ഒരു കയ്യിൽ ബ്രഷ് പിടിച്ച്, ചുറ്റുമുള്ളവരോടു സംസാരിച്ചുകൊണ്ട് ഊന്നുവടികളുമായി സ്കൂട്ടറിലിരിക്കുന്ന പ്രവീൺ കുമാറിന്‍റെ തൊട്ടടുത്തായി ഒരു വലിയ (18 അടി നീളമുള്ളത്) ക്യാൻവാസ് ഉണ്ടാകും. സിംഘുവിലെ സമരസ്ഥലത്തു നിന്നുള്ള ചിത്രങ്ങൾ അതിൽ വരച്ചിട്ടുണ്ട്.
ലുധിയാനയിൽ കലാകാരനും കലാദ്ധ്യാപകനുമായ പ്രവീൺ സിംഘുവിൽ എത്തിയത് 300 കിലോമീറ്റർ യാത്ര ചെയ്താണ്. ജനുവരി 10-ന് ഹരിയാനാ-ഡൽഹി അതിർത്തിയിലെ സമരസ്ഥലത്ത് എത്തിയത് സമരത്തിനു തന്‍റേതായ സംഭാവനകൾ നല്കാനാണെന്ന് അദ്ദേഹം പറയുന്നു.
“പ്രശസ്തിക്കുവേണ്ടിയല്ല ഞാൻ ഇതു ചെയ്യുന്നത്, ദൈവം എനിക്ക് ഒരുപാടു തന്നിട്ടുണ്ട്, അക്കാര്യമോര്‍ത്തു ഞാന്‍ വിഷമിക്കുന്നുമില്ല. ഇപ്പോൾ ഈ പ്രക്ഷോഭത്തിന്‍റെ ഭാഗമാണെന്നുള്ളതാണ് എന്നെ സന്തോഷവാനാക്കുന്നത്”, അദ്ദേഹം പറഞ്ഞു.
“ഞാൻ 70 ശതമാനം ശാരീരിക വൈകല്യമുള്ളയാളാണ്”, മൂന്നു വയസ്സുള്ളപ്പോൾ പോളിയോ ബാധിച്ചു തളർന്നുപോയ കാല് ചൂണ്ടിക്കാട്ടിക്കൊണ്ടദ്ദേഹം പറയുന്നു. ഈ പ്രശ്നമോ തുടക്കത്തിൽ കുടുംബത്തിൽ നിന്നുമുണ്ടായ താത്പ്പര്യക്കുറവോ സിംഘുവിലേക്കു യാത്രയാകുന്നതിൽ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിച്ചില്ല.
43-കാരനായ പ്രവീൺ വലിയ ക്യാൻവാസുകളില്‍ ലുധിയാനയിൽവച്ചു വരയ്ക്കാൻ തുടങ്ങുകയും പിന്നീടവ സിംഘുവിലെത്തിച്ച് സമരക്കാരുടെയിടയില്‍ ഒരു തെരുവിലിരുന്നു പൂര്‍ത്തിയാക്കുകയും ചെയ്തു




