ഗ്രാമീണ സ്ത്രീകള്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരുപാട് തരത്തിലുള്ള ജോലികള്‍ ചിത്രീകരിച്ചിട്ടുള്ള ദൃശ്യമായ ജോലി, അദൃശ്യരായ സ്ത്രീകള്‍, ഒരു ചിത്ര പ്രദര്‍ശനം എന്ന പ്രദര്‍ശനത്തിന്‍റെ ഭാഗമാണ് ഈ പാനല്‍. ഈ ചിത്രങ്ങള്‍ മുഴുവന്‍ 1993 മുതല്‍ 2002 വരെയുള്ള കാലഘട്ടത്തില്‍ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും പി. സായ്‌നാഥ് എടുത്തതാണ്. നിരവധി വര്‍ഷങ്ങളോളം രാജ്യത്തിന്‍റെ മിക്കഭാഗത്തും പര്യടനം നടത്തിയ യഥാര്‍ത്ഥ പ്രദര്‍ശനത്തെ പാരി ഇവിടെ ക്രിയാത്മകമായി ഡിജിറ്റൈസ് ചെയ്തിരിക്കുന്നു.
ഉപജീവന മാർഗ്ഗങ്ങൾ
അതിരാവിലെ 4:30-ന് അവർ ഉണർന്നതാണ്. ഒരു മണിക്കൂറിനു ശേഷം ഛത്തീസ്‌ഗഢിലെ സർജുഗ വനത്തിൽ തേന്ദു ഇലകൾ പറിക്കാൻ പോയി. ഈ സമയത്ത് അവരെപ്പോലുള്ള ആയിരക്കണക്കിന് ആദിവാസികൾ സംസ്ഥാനത്തുടനീളം ഇതു തന്നെയാണ് ചെയ്യുന്നത്. എല്ലാ കുടുംബങ്ങളും യൂണിറ്റുകളായി ജോലി ചെയ്ത് ബീഡി ഉണ്ടാക്കാനുപയോഗിക്കുന്ന ഇലകൾ പറിക്കുന്നു.
നല്ലൊരു ദിവസം അവരുടെ ആറംഗ കുടുംബം 90 രൂപവരെ ഉണ്ടാക്കുന്നു. തേന്ദു സീസണിലെ ഏറ്റവും മികച്ച രണ്ടാഴ്ചകൾ കൊണ്ട് അടുത്ത മൂന്ന് മാസങ്ങൾ കൊണ്ടുണ്ടാക്കുന്നതിലധികം വരുമാനം അവർക്ക് ഉണ്ടാക്കാൻ കഴിയും. അതുകൊണ്ട് സീസൺ അവസാനിക്കുന്നതുവരെ അവർ അതിനെ പരമാവധി ഉപയോഗിക്കാൻ ശ്രമിക്കുന്നു. എന്നാൽ ആറാഴ്ചകൾക്കുള്ളിൽ അവർക്ക് പുതിയൊരു അതിജീവനതന്ത്രം ആവശ്യമായിവരും. ഇപ്പോൾ ഈ പ്രദേശത്തെ ഏതാണ്ടെല്ലാ കുടുംബങ്ങളും വനത്തിനു പുറത്താണ്. ആദിവാസി സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒന്നാണ് തേന്ദു.






