ഗ്രാമീണ സ്ത്രീകള്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരുപാട് തരത്തിലുള്ള ജോലികള്‍ ചിത്രീകരിച്ചിട്ടുള്ള ദൃശ്യമായ ജോലി, അദൃശ്യരായ സ്ത്രീകള്‍, ഒരു ചിത്ര പ്രദര്‍ശനം എന്ന പ്രദര്‍ശനത്തിന്റെ ഭാഗമാണ് ഈ പാനല്‍. ഈ ചിത്രങ്ങള്‍ മുഴുവന്‍ 1993 മുതല്‍ 2002 വരെയുള്ള കാലഘട്ടത്തില്‍ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും പി. സായ്നാഥ് എടുത്തതാണ്. നിരവധി വര്‍ഷങ്ങളോളം രാജ്യത്തിന്റെ മിക്കഭാഗത്തും പര്യടനം നടത്തിയ യഥാര്‍ത്ഥ പ്രദര്‍ശനത്തെ പാരി ഇവിടെ ക്രിയാത്മകമായി ഡിജിറ്റൈസ് ചെയ്തിരിക്കുന്നു.
ചന്തയിലേക്ക്, ചന്തയിലേക്ക്...
മുളകളുടെ ഉയരം അവയിവിടെയെത്തിച്ച സ്ത്രീളുടെ ഏതാണ്ട് മൂന്നിരട്ടിയാണ്. ഓരോ സ്ത്രീയും ഝാർഖണ്ഡിലെ ഗൊഡ്ഡയിലെ ഈ പ്രതിവാര ഹാട്ടിലേക്ക് (ഗ്രാമ ചന്ത) ഒന്നോ അതിലധികമോ ചുമട് എത്തിച്ചിട്ടുണ്ട്. ചിലർ മുളകൾ തലയിലോ തോളിലോ ചുമന്ന് 12 കിലോമീറ്ററിലധികം നടന്നാണ് ഇവിടെത്തിയത്. അതിനുമുൻപ് മുളകൾ മുറിച്ചുകൊണ്ട് മണിക്കൂറുകളോളം കാട്ടിൽ അവർ ചിലവഴിച്ചിട്ടുണ്ടെന്നത് തീർച്ചയാണ്.
ഈ ശ്രമങ്ങൾക്കെല്ലാം ശേഷം ദിനാന്ത്യത്തിൽ 20 രൂപയുണ്ടാക്കാനായിരിക്കും അവർക്ക് ഭാഗ്യം കിട്ടുക. ഗൊഡ്ഡയിൽ തന്നെയുള്ള മറ്റൊരു ഹാട്ടിലേക്ക് നീങ്ങുന്നവർക്ക് കുറച്ചുകൂടി കുറവാരിക്കും ലഭിക്കുക. തലയിൽ ഉയരത്തിൽ ഇലകളുടെ കെട്ടുകളുമായി എത്തുന്ന സ്ത്രീകൾ അവയൊക്കെ തുന്നിച്ചേർക്കുന്നു. ശേഷം വളരെ മികച്ച താത്കാലിക ഭക്ഷണ ‘പാത്രങ്ങൾ’ ഉണ്ടാക്കുന്നു. ചായക്കടകളും ഹോട്ടലുകളും കാന്റീനുകളും ഇവ നൂറുകണക്കിന് വാങ്ങുന്നു. സ്ത്രീകൾക്ക് 15-20 രൂപ ലഭിക്കും. അടുത്തദിവസം റെയിൽവേ സ്റ്റേഷനുകളിൽ നിന്നും അവയിൽ ഭക്ഷണം കഴിക്കുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും അവയെങ്ങനെ അവിടെത്തിയെന്ന്.









