അണുവിട പോലും പിഴവ് സംഭവിച്ചു കൂടാ.
തികഞ്ഞ ശ്രദ്ധയോടെയാണ് അമൻ തന്റെ കയ്യിലുള്ള നേർത്ത സൂചി കസ്റ്റമറുടെ ചെവിയിലേയ്ക്ക് സൂക്ഷ്മമായി ഇറക്കുന്നത്. സൂചിമുനയുടെ കൂർത്ത അറ്റം തട്ടി മുറിവ് പറ്റാതിരിക്കാനായി അതിൽ കുറച്ച് പഞ്ഞി ചുറ്റിയിട്ടുണ്ട്. തൊലിയിൽ പോറൽ വീഴാതെയും കർണ്ണപുടങ്ങൾക്ക് പരിക്ക് പറ്റാതെയും ശ്രദ്ധിച്ച്, ഏറെ സാവധാനത്തിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്. "ചെവിക്കായം മാത്രമേ നീക്കം ചെയ്യേണ്ടതുള്ളൂ," അദ്ദേഹം നമ്മെ ഓർമ്മിപ്പിക്കുന്നു.
പടർന്ന് പന്തലിച്ച് നിൽക്കുന്ന ഒരു ആൽമരത്തിന്റെ തണലിലിരുന്നാണ് അമൻ പാരിയോട് സംസാരിക്കുന്നത്. തൊട്ടടുത്ത് തന്നെ ഒരു കറുത്ത സഞ്ചിയിൽ അദ്ദേഹത്തിന്റെ ഉപകരണങ്ങളുമുണ്ട്- ഒരു സിലായി (സൂചി പോലെയുള്ള ഉപകരണം), ചിമ്ടി (ചെറു ചവണ), പിന്നെ കുറച്ച് പഞ്ഞിയും. സഞ്ചിയിൽ പിന്നെയുള്ളത് ജടിബൂട്ടി (പച്ച മരുന്നുകൾ) ചേർത്ത് ഉണ്ടാക്കിയ, ഔഷധഗുണമുള്ള എണ്ണയാണ്. ചെവി വൃത്തിയാക്കാനായി തന്റെ കുടുംബം തയ്യാറാക്കിയ രഹസ്യക്കൂട്ടാണ് ആ എണ്ണയെന്ന് അമൻ പറയുന്നു.
"സിലായി സെ മെയ്ൽ ബാഹർ നികാൽതെ ഹേയ് ഓർ ചിമ്ടി സെ ഖീച് ലേതേ ഹേയ് (സിലായി ഉപയോഗിച്ച് ചെവിക്കായം ഇളക്കി മാറ്റുകയും ചവണ ഉപയോഗിച്ച് അത് ചെവിയുടെ കനാലിലൂടെ പുറത്തെടുക്കുകയുമാണ് ചെയ്യുന്നത്)." ചെവിയ്ക്കുള്ളിൽ മുഴ രൂപപ്പെട്ടിട്ടുള്ളവരിൽ മാത്രമേ ഔഷധ എണ്ണ ഉപയോഗിക്കാറുള്ളൂ. "ഞങ്ങൾ അണുബാധയ്ക്ക് ചികിത്സിക്കാറില്ല, ചെവിക്കായം നീക്കി ചെവിയിൽ അനുഭവപ്പെടുന്ന ചൊറിച്ചിൽ മാറ്റുക മാത്രമാണ് ചെയ്യുന്നത്." ചെവിയിലെ ചൊറിച്ചിൽ മാറ്റാൻ ആളുകൾ ശ്രദ്ധയില്ലാതെ ചെവി വൃത്തിയാക്കുമ്പോഴാണ് ചൊറിച്ചിൽ അണുബാധയായി മാറുകയും ചെവിക്ക് പരിക്ക് പറ്റുകയും ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.










