ദേശീയപാത 30ലൂടെ ഛത്തിസ്ഗഢിന്റെ തലസ്ഥാനമായ റായ്‌പൂരിൽനിന്നും ബസ്‌തർ ജില്ലയുടെ ആസ്ഥാനമായ ജഗ്ദൽപൂരിലേക്കുപോകാം. ഈ പാതയിലുള്ള കാങ്കർ ജില്ലയിലാണ് ചാരാമ എന്ന ചെറുപട്ടണം. ചാരാമ എത്തുന്നതിനു തൊട്ടുമുൻപ് ഒരു ചെറിയ ചുരം ഉണ്ട്. കുറച്ച് ആഴ്ചകൾ മുൻപ് ഈ ചുരത്തിലൂടെ യാത്രചെയ്യുമ്പോൾ, 10-15 ഗ്രാമീണർ, മിക്കവരും സ്ത്രീകൾ, അടുത്തുള്ള വനത്തിൽനിന്നും വിറകുകൾ ശിരസ്സിലേറി വരുന്നത് ഞാൻ കണ്ടു.
അവരെല്ലാവരും തന്നെ പ്രധാനപാതയിൽനിന്നും അധികം ദൂരത്തല്ലാത്ത രണ്ടു ഗ്രാമങ്ങളിൽനിന്നായിരുന്നു - കാങ്കർ ജില്ലയിലെ കോച്വഹിയും ബലോഡ് ജില്ലയിലെ മചന്ദറും. അവരിൽ മിക്കവരും ചെറുകിട കർഷകരായോ അല്ലെങ്കിൽ കൃഷിപ്പണിക്കാരായോ ജോലിചെയ്യുന്ന ഗോണ്ട് ആദിവാസികളായിരുന്നു.
ആ സംഘത്തിലെ ചില പുരുഷന്മാർ സൈക്കിളുകളിൽ വിറകുകെട്ടിവച്ചിരുന്നു. എന്നാൽ ഒരാൾ ഒഴികെ എല്ലാ വനിതകളും വിറകുകൾ അവരവരുടെ ശിരസ്സുകളിൽ ചുമക്കുകയായിരുന്നു. ഞാൻ അവരോടു സംസാരിച്ചപ്പോൾ അവർ പറഞ്ഞു മിക്കവാറും ഞായറാഴ്ചകളിലും ചൊവ്വാഴ്ചകളിലും അവർ വീട്ടിൽനിന്ന് വെളുപ്പിന് പുറപ്പെട്ട് വീട്ടാവശ്യത്തിനുള്ള വിറകുകൾ ശേഖരിച്ച് പകൽ ഒരു 9 മണിയോടെ തിരിച്ചെത്തും.
പക്ഷെ എല്ലാവരും വീട്ടാവശ്യത്തിന് വേണ്ടിമാത്രമല്ല വിറകുകൾ ശേഖരിച്ചിരുന്നതെന്ന് എനിക്കു തോന്നുന്നു. അവരിൽ ചിലരെങ്കിലും ശേഖരിച്ച വിറകുകൾ ചന്തയിലേക്ക് കൊണ്ടുപോകുകയായിരുന്നു. പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങൾ - ഇവിടെ ഇത്തരക്കാർ ധാരാളം ഉണ്ട് - വിറക് വിറ്റാണ് കുറച്ചു രൂപ ഉണ്ടാക്കുന്നത് . ഈ അശാന്തമായ പ്രദേശത്തെ ജനതയുടെ ഉപജീവനത്തിന്റെ ഒരു ദുർബലമായ മാർഗ്ഗമാണ് അത്.