രൂപപ്പെട്ടുവരുന്ന ഒരു ദേശത്തിന്‍റെ ബോധത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു ജാലിയൻവാലാബാഗ്. പത്ത് വയസ്സിൽ ആ സ്ഥലം സന്ദർശിച്ച് രക്തം പുരണ്ട മണ്ണ് ഒരു കുപ്പിയിലാക്കി തന്‍റെ ഗ്രാമത്തിലേക്ക് മടങ്ങിയ ഭഗത്‌സിംഗിന്‍റെ ഇതിഹാസം ആരംഭിച്ചത് അവിടെനിന്നായിരുന്നുവെന്ന് കേട്ടാണ് ഞങ്ങൾ വളർന്നത്. തന്‍റെ അനിയത്തിയോടൊപ്പം ഭഗത്‌സിംഗ് ആ മണ്ണ് തന്‍റെ മുത്തച്ഛന്‍റെ വീട്ടിലെ പൂന്തോട്ടത്തിൽ ഒരിടത്ത് നിക്ഷേപിച്ചു. എല്ലാ വർഷവും ആ മണ്ണിൽനിന്ന് പൂക്കൾ വിരിഞ്ഞു.
നിരായുധരായ ആയിരത്തോളം വരുന്ന സാധാരണ ജനങ്ങളെ (379 എന്നാണ് ബ്രിട്ടന്‍റെ കണക്ക്) കശാപ്പ് ചെയ്തത്, അത് ചെയ്തവരുടേയോ അവരുടെ പിൻഗാമികളുടേയോ മനസ്സാക്ഷിയെ സ്പർശിച്ചിട്ടുണ്ടെന്നുപോലും തോന്നുന്നില്ല. ഈ ആഴ്ച, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ് മേയ് പാർലമെണ്ടിൽ ഖേദം പ്രകടിപ്പിക്കുകയുണ്ടായെങ്കിലും, ആ വലിയ നരഹത്യയ്ക്ക് മാപ്പ് പറഞ്ഞതേയില്ല.




