ്തമായ പകരം സ്ഥലവും വേണമെന്നാണ് ഇന്നവർ ആവശ്യപ്പെടുന്നത്.





