പതാകകൾ - ചുവപ്പ് മഞ്ഞ പച്ച വെള്ള ഓറഞ്ച് എന്നീ നിറങ്ങളിൽ - ഉയർത്തിപ്പിടിച്ചുകൊണ്ട് അവർ വേദിയും കടന്നു നടന്നു. പച്ച ദുപ്പട്ടകൊണ്ട് തങ്ങളുടെ തലകൾ മറച്ച ഒരുകൂട്ടം വനിതാ കർഷകർ ജാഥ നയിച്ചുകൊണ്ട് വന്നു. വെള്ളയും മെറൂണും, മഞ്ഞയും പച്ചയും നിറങ്ങളോടു കൂടിയ തപ്പാവ് ധരിച്ച ഒരുകൂട്ടം പുരുഷന്മാർ ട്രാക്ടറുകൾ ഓടിച്ചുകൊണ്ടു പോയി. വിവിധ സംഘങ്ങൾ തോളിൽ പതാകകളേന്തി പകൽ മുഴുവൻ വേദി കടന്ന് നടക്കുണ്ടായിരുന്നു - ഇതിഹാസ കാവ്യത്തിലെ വാക്കുകൾപോലെ ഓരോ നിറങ്ങളും മെല്ലെ നീങ്ങിക്കൊണ്ടിരുന്നു.
പാർലമെൻറ് പാസാക്കിയ മൂന്ന് നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്നതിനായി ഡൽഹിയുടെ കവാടങ്ങളിൽ അവർ എത്തിയിട്ട് 2020 നവംബർ 26 മുതൽ ഇപ്പോൾ ഒരു വർഷം പൂർത്തിയായിരിക്കുന്നു. നാഴികക്കല്ലായ വാർഷികത്തെ അടയാളപ്പെടുത്തുന്നതായി കർഷകരും അവരെ പിന്തുണയ്ക്കുന്നവരും സിംഘുവിലെയും ടിക്രിയിലെയും ഘാസിപ്പൂരിലെയും സമരസ്ഥലങ്ങൾ കഴിഞ്ഞ വെള്ളിയാഴ്ച നിറച്ചു.
ഇത് കണ്ണീരിന്‍റെയും ഓർമ്മകളുടെയും ആസൂത്രണങ്ങളുടെയും വിജയ ദിനമായിരുന്നു. ഇത് വിജയിച്ച യുദ്ധം ആണ്, പക്ഷേ അവസാന വിജയമല്ല എന്ന് 33-കാരനായ ഗുർജീത് സിംഗ് പറഞ്ഞു. മൂന്നു നിയമങ്ങളും പിൻവലിക്കുമെന്ന് പ്രധാനമന്ത്രി നവംബർ 19-ന് പ്രഖ്യാപിച്ചപ്പോൾ അദ്ദേഹം സിംഘുവിൽ ഉണ്ടായിരുന്നു. പഞ്ചാബിലെ ഫിറോസ്പൂർ ജില്ലയിലെ സിറാ തെഹ്സീലിലെ തന്‍റെ ഗ്രാമമായ അരിയാംവാലയിൽ അദ്ദേഹം 25 ഏക്കർ സ്ഥലത്ത് കൃഷി ചെയ്യുന്നു.
"ഈ വിജയം ജനങ്ങളുടേതാണ്. മർക്കടമുഷ്ടിക്കാരനായ ഒരു ഭരണാധികാരിയെ ഞങ്ങൾ പരാജയപ്പെടുത്തി, ഞങ്ങൾ സന്തുഷ്ടരാണ്”, 45-കാരനായ ഗുർജീത് സിംഗ് ആസാദ് പറഞ്ഞു. അദ്ദേഹവും അന്ന് സിംഘുവിൽ ഉണ്ടായിരുന്നു. ഗുർദാസ്പുർ ജില്ലയിലെ കഹ്നുവാൻ തെഹ്സീലിലെ ആസാദിന്‍റെ ഗ്രാമത്തിൽ അദ്ദേഹത്തിന്‍റെ രണ്ടേക്കർ സ്ഥലത്ത് അമ്മാവന്മാർ കൃഷി ചെയ്യുന്നു. ഗോതമ്പും നെല്ലുമാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. "ഈ യുദ്ധം നവംബർ 26-ന് അല്ല തുടങ്ങിയത്. അന്ന് ഇത് ഡൽഹിയുടെ അതിർത്തികളിൽ എത്തിയെന്നേയുള്ളൂ”, അദ്ദേഹം കൂട്ടിച്ചേർത്തു. “ബില്ലുകൾ നിയമമായി മാറുന്നതിന് വളരെക്കാലം മുമ്പ് തന്നെ കർഷകർ സമരം തുടങ്ങിയിരുന്നു. 2020 സെപ്തംബറിൽ മൂന്ന് കാർഷിക നിയമങ്ങൾ പാസ്സാക്കിയ ശേഷം ഡൽഹിക്ക് വരുന്നതിനായി ഒരാഹ്വാനം നടത്തി. ഞങ്ങൾ ആ ആഹ്വാനത്തെ പിന്തുടർന്നു."
കഴിഞ്ഞ വർഷത്തെ ആ സംഭവബഹുലമായ മാർച്ച് മാസത്തെപ്പറ്റി അദ്ദേഹം ഓർമ്മിച്ചെടുത്തു: "ഞങ്ങൾ തലസ്ഥാനത്തേക്ക് നീങ്ങിയപ്പോൾ സർക്കാർ ജലപീരങ്കികൾ പ്രയോഗിച്ചു. അവർ കിടങ്ങുകൾ കുഴിച്ചു. വേലികെട്ടിക്കൊണ്ടും മുള്ളുകമ്പികൾകൊണ്ടും തടഞ്ഞു നിർത്താനായി ഞങ്ങൾ യുദ്ധം ചെയ്യാൻ വന്നവരായിരുന്നില്ല.” (62-കാരനായ ജൊഗ്‌രാജ് സിംഗ് കഴിഞ്ഞ വർഷം എന്നോട് പറഞ്ഞത് അദ്ദേഹത്തെപ്പോലുള്ള കർഷകരാണ് പോലീസുകാരെ ഊട്ടുന്നത്, പോലീസുകാരും അവരുടെ കുട്ടികളാണ് എന്നാണ്. അതുകൊണ്ട് ലാത്തികളെയും ‘ഊട്ടണ’മെന്നുണ്ടെങ്കിൽ കർഷകർ അവരുടെ പുറം കാണിച്ചു കൊടുക്കാൻ തയ്യാറായിരുന്നു എന്നാണ്.)




















