ഗ്രാമീണ സ്ത്രീകള്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരുപാട് തരത്തിലുള്ള ജോലികള്‍ ചിത്രീകരിച്ചിട്ടുള്ള ദൃശ്യമായ ജോലി, അദൃശ്യരായ സ്ത്രീകള്‍, ഒരു ചിത്ര പ്രദര്‍ശനം എന്ന പ്രദര്‍ശനത്തിന്‍റെ ഭാഗമാണ് ഈ പാനല്‍. ഈ ചിത്രങ്ങള്‍ മുഴുവന്‍ 1993 മുതല്‍ 2002 വരെയുള്ള കാലഘട്ടത്തില്‍ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും പി. സായ്‌നാഥ് എടുത്തതാണ്. നിരവധി വര്‍ഷങ്ങളോളം രാജ്യത്തിന്‍റെ മിക്കഭാഗത്തും പര്യടനം നടത്തിയ യഥാര്‍ത്ഥ പ്രദര്‍ശനത്തെ പാരി ഇവിടെ ക്രിയാത്മകമായി ഡിജിറ്റൈസ് ചെയ്തിരിക്കുന്നു.
കാലിവളർത്തൽ രംഗത്ത് ...
ബീഹാറിൽ ചാണക ചുരുളികൾ ഉണ്ടാക്കുന്ന സ്ത്രീകൾ ദേശീയ സമ്പദ്‌വ്യവസ്ഥയ്ക്ക് അത്ഭുതകരമായ സംഭാവനയാണ് നൽകുന്നത്. എന്നിരിക്കിലും നമ്മുടെ ജി.ഡി.പിയുടെ ഭാഗമായി ചാണകത്തെ പരിഗണിക്കുന്നില്ല. പശുവിൻ ചാണകം ഇന്ധനമായി ഉപയോഗിക്കുന്ന ദശലക്ഷക്കണക്കിന് കുടുംബങ്ങൾ ഫോസിൽ ഇന്ധനത്തിലേക്ക് മാറിയാൽ അതൊരു ദുരന്തത്തിൽ കലാശിക്കും. പെട്രോളിയത്തിനും അതിന്‍റെ ഉൽപന്നങ്ങൾക്കും വേണ്ടിയാണ് മറ്റേതൊരു ഇനത്തേക്കാളും കൂടുതലായി ഇന്ത്യ വിദേശനാണ്യം ചിലവഴിക്കുന്നത്. 1999-2000-ൽ അത് 47,421 കോടി രൂപയായിരുന്നു.
ഇത് ഭക്ഷണം, ഭക്ഷ്യ എണ്ണ, മരുന്നുകൾ, ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങൾ, രാസവസ്തുക്കൾ, ഇരുമ്പ്, ഉരുക്ക് എന്നിവയൊക്കെ ഇറക്കുമതിക്കായി ചിലവാക്കുന്ന വിദേശനാണ്യത്തിന്‍റെ മൂന്നിരട്ടിയിലധികം വരും. പെട്രോളിയത്തിന്‍റെയും അതിന്‍റെ ഉൽപന്നങ്ങളുടെയും മേൽ ചിലവഴിക്കുന്നത് നമ്മുടെ ആകെ ഇറക്കുമതി ബില്ലിന്‍റെ നാലിലൊന്ന് വരും.
നമ്മൾ ഇറക്കുമതി ചെയ്യുന്ന വളത്തിന് ചിലവാക്കുന്ന വിദേശനാണ്യത്തിന്‍റെ (1.4 ബില്യൺ ഡോളർ) എട്ടിരട്ടിയോളം വരുമിത്. വിളകൾക്കുവേണ്ടി ദശലക്ഷക്കണക്കിനാളുകൾ ഉപയോഗിക്കുന്ന പ്രധാന ജൈവവളമാണ് ചാണകം. അതുകൊണ്ട് ആ വകയിൽ ചിലവാകാവുന്ന എത്രയെന്ന് പറയാത്ത ഒരു തുക ഈ വകയിൽ കുറയുന്നു. ചാണകം കീടങ്ങളെ തുരത്തുന്നതിനുപയോഗിക്കുന്നു. കൂടാതെ വേറെയും ഉപയോഗങ്ങളുണ്ട്. നിങ്ങൾക്കിഷ്ടമുള്ള രീതിയിൽ ഇത് മുറിക്കാം. രാജ്യത്ത് ചാണകം ശേഖരിക്കുന്ന സ്ത്രീകൾ ദശലക്ഷക്കണക്കിന് ഡോളറുകളാണ്, ഒരുപക്ഷെ ബില്യൺ (ശതകോടി) കണക്കിന് ഡോളറുകൾ, ഇന്ത്യക്ക് എല്ലാ വർഷവും നേടിക്കൊടുക്കുന്നത്. ചാണകം ഓഹരിവിപണിയിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്തതുകൊണ്ട്, അല്ലെങ്കിൽ അവ ശേഖരിക്കുന്ന സ്ത്രീകളുടെ ജീവിതം മുഖ്യധാര സാമ്പത്തികശാസ്ത്രജ്ഞർ കാര്യമായി ശ്രദ്ധിക്കാത്തത് കൊണ്ടോ അതേക്കുറിച്ച് അവർക്ക് അറിയാത്തതുകൊണ്ടോ, ഇതിനെ മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല. അത്തരം തൊഴിലിനെ അവർ കാണുകയോ പരിഗണിക്കുകയോ ചെയ്യുന്നില്ല.




