മഴക്കാലം ശമിച്ചു. ബീഹാറിലെ ബഡ്ഗാവ് ഖുര്‍ദ് ഗ്രാമത്തിലെ സ്ത്രീകള്‍ മണ്‍വീടിന്‍റെ ഭിത്തിയില്‍ തേക്കുന്നതിനായി പാടത്തുനിന്നും ചെളി ശേഖരിക്കുകയായിരുന്നു. ഭിത്തി ബലപ്പെടുത്തുന്നതിനും മനോഹരമാക്കുന്നതിനുമായി അവര്‍ എല്ലായ്പ്പോഴും ചെയ്യുന്ന ഒരു പ്രവൃത്തിയാണത്, പ്രത്യേകിച്ച് ഉത്സവങ്ങള്‍ക്കു മുന്‍പ്.
മറ്റു സ്ത്രീകളുടെ കൂടെയിറങ്ങി മണ്ണ് ശേഖരിക്കണമെന്ന് 22-കാരിയായ ലീലാവതിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ അവരുടെ 3 മാസം പ്രായമുള്ള ആണ്‍കുഞ്ഞ് ഉറങ്ങാന്‍ വിസമ്മതിച്ച് കരയുകയായിരുന്നു. അവരുടെ ഭര്‍ത്താവ് 24-കാരനായ അജയ് ഒറാവ് തൊട്ടടുത്തുതന്നെ അദ്ദേഹം നടത്തുന്ന പലവ്യഞ്ജന കടയിലായിരുന്നു. കുഞ്ഞ് അവരുടെ കൈയില്‍ ചേര്‍ന്നു കിടക്കുകയായിരുന്നു. ഓരോ കുറച്ചു മിനിറ്റുകള്‍ കൂടുമ്പോഴും അവര്‍ കൈത്തലപ്പ് കുഞ്ഞിന്‍റെ നെറ്റിയില്‍ ചേര്‍ത്തുവച്ച് പനിയുണ്ടോ എന്നു നോക്കുന്നതുപോലെ ചെയ്യുന്നുണ്ടായിരുന്നു. “അവനു കുഴപ്പമൊന്നുമില്ല. അങ്ങനെ ഞാന്‍ വിചാരിക്കുന്നു”, അവര്‍ പറഞ്ഞു.
2018-ല്‍ ലീലാവതിയുടെ 14 മാസം പ്രായമുള്ള മകള്‍ പനി വന്നു മരിച്ചു പോയി. “അത് വെറും രണ്ടു ദിവസത്തെ പനിയായിരുന്നു. വലിയ പനി ആയിരുന്നില്ല”, ലീലാവതി പറഞ്ഞു. അതും കൂടാതെ മരണത്തിന്‍റെ കാരണം മാതാപിതാക്കള്‍ക്ക് അറിയുകയുമില്ല. ആശുപത്രി രേഖകള്‍, കുറിപ്പടികള്‍, മരുന്നുകള്‍ അങ്ങനെ ഒന്നുമില്ലായിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കകം പനി കുറഞ്ഞില്ലെങ്കില്‍ കുഞ്ഞിനെ ഗ്രാമത്തില്‍നിന്നും 9 കിലോമീറ്റര്‍ അകലെയുള്ള ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ (പി.എച്.സി.) എത്തിക്കാന്‍ രണ്ടുപേരും പദ്ധതിയിട്ടിരുന്നു. കൈമൂര്‍ ജില്ലയിലെ അധൗറ ബ്ലോക്കിലാണ് പ്രസ്തുത പി.എച്.സി സ്ഥിതി ചെയ്യുന്നത്. പക്ഷെ അവര്‍ക്ക് അങ്ങനെ ചെയ്യേണ്ടി വന്നില്ല.
കൈമൂര്‍ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന വനപ്രദേശത്തോടു ചേര്‍ന്നാണ് പി.എച്.സി. സ്ഥിതി ചെയ്യുന്നത്. ബഡ്ഗാവ് ഖുര്‍ദ് ഗ്രാമത്തിലെയും അതിനോടു ചേര്‍ന്നുള്ള ബഡ്ഗാവ് കലാന്‍ ഗ്രാമത്തിലെയും നിവാസികള്‍ കെട്ടിടങ്ങള്‍ക്കകത്തുകൂടെ (രണ്ടു ഗ്രാമങ്ങള്‍ക്കു കൂടി ഒരു പി.എച്.സി.യാണുള്ളത്) കയറിയിറങ്ങി നടക്കുന്ന വന്യമൃഗങ്ങളുടെ – തേന്‍കരടി, പുള്ളിപ്പുലി, നീല്ഗായ് എന്നിവയുടെ - കഥകള്‍ ഓര്‍മ്മിക്കുകയാണ്. ഈ വന്യ മൃഗങ്ങള്‍ രോഗികളെയും അവരുടെ ബന്ധുക്കളെയും അവിടെ സേവനമനുഷ്ടിക്കാന്‍ അത്ര താല്‍പ്പര്യമില്ലാത്ത ആരോഗ്യ പ്രവര്‍ത്തകരെയും ഭയപ്പെടുത്തുന്നു.
“[ബഡ്ഗാവ് ഖുര്‍ദില്‍] ഒരു ഉപകേന്ദ്രം കൂടിയുണ്ട്, പക്ഷെ കെട്ടിടം ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. ആടുകള്‍ക്കും മറ്റു മൃഗങ്ങള്‍ക്കും ഇതൊരു താവളമായിരിക്കുന്നു”, അംഗീകൃത സാമൂഹിക ആരോഗ്യ പ്രവര്‍ത്തകയായ - Accredited Social Health Activist - (ആശാ പ്രവര്‍ത്തക) ഫൂല്‍വാസി ദേവി പറഞ്ഞു. 2014 മുതല്‍ അവിടെ സേവനമനുഷ്ടിക്കുന്ന അവര്‍ ജോലിയില്‍ അത്ര വിജയിച്ചിട്ടുള്ളതായി സ്വയം കരുതുന്നില്ല.






