കോവിഡ്-19-ന്‍റെ രണ്ടാംതരംഗം ഈ വര്‍ഷം ഉസ്മാനാബാദ് ജില്ലയില്‍ എത്തിയപ്പോള്‍ അത് വെറുതെ വാതിലില്‍ മുട്ടുകയായിരുന്നില്ല –തള്ളിക്കയറുകയായിരുന്നു. തുല്‍ജാപൂര്‍ തഹ്സീലില്‍ പ്രതിസന്ധിയെ ത്വരിതപ്പെടുത്തിക്കൊണ്ട് തുല്‍ജ ഭവാനി ക്ഷേത്രവും വലിച്ചിഴയ്ക്കപ്പെട്ടു.
കോവിഡ്-19 മൂലം ഏതാണ്ട് മരണത്തോടടുത്ത ജയ്‌സിംഗ് പാട്ടീല്‍ ക്ഷേത്രം സുരക്ഷിതമാകുന്നിടംവരെ ഒഴിഞ്ഞു നില്‍ക്കുമെന്ന് പ്രതിജ്ഞ എടുത്തിട്ടുണ്ട്. “ഞാനൊരു ഭക്തനാണ്”, അദ്ദേഹം പറഞ്ഞു. “ആളുകളുടെ ഭക്തിയെ ഞാന്‍ മാനിക്കുന്നു. പക്ഷെ മഹാമാരിയുടെ മദ്ധ്യത്തില്‍ ക്ഷേത്രം തുറക്കാതിരിക്കുന്നതാണ് ബുദ്ധി.”
തുല്‍ജ ഭവാനി ക്ഷേത്രം ട്രസ്റ്റില്‍ ക്ലാര്‍ക്ക് ആയി ജോലി നോക്കുകയാണ് 45-കാരനായ പാട്ടീല്‍. “ഈ വര്‍ഷം ഫെബ്രുവരിയില്‍ നൂറുകണക്കിന് ആളുകള്‍ വരിനില്‍ക്കുന്നത് നിയന്ത്രിക്കാന്‍ എന്നോടാവശ്യപ്പെട്ടു”, അദ്ദേഹം പറഞ്ഞു. എല്ലാദിവസവും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിനാളുകള്‍ സന്ദര്‍ശിക്കുന്ന ഈ ക്ഷേത്രം മഹാരാഷ്ട്രയിലെ വളരെ ജനകീയമായ ഒരു തീര്‍ത്ഥാടനകേന്ദ്രമാണ്. “ഭക്തര്‍ ആക്രമണോത്സുഹരാണ്. അമ്പലത്തില്‍ കയറാതെ അവരെ തടഞ്ഞാല്‍ അവര്‍ നിങ്ങളെ പ്രശ്നത്തിലാക്കും. ആളുകളെ നിയന്ത്രിച്ചപ്പോള്‍ എനിക്ക് കോവിഡ്-19 പിടിച്ചതായിരിക്കണം.”
ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ഓക്സിജന്‍ സ്വീകരിച്ചുകൊണ്ട് രണ്ടാഴ്ചയിലധികം അദ്ദേഹം ചിലവഴിച്ചു. അദ്ദേഹത്തിന്‍റെ രക്തത്തിലെ ഓക്സിജന്‍ നില 75-80 ശതമാനമായി കുറഞ്ഞുകൊണ്ടിരുന്നു – 92 ശതമാനത്തില്‍ എത്രതാഴ്ന്നാലും വളരെ ശ്രദ്ധിക്കേണ്ടതാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. “എങ്ങനെയോ ഞാന്‍ അതിജീവിച്ചു”, ജയ്‌സിംഗ് പറഞ്ഞു. “പക്ഷെ മാസങ്ങള്‍ക്കുശേഷവും എനിക്ക് ക്ഷീണം തോന്നുന്നു”
അദ്ദേഹം അസുഖബാധിതനാകുന്നതിന് ഏകദേശം ഒരുമാസം മുന്‍പ് 32-കാരനായ സഹോദരന്‍ ജഗദീഷ് സമാനമായ ഒരു ആഘാതത്തെ അതിജീവിച്ചതെയുള്ളൂ. അദ്ദേഹം ഏകദേശം മൂന്നാഴ്ചയോളം ആശുപത്രിയില്‍ ചിലവഴിച്ചു. രക്തത്തിലെ ഓക്സിജന്‍ നില 80 ശതമാനത്തില്‍ താഴ്ന്നിരുന്നു. “അദ്ദേഹം അമ്പലത്തിലെ പൂജാരി ആയിരുന്നു”, ജയ്സിംഗ് പറഞ്ഞു. “കോവിഡ് പോസിറ്റീവായ ഒരു ഭക്തനില്‍ നിന്നുമുണ്ടായ സമ്പര്‍ക്കത്തില്‍ നിന്നാണ് അദ്ദേഹം രോഗബാധിതനായത്. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഭയാനകമായ അനുഭവമാണ് ഉണ്ടായത്.”
അനുഭവം ചിലവേറിയതുമായിരുന്നു. രണ്ടു സഹോദരന്‍മാരുടെയും ചികിത്സയ്ക്കായി ഏകദേശം 5 ലക്ഷം രൂപ ചിലവഴിച്ചു. “ഭാഗ്യത്തിന് ഞങ്ങള്‍ അതിജീവിച്ചു. പക്ഷെ ആയിരക്കണക്കിനാളുകള്‍ മരിക്കുന്നു, കുടുംബം നശിക്കുന്നു. നിങ്ങള്‍ എത്രതന്നെ ശ്രമിച്ചാലും ശാരീരിക അകലംപാലിക്കല്‍ അമ്പലത്തില്‍ വിസ്മരിക്കപ്പെടുന്നു”, ജയ്‌സിംഗ് പറഞ്ഞു.
12-ാം നൂറ്റാണ്ടിലെ പ്രതിഷ്ഠയെന്ന് വിശ്വസിക്കപ്പെടുന്ന തുല്‍ജ ഭവാനി ക്ഷേത്രത്തിന്‍റെ വാര്‍ഷികവരുമാനം 400 കോടി രൂപയാണെന്ന് തുല്‍ജാപൂരിലെ തഹസീല്‍ദാറായ സൗദാഗര്‍ താന്തലെ പറയുന്നു. തുല്‍ജാപൂര്‍ തഹ്സീലിന്‍റെ സമ്പദ്‌വ്യവസ്ഥ ക്ഷേത്രത്തെ ആശ്രയിച്ചാണിരിക്കുന്നത്. മധുരപലഹാര കടകള്‍, സാരിക്കടകള്‍, പലവ്യഞ്ജനക്കടകള്‍, ഹോട്ടലുകള്‍, ലോഡ്ജുകള്‍, കൂടാതെ പൂജാരിമാരുടെ വീടുകള്‍പോലും തീര്‍ത്ഥാടകരുടെ വരുമാനത്തെ ആശ്രയിച്ചിരിക്കുന്നു.
കോവിഡിനു മുന്‍പുള്ള സമയങ്ങളില്‍ അമ്പലത്തിലെ സന്ദര്‍ശകരുടെ എണ്ണം പ്രതിദിനം ഏകദേശം 50,000 ആയിരുന്നുവെന്ന് താന്തലെ പറയുന്നു. “നവരാത്രി സമയത്ത് [സെപ്തംബര്‍-ഒക്ടോബര്‍] എല്ലാദിവസവും ഒരുലക്ഷത്തിലധികം ഭക്തര്‍വീതം എത്തും”, അദ്ദേഹം പറഞ്ഞു. മുന്‍പ് ഒരുവര്‍ഷം ഒരൊറ്റദിവസത്തില്‍ 7 ലക്ഷത്തിലധികം ഭക്തര്‍ അമ്പലത്തിലെത്തിയിട്ടുണ്ട്.
തീര്‍ത്ഥാടകര്‍ക്ക് മുന്‍കൂട്ടി അംഗീകരിക്കപ്പെട്ട പാസ്സ് നല്‍കാന്‍ തഹ്സീല്‍ ഓഫീസ് തീരുമാനിക്കുകയും പ്രതിദിനം 2,000 ആളുകളെ മാത്രം തുല്‍ജാപൂര്‍ പട്ടണത്തില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കുകയും ചെയ്തിരുന്നു. എണ്ണം ക്രമേണ വര്‍ദ്ധിച്ചു. 2021 ജനുവരിയോടെ പ്രതിദിനം ഏകദേശം 30,000 സന്ദര്‍ശകര്‍ എത്തി
90 ശതമാനത്തിലധികം തീര്‍ത്ഥാടകരും ഉസ്മാനാബാദ് ജില്ലയ്ക്ക് പുറത്തുനിന്നാണെന്ന് താന്തലെ കൂട്ടിച്ചേര്‍ത്തു. “മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളിലെ എല്ലായിടങ്ങളില്‍നിന്നും മറ്റു സ്ഥലങ്ങളില്‍ നിന്നുമാണ് അവര്‍ വരുന്നത്.”
അതുകൊണ്ട് 2020 നവംബര്‍ മദ്ധ്യത്തില്‍, ഒന്നാം കോവിഡ് തരംഗത്തിനുശേഷം, ക്ഷേത്രം വീണ്ടും തുറക്കുക എന്നത് അപകടകരമായിരുന്നു. പ്രത്യേകിച്ച് ഒന്നാം തരംഗ സമയത്ത് ക്ഷേത്രത്തിലെ തീര്‍ത്ഥാടകര്‍ മൂലം കേസുകളുടെ എണ്ണം വര്‍ദ്ധിച്ചതുമൂലം.
2020 മാര്‍ച്ച് 7 മുതല്‍ ക്ഷേത്രം അടച്ചിട്ടിരിക്കുകയാണെങ്കിലും, അതിനു കുറച്ചു ദിവസങ്ങള്‍ക്കുശേഷം ദേശവ്യാപകമായി ലോക്ക്ഡൗണ്‍ ആരംഭിച്ചെങ്കിലും, ദേവിയെ ഒരുനോക്ക് കാണുന്നതിനായി ഭക്തരുടെ വരവ് തുടര്‍ന്നു. “പ്രധാന നടയിലേക്കുവന്ന് പുറത്തുനിന്ന് അവര്‍ വണങ്ങുമായിരുന്നു”, പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു ജില്ല ഉദ്യോഗസ്ഥന്‍ പറഞ്ഞു. “ലോക്ക്ഡൗണ്‍ ആയിട്ടും ഭക്തര്‍ക്ക് തുല്‍ജാപൂരിലേക്ക് എത്താന്‍ കഴിഞ്ഞു. [2020] ഏപ്രില്‍-മെയ് മാസങ്ങളില്‍ ഒരുദിവസം ഞങ്ങള്‍ക്ക് 5,000 സന്ദര്‍ശകര്‍ ഉണ്ടായിരുന്നു. ലോക്ക്ഡൗണിനുശേഷവും ഇവിടുത്തെ കേസുകള്‍ കുറഞ്ഞില്ല.”
2020 മെയ് അവസാനം ജില്ലഭരണകൂടം തുല്‍ജാപൂരിലെ – 3,500 അടുത്ത് എണ്ണംവരുന്ന - പൂജാരിമാരെ പരിശോധനയ്ക്കു വിധേയരാക്കിയപ്പോള്‍ അവരില്‍ 20 ശതമാനംപേര്‍ കോവിഡ്-19 പോസിറ്റീവായിരുന്നുവെന്ന് താന്ത്ലെ പറയുന്നു. ജൂണ്‍ മുതല്‍ തുല്‍ജാപൂരില്‍ പ്രവേശനം അനുവദിക്കുന്നതിനായി ആളുകളില്‍നിന്നും തഹ്സീല്‍ ഭരണകൂടം കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് ആവശ്യപ്പെടാന്‍ തുടങ്ങി. “ഇത് കാര്യങ്ങളെ നിയന്ത്രണത്തില്‍ കൊണ്ടുവന്നു”, താന്തലെ പറഞ്ഞു. “പക്ഷെ ഒന്നാംതരംഗ സമയത്ത് ഏറ്റവുമധികം ബാധിച്ചത് തുല്‍ജാപൂരിനെ ആയിരുന്നു.”
അത് അതിശയകരമല്ലായിരുന്നു.
ചില ആചാര രീതികള്‍ കൊറോണ വൈറസ് പരക്കാന്‍ കാരണമായി. അതിലൊന്ന് മധുരമുള്ള ഒരു പരന്ന അപ്പമായ പുരണ്‍ പൊലി അര്‍പ്പിക്കുന്ന ഒരുചടങ്ങാണ്. പൂജാരിമാരുടെ വീടുകളിലെ സ്ത്രീകള്‍ ആണ് ഇതുണ്ടാക്കുന്നത്. ഭക്ഷണസാധനം ഉണ്ടാക്കാനുള്ള ചേരുവകളുമായി ഭക്തര്‍ എത്തുകയും കുറച്ച് പൊലി കഴിച്ചശേഷം ബാക്കിയുള്ളവ അവര്‍ ക്ഷേത്രത്തിലെ ദേവിക്ക് അര്‍പ്പിക്കുകയും ചെയ്യുന്നു.
കോവിഡിനു മുമ്പുള്ള ദിവസങ്ങളില്‍ 62-കാരിയായ മന്ദാകിനി സാലുംഖെ എല്ലാ ദിവസവും ഏകദേശം 100 ഭക്തര്‍ക്കുള്ള പുരണ്‍ പൊലി ഉണ്ടാക്കുമായിരുന്നു. അവരുടെ മകന്‍ 35-കാരനായ നാഗേഷ് അമ്പലത്തിലെ പൂജാരിയാണ്. “ഉത്സവങ്ങളുടെ സമയത്ത് ഉണ്ടാക്കിയിട്ടുള്ളവയുടെ എണ്ണം ചോദിക്കുകപോലും ചെയ്യരുത്. ജീവിതം മുഴുവന്‍തന്നെ ഇത് ചെയ്യുന്നതിനായി ഞാന്‍ സമര്‍പ്പിച്ചിരിക്കുന്നു”, അവര്‍ പറഞ്ഞു. “ജീവിതത്തിലാദ്യമായി കുറച്ചുസമയം എനിക്കു വിശ്രമിക്കാന്‍ ലഭിച്ചു. പക്ഷെ ആദ്യതരംഗത്തിന്‍റെ സമയത്തുപോലും ആളുകള്‍ എത്തുമായിരുന്നു.”
പുരണ്‍ പൊലി ഉണ്ടാക്കുന്നത് എളുപ്പമുള്ള ജോലിയല്ല. ശരിയായ രുചി ലഭിക്കുന്നതുകൂടാതെ വട്ടത്തിലുള്ള പൊലി ചൂടുള്ള വറചട്ടിയില്‍ രണ്ടുവശവും പൊരിച്ചെടുക്കുന്നതിനായി പെട്ടെന്നുതന്നെ തിരിച്ചുംമറിച്ചും ഇടേണ്ടതുണ്ട്. “കൈകളില്‍ പൊള്ളിയ പാടില്ലാത്ത ഒരൊറ്റ സ്ത്രീകളും തുല്‍ജാപൂരില്‍ ഇല്ല”, നാഗേഷിന്‍റെ ഭാര്യ 30-കാരിയായ കല്യാണി പറഞ്ഞു. “തീര്‍ച്ചയായും ഞങ്ങള്‍ക്കൊരു ഇടവേള ലഭിക്കുന്നുണ്ട്, പക്ഷെ അത് ഞങ്ങളുടെ ഉപജീവനവും തകര്‍ക്കുന്നു.”
തന്‍റെ പൂര്‍വ്വികര്‍ പൂജാരിമാരായിരുന്ന നാഗേഷിന് ഈ തൊഴില്‍ പാരമ്പര്യമായി ലഭിച്ചതാണ്. ഇതുമാത്രമാണ് അദ്ദേഹത്തിന്‍റെ വരുമാന മാര്‍ഗ്ഗം. “ഭക്തര്‍ വരുമ്പോള്‍ പയര്‍, എണ്ണ, അരി, എന്നിവയും മറ്റു റേഷന്‍ സാധനങ്ങളും കൊണ്ടുവരും”, അദ്ദേഹം പറഞ്ഞു. “അവയില്‍ കുറച്ച് അവരുടെ ഭക്ഷണാവശ്യത്തിനായി ഞങ്ങള്‍ ഉപയോഗിക്കും, ബാക്കിയുള്ളവ വീട്ടാവശ്യത്തിനായി സൂക്ഷിക്കും. ഭക്തര്‍ക്കുവേണ്ടി ഞങ്ങള്‍ പൂജ ചെയ്യുമ്പോള്‍ അവര്‍ ഞങ്ങള്‍ക്ക് പാരിതോഷികം നല്‍കും. ഞങ്ങള്‍ക്ക് [പൂജാരിമാര്‍] പ്രതിമാസം 18,000 രൂപ ലഭിച്ചിരുന്നു. അതെല്ലാം ഇപ്പോള്‍ നിലച്ചിരിക്കുന്നു.”
ജനങ്ങളുടെ ജീവിതം അപകടത്തിലാകുന്നതിനാല്‍ ക്ഷേത്രം തുറക്കണമെന്ന് താന്‍ പറയുന്നില്ല എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. “സമ്പദ്‌വ്യവസ്ഥയെ ഉണര്‍ത്തന്നതിനായി ആളുകളുടെ ജീവിതം അപകടത്തിലാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കില്ല. അസാധാരണമായ സാഹചര്യങ്ങള്‍ ഞങ്ങള്‍ക്ക് മനസ്സിലാകും”, അദ്ദേഹം പറഞ്ഞു. “ഞങ്ങള്‍ക്ക് കുറച്ച് ആശ്വാസം ലഭിക്കണമെന്ന് മാത്രം ഞാന്‍ ആഗ്രഹിക്കുന്നു.”
തീര്‍ത്ഥാടകരെ പട്ടണത്തില്‍നിന്നും ഒഴിവാക്കുന്നതിനായി തഹ്സീല്‍ ഓഫീസ് പൂജാരിമാരുടെയും പട്ടണനിവാസികളുടെയും സഹായംതേടി. “മുഖ്യ പൂജാരിമാരുടെ സഹായത്തോടെ അനുഷ്ഠാനങ്ങള്‍ സംഘടിപ്പിക്കുന്നത് ഞങ്ങള്‍ തുടര്‍ന്നു”, താന്തലെ പറഞ്ഞു. “കഴിഞ്ഞവര്‍ഷം നവരാത്രി സമയത്തുപോലും ഞങ്ങള്‍ക്ക് ഭക്തരെ ലഭിച്ചില്ല. തുല്‍ജാപൂരിനു പുറത്തുനിന്നും ആരെയും ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍പോലും ഞങ്ങള്‍ അനുവദിച്ചില്ല. അഹ്മദ്നഗറില്‍ നിന്നും [ബുര്‍ഹാന്‍നഗര്‍ ദേവീക്ഷേത്രം] എല്ലാവര്‍ഷവും ഒരു പല്ലക്ക് ആഘോഷത്തോടെ എത്തുമായിരുന്നു. പക്ഷെ ഇത്തവണ ഞങ്ങള്‍ അവരോടാവശ്യപ്പെട്ടത് ഒരിടത്തും നിര്‍ത്താതെ അത് ഒരു കാറില്‍ അയയ്ക്കാനാണ്.”
ആദ്യതരംഗത്തിന് 2020 ഒക്ടോബറില്‍ കുറവ് വന്നപ്പോള്‍ മഹാമാരി പഴയ കാര്യമാണെന്ന് വിചാരിച്ചുകൊണ്ട് ആളുകള്‍ സുരക്ഷ ഒഴിവാക്കി.
തുല്‍ജാപൂര്‍ ക്ഷേത്രം വീണ്ടും തുറക്കണമെന്ന് ആവശ്യപ്പെടുകയും അതിന്‍റെ ഭാഗമായി 2020 നവംബര്‍ ആദ്യവാരം ഒരു പ്രക്ഷോഭം നടക്കുകയും ചെയ്തു. സംസ്ഥാന നിയമ നിര്‍മ്മാണ സഭയിലെ പ്രതിപക്ഷമായ ഭാരതീയ ജനത പാര്‍ട്ടിയുടെ (ബി.ജെ.പി.) ഭാരവാഹികളാണ് പ്രക്ഷോഭം നയിച്ചത്. “ഹോട്ടലുകളും റെസ്റ്റോറന്‍റുകളും ബാറുകളും തുറന്നിരിക്കുന്നു, പിന്നെയെന്തിന് അമ്പലങ്ങള്‍ അടച്ചിടണം”, ബി.ജെ.പി.യുടെ ഉസ്മാനാബാദ് ജില്ല സെക്രട്ടറിയായ ഗുല്‍ചന്ദ് വ്യവഹാരെ പറഞ്ഞു. “ആളുകളുടെ ജീവിതം ഇതിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. കോവിഡ് അമ്പലങ്ങളിലൂടെ മാത്രമെ പടരുകയുള്ളോ?”
തുല്‍ജാപൂരില്‍ സമ്പദ്‌വ്യവസ്ഥയും രാഷ്ട്രീയവും വിശ്വാസവും പരസ്പരം ഇഴപിരിഞ്ഞാണ് കിടക്കുന്നതെന്ന് തന്‍റെ വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന ഉപാധിയോടെ ഒരു തഹ്സീല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. “അതിനെ ഒറ്റപ്പെടുത്തി കാണാന്‍ പറ്റില്ല”, അദ്ദേഹം പറഞ്ഞു. “ആളുകള്‍ സമ്പദ്‌വ്യവസ്ഥയിലാണ് ഊന്നുന്നത്, കാരണം വിശ്വാസത്തേക്കാള്‍ കൂടുതല്‍ ഇതാണ് ധരിപ്പിക്കാന്‍ എളുപ്പം. യഥാര്‍ത്ഥത്തില്‍ ഇതുമൂന്നും ചേര്‍ന്നാണ് അമ്പലം അടച്ചതിനെതിരെയുള്ള പ്രതിരോധം രൂപപ്പെടുത്തിയിട്ടുള്ളത്.”
മഹാരാഷ്ട്രയിലുടനീളം പടര്‍ന്ന, ക്ഷേത്രം വീണ്ടും തുറക്കണമെന്ന, പ്രചരണം വിജയിച്ചു. 2020 നവംബര്‍ മദ്ധ്യത്തില്‍ ക്ഷേത്രങ്ങള്‍ തുറക്കാന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അനുവദിച്ചു.
തുല്‍ജാപൂരിലെ പ്രാദേശിക ഭരണകൂടം തീര്‍ത്ഥാടകര്‍ക്ക് മുന്‍കൂട്ടി അംഗീകരിക്കപ്പെട്ട പാസ്സുകള്‍ നല്‍കാന്‍ തീരുമാനിക്കുകയും പ്രതിദിനം 2,000 ആളുകളെ മാത്രം തുല്‍ജാപൂര്‍ പട്ടണത്തില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കുകയും ചെയ്തിരുന്നു. എണ്ണം ക്രമേണ വര്‍ദ്ധിച്ചു. 2021 ജനുവരിയോടെ പ്രതിദിനം ഏകദേശം 30,000 സന്ദര്‍ശകര്‍ എത്തി. കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടായെന്ന് ജയ്‌സിംഗ് പറഞ്ഞു. “30,000 പേര്‍ക്ക് പാസ്സുകള്‍ നല്‍കിയപ്പോള്‍ 10,000-ലധികം പേര്‍ പാസ്സുകള്‍ ലഭിക്കാതെ പ്രശ്നമുണ്ടാക്കുകയായിരുന്നു. ദേവിയുടെ അനുഗ്രഹംതേടി ദൂരെനിന്നും വരുന്നവര്‍ക്ക് ‘പറ്റില്ല’ എന്ന മറുപടി ഒരു കാരണത്തിന്‍റെ പേരിലും സ്വീകാര്യമല്ലായിരുന്നു”, അദ്ദേഹം പറഞ്ഞു. “രണ്ടാം തരംഗത്തിന്‍റെ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും ഞങ്ങള്‍ക്ക് സമാധാനത്തോടെ ഇരിക്കാന്‍ കഴിയില്ല. കുറച്ചാളുകള്‍ക്ക് വൈറസിനെ നിസ്സാരവത്കരിക്കാന്‍ എളുപ്പമാണ്. അനുഭവിക്കുന്നതുവരെ നിങ്ങള്‍ക്കത് മനസ്സിലാകില്ല.”
ഉസ്മാനബാദ് ജില്ലയിലെ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചത് തുല്‍ജാപൂര്‍ ക്ഷേത്രത്തിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ധിച്ചതിനു ശേഷമാണ്. ഫെബ്രുവരിയില്‍ 380 കോവിഡ് കേസുകള്‍ ജില്ലയില്‍ രേഖപ്പെടുത്തിയതാണ്. മാര്‍ച്ചില്‍ ഏകദേശം 3,050-നടുത്ത് എണ്ണം (9 ഇരട്ടി കൂടുതല്‍) രേഖപ്പെടുത്തി. ഏപ്രിലില്‍ 17,800 കേസുകള്‍ ഉണ്ടായിരുന്നു. അത് ഉസ്മാനാബാദിലെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളുടെ ഭാരം വര്‍ദ്ധിപ്പിച്ചു.
“തുല്‍ജാപൂരിലെ ക്ഷേത്രമല്ലാതെ ഇത്രമാത്രം ആളുകള്‍ കൂടിച്ചേരുന്ന മറ്റൊരു സ്ഥലവും ഉസ്മാനാബാദിലില്ല”, പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു ജില്ല ഉദ്യോഗസ്ഥന്‍ പറഞ്ഞു. “രണ്ടാം കോവിഡ്-19 തരംഗത്തെ അത് വര്‍ദ്ധിപ്പിച്ചു എന്നുള്ള കാര്യത്തില്‍ സംശയമൊന്നുമില്ല. ഇത് [ഉത്തര്‍പ്രദേശിലെ] കുംഭമേളയ്ക്ക് സമാനമായിരുന്നു, പക്ഷെ ചെറിയ അളവിലായിരുന്നു എന്നുമാത്രം.”
കോവിഡ്-19 രണ്ടാംതരംഗ സമയത്ത് തുല്‍ജാപൂരിലെ പൂജാരിമാരില്‍ പരിശോധന നടത്തിയപ്പോള്‍ 32 ശതമാനം പേര്‍ പോസിറ്റീവായിരുന്നു. ഏകദേശം 50 പേര്‍ മരിച്ചുവെന്നും താന്തലെ പറഞ്ഞു.
ഉസ്മാനാബാദിലെ 8 തഹ്സീലുകളില്‍ തുല്‍ജാപൂര്‍ തഹ്സീലാണ് കേസുകളുടെ എണ്ണത്തിന്‍റെയും വിപത്തുകളുടെയും കാര്യത്തില്‍ രണ്ടാംസ്ഥാനത്ത്. ഉസ്മാനാബാദ് തഹ്സീല്‍ ആയിരുന്നു കേസുകളുടെ എണ്ണത്തിന്‍റെയും വിപത്തുകളുടെയും കാര്യത്തില്‍ ഒന്നാംസ്ഥാനത്ത്. ജില്ലയിലെ ഏക പ്രധാന പൊതുആശുപത്രിയായ സിവില്‍ ആശുപത്രി ഇവിടെയാണ് എന്നതാണ് അതിനുകാരണം. ജില്ലയിലുടനീളമുള്ള ഗുരുതരാവസ്ഥയിലുള്ള രോഗികളെ ഇവിടെയാണ് ചികിത്സിച്ചത്.
ഉസ്മാനാബാദ് മറാത്ത്‌വാഡയിലെ കാര്‍ഷികമേഖലയിലാണ് പെടുന്നത്. വരള്‍ച്ചകളും ദുരിതങ്ങളും കടബാദ്ധ്യതകളും നേരിട്ട ആ പ്രദേശത്താണ് ആത്മഹത്യമൂലം മഹാരാഷ്ട്രയില്‍ ഏറ്റവുംകൂടുതല്‍ കര്‍ഷകമരണങ്ങള്‍ ഉണ്ടായിട്ടുള്ളത്. നേരത്തെതന്നെ കാലാവസ്ഥാ വ്യതിയാനം, ജല ദൗര്‍ലഭ്യം, കാര്‍ഷിക പ്രതിസന്ധി എന്നിവയുമായി കലഹിക്കുന്ന ജില്ലയിലെ ജനങ്ങള്‍ക്ക് അവരുടെ ആരോഗ്യ പരിരക്ഷയ്ക്കായി പരിമിതമായ വൈദ്യ അടിസ്ഥാന സൗകര്യങ്ങളെ ആശ്രയിക്കാന്‍ പോലും കഴിയില്ല.
ഈ വർഷം ഏപ്രിലിൽ തുൽജ ഭവാനി ക്ഷേത്രം ഒരിക്കൽക്കൂടി അടച്ചപ്പോൾ തുൽജാപൂരിലെ പാതകൾ വിജനമാവുകയും കടകൾ അടഞ്ഞു കിടക്കുകയും തുടർച്ചയായ രണ്ടാംവർഷവും ഭയനകമായ നിശബ്ദത പട്ടണത്തിൽ തിരിച്ചു വരികയും ചെയ്തിരിക്കുന്നു.
"ഈ [രാഷ്ട്രീയ] അവസരത്തില്‍ ക്ഷേത്രം ദീർഘകാലത്തേക്ക് അടച്ചിടുന്നത് അപകടകരമായ കാര്യമാണ്”, പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ജില്ല ഉദ്യോഗസ്ഥൻ പറഞ്ഞു. "ഇത് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കാം.”
ക്ഷയിച്ചു കൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥ നേരിട്ടു ബാധിക്കുന്നുണ്ടെങ്കിലും തുൽജാപൂരിലെ ആളുകൾ സുരക്ഷിതരാകാൻ തീരുമാനിച്ചു.
പട്ടണത്തിൽ പലവ്യഞ്ജനക്കട നടത്തിക്കൊണ്ടിരുന്ന 43-കാരനായ സന്ദീപ് അഗർവാൾ പറഞ്ഞത് കോവിഡിനു മുമ്പുണ്ടായിരുന്ന തന്‍റെ പ്രതിദിന വിറ്റുവരവ് 30,000 രൂപ ഏതാണ്ട് ഒട്ടുമില്ലാതായി എന്നാണ്. "പക്ഷെ രാജ്യത്ത് ഏകദേശം എല്ലായിടത്തുംതന്നെ വാക്സിൻ എത്തുന്നതുവരെ അമ്പലം തുറക്കണമെന്നെനിക്കില്ല”, അടച്ചിട്ടിരുന്ന കടകളുടെ അടുത്തു നിന്നുകൊണ്ട് അദ്ദേഹം പറഞ്ഞു. "നമ്മൾ ഒരിക്കലെ ജീവിക്കൂ. മഹാമാരി അതിജീവിച്ചാൽ നമുക്ക് സമ്പദ്‌വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാം. അമ്പലം വീണ്ടും തുറക്കണമെന്ന് അത്രയ്ക്കാഗ്രഹിക്കുന്നവർ ഉസ്മാനാബാദിൽ ജീവിയ്ക്കുന്നില്ല.”
അഗർവാൾ പറഞ്ഞത് ശരിയാണ്.
തുൽജ ഭവാനി ക്ഷേത്രത്തിലെ മുതിർന്ന പൂജാരിയായ (മഹന്ത്) തുകോജിബുവയ്ക്ക് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും എന്നാണ് ക്ഷേത്രം വീണ്ടും തുറക്കുന്നതെന്ന് അന്വേഷിച്ചുകൊണ്ട് പ്രതിദിനം 20 ഫോൺവിളിയെങ്കിലും എത്തും. "ആളുകളുടെ ജീവൻ അപകടത്തിലാണ്, 2020-ഉം 2021-ഉം ആരോഗ്യ സുരക്ഷയ്ക്ക് സമർപ്പിയ്ക്കപ്പെട്ടതായി നമുക്ക് കരുതാം എന്ന് ഞാൻ പറഞ്ഞുകൊണ്ടേയിരിക്കും”, അദ്ദേഹം പറഞ്ഞു. "[നിങ്ങളുടെയും] നിങ്ങളുടെ വിശ്വാസത്തിനുമിടയ്ക്ക് വൈറസിന് വരാൻ കഴിയില്ല. നിങ്ങൾ എവിടെയാണോ അവിടെ ആയിരിക്കുകയും അപ്പോഴും ദേവിയോട് പ്രാർത്ഥിക്കുകയും ചെയ്യാം.”
എന്നിരിക്കിലും തുൽജാ ഭവാനിയുടെ അനുഗ്രഹം നേരിട്ട് ലഭിക്കുന്നതിന്, അല്ലെങ്കിൽ ഏറ്റവും കുറഞ്ഞത് ക്ഷേത്രനടയിൽ സ്പർശിക്കുന്നതിനെങ്കിലും, അവരുടെ ഭക്തർ ആഗ്രഹിക്കുന്നുവെന്ന് മുതിർന്ന പൂജാരി എന്നോടു പറഞ്ഞു.
തുകോജിബുവ പറഞ്ഞു കഴിഞ്ഞതും ഫോൺ ബെല്ലടിച്ചു. തുൽജാപൂരിൽ നിന്നും 300 കിലോമീറ്റർ അകലെ പൂനെയിൽനിന്നുളള ഭക്തനായിരുന്നു അത്.
"സാഷ്ടാംഗ നമസ്കാരം”, ഭക്തൻ അദ്ദേഹത്തെ ഉപചാരം ചെയ്തു.
“താങ്കൾക്കെങ്ങനെയുണ്ട്?", മുതിർന്ന പൂജാരി ചോദിച്ചു.
"അമ്പലം ഉടൻതന്നെ തുറക്കണം”, പൂനെയിൽ നിന്നും സംസാരിക്കുന്നയാൾ യാചിച്ചു. "ദൈവം ഒരിക്കലും മോശം ചെയ്യില്ല”, അയാൾ കൂട്ടിച്ചേർത്തു. "നമ്മൾ പോസിറ്റീവായി ചിന്തിക്കണം. നമ്മൾ എന്താണെങ്കിലും അത് തുൽജ ഭവാനി മൂലമാണ്. ഡോക്ടർമാർ പോലും ഞങ്ങളോട് ദൈവത്തിൽ വിശ്വാസം ഉണ്ടാകണമെന്ന് ആവശ്യപ്പെടുന്നു.”
ഓൺലൈനിലൂടെ കാണിക്കുന്ന പൂജ പിന്തുടരുന്ന കാര്യം തുകോജിബുവ അയാളെ ധരിപ്പിച്ചു. കോവിഡ്-19 ലോക്ക്ഡൗൺ തുടങ്ങിയതു മുതൽ ക്ഷേത്രം ചടങ്ങുകൾ പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്നു.
പക്ഷെ ഭക്തർക്ക് കാര്യങ്ങൾ ബോദ്ധ്യപ്പെടുന്നില്ല. “അമ്പലത്തിലെ ജനക്കൂട്ടം കാരണം കോവിഡ് ഒരിക്കലും പടരില്ല”, അയാൾ പൂജാരിയോടു പറഞ്ഞു. ക്ഷേത്രം തുറക്കുമ്പോള്‍തന്നെ 300 കിലോമീറ്റർ ദൂരം നടന്നെത്തുമെന്നും അയാൾ ഉറപ്പുപറഞ്ഞു.
പരിഭാഷ: റെന്നിമോന്‍ കെ. സി.