“ഹൈദരബാദിലേക്ക് കുടിയേറിയപ്പോൾ കൈയ്യിൽ കിട്ടുന്ന എല്ലാ പണിയും ഞങ്ങൾ ഏറ്റെടുത്തിരുന്നു. മകൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാൻ ആവശ്യമായ പൈസ സമ്പാദിക്കണമെന്ന് ആഗ്രഹിച്ചിരുന്നു”, ഗുഡ്‌ല മങ്കമ്മ പറയുന്നു. അവരും ഭർത്താവ് ഗുഡ്‌ല കോട്ടയ്യയും 2000-ലാണ് തെലങ്കാനയിലെ മഹ്ബുബ്നഗർ ജില്ലയിലെ അവരുടെ ഗ്രാമം ഉപേക്ഷിച്ച് തലസ്ഥാനമായ ഹൈദരബാദിലെത്തിയത്. ആദ്യത്തെ കുട്ടി, കല്പന ജനിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു അത്.
എന്നാൽ നഗരം അവരോട് ദയാരഹിതമായിട്ടാണ് പെരുമാറിയത്. ഒരു പണിയും കിട്ടാതായപ്പോൾ തോട്ടിപ്പണിയെടുക്കാൻ കോട്ടയ്യ നിർബന്ധിതനായി. ഓവുചാലുകൾ വൃത്തിയാക്കുന്ന പണി ചെയ്യാൻ തുടങ്ങി അയാൾ.
തെലങ്കാനയിലെ മറ്റ് പിന്നാക്കവിഭാഗത്തിൽപ്പെട്ട ചക്ക്ലി സമുദായക്കാരനായ അയാളുടെ പരമ്പരാഗത തൊഴിലായ തുണിയലക്കിന് ഹൈദരബാദിൽ ആവശ്യക്കാരില്ലായിരുന്നു. “ഞങ്ങളുടെ പൂർവ്വികർ തുണിയലക്കലും ഇസ്ത്രിയിടലുമായി ജീവിച്ചു. എന്നാൽ ഇന്ന് ഞങ്ങൾക്ക് ആവശ്യത്തിനുള്ള പണിയില്ല. എല്ലാവർക്കും വീട്ടിൽ വാഷിംഗ് മെഷീനും ഇസ്ത്രിപ്പെട്ടിയുമുണ്ട്”, ജോലി കിട്ടാതിരുന്നതിനുള്ള കാരണം മങ്കമ്മ വിശദീകരിച്ചു.
നിർമ്മാണസ്ഥലങ്ങളിൽ ദിവസക്കൂലിക്കും കോട്ടയ്യ ശ്രമിച്ചിരുന്നു. “നിർമ്മാണ സൈറ്റുകളൊക്കെ വീട്ടിൽനിന്ന് ദൂരത്തായിരുന്നതിനാൽ, അവിടേക്ക് യാത്ര ചെയ്യാനും പൈസ കൊടുക്കണമായിരുന്നു. അതുകൊണ്ടാണ്, തൊട്ടടുത്ത് ലഭ്യമായ തോട്ടിപ്പണി ചെയ്യാമെന്ന് കരുതിയത്”, മങ്കമ്മ പറയുന്നു. ആഴ്ചയിൽ മൂന്ന് ദിവസം അയാൾ ആ ജോലി ചെയ്തിരുന്നു എന്ന് അവർ സൂചിപ്പിച്ചു. ദിവസത്തിൽ 250 രൂപ അതിൽനിന്ന് സമ്പാദിക്കാൻ സാധിച്ചിരുന്നു അയാൾക്ക്.
2016 മേയ് മാസത്തെ ആ പ്രഭാതം മങ്കമ്മയ്ക്ക് ഓർമ്മയുണ്ട്. രാവിലെ 11 മണിക്കാണ് കോട്ടയ്യ വീട്ടിൽനിന്ന് പോയത്. ഒരു അഴുക്കുചാൽ വൃത്തിയാക്കാനുണ്ടെന്നും, തിരിച്ചുവരുമ്പോൾ വീട്ടിൽ കയറുന്നതിനുമുൻപ് കുളിക്കാനായി ഒരു ബക്കറ്റ് വെള്ളം കരുതിവെക്കാനും ഭാര്യയോട് അയാൾ പറഞ്ഞേൽപ്പിച്ചിരുന്നു. “എന്റെ ഭർത്താവ് മുനിസിപ്പാലിറ്റിയുടെ ശുചീകരണത്തൊഴിലാളിയായിരുന്നില്ല. പൈസയ്ക്ക് വേണ്ടി ചെയ്തിരുന്നതാണ് ആ പണി”, മങ്കമ്മ പറഞ്ഞു.














