എന്താണ് നമ്മുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും അനുഭവിക്കാന്‍ നമ്മളെ പ്രാപ്തമാക്കുന്നത് നിങ്ങള്‍ക്കറിയുമോ? അത് ഇന്ത്യന്‍ ഭരണഘടനയാണ്. റാംപ്യാരി കവാച്ചി തന്‍റെ സഞ്ചരിക്കുന്ന പുസ്തകശാല സന്ദർശിക്കുന്നയാളിനോട് ഇന്ത്യൻ ഭരണഘടനയേക്കുറിച്ച് വിവരിക്കുന്നത് ഇങ്ങനെയാണ്. ചത്തീസ്ഗഢിലെ ധംതരി ജില്ലയിലെ ഘോട്ഗാവ് ഗ്രാമത്തിലെ പ്രതിവാര ഹാട്ടിലുള്ള (ഗ്രാമചന്ത) തന്‍റെ കടയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഏറ്റവും തടിച്ച പുസ്തകമാണ് ഭരണഘടന). ധംതരിയിലെ നാഗ്രി ബ്ലോക്കിലെ അദ്ദേഹത്തിന്‍റെ ഗ്രാമമായ ജോരാഡബ്രി റൈയതിൽ നിന്നും 13 കിലോമീറ്റര്‍ മാറിയാണ് ചന്ത പ്രവര്‍ത്തിക്കുന്നത്.
എഴുതാനോ വായിക്കാനോ കഴിയാത്ത രാംപ്യാരി അന്നത്തെ ദിവസം തന്‍റെ കടയില്‍ എത്തുന്നവരോട് ഭരണഘടയുടെ പ്രാധാന്യം വിവരിക്കുകയായിരുന്നു. കടയില്‍ വരുന്നവരും അദ്ദേഹത്തെപ്പോലെ തന്നെ പ്രദേശത്തെ ആദിവാസി സമൂഹങ്ങളില്‍ നിന്നുള്ളവരായിരുന്നു. ഈ പുസ്തക കച്ചവടക്കാരന്‍ ഇന്ത്യന്‍ ഭരണഘടനയെ അവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതില്‍ വളരെ ഉത്സുകനായിരുന്നു.
ഇതാണ് എല്ലാവരും വീട്ടില്‍ സൂക്ഷിക്കേണ്ട “ഒരേയൊരു പവിത്ര ഗ്രന്ഥം”. അതിൽനിന്ന് നാം നമ്മുടെ അവകാശങ്ങളെയും കടമകളെയുംപറ്റി പഠിക്കേണ്ടതുണ്ട്. നിങ്ങൾക്കറിയാമോ നമ്മൾ ആദിവാസികൾക്കും ദളിതർക്കും സംവരണം (ഉപരിപഠനത്തിനും സർക്കാർ ഉദ്യോഗത്തിനും) ലഭിക്കുന്നത് ഇന്ത്യൻ ഭരണഘടനയും അതിലെ വ്യവസ്ഥകളും അതിന്‍റെ അഞ്ചാമത്തേയും ആറാമത്തെയും പട്ടികകളും {ഗോത്രവർഗ്ഗങ്ങളെ സംരക്ഷിക്കുന്നവ) കാരണമാണെന്ന്?” ഹാട്ടിൽ പച്ചക്കറികളും പലചരക്കുകളും മറ്റവശ്യവസ്തുക്കളും വാങ്ങുവാൻ വന്ന ഘോട്ഗാവിലെ ആളുകളോട് അദ്ദേഹം വിവരിച്ചു.
റാംപ്യാരി കവാച്ചിയെ കണ്ടാൽ 50 വയസ്സ് തോന്നിക്കും. ജനസംഖ്യയുടെ മൂന്നിലൊന്ന് ഭാഗവും പട്ടികവർഗക്കാരായ ഛത്തീസ്ഗഢിലെ ഏറ്റവും വലിയ ആദിവാസിസമൂഹമായ ഗോണ്ഡ് വർഗ്ഗത്തിലെ അംഗമാണ് റാംപ്യാരി. അദ്ദേഹം വിൽക്കുന്ന ഭൂരിഭാഗം പുസ്തകങ്ങളും - തീസ്‌രി ആസാദി കി സിംഹ്ഗർജ്ജന; ബിർസ മുണ്ട; സചിത്ര ജീവനി; ഭ്രഷ്ടാചാർ; ഹിന്ദു ആദിവാസി നഹീൻ ഹൈ – ഹിന്ദി ഭാഷയിലുള്ളവയാണ്. എന്നിരുന്നാലും അദ്ദേഹം കുറച്ച് പുസ്തകങ്ങൾ ഗോണ്ഡിഭാഷയിലും മറ്റുചിലത് ഇംഗ്ലീഷിലും ശേഖരിക്കാറുണ്ട്. ആരെങ്കിലും ഒരു പുസ്തകത്തലക്കെട്ട് തെരഞ്ഞെടുത്താൽ റാംപ്യാരി അതിന്‍റെ ഉള്ളടക്കം അവരോട് വിവരിക്കും. മിക്കപ്പോഴും അതൊരു പുസ്തകനിരൂപണ ശൈലിയിലായിരിക്കും .







