ഗ്രാമീണ സ്ത്രീകള്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരുപാട് തരത്തിലുള്ള ജോലികള്‍ ചിത്രീകരിച്ചിട്ടുള്ള ദൃശ്യമായ ജോലി, അദൃശ്യരായ സ്ത്രീകള്‍, ഒരു ചിത്ര പ്രദര്‍ശനം എന്ന പ്രദര്‍ശനത്തിന്‍റെ ഭാഗമാണ് ഈ പാനല്‍. ഈ ചിത്രങ്ങള്‍ മുഴുവന്‍ 1993 മുതല്‍ 2002 വരെയുള്ള കാലഘട്ടത്തില്‍ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും പി. സായ്‌നാഥ് എടുത്തതാണ്. നിരവധി വര്‍ഷങ്ങളോളം രാജ്യത്തിന്‍റെ മിക്കഭാഗത്തും പര്യടനം നടത്തിയ യഥാര്‍ത്ഥ പ്രദര്‍ശനത്തെ പാരി ഇവിടെ ക്രിയാത്മകമായി ഡിജിറ്റൈസ് ചെയ്തിരിക്കുന്നു.
മണ്ണും അമ്മമാരും ‘പുരുഷന്മാരുടെ സമയവും’
വിജയനഗരത്തിലെ ഭൂരഹിത തൊഴിലാളികളുമായുള്ള കൂടിക്കാഴ്ച രാവിലെ 7 മണിക്ക് തൊട്ടുമുൻപാണ് ഉറപ്പിച്ചിരുന്നത്. അന്നത്തെ ദിവസം മുഴുവൻ അവരുടെ തൊഴിലിനെ അറിയുക എന്നതായിരുന്നു ഉദ്ദേശ്യം. എന്നിരിക്കിലും ഞങ്ങൾ വൈകി. ആ സമയം കൊണ്ട് സ്ത്രീകൾ 3 മണിക്കൂർ പിന്നിട്ടിരുന്നു. പനകൾക്കിടയിലൂടെ പാടത്തേക്ക് വരുന്നവരെപ്പോലെ. അല്ലെങ്കിൽ മണ്‍കുഴിയില്‍ നിന്നും ചെളി നീക്കം ചെയ്തുകൊണ്ടിരുന്ന അവരുടെ സുഹൃത്തുക്കളെപ്പോലെ.
മിക്കവരും പാചകവും പാത്രങ്ങളും തുണികളും കഴുകുന്നതും മറ്റ് പണികളുമൊക്കെ തീർത്തിരുന്നു. സ്ക്കൂളിലയയ്ക്കാനായി അവർ കുട്ടികളെ തയ്യാറാക്കിയിരുന്നു. കുടുംബത്തിലെ എല്ലാവരേയും ഭക്ഷണവും കഴിപ്പിച്ചിരുന്നു. പക്ഷെ സ്ത്രീകൾ കഴിക്കുന്നത് അവസാനം തന്നെ. പുരുഷന്മാരേക്കാൾ കുറഞ്ഞ കൂലിയാണ് സ്ത്രീകൾക്ക് കൊടുക്കുന്നതെന്ന് സർക്കാരിന്‍റെ തൊഴിലുറപ്പ് സൈറ്റിൽ നിന്നും വ്യക്തമാണ്.
കുറഞ്ഞ വേതന നിയമം ഇവിടെ പുരുഷന്മാരുടെയും സ്ത്രീകളുടെയും കാര്യത്തിൽ ലംഘിക്കപ്പെടുന്നു എന്നതും ഉറപ്പാണ്. കേരളത്തിന്‍റെയും പശ്ചിമ ബംഗാളിന്‍റെയും കാര്യം ഒഴിച്ചു നിർത്തിയാൽ രാജ്യത്തിന്‍റെ മിക്കയിടത്തും ഇങ്ങനെ തന്നെയാണ്. എന്നിരിക്കിലും സ്ത്രീ തൊഴിലാളികൾക്ക് പുരുഷന്മാർക്ക് കിട്ടുന്നതിന്‍റെ പകുതിയോ മൂന്നിൽ രണ്ടോ ആണ് എല്ലായിടത്തും ലഭിക്കുക.







