പറൈ ചെണ്ട മുഴങ്ങുന്നതോടെ റാലി ആരംഭിക്കുകയായി.
അറുപതോളം ആളുകളുടെ ഒരു കൂട്ടം "ജയ് ജയ് ജയ് ജയ് ഭീം, ജയ് അംബേദ്‌കർ ജയ് ഭീം" എന്ന മുദ്രാവാക്യം മുഴക്കുന്നു. എല്ലാ വർഷവും ഡിസംബർ 6-ന് ഡോ. ബി.ആർ. അംബേദ്ക്കറിന്റെ ചരമവാർഷികത്തിന് മുംബൈയിലെ ധാരാവിയിൽ നടക്കുന്ന മഹാപരിനിർവാൺ റാലിയാണ് ഇത്.
ആളുകൾ ഓരോരുത്തരായി തങ്ങളുടെ കൈയിലുള്ള മെഴുകുതിരി തെളിയിച്ച് ധാരാവിയിലെ പെരിയാർ ചൗക്കിൽ സമ്മേളിക്കുന്നതോടെ, മുംബൈ നഗരത്തിൽ സ്ഥിതി ചെയ്യുന്ന, ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ ചേരിയായ ധാരാവിയിലെ ഈ പ്രദേശം പൊടുന്നനെ സജീവമാകുന്നു. മഹാപരിനിർവാൺ ദിവസുമായി (ഡോക്ടർ ബി.ആർ അംബേദ്കറുടെ ചരമവാർഷികം) ബന്ധപ്പെട്ട ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് ജയ് ഭീം ഫൗണ്ടേഷനാണ്. രണ്ടുമണിക്കൂറോളം നീണ്ടുനിൽക്കുന്ന റാലി ഇ.വി രാമസ്വാമി (പെരിയാർ)ചൗക്കിൽനിന്ന് ആരംഭിച്ച് 1.5 കിലോമീറ്റർ അകലെയുള്ള, ഗണേശൻ കോവിലിലെ അംബേദ്‌കർ പ്രതിമയുടെ സമീപത്താണ് സമാപിക്കുക.
"ഇന്നത്തെ ദിവസം ഒരു ഉത്സവംപോലെയാണ് ഞങ്ങൾ കൊണ്ടാടുന്നത്. മുംബൈ നഗരമൊന്നാകെ ആഘോഷിക്കുന്ന ദിവസങ്ങളാണ് ഏപ്രിൽ 14-ഉം (അംബേദ്കറുടെ ജന്മദിനം) ഡിസംബർ 6-ഉം. മഹാനായ ആ നേതാവിനേയും ജാതിയുടെ പേരിൽ വിവേചനം നേരിടുന്നവർക്കുവേണ്ടി അദ്ദേഹം നടത്തിയ സംഭാവനകളേയും ഓർമ്മിക്കാനുള്ള അവസരണമാണത്," വെണ്ണില പറയുന്നു. ഭർത്താവ് സുരേഷ് കുമാർ രാജുവിന്റെ കൂടെ ഫൌണ്ടേഷന്റെ പ്രധാന അംഗമാണ് അവർ. "റാലി നടക്കുന്ന പാത മുഴുവൻ ഞങ്ങൾ നീലക്കൊടികൾകൊണ്ട് അലങ്കരിക്കുകയും ഓരോ വീട്ടിലും കയറി ആളുകളെ ഞങ്ങൾക്കൊപ്പം ചേരാൻ ക്ഷണിക്കുകയും ചെയ്തു."
അതിനുശേഷം അവർ പോയി അംബേക്കറിന്റെ പ്രതിമയിൽ - ധാരാവിലെ ഒരേയൊരു പ്രതിമയിൽ - മാല ചാർത്തി, പിന്നീട്, നേതാവിന്റെ സംഭാവനകൾ അനുസ്മരിച്ച് തമിഴ് ഗാനങ്ങൾ പാടുന്ന ഒരു സംഘത്തോടൊപ്പം ചേരുന്നു.
വടക്കൻ മുംബൈയിലെ ഒരു സ്ഥാപനത്തിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ് സുരേഷ്. 14 മണിക്കൂർ നീളുന്ന ഷിഫ്റ്റിൽ ജോലി ചെയ്യുന്ന ഈ 45-കാരന് മാസം 25,000 രൂപയാണ് ശമ്പളം. 41 വയസ്സുകാരിയായ വെണ്ണിലാ വീട്ടുജോലിക്കാരിയാണ്. ധാരവിയ്ക്ക് സമീപത്തുതന്നെയുള്ള ഒരു അപ്പാർട്മെന്റിൽ ദിവസേന ആറുമണിക്കൂർ പാചകവും ശുചീകരണവും നടത്തുന്ന അവർക്ക് ഈ ജോലിക്ക് മാസം 15,000 രൂപ ശമ്പളം ലഭിക്കും.
സുരേഷ്-വെണ്ണിലാ ദമ്പതിമാരുടെ രണ്ട് മക്കൾ -17 വയസ്സുകാരനായ കാർത്തിക്കും 12 വയസ്സുകാരനായ അരനും - നഗരത്തിലെ സ്വകാര്യ സ്കൂളുകളിൽ പഠിക്കുകയാണ്. "ദാദറിലെ ചൈത്യഭൂമിപോലെയുള്ള, നഗരത്തിന്റെ മറ്റ് ഭാഗങ്ങളിൽ നടക്കുന്ന ആഘോഷങ്ങളിൽ ഞങ്ങളും പങ്കെടുക്കാറുണ്ട്. കൂടുതലും പറയൻ (പറയർ എന്നും അറിയപ്പെടുന്നു) സമുദായത്തിൽനിന്നുള്ളവരാണ് അംബേദ്കറെ പിന്തുടരുകയും ധാരാവിയിലെ ആഘോഷങ്ങളിൽ പങ്കുചേരുകയും ചെയ്യുന്നത്," വെണ്ണിലാ പറയുന്നു.
യഥാർത്ഥത്തിൽ തമിഴ് നാട് സ്വദേശികളായ വെണ്ണിലായും സുരേഷും അവരുടെ സംസ്ഥാനത്ത് പട്ടികജാതിയായി കണക്കാക്കപ്പെടുന്ന പറയൻ സമുദായാംഗങ്ങളാണ്. "എന്റെ അച്ഛൻ 1965-ൽ ജോലി തേടി തിരുനെൽവേലിയിൽനിന്ന് ധാരാവിയിൽ വന്നതാണ്," വെണ്ണിലാ പറയുന്നു. ജലസേചനസൗകര്യങ്ങളുടെ അഭാവവും മറ്റ് പ്രശ്നങ്ങളും കാരണം കൃഷിയിൽനിന്ന് തക്കതായ വരുമാനം നേടാൻ കഴിയാതെവന്നപ്പോഴാണ് ഈ കുടുംബം മുംബൈയിലേക്ക് കുടിയേറിയത്.
സുരേഷ്-വെണ്ണില ദമ്പതികൾ, അവർ താമസിക്കുന്ന ധാരാവിയിലും ചുറ്റുവട്ടത്തുമുള്ള അംബേദ്കറൈറ്റുകളെ സംഘടിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. 2012-ൽ രാജ കുട്ടി രാജു, നിത്യാനന്ദ് പളനി, അനിൽ സാന്തിനി, മറ്റ് അംഗങ്ങൾ എന്നിവരോടൊപ്പം "അംബേദ്ക്കറേയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളേയും പറ്റി ആളുകൾക്കിടയിൽ അവബോധം സൃഷ്ടിക്കാൻ ഏപ്രിൽ 14-നും ഡിസംബർ 6-നും ധാരാവിയിൽ സംഘടിതമായ ആഘോഷപരിപാടികൾ തുടങ്ങി" എന്ന് സുരേഷ് പറയുന്നു.
ഡ്രൈവിംഗ് ജോലിയിൽ ഏർപ്പെടാത്ത സമയം സുരേഷ് ജയ് ഭീം ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്കായാണ് നീക്കിവെക്കുന്നത്. 2012-ൽ ഫൗണ്ടേഷനിൽ 20 അംഗങ്ങൾ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ 150 അംഗങ്ങൾ ഉണ്ടെന്ന് അദ്ദേഹം പറയുന്നു. "ഞങ്ങളുടെ അംഗങ്ങളിൽ മിക്കവരും കുടിയേറ്റക്കാരുമാണ്. ഡ്രൈവർമാരായും റയിൽവേയിലുമെല്ലാം ജോലി ചെയ്യുന്ന അവർ റാലികളിൽ ഞങ്ങൾക്കൊപ്പം ചേരുന്നു”, അദ്ദേഹം പറയുന്നു.
ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയായിരിക്കെയാണ് വെണ്ണില പഠനം ഉപേക്ഷിച്ച് ജോലിക്കിറങ്ങിയത്. പാചകക്കാരിയായും പിന്നീട് ഒരു ഓഫിസിലെ ജീവനക്കാരിയായും ജോലിചെയ്യുന്ന കാലത്താണ് ഇംഗ്ലീഷ് പഠിച്ചതെന്ന് അവർ പറയുന്നു. 2016-ൽ വെണ്ണിലയും പ്രദേശത്തെ മറ്റ് സ്ത്രീകളും ചേർന്ന് മഗിഴ്ചി മഗളിർ പേരവൈ എന്ന പേരിൽ ഒരു സ്വയംസഹായസംഘം രൂപവത്ക്കരിച്ചു. "ഞങ്ങൾ സ്ത്രീകൾക്ക് ഇവിടെ കാര്യമായ വിനോദോപാധികളൊന്നുമില്ല. അതുകൊണ്ട് സ്ത്രീകൾ മാത്രം അംഗങ്ങളായുള്ള ഈ കൂട്ടായ്മയിലൂടെ ഞങ്ങൾ പരിപാടികൾ നടത്തുകയും ഒരുമിച്ച് പുറത്തുപോയി സിനിമ കാണുകയും ചെയ്യുന്നു." ലോക്ക്ഡൗണിന്റെ സമയത്ത്, വെണ്ണിലയുടെ പരിചയക്കാരുടെ പിന്തുണയോടെ, ഈ സ്വയംസഹായസംഘം ധാരാവിയിലെ താമസക്കാർക്ക് ഭക്ഷണവും പലചരക്ക് സാധനങ്ങളും എത്തിച്ചുകൊടുക്കുകയും ചെറിയ തോതിൽ സാമ്പത്തികസഹായം നൽകുകയും ചെയ്തിരുന്നു.
'മഗിഴ്ചി' എന്നാൽ തമിഴിൽ സന്തോഷം എന്നാണ് അർഥമെന്ന് വെണ്ണില ചിരിച്ചുകൊണ്ട് പറയുന്നു. "സ്ത്രീകൾ എപ്പോഴും അടിച്ചമർത്തപ്പെട്ടവരും വീടിനകത്ത് വിഷാദം അനുഭവിക്കുന്നവരുമാണ്. പരസ്പരം സംസാരിക്കുന്നതിലൂടെ ഞങ്ങൾ എല്ലാവരും സന്തോഷം കണ്ടെത്തുന്ന ഒരു ഇടമാണിത്."
പരിഭാഷ: പ്രതിഭ ആർ.കെ .