ഗ്രാമീണ സ്ത്രീകള്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരുപാട് തരത്തിലുള്ള ജോലികള്‍ ചിത്രീകരിച്ചിട്ടുള്ള ദൃശ്യമായ ജോലി, അദൃശ്യരായ സ്ത്രീകള്‍, ഒരു ചിത്ര പ്രദര്‍ശനം എന്ന പ്രദര്‍ശനത്തിന്‍റെ ഭാഗമാണ് ഈ പാനല്‍. ഈ ചിത്രങ്ങള്‍ മുഴുവന്‍ 1993 മുതല്‍ 2002 വരെയുള്ള കാലഘട്ടത്തില്‍ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും പി. സായ്‌നാഥ് എടുത്തതാണ്. നിരവധി വര്‍ഷങ്ങളോളം രാജ്യത്തിന്‍റെ മിക്കഭാഗത്തും പര്യടനം നടത്തിയ യഥാര്‍ത്ഥ പ്രദര്‍ശനത്തെ പാരി ഇവിടെ ക്രിയാത്മകമായി ഡിജിറ്റൈസ് ചെയ്തിരിക്കുന്നു.
വീട്, വീണ്ടും വീട്...
യഥാർത്ഥത്തിൽ അവർ നേരത്തെതന്നെ പാചകം കഴിഞ്ഞിരുന്നു. കരിപ്പുകട്ടി (കരിമ്പനയിൽ നിന്നുണ്ടാക്കുന്ന ശർക്കര) സംസ്കരിച്ച് ഉപജീവനത്തിനായി വിൽക്കുന്ന തമിഴ്‌നാട്ടിലെ ഒരു കുടുംബത്തിൽ നിന്നുള്ള വ്യക്തിയാണവർ. അവർ ഇളക്കിക്കൊണ്ടിരിക്കുന്ന വലിയ പാത്രത്തിലെ സാധനം അതാണ്. അവരുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഒരു അബദ്ധം കുടുംബത്തിന്‍റെ അടുത്ത കുറച്ചു ദിവസങ്ങളിലെ വരുമാനത്തെ ബാധിച്ചേക്കാം.
കുറച്ചുസമയം എടുക്കുന്ന ഒരു പണിയാണിത്. പാചകവും അങ്ങനെയായിരുന്നു. പുകപടലങ്ങൾ ശ്വസിച്ച് ഒന്നല്ലെങ്കിൽ മറ്റൊരു പണി ചെയ്ത് ഒരു ദിവസം ഒരുപാട് സമയം അവർ ചിലവഴിക്കണം. ഇത് ഒരു സ്ത്രീയെന്ന നിലയിൽ അവർക്കായി നീക്കി വച്ചിരിക്കുന്ന എല്ലാ പണികൾക്കും പുറമെയാണ്. ഈയൊരു ഉത്തരവാദിത്തം വളരെ ചെറുപ്പത്തിൽ തന്നെ അടിച്ചേൽപ്പിച്ചതിനാൽ അവർ (തന്നെപ്പോലുള്ള ദശലക്ഷക്കണക്കിന് മറ്റുള്ളവരെപ്പോലെ) വളരെ നേരത്തെ പഠനം നിർത്തി.









