മുൻഷിയിൽ നിന്നും തനിക്കുള്ള സമ്മാനം - തിളങ്ങുന്ന ഒരുപൈസ നാണയം - സ്വീകരിക്കാനായി അദ്ദേഹം വേദിയിലായിരുന്നു. തന്‍റെ നിയന്ത്രണത്തിൻ കീഴിൽ ധാരാളം സ്ക്കൂളുകളുള്ള ഒരു ഉയർന്ന ഉദ്യോഗസ്ഥനാണ് മുൻഷി. ഇത് 1939 ൽ പഞ്ചാബിൽ ആയിരുന്നു. അന്ന് മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിയായിരുന്ന അദ്ദേഹത്തിന് വെറും 11 വയസ്സ് പ്രായമെ ഉണ്ടായിരുന്നുള്ളൂ. ക്ലാസ്സിൽ അദ്ദേഹമായിരുന്നു ഒന്നാമൻ. മുൻഷി അദ്ദേഹത്തിന്‍റെ തലയിൽ തലോടി എന്നിട്ട് ഇങ്ങനെ ഉച്ചത്തിൽ വിളിക്കാൻ ആവശ്യപ്പെട്ടു, 'ബ്രിട്ടാനിയ സിന്ദാബാദ്, ഹിറ്റ്ലർ മൂർദാബാദ്’. കൊച്ചു ഭഗത് സിംഗ് - ഇതേ പേരുള്ള ഇതിഹാസമായി തെറ്റിദ്ധരിക്കരുത് - ചടങ്ങിൽ കാണികൾക്ക് അഭിമുഖമായി നിന്നു, എന്നിട്ട് ഉച്ചത്തിൽ വിളിച്ചു: "ബ്രിട്ടാനിയ മൂർദാബാദ്, ഹിന്ദുസ്ഥാൻ സിന്ദാബാദ്".
അദ്ദേഹത്തിന്‍റെ ധിക്കാരത്തിന്‍റെ പരിണത ഫലങ്ങൾ വളരെ പെട്ടെന്നുതന്നെ ഉണ്ടായി. മുൻഷി ബാബു അവിടെവച്ചുതന്നെ അദ്ദേഹത്തെ പ്രഹരിക്കുകയും സമുന്ദ്രയിലെ സർക്കാർ പ്രാഥമിക വിദ്യാലയത്തിൽ നിന്നും പുറത്താക്കുകയും ചെയ്തു. സന്നിഹിതരായിരുന്ന മറ്റു വിദ്യാർത്ഥികൾ ഞെട്ടി നിശ്ശബ്ദരായി തുറിച്ചു നോക്കുകയും ഓടിപ്പോവുകയും ചെയ്തു. തുടര്‍ന്ന് പ്രാദേശിക സ്ക്കൂളിന്‍റെ അധികാരി - നമ്മൾ ഇന്ന് ബ്ലോക്ക് എജ്യൂക്കേഷൻ ഓഫീസർ എന്ന് വിളിക്കുന്നതു പോലെയുള്ള ഒരാൾ - ഡെപ്യൂട്ടി കമ്മീഷണറുടെ അനുമതിയോടെ ഒരു കത്ത് ഇറക്കി. ഇന്ന് പഞ്ചാബിലെ ഹോശിയാർപൂർ ജില്ല എന്നു വിളിക്കപ്പെടുന്ന ഈഭാഗത്തു നിന്നായിരുന്നു കത്ത് പുറത്തിറക്കിയത്. പതിനൊന്നാം വയസ്സിൽ ‘അപകടകാരി’യെന്നും ‘വിപ്ലവകാരി’യെന്നും വിശേഷിപ്പിക്കപ്പെട്ടുകൊണ്ട് ഈ കത്തിലൂടെ അദ്ദേഹത്തെ പുറത്താക്കുന്നത് സ്ഥിരീകരിച്ചു.
ലളിതമായി പറഞ്ഞാൽ കരിമ്പട്ടികയിൽ പെടുത്തപ്പെട്ട ഭഗത് സിംഗ് ഝുഗ്ഗിയാനെ ഒരു സ്ക്കൂളും ഒരിക്കലും അവരുടെ കവാടം കടക്കാൻ അനുവദിക്കുമായിരുന്നില്ല. നിരവധിയാളുകൾ, അദ്ദേഹത്തിന്‍റെ മാതാപിതാക്കളെ കൂടാതെ, അധികാരികളോട് അവരുടെ തീരുമാനം പിൻവലിക്കാൻ ആവശ്യപ്പെട്ടു. ഗുലാം മുസ്തഫയെന്ന വലിയ ബന്ധങ്ങളുള്ള ഒരു ഭൂവുടമ അദ്ദേഹത്തിനു വേണ്ടി വലിയൊരു പരിശ്രമം നടത്തി. ബ്രിട്ടീഷ് ഭരണത്തിന്‍റെ ആശ്രിതർ ദേഷ്യത്തിലായിരുന്നു. ഒരു കൊച്ചു പയ്യൻ അവരുടെ പദവിക്ക് കളങ്കം ഉണ്ടാക്കിയിരിക്കുന്നു. അസാധാരണമാംവിധം വർണ്ണാഭമായ തന്‍റെ പിന്നീടുള്ള ജീവിതത്തിലൊരിക്കലും ഭഗത് സിംഗ് ഝുഗ്ഗിയാൻ ഔപചാരിക വിദ്യാഭ്യാസത്തിലേക്ക് തിരിച്ചു വന്നിട്ടില്ല.
പക്ഷെ അദ്ദേഹം ജീവിതത്തിന്‍റെ സ്ക്കൂളില്‍ നിന്നുള്ള കുട്ടികൾക്ക് താരമായിരുന്നു. ഇപ്പോള്‍ 93-ാം വയസ്സിലും അങ്ങനെ തന്നെ.
ഹോശിയാർപൂർ ജില്ലയിലെ റാംഗഢ് ഗ്രാമത്തിലെ വീട്ടിൽ ഞങ്ങളോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അദ്ദേഹം സംഭവങ്ങൾ ഓർത്തെടുത്തുകൊണ്ട് പുഞ്ചിരിച്ചു. ഇക്കാര്യത്തില്‍ അദ്ദേഹത്തിന് മോശമായൊന്നും തോന്നിയില്ലേ? നന്നായി, അദ്ദേഹം പറഞ്ഞു "ബ്രിട്ടീഷ് വിരുദ്ധ സമരത്തിൽ ചേരാൻ ഞാന്‍ ഇപ്പോൾ സ്വതന്ത്രനാണ് - എന്നായിരുന്നു എന്‍റെ പ്രതികരണം.
അദ്ദേഹത്തിന് അങ്ങനെ ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നുള്ള കാര്യം ശ്രദ്ധിക്കപ്പെടാതെ പോയില്ല. കുടുംബവക പാടത്തേക്കാണ് അദ്ദേഹം പോയതെങ്കിലും അദ്ദേഹത്തെക്കുറിച്ചുള്ള ഖ്യാതി പരന്നിരുന്നു. പഞ്ചാബിലെ ഒളി വിപ്ലവ സംഘങ്ങൾ അദ്ദേഹവുമായി സമ്പർക്കം പുലർത്താൻ ശ്രമിച്ചു. കീർത്തി പാർട്ടി എന്നറിയപ്പെട്ട ഒന്നിൽ അദ്ദേഹം ചേർന്നു. 1914-15 കാലഘട്ടത്തിൽ സംസ്ഥാനത്ത് ഗദർ കലാപം നയിച്ച ഗദർ പാർട്ടിയിൽ നിന്നും പിരിഞ്ഞ ഒരു വിഭാഗമായിരുന്നു ഇത്.
വിപ്ലവ റഷ്യയിലേക്ക് സൈനിക, പ്രത്യയശാസ്ത്ര പരിശീലനത്തിനായി പോയ പലരും ഈ സംഘത്തിൽ ഉണ്ടായിരുന്നു. ഗദർ പ്രസ്ഥാനത്തെ പഞ്ചാബിൽ തകർത്ത സ്ഥലത്ത് കീർത്തി എന്നു വിളിക്കപ്പെട്ട ഒരു പ്രസിദ്ധീകരണം അവർ തുടങ്ങി. ഇതിന് പത്രപ്രവർത്തക സംഭാവനകള്‍ നല്‍കിയവരിലെ ഏറ്റവും വിശിഷ്ടനായ ഒരാൾ ഐതിഹാസികനായ യഥാർത്ഥ ഭഗത് സിംഗ് തന്നെയായിരുന്നു. 1927 മെയ് 27-ന് അറസ്റ്റ് ചെയ്യപ്പെടുന്നതിനു മുൻപ് മൂന്ന് മാസക്കാലം അതിനെ നയിച്ചത് യഥാർത്ഥത്തിൽ അദ്ദേഹമാണ്. ആ സമയത്ത് അതിന് പത്രാധിപരെ നഷ്ടപ്പെട്ടിരുന്നു. 1942 മെയ് മാസം കീർത്തി പാർട്ടി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യയോട് ലയിച്ചു.
മഹാനായ ഭഗത് സിംഗിന്‍റെ പേരിനോടൊപ്പം ഝുഗ്ഗിയൻ എന്ന് ചേർക്കപ്പെട്ടിരുന്നില്ല. "ആളുകൾ അദ്ദേഹത്തെക്കുറിച്ച് പാട്ടുകൾ പാടുന്നതു കേട്ടാണ് ഞാൻ വളർന്നത് - ധാരാളം പാട്ടുകളുണ്ടായിരുന്നു. അദ്ദേഹം ആ മഹാ വിപ്ലവകാരിയെക്കുറിച്ചുള്ള ചില വരികൾ ചൊല്ലുകപോലും ചെയ്തു. തന്‍റെ അതേ പേരിലുള്ള കുട്ടിക്ക് വെറും മൂന്ന് വയസ്സുള്ളപ്പോഴാണ് 1931-ൽ അദ്ദേഹത്തെ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയത്.
സ്ക്കൂളിൽ നിന്നും പുറത്താക്കിയതിനു ശേഷമുള്ള വർഷങ്ങളിൽ കൊച്ചു ഭഗത് സിംഗ് ഝുഗ്ഗിയാൻ ഒളിവിപ്ലവകാരികളുടെ സന്ദേശ വാഹകനായിത്തീർന്നു. കുടുംബത്തിന്‍റെ അഞ്ചേക്കർ സ്ഥലത്ത് പണി ചെയ്യുന്ന സ്ഥലത്ത് “അവർ ചെയ്യാൻ ആവശ്യപ്പെടുന്നതെന്തും ഞാൻ ചെയ്യുമായിരുന്നു.” ചെറുതാണെങ്കിൽക്കൂടി "വലിയ ഭാരമുള്ള” അഴിച്ചു കഷണങ്ങളാക്കിയ അച്ചടിശാല ഉപകരണങ്ങൾ രണ്ട് ചാക്കിലാക്കി കൗമാരക്കാരനായിരുന്നപ്പോൾ ഇരുട്ടത്തുകൂടി 20 കിലോമീറ്റർ നടന്ന് വിപ്ലവകാരികളുടെ ഒരു രഹസ്യ ക്യാമ്പിലേക്ക് നൽകുന്നതിനായി ചുമന്നതാണ് അവയിലൊന്ന്. അക്ഷരാർത്ഥത്തിൽ സ്വാതന്ത്ര്യത്തിന്‍റെ കാലാൾ പടയാളിയായിരുന്നു അദ്ദേഹം.
"അവസാനം വീണ്ടും, അത്രദൂരം തന്നെ നടന്ന് ഞങ്ങളുടെ വലയത്തിലുള്ള സഖാക്കളെ ഏൽപ്പിക്കുന്നതിനായി വലിയൊരു സഞ്ചിയിൽ ഭക്ഷണവും മറ്റു സാധനങ്ങളും അവർ എന്‍റെ കൈയിൽ ഏൽപ്പിച്ചു.” അദ്ദേഹത്തിന്‍റെ കുടുംബവും ഒളിപ്പോരാളികൾക്ക് ഭക്ഷണവും താമസവും നൽകിയിരുന്നു.
അദ്ദേഹം വഹിച്ച യന്ത്രത്തെ "ഉടാര പ്രസ്സ്” എന്നായിരുന്നു വിളിച്ചത് (അക്ഷരാർത്ഥത്തിൽ പറക്കുന്ന അച്ചടിശാല - കൊണ്ടുനടക്കാവുന്ന അച്ചടിശാല എന്നർത്ഥം). അത് അഴിച്ചു കഷണങ്ങളാക്കിയ ചെറിയ അച്ചടിശാലയായിരുന്നോ, അതോ ഏതിന്‍റെയെങ്കിലും പ്രധാന ഭാഗങ്ങൾ ആയിരുന്നോ, അതോ പകർപ്പ് യന്ത്രമായിരുന്നോ എന്നൊന്നും വ്യക്തമല്ല. "അവ വലിയ ഭാരമുള്ള വാർപ്പിരുമ്പ് ഭാഗങ്ങളായിരുന്നു” എന്നു മാത്രമെ അദ്ദേഹം ഓർക്കുന്നുള്ളൂ. ബുദ്ധിമുട്ടുകളോടും അപകടങ്ങളോടും ഒരിക്കലും വിസമ്മതം പ്രകടിപ്പിക്കാതെയും മിക്കവാറും അപകടങ്ങളൊന്നും കൂടാതെയും അദ്ദേഹം സന്ദേശവാഹകജോലി പൂർത്തിയാക്കി. "ഞാന്‍ പോലീസുകാരെ ഭയന്നിരുന്നതിനേക്കാള്‍ കൂടുതല്‍ അവര്‍ എന്നെ ഭയന്നിരുന്നു” എന്നതിൽ കാലങ്ങൾ കഴിയുമ്പോൾ അദ്ദേഹം അഭിമാനവും കൊള്ളുന്നു.
*****
പിന്നീട് വിഭജനം നടന്നു.
ആ സമയത്തെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ഭഗത് സിംഗ് ഝുഗ്ഗിയാൻ കൂടുതൽ വൈകാരികമാകുന്നത്. അതേത്തുടർന്നുണ്ടായ വൻകുഴപ്പങ്ങളെയും കൂട്ടക്കൊലകളെയും കുറിച്ച് സംസാരിക്കുമ്പോൾ കണ്ണീരടക്കാൻ ആ മാന്യനായ വയോധികൻ പാടുപെടുകയായിരുന്നു. "അതിർത്തി കടക്കുന്ന എണ്ണമറ്റ ആയിരക്കണക്കിന് ആളുകളുടെ വലിയ കൂട്ടങ്ങൾ തുടർച്ചയായി ആക്രമിക്കപ്പെട്ടു, ആളുകൾ കൊല ചെയ്യപ്പെട്ടു. ചുറ്റും കൂട്ടക്കൊലകൾ ആയിരുന്നു.”
"വെറും നാല് കിലോമീറ്റർ മാറി സിംബ്ലി ഗ്രാമത്തിൽ ഏകദേശം 250 ആളുകൾ, എല്ലാവരും മുസ്ലിങ്ങൾ, രണ്ടു രാത്രിയിലും ഒരു പകലുമായി കൊല്ലപ്പെട്ടു”, സ്ക്കൂൾ അദ്ധ്യാപകനും എഴുത്തുകാരനും പ്രാദേശിക ചരിത്രകാരനുമായ അജ്മീർ സിദ്ദു പറഞ്ഞു. "ആ സ്ഥലങ്ങളിലെ ഗഢ്ശങ്കർ പോലീസ് സ്റ്റേഷനു കീഴിലുള്ള ഥാനാദറില്‍ 101 മരണങ്ങളായിരുന്നു രേഖപ്പെടുത്തിയത്” എന്ന് സിദ്ദു പറഞ്ഞു. ഭഗത് സിംഗ് ഝുഗ്ഗിയാനുമായി ഞങ്ങൾ കൂടിക്കാഴ്ച നടത്തുമ്പോൾ അദ്ദേഹം ഒപ്പമുണ്ടായിരുന്നു.
"1947 ഓഗസ്റ്റിൽ ഇവിടെ രണ്ടു വിഭാഗത്തിലുള്ള ആളുകൾ ഉണ്ടായിരുന്നു. ഒരു വിഭാഗം മുസ്ലീങ്ങളെ കൊല്ലാൻ ശ്രമിക്കുമ്പോൾ മറുവിഭാഗം അവരെ ആക്രമണകാരികളിൽ നിന്നും രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു”, ഭഗത് സിംഗ് പറഞ്ഞു.
"എന്‍റെ പാടത്തിനടുത്ത് ഒരു ചെറുപ്പക്കാരൻ വെടിയേറ്റു മരിച്ചു. മരിച്ചയാളെ സംസ്കരിക്കുന്നതിനായി സഹോദരനു ഞങ്ങൾ സഹായം വാഗ്ദാനം ചെയ്തു. പക്ഷെ ഭയന്നുപോയ അദ്ദേഹം സംഘത്തോടൊപ്പം പോയി. ശരീരം ഞങ്ങൾ ഞങ്ങളുടെ പാടത്തടക്കി. ഓഗസ്റ്റ് 15 ഇവിടെ സുഖകരമായിരുന്നില്ല”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരിക്കൽ ഭഗത് സിംഗിനെ തിരികെ സ്ക്കൂളിൽ എത്തിക്കാൻ ശ്രമിച്ച വലിയ ഭൂവുടമ ഗുലാം മുസ്തഫയും അതിർത്തി കടന്നുകിട്ടാന്‍ ശ്രമിച്ചവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു.
"എന്നിരിക്കിലും മുസ്തഫയുടെ മകൻ അബ്ദുൾ റഹ്മാൻ കുറച്ചുകാലംകൂടി ഇവിടെ താമസിച്ചു. അദ്ദേഹം വലിയ അപകടത്തിലായിരുന്നു. എന്‍റെ കുടുംബം ഒരുരാത്രി റഹ്മാനെ രഹസ്യമായി ഞങ്ങളുടെ വീട്ടിലെത്തിച്ചു. അദ്ദേഹത്തിനൊരു കുതിര ഉണ്ടായിരുന്നു.”
പക്ഷെ പുറത്ത് മുസ്ലീങ്ങളെ വേട്ടയാടിക്കൊണ്ടിരുന്ന ജനക്കൂട്ടത്തിന് ഇതിന്‍റെ സൂചന ലഭിച്ചു. "അങ്ങനെ ഒരു രാത്രി ഞങ്ങളുടെ സുഹൃത്തുക്കളുടെയും സഖാക്കളുടെയും വലയത്തിലൂടെ ഞങ്ങൾ അദ്ദേഹത്തെ കടത്തി, ഒറ്റത്തവണകൊണ്ട് അദ്ദേഹം അതിർത്തിന് കടക്കാന്‍ പറ്റി.” പിന്നീട് അവർ അതിർത്തിക്ക് കുറുകെ അദ്ദേഹത്തിന് കുതിരയെ കൈമാറുകപോലും ചെയ്തു. മുസ്തഫ ഗ്രാമത്തിലെ സുഹൃത്തുക്കൾക്കയച്ച കത്തുകളിലൂടെ ഭഗത് സിംഗിന് നന്ദി പറയുകയും ഒരു ദിവസം ഇന്ത്യയിലെത്തി അദ്ദേഹത്തെ സന്ദർശിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. “പക്ഷെ, അദ്ദേഹം ഒരിക്കലും തിരിച്ചു വന്നില്ല.”
വിഭജനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ അദ്ദേഹത്തെ ദു:ഖിതനും അസ്വസ്ഥനുമാകും. വീണ്ടും സംസാരിക്കാൻ തുടങ്ങുന്നതിനു മുമ്പ് നിശ്ശബ്ദനാകും. അദ്ദേഹം കുറച്ചുകാലം, 17 ദിവസങ്ങൾ, ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ഹോശിയാർപൂരിൽ തന്നെയുള്ള ബിരാംപൂർ ഗ്രാമത്തിലെ സ്വാതന്ത്ര്യസമര യോഗം പോലീസ് തകർത്തപ്പോഴായിരുന്നു ഇത്.
1948-ൽ അദ്ദേഹം ലാൽ (ചുവപ്പ്) കമ്മ്യൂണിസ്റ്റ് പാർട്ടി ഹിന്ദ് യൂണിയനിൽ ചേർന്നു. മുൻപുണ്ടായിരുന്ന കീർത്തി പാർട്ടിയിൽ നിന്നും വേർപിരിഞ്ഞ് സി.പി.ഐ.യിൽ ലയിച്ച ഭാഗമായിരുന്നു ഇത്.
പക്ഷെ അത് തെലങ്കാനയിലെയും മറ്റിടങ്ങളിലെയും വിപ്ലവങ്ങളെത്തുടർന്ന് 1948-നും 1951-നും ഇടയിൽ എല്ലാ കമ്മ്യൂണിസ്റ്റ് വിഭാഗങ്ങളെയും നിരോധിച്ച സമയമായിരുന്നു അത്. അപ്പോള്‍ ഭഗത് സിംഗ് തന്‍റെ കടമയിലേക്ക് തിരിച്ചെത്തി - പകൽ കർഷകനും, രാത്രി രഹസ്യ സന്ദേശ വാഹകനും. പിടികൊടുക്കാതെ ഒളിവിൽ സഞ്ചരിക്കുന്ന പ്രവർത്തകരുടെ അടുത്തേക്കും അദ്ദേഹം പോകുമായിരുന്നു. ജീവിതത്തിന്‍റെ ഈ ഘട്ടത്തിൽ ഒരു വർഷം അദ്ദേഹവും ഒളിവിലും കഴിഞ്ഞിട്ടുണ്ട്.
പിന്നീട് 1952 - ൽ ലാൽ പാർട്ടി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യയുമായി ലയിച്ചു. 1964 - ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ പുതുതായി രൂപീകരിച്ച സി.പി.ഐ.(എം.)ൽ അദ്ദേഹം ചേർന്നു. അതിനോടൊപ്പമായിരുന്നു അദ്ദേഹം എല്ലാ സമയത്തും നിന്നത്.
ആ കാലഘട്ടത്തിലൂടെ അദ്ദേഹം ഭൂസമരങ്ങളിലും കർഷകരെ ബാധിക്കുന്ന മറ്റു സമരങ്ങളിലും പങ്കുചേർന്നു. 1959-ൽ ഖുഷ് ഹസിയാതി ടാക്സ് മോർച്ചയുടെ (ആന്‍റി ബെറ്റർമെന്‍റ് ടാക്സ് സ്ട്രഗ്ഗിൾ) സമയത്ത് ഭഗത് സിംഗിനെ അറസ്റ്റ് ചെയ്തു. അദ്ദേഹം ചെയ്ത കുറ്റം: കാണ്ടി പ്രദേശത്തെ (ഇപ്പോള്‍ പഞ്ചാബിന്‍റെ വടക്ക്-കിഴക്കന്‍ അതിര്‍ത്തി) കർഷകരെ സംഘടിപ്പിച്ചത്. ക്രുദ്ധരായ പ്രതാപ് സിംഗ് കൈറോൺ സർക്കാർ അദ്ദേഹത്തിന്‍റെ എരുമകളേയും കാലിത്തീറ്റ മുറിക്കുന്ന യന്ത്രവും പിടിച്ചെടുത്ത് അവ ലേലം ചെയ്തുകൊണ്ട് അദ്ദേഹത്തെ ശിക്ഷിച്ചു. പക്ഷെ 11 രൂപയ്ക്ക് രണ്ടും വാങ്ങിയ ഒരു സഹ ഗ്രാമീണൻ പിന്നീടത് കുടുംബത്തിന് തിരിച്ചു നൽകി.
ഈ പ്രക്ഷോഭത്തിന്‍റെ സമയത്ത് അദ്ദേഹം മൂന്നു മാസം ലുധിയാനാ ജയിലിലും ചിലവഴിച്ചു. പിന്നീട് അതേവർഷം മൂന്ന് മാസം പട്യാല ജയിലിലും ചിലവഴിച്ചു.
അദ്ദേഹം ജീവിതകാലം മുഴുവന്‍ ജീവിച്ച ഗ്രാമം ആദ്യം ഝുഗ്ഗികളുടെ (ചേരിയിലെ താമസസ്ഥലങ്ങൾ) ഒരു കൂട്ടമായിരുന്നു. അങ്ങനെ അതിനെ ഝുഗ്ഗിയാൻ എന്നു വിളിച്ചു. ഭഗത് സിംഗ് ഝുഗ്ഗിയാൻ എന്ന പേര് അദ്ദേഹത്തിന് ലഭിച്ചത് ഇങ്ങനെയാണ്. ഇതിപ്പോൾ ഗഢ്ശങ്കർ തഹ്സീലിലെ റാംഗഢ് ഗ്രാമത്തിന്‍റെ ഭാഗമാണ്.
അടിയന്തിരാവസ്ഥയോട് പൊരുതിക്കൊണ്ട് 1975-ൽ അദ്ദേഹം വീണ്ടും ഒരു വർഷത്തേക്ക് ഒളിവിൽ പോയി. ഈ സമയത്ത് ആളുകളെ സംഘടിപ്പിക്കുകയും, സന്ദേശവാഹകൻ ആവുകയും, അടിയന്തിരാവസ്ഥാ വിരുദ്ധ എഴുത്തുകൾ വിതരണം ചെയ്യുകയും ചെയ്തു.
ഈ വർഷങ്ങൾ മുഴുവൻ അദ്ദേഹത്തിന് തന്‍റെ ഗ്രാമവും പ്രദേശവുമായി കാര്യമായ ബന്ധമുണ്ടായിരുന്നു. ഒരിക്കലും മൂന്നാം ക്ലാസ്സ് കടക്കാത്ത ഒരു മനുഷ്യൻ തന്‍റെ ചുറ്റും വിദ്യാഭ്യാസത്തിനും ജോലിക്കുമായി ബുദ്ധിമുട്ടുന്ന ചെറുപ്പക്കാരുടെ കാര്യത്തിൽ വലിയ താത്പര്യം കാണിച്ചു. അദ്ദേഹം സഹായിച്ച പലരും മെച്ചപ്പെട്ട നിലയിലെത്തി. ചിലർ സർക്കാർ സേവന രംഗത്ത് പോലും എത്തി.
*****
1990: തങ്ങൾക്കും തങ്ങളുടെ കുഴല്‍ക്കിണറിനും ഭീകരതയ്ക്കുമിടയിൽ ഏതാനും മിനിറ്റുകൾ മാത്രമേയുള്ളൂ എന്ന് ഭഗത് സിംഗിന്‍റെ കുടുംബം ഒരിക്കല്‍ അറിഞ്ഞു. വന്‍ ആയുധ ധാരികളായ ഖാലിസ്ഥാനി കൊലപാതസംഘം അദ്ദേഹത്തിന്‍റെ വീട്ടിൽ നിന്നും 400 മീറ്റർമാത്രം മാറി സ്ഥിതിചെയ്യുന്ന കുഴൽക്കിണറിനു മേൽ രേഖപ്പെടുത്തിയിരിക്കുന്ന അദ്ദേഹത്തിന്റെ പേരിൽനിന്നും അവരുടെ ലക്ഷ്യം ഉറപ്പിച്ചുകൊണ്ട് പാടത്ത് ഒന്നു നിന്നു. അവിടെ അവർ ഒളിച്ചു കിടന്നു - പക്ഷെ കാണാമായിരുന്നു.
1984 മുതൽ 1993 വരെ പഞ്ചാബ് ഭീകരതയാൽ വലഞ്ഞു. നൂറുകണക്കിനാൾക്കാർ വെടിവച്ച് വീഴ്ത്തപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തു. അവർക്കിടയിലെ വലിയൊരു സംഖ്യ സി.പി.ഐ., സി.പി.ഐ.-എം., സി.പി.ഐ.-എം.എൽ. പ്രവർത്തകർ ആയിരുന്നു. അതിന്‍റെ കാരണം അവർ ശക്തമായി ഖാലിസ്ഥാനികളെ പ്രതിരോധിച്ചിരുന്നു എന്നതാണ്. ഭഗത് സിംഗ് ഈ സമയത്തെ വധിക്കപ്പെടേണ്ടവരുടെ പട്ടികയിൽ ഉണ്ടായിരുന്നു.
ആ പട്ടികകൊണ്ട് എന്താണ് അർത്ഥമാക്കുന്നതെന്ന് ഏറ്റവും നന്നായി അദ്ദേഹം മനസ്സിലാക്കിയത് 1990-ൽ ആയിരുന്നു. അദ്ദേഹത്തിന്‍റെ ചെറുപ്പക്കാരായ മൂന്ന് പുത്രന്മാരും പോലീസ് നൽകിയ തോക്കുകളുമായി വീട്ടിലുണ്ടായിരുന്നു. മരണ ഭീഷണിയുള്ളവർക്ക് സ്വയരക്ഷയ്ക്കായി ആയുധങ്ങൾ സൂക്ഷിക്കാന്‍ സർക്കാർ അനുവദിച്ചിരുന്ന, ചിലപ്പോൾ സഹായിക്കുക പോലും ചെയ്തിരുന്ന, സമയമായിരുന്നു അത്.
"അവർ എനിക്കു തന്നിരുന്ന ആ തോക്കുകൾ വളരെ മികച്ചതായിരുന്നില്ല. അതുകൊണ്ട് 12 ബോര്‍ ഷോട്-ഗണ്‍ ഒരെണ്ണം ഞാൻ കടംവാങ്ങി. പിന്നീട് പഴയ ഒരെണ്ണം ഞാൻ സ്വന്തമായി വാങ്ങുകപോലും ചെയ്തു”, ആ സമയത്തെക്കുറിച്ച് ഓർത്തുകൊണ്ട് ഭഗത് സിംഗ് പറഞ്ഞു.
അദ്ദേഹത്തിന്‍റെ 50-കാരനായ മകൻ പരംജിത് പറഞ്ഞു: "എന്‍റെ അച്ഛന് തീവ്രവാദികളിൽ നിന്നും ലഭിച്ച ഒരു ഭീഷണിക്കത്ത് ഒരിക്കൽ ഞാൻ തുറന്നു വായിച്ചു: ‘നിങ്ങളുടെ പ്രവർത്തനങ്ങൾ നിർത്തുക, അല്ലെങ്കിൽ നിങ്ങളുടെ കുടുംബത്തെ മുഴുവൻ ഇല്ലാതാക്കും’. ആരുമിത് കണ്ടിട്ടില്ല എന്നപോലെ ഞാനിത് വീണ്ടും കവറിലാക്കി തിരികെവച്ചു. എങ്ങനെ അച്ഛൻ പ്രതികരിക്കുമെന്ന് ഞാൻ അദ്ഭുതപ്പെട്ടു. അദ്ദേഹം അത് ശാന്തമായി വായിച്ചു, മടക്കി പോക്കറ്റിൽ വച്ചു. നിമിഷങ്ങൾക്കകം ഞങ്ങളെ മൂന്നുപേരേയും വീട്ടിലേക്കു വരുത്തി ജാഗ്രത വേണമെന്ന് പറഞ്ഞു. ആ കത്തിനെക്കുറിച്ച് ഒരക്ഷരം അദ്ദേഹം മിണ്ടിയില്ല.”
1990-ലെ അനിശ്ചിതാവസ്ഥ ഭയാനകമായിരുന്നു. ധൈര്യശാലികളായ ഈ കുടുബം അവസാനം വരെ പൊരുതി നിൽക്കും എന്നുള്ള കാര്യത്തിൽ സംശയം ഇല്ലായിരുന്നു. പക്ഷെ എ.കെ. 47-നും അത്യപകടകരങ്ങളായ മറ്റായുധങ്ങളും ധരിച്ച പരിശീലനം ലഭിച്ചിട്ടുള്ള കൊലയാളി സംഘത്തിന്‍റെ വെടിവയ്പ്പിനു മുമ്പിൽ കീഴടങ്ങേണ്ടിവരും എന്ന കാര്യത്തിലും സംശയമില്ലായിരുന്നു.
പക്ഷെ തീവ്രവാദികളിലൊരാൾ കുഴൽ കിണറിനുമേൽ എഴുതിയ പേര് മനസ്സിലാക്കിയപ്പോഴാണ് ഇങ്ങനെ സംഭവിച്ചത്: “അയാൾ മറ്റുള്ളവരിലേക്ക് തിരിഞ്ഞു കൊണ്ടു പറഞ്ഞു, 'ഇത് നമ്മുടെ ലക്ഷ്യമായ ഭഗത് സിംഗ് ഝുഗ്ഗിയാൻ ആണെങ്കിൽ എനിക്കിതിൽ ഒന്നും ചെയ്യാനില്ല‘”, പഴയ സ്വാതന്ത്ര്യസമര സേനാനി പറഞ്ഞു. കൊലയാളി സംഘം ലക്ഷ്യം ഉപേക്ഷിക്കാൻ തീരുമാനിക്കുകയും പാടത്തു നിന്ന് പിൻവാങ്ങുകയും അപ്രത്യക്ഷമാവുകയും ചെയ്തു.
ഭഗത് സിംഗ് നേരത്തെ ഗ്രാമത്തിൽ സഹായിച്ച ചെറുപ്പക്കാരിൽ ഒരാളായിരുന്നു തീവ്രവാദിയുടെ ഇളയ സഹോദരൻ. അയാൾ ഒരു സർക്കാർ ജോലിക്കുവേണ്ടി ശ്രമിക്കുയായിരുന്നു – ഒരു പട്വാരി (ഗ്രാമരേഖകളുടെ സൂക്ഷിപ്പുകാരൻ) ആകാൻ. "അവർ പോയി രണ്ടു വർഷങ്ങൾക്കുശേഷം മൂത്ത സഹോദരൻ എനിക്ക് സൂചനകളും മുന്നറിയിപ്പുകളും നൽകുമായിരുന്നു. എപ്പോൾ പോകരുത്, എവിടെ പോകരുത് എന്നൊക്കെ..." അതദ്ദേഹത്തെ പിന്നീടുണ്ടായ കൊലപാതക ശ്രമങ്ങളിൽ നിന്നും രക്ഷപെടുന്നതിനു സഹായിച്ചു.
സംഭവങ്ങളെക്കുറിച്ച് കുടുംബം പറഞ്ഞ രീതികളൊക്കെ മിക്കവാറും തീർച്ചയില്ലാത്തതാണ്. ഭഗത് സിംഗിന്‍റെ വിശകലനം നിർവികാരമായിരുന്നു. വിഭജനത്തെക്കുറിച്ച് പറയുമ്പോൾ അദ്ദേഹം വൈകാരികമാകുമായിരുന്നു. എങ്ങനെയായിരുന്നു അദ്ദേഹത്തിന്‍റെ ഭാര്യ, അവർ ആ സമയത്ത് ഭയന്നിരുന്നോ? “ആക്രമണത്തെ എതിരിടാൻ അദ്ദേഹത്തിന് കഴിയുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു”, 78-കാരിയായ ഗുർദേവ് കൗർ തികച്ചും ശാന്തയായി പറഞ്ഞു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ സംഘടനയുടെ ഒരു മുതിർന്ന ഭാരവാഹിയായ അവർ തുടര്‍ന്നു പറഞ്ഞു: "എന്‍റെ പുത്രന്മാർ ശക്തരായിരുന്നു, എനിക്ക് ഭയമുണ്ടായിരുന്നില്ല - ഗ്രാമവും ഞങ്ങളെ പിന്തുണച്ചു.”
ഗുർദേവ് കൗർ ഭഗത് സിംഗിനെ വിവാഹം കഴിച്ചത് 1961-ലാണ് – അദ്ദേഹത്തിന്‍റെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യഭാര്യ 1944-ൽ വിവാഹം നടന്ന് കുറച്ച് വർഷങ്ങൾക്കു ശേഷം മരിച്ചു. അവരുടെ രണ്ട് പുത്രിമാർ വിദേശത്താണ് താമസിക്കുന്നത്. ഗുർദേവ് കൗറിനും അദ്ദേഹത്തിനും അവരുടെ വിവാഹത്തിൽ നിന്നുള്ളത് മൂന്ന് പുത്രന്മാരാണ്. ഏറ്റവും മൂത്തയാൾ ജസ്വീർ സിംഗ് 2011-ൽ 47-ാം വയസ്സിൽ മരിച്ചു. മറ്റു രണ്ടുപേർ 55-കാരനായ കുൽദീപ് സിംഗും പരംജിതും ആണ്. കുൽദീപ് സിംഗ് യുണൈറ്റഡ് കിംഗ്ഡത്തിൽ ആണ്. പരംജിത് അവരോടൊപ്പം തന്നെ താമസിക്കുന്നു.
അദ്ദേഹത്തിനിപ്പോഴും 12 ബോര്‍ ഷോട്-ഗണ്‍ ഉണ്ടോ? “ഇല്ല, ഞാനത് ഒഴിവാക്കി. ഇപ്പോൾ എന്താവശ്യത്തിനാണത് – ഒരു കുട്ടിക്കുപോലും എന്‍റെ പക്കൽ നിന്നത് തട്ടിയെടുക്കാം”, ആ 93- കാരൻ ചിരിച്ചു.
1992-ലെ സംസ്ഥാന അസ്സംബ്ലി തിരഞ്ഞെടുപ്പ് അദ്ദേഹത്തിന്‍റെ വീട്ടുവാതിൽക്കൽ അപകടം എത്തിച്ചു. പഞ്ചാബിൽ തിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. ഖാലിസ്ഥാനികൾ സ്ഥാനാർത്ഥികളെ കൊന്നുകൊണ്ട് തിരത്തെടുപ്പ് സ്തംഭിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. ഇന്ത്യൻ തിരഞ്ഞെടുപ്പു നിയമം അനുസരിച്ച് തിരത്തെടുപ്പ് സമയത്ത് ഒരു അംഗീകൃത രാഷ്ട്രീയ പാർട്ടിയുടെ സ്ഥാനാർത്ഥിയുടെ മരണം ആ പ്രത്യേക നിയോജക മണ്ഡലത്തിലെ തിരത്തെടുപ്പ് ‘നീട്ടിവയ്ക്കുന്നതി’ലേക്കോ ഉപേക്ഷിക്കുന്നതിലേക്കോ നയിക്കും. എല്ലാ സ്ഥാനാർത്ഥികളും അപ്പോൾ വലിയ അപകടത്തിലായിരുന്നു.
തുല്യതയില്ലാത്ത രീതിയിലുള്ള ആക്രമണങ്ങള്‍ 1991 ജൂണിലെ ഈ തിരഞ്ഞെടുപ്പുകൾ നീട്ടി വയ്ക്കുന്ന അവസ്ഥയിലേക്കെത്തിച്ചു. ആ വർഷം മാർച്ചിനും ജൂണിനുമിടയിൽ ഏഷ്യൻ സർവെ എന്ന ജേർണലിൽ വന്ന ഗുർഹർപാൽ സിംഗിന്‍റെ ലേഖന ത്തിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നതു പ്രകാരം "24 സംസ്ഥാന, പാർലമെന്‍ററി സ്ഥാനാർത്ഥികൾ കൊല്ലപ്പെട്ടു; രണ്ട് തീവണ്ടികളിലായി 76 യാത്രക്കാർ കൂട്ടക്കൊല ചെയ്യപ്പെട്ടു; തിരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പ് പഞ്ചാബിനെ ക്രമസമാധാന പ്രശ്നമുള്ള പ്രദേശമായി പ്രഖ്യാപിച്ചു.”
അതിനാല്‍ തീവ്രവാദികളുടെ ലക്ഷ്യം വ്യക്തമായിരുന്നു - അവർക്കു വേണ്ടത്ര സ്ഥാനാർത്ഥികളെ കൊല്ലുക. സ്ഥാനാർത്ഥികൾക്ക് അസാധരണമായ രീതിയിലുള്ള സുരക്ഷയൊരുക്കിക്കൊണ്ടാണ് സർക്കാർ പ്രതികരിച്ചത്. സ്ഥാനാര്‍ത്ഥികളിലൊരാളായിരുന്നു ഗഢ്ശങ്കര്‍ നിയോജക മണ്ഡലത്തിൽ നിന്നും മത്സരിച്ച ഭഗത് സിംഗ് ഝുഗ്ഗിയാൻ. അകാലി ദളിന്‍റെ എല്ലാ വിമത വിഭാഗങ്ങളും തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. " ഓരോ സ്ഥാനാർത്ഥിക്കും 32-അംഗ സുരക്ഷാ സംഘത്തെ നല്‍കി. കൂടുതൽ പ്രമുഖരായ നേതാക്കൾക്കും വ്യക്തികൾക്കും 50, അല്ലെങ്കിൽ അതിലധികം സേനാംഗങ്ങളെ നൽകി.” തീർച്ചയായും ഇതൊക്കെ തിരഞ്ഞെടുപ്പു സമയത്ത് മാത്രമായിരുന്നു.
ഭഗത് സിംഗിന്‍റെ 32-അംഗ സുരക്ഷാ സേനയെക്കുറിച്ച് എന്താണ് പറയാനുള്ളത്? "18 സുരക്ഷാ കാവൽക്കാർ ഇവിടെ എന്‍റെ പാർട്ടി ഓഫീസിൽ ഉണ്ടായിരുന്നു. മറ്റ് 12 പേർ എന്നോടൊപ്പം എപ്പോഴും ഉണ്ടായിരുന്നു. ഞാനെവിടെ പ്രചരണത്തിനു പോയാലും അവർ വരുമായിരുന്നു. രണ്ടുപേർ വീട്ടിൽ കുടുബത്തോടൊപ്പം എപ്പോഴും ഉണ്ടായിരുന്നു.” തീവ്രവാദികള്‍ തയ്യാറാക്കിയ വധിക്കപ്പെടേണ്ടവരുടെ പട്ടികയിൽ തിരഞ്ഞെടുപ്പിനും വളരെ വർഷങ്ങൾക്കു മുൻപുതന്നെ ഉൾപ്പെട്ടിരുന്നതിനാൽ അദ്ദേഹം നേരിടുന്ന അപകടം വളരെ വലുതായിരുന്നു. പക്ഷെ കുഴപ്പമൊന്നും കൂടാതെ അദ്ദേഹം എല്ലാം കടന്നെത്തി. സൈന്യവും അർദ്ധസൈന്യവും പോലീസും ചേർന്ന ബൃഹത്തായൊരു സുരക്ഷാനീക്കവും തീവ്രവാദികളെ നേരിടാനുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് വലിയ കുഴപ്പമൊന്നും കൂടാതെ നടത്തി.
“സ്വയം തീവ്രവാദികളുടെ പ്രധാന ലക്ഷ്യമായി മാറുന്നതിലൂടെ ഖാലിസ്ഥാനികളുടെ ശ്രദ്ധ തന്‍റെ പിന്നാലെയാക്കി ചെറുപ്പക്കാരായ തന്‍റെ സഖാക്കളെ രക്ഷിക്കാൻ കഴിയുമെന്ന് വിശ്വസിച്ചുകൊണ്ടാണ് അദ്ദേഹം 1992-ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്”, പരംജിത് പറഞ്ഞു.
തിരഞ്ഞെടുപ്പിൽ ഭഗത് സിംഗ് കോൺഗ്രസ്സിനോട് പരാജയപ്പെട്ടു. പക്ഷെ മറ്റു മേഖലകളിൽ അദ്ദേഹം വിജയിച്ചിരുന്നു. 1957-ൽ അദ്ദേഹം രണ്ടു ഗ്രാമങ്ങളുടെ - റാംഗഢ്, ചാക് ഗുജ്ജ്റാൻ - സർപഞ്ച് ആയിട്ടുണ്ട്. 1998-ൽ അവസാനത്തെ അവസരമെന്ന നിലയിൽ അദ്ദേഹം 4 തവണ സർപഞ്ച് ആകേണ്ടതായിരുന്നു.
1978-ൽ അദ്ദേഹം നവൻശഹ്റിലെ (ഇപ്പോൾ ശഹീദ് ഭഗത് സിംഗ് നഗർ) സഹകരണ പഞ്ചസാര മില്ലിന്‍റെ ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ടു. അകാലി ദളുമായി സഖ്യത്തിലായിരുന്ന ശക്തനായ ഒരു ഭൂവുടമ ആയിരുന്ന സൻസാർ സിംഗിനെ പരാജയപ്പെടുത്തികൊണ്ടായിരുന്നു ഇത്. 1998-ൽ അദ്ദേഹത്തെ വീണ്ടും അതേസ്ഥാനത്തേക്ക് ഐകമത്യത്തോടെ തിരഞ്ഞെടുത്തു.
*****
സ്ക്കൂളിൽ നിന്ന് തന്നെ പ്രഹരിച്ച് പുറത്താക്കിയതു മുതലുള്ള 8 ദശകങ്ങളും ഭഗത് സിംഗ് ഝുഗ്ഗിയാൻ രാഷ്ട്രീയബോധവും ജാഗ്രതയുമുള്ള വ്യക്തിയായും പ്രവർത്തന നിരതനായും നിലകൊണ്ടു. നടന്നുകൊണ്ടിരിക്കുന്ന കർഷക സമരത്തിൽ സംഭവിക്കുന്നതെല്ലാം തന്നെ അദ്ദേഹത്തിന് അറിയണമായിരുന്നു. തന്‍റെ പാർട്ടിയുടെ സ്റ്റേറ്റ് കൺട്രോൾ കമ്മീഷനിൽ അദ്ദേഹം ഉണ്ടായിരുന്നു. ജലന്ധറിലെ ദേശ് ഭഗത് യദ്ഗാർ ഹാളിനെ നയിക്കുന്ന സമിതിയുടെ രക്ഷാധികാരിയുമാണ് അദ്ദേഹം. പഞ്ചാബിലെ വിപ്ലവ പ്രസ്ഥാനങ്ങളെക്കുറിച്ച് മറ്റേതൊരു സംഘടനയേക്കാളും കൂടുതലായി ഡി.ബി.വൈ.എച്. രേഖപ്പെടുത്തുകയും സ്മരണ പുതുക്കുകയും ചെയ്യുന്നു. ഗദർ പ്രസ്ഥാനത്തിന്‍റെ വിപ്ലവകാരികൾ തന്നെയാണ് ട്രസ്റ്റ് സ്ഥാപിച്ചതും.
“ഇന്നും ഈ പ്രദേശത്തു നിന്ന് കർഷകരുടെ പ്രശ്നങ്ങളുമായിഡൽഹി അതിർത്തിയിലെ ക്യാമ്പുകളിൽ ചേരാനോ മറ്റോ ജാഥ പുപ്പെടുമ്പോൾ അവർ ആദ്യം പോകുന്നത് സഖാവ് ഭഗത് സിംഗിന്‍റെ വീട്ടിലേക്കാണ് – അദ്ദേഹത്തിന്‍റെ ആശീർവാദം വാങ്ങുന്നതിനായി”, അദ്ദേഹത്തിന്‍റെ സുഹൃത്തായ ദർശൻ സിംഗ് മട്ടു പറഞ്ഞു. സി.പി.ഐ.-എം.-ന്‍റെ പഞ്ചാബ് സംസ്ഥാന കമ്മിറ്റിയംഗമായ മട്ടു ഇപ്രകാരം ചൂണ്ടിക്കാണിക്കുന്നു: "മുൻകാലവുമായി താരതമ്യപ്പെടുത്തുമ്പോൾ അദ്ദേഹത്തിന് ശാരീരികമായി പരിമിതികൾ ഉണ്ടായിരിക്കാം. പക്ഷെ അദ്ദേഹത്തിന്‍റെ പ്രതിബദ്ധതയും തീക്ഷണതയും എല്ലായ്പ്പോഴും ശക്തമായി നിൽക്കുന്നു. സമരത്തിൽ പങ്കെടുത്തുകൊണ്ട് ശാഹ്ജഹാൻപൂരിൽ തമ്പടിച്ചിരിക്കുന്ന കർഷകർക്കുവേണ്ടി അരി, എണ്ണ, പരിപ്പ്, മറ്റ് സാധനങ്ങൾ, പണം (തന്‍റെ വ്യക്തിപരമായ സംഭാവന ഉൾപ്പെടെ) എന്നിവയൊക്കെ റാംഗഢില്‍നിന്നും ഗഢ്ശങ്കറില്‍നിന്നും ശേഖരിക്കുന്നതിനായി അദ്ദേഹം ഇപ്പോഴും പരിശ്രമിക്കുന്നു.”
ഞങ്ങൾ ഇറങ്ങുന്ന സമയത്ത്, നടക്കാന്‍ സഹായിക്കുന്ന തന്‍റെ ഉപകരണവുമായി വേഗത്തിൽ നീങ്ങിക്കൊണ്ട്, ഞങ്ങളെ യാത്രയയ്ക്കാൻ വരണമെന്ന് അദ്ദേഹം ശഠിച്ചു. ആരുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയാണോ താൻ പൊരുതിയത് ആ ദേശത്തിന്‍റെ അവസ്ഥ താൻ ഇഷ്ടപ്പെടുന്നില്ലെന്ന് ഞങ്ങൾ അറിയണമെന്ന് അദ്ദേഹത്തിനുണ്ടായിരുന്നു. "രാജ്യത്തെ നയിക്കുന്ന ആരും സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്‍റെ പാരമ്പര്യം പേറുന്നില്ല. അവർ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ ശക്തികൾ - സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരത്തിൽ അവർ ഒരിക്കലും ഇല്ലായിരുന്നു. അവരിലൊരാൾ പോലും. തടഞ്ഞില്ലെങ്കിൽ അവർ ഈ രാജ്യം നശിപ്പിക്കും”, അദ്ദേഹം ദുഃഖിതനായി പറഞ്ഞു.
കൂടാതെ, അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: "പക്ഷെ എന്നെ വിശ്വസിക്കുക, ഈ ഭരണത്തിനുമേലും സൂര്യൻ അസ്തമിക്കും.”
ലേഖകന്‍റെ കുറിപ്പ്: ദി ട്രിബ്യൂണിൽ നിന്നുള്ള വിഷവ് ഭാരതിക്കും മഹാനായ വിപ്ലവകാരി ശഹീദ് ഭഗത് സിംഗിന്‍റെ ബന്ധുവായ പ്രൊഫ: ജഗ്മോഹൻ സിംഗിനും അവർ നൽകിയ വിവരങ്ങളുടെയും വിലയേറിയ സഹായങ്ങളുടെയും പേരിൽ ഞാൻ ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തുന്നു. കൂടാതെ അജ്മീർ സിദ്ദു നൽകിയ സഹായങ്ങൾക്കും വിവരങ്ങൾക്കുമായി അദ്ദേഹത്തിനും നന്ദി അറിയിക്കുന്നു.
പരിഭാഷ: റെന്നിമോന്‍ കെ. സി.