ഗ്രാമീണ സ്ത്രീകള്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരുപാട് തരത്തിലുള്ള ജോലികള്‍ ചിത്രീകരിച്ചിട്ടുള്ള ദൃശ്യമായ ജോലി, അദൃശ്യരായ സ്ത്രീകള്‍, ഒരു ചിത്ര പ്രദര്‍ശനം എന്ന പ്രദര്‍ശനത്തിന്‍റെ ഭാഗമാണ് ഈ പാനല്‍. ഈ ചിത്രങ്ങള്‍ മുഴുവന്‍ 1993 മുതല്‍ 2002 വരെയുള്ള കാലഘട്ടത്തില്‍ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും പി. സായ്‌നാഥ് എടുത്തതാണ്. നിരവധി വര്‍ഷങ്ങളോളം രാജ്യത്തിന്‍റെ മിക്കഭാഗത്തും പര്യടനം നടത്തിയ യഥാര്‍ത്ഥ പ്രദര്‍ശനത്തെ പാരി ഇവിടെ ക്രിയാത്മകമായി ഡിജിറ്റൈസ് ചെയ്തിരിക്കുന്നു.
ദൃശ്യമായ ജോലി, അദൃശ്യരായ സ്ത്രീകൾ
അവര്‍ മലഞ്ചരിവിലേക്ക് വരികയായിരുന്നു. വലിയ ചുമട് അവരുടെ മുഖം മറച്ചിരുന്നു. ദൃശ്യമായ ജോലി, അദൃശ്യയായ സ്ത്രീ. ഒഡീഷയിലെ മാല്‍കാൻഗിരിയിലെ ഈ ഭൂരഹിത വ്യക്തിക്ക് ഇത് അദ്ധ്വാനത്തിന്‍റെ അടുത്ത ദിവസം മാത്രം. വെള്ളവും വിറകും കാലിത്തീറ്റയും ശേഖരിക്കുക. ഒരു സ്ത്രീയുടെ ജീവിതത്തിന്‍റെ മൂന്നിലൊന്ന് വേണ്ടിവരുന്ന മൂന്ന് ജോലികൾ. രാജ്യത്തിന്‍റെ വിവിധ മേഖലകളിൽ 7 മണിക്കൂറുകൾ വരെ കുടുംബത്തിനുവേണ്ടി വെള്ളവും വിറകും ശേഖരിക്കാനായി സ്ത്രീകൾ ചിലവഴിക്കുന്നു. കാലിത്തീറ്റ ശേഖരിക്കുന്നതിനും സമയമെടുക്കും. ഇവ മൂന്നും ശേഖരിക്കുന്നതിനായി ഗ്രാമീണ ഇന്ത്യയിലെ ദശലക്ഷക്കണക്കിന് സ്ത്രീകൾ ഓരോ ദിവസവും കിലോമീറ്ററുകളോളം നടക്കുന്നു.
ചുമടുകൾക്ക് വലിയ ഭാരമാണ്. മാല്‍കാൻഗിരിയുടെ ചരിവിലൂടെ നടക്കുന്ന ആദിവാസി സ്ത്രീയുടെ തലയിൽ ഏകദേശം 30 കിലോ വിറകുണ്ട്. ഇനിയും അവർക്ക് മൂന്ന് കിലോമീറ്ററുകൾ പോകാനുണ്ട്. ഒരുപാട് സ്ത്രീകൾ വീട്ടിലേക്ക് വെള്ളം കൊണ്ടുവരാൻ വലിയദൂരം ഇതേരീതിയിൽ നടന്നു ബുദ്ധിമുടുന്നു.






