സാന്തൊ താന്തി ഒരു ആദിവാസിയാണ് - പക്ഷെ അദ്ദേഹത്തെ നിങ്ങള്‍ക്ക് ആ വിഭാഗത്തിലെ ഏതെങ്കിലുമൊരു പ്രത്യേക ഗോത്രത്തിലേക്ക് ഒതുക്കാന്‍ കഴിയില്ല. ഒരുപക്ഷെ ഒന്നരനൂറ്റാണ്ടായി ഒഡിഷ, പശ്ചിമ ബംഗാള്‍, ബീഹാര്‍, ഝാര്‍ഖണ്ഡ്, തെലങ്കാന, മദ്ധ്യപ്രദേശ്, ഛത്തീസ്‌ഗഢ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍നിന്നും കുടിയേറ്റത്തൊഴിലാളികളായി എത്തിയിട്ടുള്ള ആദിവാസികളാണ് ആസാമിലെ തേയിലത്തോട്ടങ്ങളിലുള്ളത്. ഈ വിഭാങ്ങളുടെ നിരവധി പിന്മുറക്കാര്‍ ആദിവാസി സമൂഹങ്ങളുമായും മറ്റു സാമൂഹ്യ വിഭാഗങ്ങളുമായും കൂടിക്കലര്‍ന്നിരിക്കുന്നു. ഈ സമുദായങ്ങളെ മൊത്തത്തില്‍ചേര്‍ത്ത് ‘തേയില ഗോത്രങ്ങള്‍’ (Tea Tribes) എന്നാണ് പലപ്പോഴും വിളിക്കുക.
അവരില്‍ 6 ദശലക്ഷത്തിലധികം ആളുകള്‍ ആസാമില്‍ ജീവിക്കുന്നു. തങ്ങളുടെ യഥാര്‍ത്ഥ സംസ്ഥാനങ്ങളില്‍ പട്ടിക വര്‍ഗ്ഗങ്ങളായി അംഗീകാരമുള്ള ഇവര്‍ക്ക് ഇവിടെ പ്രസ്തുതപദവി നിഷേധിക്കുന്നു. അവരില്‍ ഏകദേശം 12 ലക്ഷത്തോളം ആളുകള്‍ സംസ്ഥാനത്തെ ആയിരത്തോളം തേയിലത്തോട്ടങ്ങളില്‍ പണിയെടുക്കുന്നു.
ദൈനംദിന ജീവിത വൈഷമ്യങ്ങളും കഠിനമായ തൊഴിലും അവരില്‍ നിരവധിപേരുടെയും അഭിലാഷങ്ങളെ തകര്‍ക്കുന്നതായി കാണുന്നു. പക്ഷെ സാന്തൊയുടെ കാര്യം അങ്ങനല്ല. അദ്ദേഹം തന്‍റെ ചുറ്റുംകാണുന്ന കഷ്ടതകളെ പ്രതിഫലിപ്പിക്കുന്ന ഝുമുര്‍ ഗാനങ്ങള്‍ പാടുന്നു. വെയിലത്തും മഴയത്തും തേയിലത്തോട്ടങ്ങളില്‍ പണിയെടുക്കുന്ന ആളുകളെക്കുറിച്ചും, ഉന്മേഷദായകമായ ഓരോ കപ്പ് ചായയ്ക്കും പിന്നിലുള്ള കഠിനാദ്ധ്വാനത്തേക്കുറിച്ചും അദ്ദേഹം പാടുന്നു.